ഫേസ്ബുക്കിലെ തിരക്കുപിടിച്ച ഒരു ഗ്രൂപ്പിലെ പോസ്റ്റുകള്‍ പോലെയാണ് മനുഷ്യന്റെ ചിന്തകള്‍ . ഹെവി ട്രാഫിക്കില്‍ ഒന്നിനുപിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കും... അതിനിടയില്‍ ലൈക്കും കമന്റുമായി ചില ഡൈവേര്‍ഷനും ഉണ്ടാവും. ചിലപ്പോള്‍ മറ്റുള്ളവര്‍ കാരണം ചില ചിന്തകള്‍ താഴെ നിന്നും മുകളിലേക്ക് പൊങ്ങിവരും.
ചിലപ്പോള്‍ അശ്രദ്ധ കാരണം വളരെ നല്ല പോസ്റ്റുകള്‍ (നമ്മുടെ തന്നെ ചിന്താശകലങ്ങള്‍ ) ആരും ലൈക്ക് ചെയ്യാനില്ലാതെ (നമ്മുടെ തന്നെ ശ്രദ്ധ ലഭിക്കാതെ) വിസ്മൃതിയിലേക്ക് ആണ്ടുപോകും. ചിലപ്പോള്‍ മനുഷ്യസ്വഭാവത്തിന്റെ മൃഗസമാനമായ ആദിമബോധത്തിലേക്ക് തിരിച്ചുപോയി വൃഥാവ്യായാമസാഹിത്യത്തെ (നിഷേധ ചിന്തകള്‍ ) പരിപാലിച്ചുകൊണ്ടിരിക്കും.
ഒരു കുഞ്ഞിനോട് കുറച്ചു സമയം വെറുതെ ശരീരം ചലിപ്പിക്കാതെ ഇരിക്കാന്‍ പറഞ്ഞാല്‍ അവള്‍ക്ക് ഏതാനും നിമിഷനേരത്തേക്കല്ലാതെ സാധിക്കില്ല എന്ന് നമുക്കറിയാം. എന്തെങ്കിലും തരത്തില്‍ അവള്‍ ശരീരം അല്‍പമെങ്കിലും അനക്കിയിരിക്കും. എന്നാല്‍ വലിയവരായ നമ്മള്‍ക്കോ. ഒരു അഞ്ചുമിനുട്ട് ഒരു അനക്കവും ഇല്ലാതെ ശരീരം നിശ്ചലമാക്കാന്‍ നമുക്ക് സാധിക്കുമോ? ഒരു ചെറിയ ചലനം പോലുമില്ലാതെ? പൂര്‍ണ നിശ്ചലത? സാധിക്കും. കുറച്ചു ദിവസങ്ങളിലെ പരിശീലനത്തിലൂടെ തീര്‍ച്ചയായും സാധിക്കും. അപ്പോള്‍ ധ്യാനത്തിന്റെ ഒന്നാമത്തെ പാഠം നമ്മള്‍ സ്വായത്തമാക്കിക്കഴിഞ്ഞു.
ഇനി ദിവസവും അടുത്ത ഒരു അഞ്ചുമിനുട്ടു സമയം നമ്മുടെ ശ്വാസം മൂക്കിനു താഴെയുള്ള ചുണ്ടിനു മുകളിലുള്ള ഭാഗത്തെ തഴുകി അകത്തേക്കും പുറത്തേക്കും പോകുന്നത് നിരീക്ഷിച്ചാലോ? അകത്തേക്കു വലിക്കുമ്പോള്‍ ഊര്‍ജം ശരീരത്തില്‍ പ്രവേശിക്കുന്നതായും പുറത്തേക്കു വിടുമ്പോള്‍ മാലിന്യങ്ങള്‍ വിസര്‍ജ്ജിക്കുന്നതായും സങ്കല്‍പ്പിച്ചുനോക്കുക. ശ്വാസം എടുക്കുമ്പോള്‍ അത് ശ്വാസകോശങ്ങളില്‍ നിറയുന്നതും ശരീരം മുഴുവന്‍ പരക്കുന്നതും മനസ്സില്‍കാണുക. വളരെ ലളിതമായ ഇത്തരം ഘട്ടങ്ങള്‍ കൊണ്ടുതന്നെ ധ്യാനാവസ്ഥയുടെ അനന്ത സാഗരത്തിലെ ഒരു കൈക്കുമ്പിളെങ്കിലും ലഭിച്ചതായി സ്വയം ബോധ്യപ്പെടും.
