Post

(വെട്ടം എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ , കവി പവിത്രന്‍ തീക്കുനിക്ക് വേണ്ടി സമാഹരിച്ച തുക നല്‍കുന്ന ചടങ്ങ് കവിയുടെ വീട്ടില്‍ വച്ച് നടന്നു.. വെട്ടം ഗ്രൂപ്പ്‌ അംഗങ്ങളുടെ ഒരു ഒത്തുചേരലും. അതിന്റെ ഒരു അനുഭവ കുറിപ്പ്)
ക്രിസ്റ്റോ പറഞ്ഞത് പത്തുമണിക്കാണ് പരിപാടി എന്നാണ്. രാവിലെ അഞ്ചുമണിക്കെണീറ്റ ഞാന്‍ ഏഴര ആകുമ്പോഴേക്കും കുളിയും തേവാരവും ചായകുടിയും എല്ലാം കഴിച്ചു. ഗിരീഷ് പാലേരിയെ വിളിച്ചു. നാട്ടിലെത്തിയ ഉടനെ വിളിക്കാമെന്നു പറഞ്ഞിരുന്നു. എന്നാലും രണ്ടുദിവസം പുള്ളിക്കാരനെ ശല്യം ചെയ്യേണ്ട എന്നു തീരുമാനിച്ചു വിളിച്ചിരുന്നില്ല. പുള്ളി ഗള്‍ഫില്‍ വലിയ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണ്. എന്നാല്‍ അതിന്റെ അഹങ്കാരമൊന്നും കാണിക്കാതെ ഗിരീഷ് പറഞ്ഞു ' സമയത്തിന് വരണം. ഞാനും ഗിരീഷേട്ടനും (വര്‍മ) അവിടെ എത്തും.'
Ashok Iyer, Ganga Dharan, Aneesh, Gireesh Paleri, Christo,
Gireesh Varma, Khareem, Balachandran.
ഞാന്‍ ബൈക്കുമെടുത്ത് അരവിന്ദഘോഷ്, പണിക്കോട്ടി, ലോകനാര്‍കാവ്, മേമുണ്ട വഴി ആയഞ്ചേരി ടൗണിലെത്തി കവിയെ വിളിച്ചു. പവിത്രേട്ടന്‍ വീട്ടിലേക്കുള്ള വഴി പറഞ്ഞുതന്നു. കടമേരി റോഡില്‍ നിന്ന് കുന്നിലേക്ക് നീണ്ടുനീണ്ടു പോകുന്ന ഇടുങ്ങിയ ചെമ്മണ്‍ റോഡുകള്‍. മോഹന്‍ലാല്‍ പറഞ്ഞ പോലെ 'ചോദിച്ചു ചോദിച്ചു' പോയി. കവിയുടെ വീടിന്റെ താഴെവെച്ചാണെന്നു തോന്നുന്നു ഒരു പയ്യനോടു ചോദിച്ചു. 'ഈ പവിത്രന്‍ തീക്കുനിയുടെ വീടെവിടാ?'
പയ്യന് ആളെ മനസ്സിലായില്ല. 'തീക്കുനിയോ? അതിവിടെ നിന്ന് കൂറെ അകലെയുള്ള സ്ഥലമല്ലേ? ''
ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി.. 'അതേയ്.. കവിതയെല്ലാമെഴുതുന്ന... തീക്കുനി..'
പയ്യന്‍ കട്ടായം പറഞ്ഞു 'അങ്ങനെ ഒരാളേ ഇവിടെ ഇല്ല... '
എം.കെ. ഖരീം പുസ്തക പ്രകാശനം നിര്‍വഹിക്കുന്നു 
ഞാന്‍ ആകെ ഹതാശനായി.. ഇവിടം വരെ വന്നിട്ട്...