ഇനി ദിവസവും അടുത്ത അഞ്ചുമിനുട്ട് സ്വസ്ഥമായി ഇരുന്ന് മനസ്സിനെ - നമ്മുടെ ചിന്തകളെ വെറുതെ നിരീക്ഷിക്കാന്‍ ശ്രമിക്കുക. തീര്‍ച്ചയായും ആദ്യമാദ്യം ബോറടിക്കും. പക്ഷെ ശ്രദ്ധ കൂടുന്നതിനനുസരിച്ച് കുറച്ചു ദിവസം കഴിഞ്ഞാല്‍ ചിന്തകളെ വേര്‍തിരിക്കാന്‍ സാധിക്കുന്നതുപോലെ നമുക്കു തോന്നും. അങ്ങനെ വേര്‍തിരിക്കാന്‍ കഴിഞ്ഞാല്‍ ഒരു ചിന്ത കഴിഞ്ഞ് അടുത്ത ചിന്ത കടന്നുവരുന്നതിനിടയില്‍ അല്‍പം സമയം ഉള്ളതായി നമുക്ക് മനസ്സിലാകും. ഈ സമയത്തിന്റെ അളവ് കൂട്ടാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു നോക്കുക. നമ്മുടെ ശ്രദ്ധയ്ക്കനുസരിച്ച് അതില്‍ വിജയിക്കാന്‍ പറ്റും.
(ധ്യാനം പരിശീലിച്ച് ഒരു ജീവിതരീതിയായി കൊണ്ട് നടക്കുന്നവര്‍ ഈ എഴുതുന്നത് ഒരു അവിവേകമായി കരുതി ക്ഷമിക്കുക. ആദ്ധ്യാത്മികതയുടെ ഇങ്ങേക്കരയില്‍, ആദ്യമായി കാണുന്ന കടലിലേക്ക് നോക്കി അത്ഭുതത്തോടെ പകച്ചുനില്‍ക്കുന്ന ഒരു കുട്ടിയെപ്പോലെയുള്ള ഈയുള്ളവന്റെ ചില വിചാരങ്ങള്‍ എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് പങ്കുവെയ്ക്കുന്നു- അത്രമാത്രം)
രണ്ടു ചിന്താശകലങ്ങള്‍ക്കിടയിലെ ഈ ഇടവേള തന്നെയല്ലേ ധ്യാനം? ചിന്ത, അല്ലെങ്കില്‍ ബുദ്ധിവ്യാപാരം ഉള്ളിടത്ത് ധ്യാനം ഇല്ല എന്നുതന്നെ കരുതാം. അതിനിടയിലെ നിമിഷങ്ങള്‍ ആണ് ധ്യാനധന്യമായ സുവര്‍ണനിമിഷങ്ങള്‍ ...
സെന്‍ഗുരുക്കന്മാര്‍ പറയും - ഈശ്വരന്റെ ഭവനത്തില്‍ എത്തിച്ചേരണമെങ്കില്‍ ഒരു കള്ളന്റെ കൈയടക്കവും ശ്രദ്ധയും ഉണ്ടായിരിക്കണം. ഒരു കള്ളന്‍ എത്രത്തോളം ജാഗരൂകനാണോ അതുപോലെ, അനാവശ്യ ചിന്തകള്‍ മാറ്റിവച്ചു, ഭയം മാറ്റിവെച്ച് ഒരു വിദഗ്ധനായ കള്ളന്‍ അതീവ ഗോപ്യമായി ഒരു വീട്ടില്‍ കടക്കുന്നതുപോലെ സ്വാഭാവികമായി ഈശ്വരന്റെ ഭവനം ഭേദിക്കുക.
ഞാന്‍ വായിച്ച ഒരു സെന്‍കഥ പങ്കുവെയ്ക്കാം.
ഒരിടത്ത് കുപ്രസിദ്ധനായ ഒരു കള്ളന്‍ ജീവിച്ചിരുന്നു. കള്ളന്മാരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനമായിരുന്നു ഈ കള്ളന്. അയാള്‍ കള്ളനാണെന്ന് എല്ലാവര്‍ക്കുമറിയാം; പക്ഷെ ഒരിക്കലും പിടിക്കപ്പെടാതിരിക്കാനുള്ള കല അയാള്‍ വശത്താക്കിയിരുന്നു. (മീശമാധവനെപ്പോലെ) അവസാനം ആളുകള്‍ പറഞ്ഞു പറഞ്ഞ് ഈ കള്ളന്റെ കാര്യം രാജാവിന്റെ ചെവിയിലുമെത്തി. അദ്ദേഹം അവനെ രാജധാനിയിലേക്ക് വിളിപ്പിച്ചു. കള്ളന്റെ കഴിവില്‍ മതിപ്പുതോന്നിയ രാജാവ് അവനെ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു!
കുറേക്കാലം കഴിഞ്ഞു. കള്ളന്‍ വൃദ്ധനായി. ഒരുദിവസം മൂത്തമകന്‍ ചോദിച്ചു. ''അച്ഛാ, അച്ഛന്റെ കഴിവുകള്‍ എനിക്കു പഠിപ്പിച്ചുതരാനുള്ള കാലമായില്ലേ? എപ്പോഴാണ് അച്ഛന്‍ മരിച്ചുപോകുക എന്ന് ആര്‍ക്കറിയാം? ''
അപ്പോള്‍ കള്ളന്‍ മറുപടി പറഞ്ഞു: ''നിനക്ക് ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ പഠിപ്പിച്ചുതരാം. നാളെ രാത്രി എന്നോടൊപ്പം വരിക''
അടുത്ത രാത്രി അച്ഛനും മകനും പുറപ്പെട്ടു. മോഷണം നടത്താന്‍ നേരത്തെതന്നെ തീരുമാനിച്ച വീട്ടിലെത്തി. അച്ഛന്‍ ആ വീടിന്റെ ചുമര്‍ തുരക്കുന്നത് മകന്‍ നോക്കിനിന്നു. ഏതു കലാകാരനും നാണിച്ചുപോകുന്ന വിധത്തില്‍ അത്രയും പൂര്‍ണതയോടെയാണ് കള്ളന്‍ മതില്‍ പൊളിച്ചുകൊണ്ടിരുന്നത്. ഒരു പ്രാര്‍ത്ഥനയില്‍ ലയിച്ചുപോകുന്നതുപോലെ അയാള്‍ അയാളുടെ പ്രവൃത്തിയില്‍ ലയിച്ചുപോയിരുന്നു. മറ്റൊന്നും ഓര്‍ക്കാതെ, മറ്റൊന്നിലും ശ്രദ്ധിക്കാതെ, പരിസരം പോലും മറന്ന്..... അച്ഛന്റെ അനിതരസാധാരണമായ കഴിവില്‍ മകന്‍ അഭിമാനം കൊണ്ടു. തന്റെ അച്ഛന്‍ ഒരു മഹാകള്ളന്‍ തന്നെ; എല്ലാ കള്ളന്മാരുടെയും ഗുരു.
പക്ഷെ സമയം കഴിയുംതോറും മകന്‍ അസ്വസ്ഥനായി. നല്ല ചൂടുള്ള രാത്രിയായിരുന്നിട്ടും മകന്‍ പേടികൊണ്ട് ആകെ വിറയ്ക്കാന്‍ തുടങ്ങി. ആരെങ്കിലും കാണുമോ? ഭയം കാലിലൂടെ അരിച്ചുകയറുന്നതുപോലെ... നട്ടെല്ലിലേക്ക് പടരുന്നതുപോലെ... അവന്റെ കണ്ണുകള്‍ ചുറ്റുപാടും പരതിക്കൊണ്ടിരുന്നു. എന്നാല്‍ അവന്റെ അച്ഛനാകട്ടെ അയാളുടെ ജോലിയില്‍ മറ്റൊന്നിലും ശ്രദ്ധിക്കാതെ മുഴുകി. കണ്ണിമപോലും അടയ്ക്കാതെ ചുമര്‍ തുരന്നുകൊണ്ടിരുന്നു. അവസാനം അവര്‍ രണ്ടുപേരും ആ ദ്വാരത്തിലൂടെ അകത്തുകടക്കുമ്പോള്‍ മകന്‍ ആലിലപോലെ വിറയ്ക്കുകയായിരുന്നു. അവന്റെ ജീവിതത്തില്‍ ഇത്രയേറെ ഭയന്ന സന്ദര്‍ഭം ഇതുവരെ ഉണ്ടായിട്ടില്ലായിരുന്നു. പക്ഷെ അച്ഛന്‍ അയാളുടെ സ്വന്തം സ്ഥലത്തേക്ക് പ്രവേശിക്കുന്നതുപോലെ അകത്തേക്ക് കടന്നു. അയാള്‍ മകനെ അകത്ത് നിര്‍ത്തി പൂട്ടു തുറന്ന് ആഭരണങ്ങളും വസ്ത്രങ്ങളുമുള്ള ഒരു വലിയ അലമാര തന്റെ പ്രത്യേകതരം താക്കോല്‍ കൊണ്ടു തുറന്നിട്ട് മകനോട് അതിന്റെ അകത്തു കയറാന്‍ പറഞ്ഞു. അവന്‍ അകത്തു കയറിയ ഉടനെ അച്ഛന്‍ അലമാരയുടെ വാതിലടച്ചു താഴിട്ടുകളഞ്ഞു. എന്നിട്ട് അച്ഛന്‍ ചെയ്തതെന്തെന്നോ? താക്കോല്‍ തന്റെ കൈയ്യില്‍ വച്ചശേഷം ഉറക്കെ വിളിച്ചുകൂവി : ''കള്ളന്‍! കള്ളന്‍!'' എന്നിട്ട് അതിവേഗത്തില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി.
എല്ലാവരും ഉണര്‍ന്നു. കള്ളന്റെ മകന്റെ കാര്യം! അവന്‍ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സന്ദര്‍ഭത്തെയാണ് താന്‍ അതിജീവിക്കേണ്ടത് എന്ന് ഓര്‍ക്കുന്തോറും പരിഭ്രമിച്ചു. എന്താണ് ചെയ്യേണ്ടത്? കാലടിപ്പാടുകളും ചുമരിലെ ദ്വാരവും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ തീര്‍ച്ചയായും താന്‍ പിടിക്കപ്പെടും. അത് ആലോചിക്കാന്‍ തന്നെ വയ്യ.
പെട്ടെന്ന് ആ വീട്ടിലെ വേലക്കാരി അലമാരക്കുനേരെ വന്നു. അവള്‍ അലമാരിയോട് അടുത്തുവരികയാണെന്ന് ശബ്ദംകൊണ്ട് അവന് മനസ്സിലായി. ആ സമയത്ത് കള്ളന്റെ മകന്റെ മനസ്സ് തികച്ചും ശൂന്യമായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ പുതുതുതായി ഉണ്ടാവുന്ന ഇത്തരം പ്രതിസന്ധികളെ അതിജീവിക്കും എന്ന് ആലോചിക്കാന്‍ കഴിയാതെ ബുദ്ധി മരവിച്ചുപോകും. മോഷണത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെയൊരു സന്ദര്‍ഭമുണ്ടായിട്ടുണ്ടെന്ന് അവന്‍ കേട്ടിട്ടുണ്ടായിരുന്നില്ല... സ്വന്തം അച്ഛന്‍ തന്നെ കള്ളനെ ഒറ്റിക്കൊടുക്കുക.... അവന്റെ മനസ്സ് ഒരു വെള്ളക്കടലാസുപോലെയായി തീര്‍ന്നു.
എന്നാല്‍ ആ പ്രത്യേക നിമിഷത്തില്‍ അവന്റെ അബോധമനസ്സ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പെട്ടെന്ന് ഒരു ഊര്‍ജപ്രവാഹം അവനിലേക്കൊഴുകി, എന്താണ് ചെയ്യുന്നത് എന്ന് അറിയാതെ തന്നെ അവന്‍ വേഗം ഒരു എലി വസ്ത്രം കരണ്ടുതിന്നുന്ന ശബ്ദം ഉണ്ടാക്കി. അവന് അവനെപ്പോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ഒരു ആശയം എങ്ങനെ അവനിലുണ്ടായി എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. അതേസമയം വേലക്കാരി ഒരുകൂട്ടം താക്കോലുകൊണ്ടുവന്ന് അലമാര തുറന്നു. പെട്ടെന്ന് അവന്‍ അവളുടെ കൈയിലുണ്ടായിരുന്ന വെളിച്ചം കെടുത്തി, അവള്‍ക്കൊരു തള്ളും കൊടുത്ത് ചുമരിലെ ദ്വാരത്തിലൂടെ പുറത്തേക്ക് വന്ന് ഓടി. പത്തിരുപതുപേര്‍ പുറകേയും.
ഗ്രാമം മുഴുവന്‍ ഉണര്‍ന്നു. ആളുകളുടെ ആരവം ഉയര്‍ന്നുപൊങ്ങി. വലിയ തീപ്പന്തങ്ങളുമായി ആളുകള്‍ പിറകെ... കള്ളന്റെ മകന്‍ ജീവനും കൊണ്ട് ഓടി. ഇന്നുവരെ ജീവിതത്തില്‍ ഇത്ര വേഗത്തില്‍ അവന്‍ ഓടിയിട്ടുണ്ടായിരുന്നില്ല. ഓടി ഒരു കിണറ്റിനടുത്തെത്തിയപ്പോള്‍ അവന്‍ വേഗം ഒരു വലിയ കല്ല് കിണറ്റിലിട്ടു. ഇതൊക്കെ ചെയ്യുമ്പോഴും താന്‍ തന്നെയാണ് ഇത് ചെയ്യുന്നത് എന്ന ബോധം അവനുണ്ടായിരുന്നില്ല. ആരോ അബോധമായി തന്നെക്കൊണ്ട് ചെയ്യിക്കുകയാണെന്ന് അവന് മനസ്സിലായി. വെള്ളത്തില്‍ കല്ലുവീണ വലിയശബ്ദം കേട്ട ജനക്കൂട്ടം കള്ളന്‍ വീണെന്നു കരുതി കിണറിനുചുറ്റും തടിച്ചുകൂടി. അവന്‍ കുറച്ചുസമയം ഒരു മരത്തിനുപിന്നില്‍ മറഞ്ഞുനിന്ന ശേഷം സ്വയം പിറുപിറുത്തുകൊണ്ട് വീട്ടിലേക്ക് നടന്നു.
വീട്ടില്‍ ചെന്നപ്പോഴോ? തന്റെ അച്ഛന്‍ തലവഴി പുതച്ചു സുഖമായി കിടന്നുറങ്ങുന്നതാണ് അവന്‍ കണ്ടത്. അവന്‍ ദേഷ്യത്തോടെ പുതപ്പു വലിച്ചു മാറ്റി ചോദിച്ചു: '' അതുശരി, സുഖമായി ഉറങ്ങുകയാണല്ലേ?'' അച്ഛന്‍ പിന്നെയും കൂര്‍ക്കം വലിക്കാന്‍ തുടങ്ങി. അവന്‍ അച്ഛന്റെ തല ശക്തിയായി പിടിച്ചുകുലുക്കി. '' നിങ്ങള്‍ എന്താണ് ചെയ്തത്? എന്നെ കൊലയ്ക്കുകൊടുക്കാനായിരുന്നോ ഉദ്ദേശം?''
അച്ഛന്‍ കണ്ണു പതിയെ തുറന്നു. കുറച്ചു നിമിഷം അവനെ സൂക്ഷിച്ചു നോക്കിയശേഷം ചോദിച്ചു : ''ഓഹോ.. അപ്പോള്‍ നീ തിരിച്ചുവന്നു അല്ലേ? നന്നായി. ബാക്കി കഥ ഞാന്‍ രാവിലെ കേള്‍ക്കാം...'' എന്നിട്ട് വീണ്ടും ഉറക്കത്തിലേക്ക് വഴുതി. മകന്‍ അപേക്ഷിച്ചു : ''എന്തെങ്കിലും ചോദിക്കൂ അച്ഛാ! ഞാനെങ്ങനെ രക്ഷപ്പെട്ടു എന്ന്.. അതുപറയാതെ എനിക്ക് ഉറക്കം വരില്ല..''
അച്ഛന്‍ പറഞ്ഞു : ''ഇപ്പോള്‍ നീ ഒരു വിദഗ്ദനായ കള്ളനായിരിക്കുന്നു. ഇനി നിനക്ക് ഒന്നും പഠിപ്പിച്ചുതരേണ്ടതില്ല. എന്തായാലും നിനക്ക് പറയാതിരിക്കാന്‍ വയ്യെങ്കില്‍ നടന്നതെല്ലാം പറയൂ'' മകന്‍ രക്ഷപ്പെട്ട വിധം വിവരിച്ചു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു:''മതി. അനുഭവത്തില്‍ കൂടെ അറിയേണ്ടതായ, ആര്‍ക്കും പഠിപ്പിച്ചുതരാന്‍ സാധിക്കാത്ത, ആ പ്രത്യേക കല നീ സ്വായത്തമാക്കിയിരിക്കുന്നു. എന്തുതന്നെയായാലും നീ എന്റെ മകനല്ലേ! എന്റെ രക്തമാണ് നിന്റെ ഞരമ്പുകളില്‍ ഒഴുകുന്നത്. നീ ആ അപൂര്‍വമായ രഹസ്യം മനസ്സിലാക്കിക്കഴിഞ്ഞു... ഒരു കള്ളന്‍ അവന്റെ ബുദ്ധി പ്രയോഗിച്ചാല്‍ അവന്‍ പിടിക്കപ്പെടും. ബുദ്ധി മാറ്റിവെയ്ക്കുക. കാരണം ഓരോ പ്രാവശ്യവും ഓരോ പുതിയ വീട്ടിലേക്കാണ് നീ പ്രവേശിക്കുന്നത്. ഓരോന്നും ഓരോ പുതിയ അനുഭവമായിരിക്കും. പഴയ അനുഭവം ഒരിക്കലും സഹായകമാവില്ല. ആര്‍ജിത അനുഭവത്തെ പാടെ ഒഴിവാക്കുക; ഉള്ളില്‍ നിന്നുവരുന്ന പ്രചോദനത്തെ മാത്രം ആശ്രയിക്കുക, നീ ജയിക്കും''
ഓഷോ എഴുതിയ ഈ സെന്‍കഥ സെന്‍ ഗുരുക്കന്മാര്‍ പലപ്പോഴും പറയുന്ന ഒന്നാണ്. ധ്യാനത്തിന്റെ കല ഒരു നല്ല മോഷ്ടാവിന്റെ വിദഗ്ദ്ധമായ ഭവനഭേദനം പോലെ തന്നെയാണ്. ഒരു അപകടം, അല്ലെങ്കില്‍ പ്രതിസന്ധി യഥാര്‍ത്ഥത്തില്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ അറിയാതെ ബോധം ഉണരുകയും മറ്റുള്ള എല്ലാ ചിന്തകളുടെയും തുടര്‍ച്ച ഇല്ലാതാവുകയും ചെയ്യും. ആ അവസ്ഥയിലെത്താന്‍ പരിശ്രമിക്കുക. ചിന്തകളുടെ തുടര്‍ച്ചയെ ബോധപൂര്‍വം മുറിക്കുക. ബുദ്ധിയെ പിന്നാമ്പുറത്തു വെയ്ക്കുക, ബോധത്തെ ഉണര്‍ത്തുക. ഭയവും ഉല്‍ക്കണ്ഠയും മാറ്റിവെയ്ക്കുക. ഭയമുള്ളിടത്ത് ജ്ഞാനമുണ്ടാകില്ല. ശ്രദ്ധ, സങ്കല്‍പം എന്നിവ കൈവിടാതിരിക്കാന്‍ പരിശീലിച്ചുകൊണ്ടേയിരിക്കുക.
chinthaneeyamaaya post....... aashamsakal... blogil puthiya post.... EE ADUTHA KAALATHU ..... vayikkane.........
ReplyDeleteവായനക്ക് നന്ദി.
ReplyDelete"അനുഭവത്തില്‍ കൂടെ അറിയേണ്ടതായ, ആര്‍ക്കും പഠിപ്പിച്ചുതരാന്‍ സാധിക്കാത്ത, ആ പ്രത്യേക കല നീ സ്വായത്തമാക്കിയിരിക്കുന്നു..."
ReplyDeleteഇനി മുന്നേറുക. ഭാവുകങ്ങൾ...
വായനക്ക് നന്ദി.
ReplyDeleteblogil puthiya post..... URUMIYE THAZHANJAVAR ENTHU NEDI..... vayikkane.......
ReplyDeleteധ്യാനത്തെ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു......ഒന്നു ശ്രമിച്ചു നോക്കട്ടെ .......
ReplyDeleteവായനക്ക് നന്ദി.
ReplyDeletevery good article
ReplyDeleteധ്യാനത്തെക്കാൾ ഉഗ്രനായത് ആ സെൻ കഥയാണ് കേട്ടൊ ഗംഗാ ഭായ്
ReplyDelete