അപ്പോഴുണ്ട് മുകളിലെ ഒരു വീട്ടില്‍ നിന്ന് കവിയുടെ തലവെട്ടം കാണുന്നു. നേരെ വീട്ടിലേക്ക് വച്ചുപിടിച്ചു. അവിടെ ചെന്നപ്പോള്‍ ഒഴിഞ്ഞ കസേരകളല്ലാതെ വേറെ ആരുമില്ല. ഒരു കൊച്ചു കോണ്‍ക്രീറ്റ് വീട് . സ്‌നേഹം തുളുമ്പുന്ന വീടാണെന്ന് പേരു കണ്ടപ്പോള്‍ മനസ്സിലായി 'മഴ'. പവിത്രേട്ടന്‍ പറഞ്ഞു : 'ഒരു പുസ്തക പ്രകാശനവും കൂടിയുണ്ട്. പുസ്തകം ഇപ്പോള്‍ കോഴിക്കോട്ട് നിന്നു വരും. ക്രിസ്‌റ്റോ ചേട്ടന്‍ വരുന്ന വഴി വിളിച്ചിരുന്നു. ഗിരീഷും ഇപ്പോള്‍ വരും. ഗംഗേട്ടന്‍ ഇരിക്കൂ'
കുറച്ചു കരിങ്ങാലി വെള്ളവും കുടിച്ച് ഞാന്‍ പത്രം വായിക്കാനിരുന്നു. അഞ്ചു പത്രങ്ങളിലെയും കോടതി പരസ്യം വരെ വായിച്ചു. എന്നിട്ടും ആരും വരുന്ന ലക്ഷണമില്ല. ഇതെന്തുപറ്റി? ഞാന്‍ ഗിരീഷ് പാലേരിയെ വിളിച്ചു. പുള്ളി പറഞ്ഞു : ' അത് ഗംഗേട്ടനെ ഞാന്‍ ഒന്നു ഫൂളാക്കിയതാണ്. ഇന്ന് ഏപ്രില്‍ ഫൂളല്ലെ.. പന്ത്രണ്ടു മണിക്കാണ് ചടങ്ങ്. ' അതു ശരി... ഗള്ളാ പറ്റിച്ചതാണല്ലേ... 
Thekkila, Yuppila, Theekkuni Cover 
ഏതായാലും പതിനൊന്നരയോടെ ഗിരീഷ് പാലേരിയും ഗിരീഷ് വര്‍മ്മ യും വഴിചോദിച്ച് ചോദിച്ച് വശം കെട്ട് വന്നു കയറി. ഞാന്‍ പവിത്രേട്ടന് പരിചയപ്പെടുത്തി. 'ഇത് ഗിരീഷ്, ഇത് വര്‍മ്മ' കവി പറഞ്ഞു. ' പാലേരി എന്നു പറയുന്ന ആള്‍ ഇപ്പോള്‍ വരും ' ഞാന്‍ പറഞ്ഞു ' ആ പഹയന്‍ തന്നെയാണ് ഇത് '
തിളയ്ക്കുന്ന ഉഷ്ണം. ഒരു കുന്നിന്‍ പുറത്താണ് കവിയുടെ വീട്. ഞങ്ങള്‍ മൂന്നുപേരും വീടിന്റെ അപ്പുറത്തുള്ള ഒരു വട്ട(വെട്ട)പ്പാറയില്‍ ഇരുന്നു കാറ്റുകൊണ്ടു നട്ടുച്ച ചാറ്റിംഗ് നടത്തി. അര മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ചിരപരിചിതരായ സുഹൃത്തുക്കളായി മാറി. കുറച്ചു കഴിഞ്ഞപ്പോള്‍ കവിയുടെ സന്തതസഹചാരിയായ അനീഷ് നമ്പിടിക്കണ്ടി, കവിയായ ജിത്തു എന്നിവര്‍ വന്നു. 
അനീഷ്‌, ജിത്തു തമ്പുരാന്‍ 
പന്ത്രണ്ടു മണിയായപ്പോള്‍ മനോജ് പൊന്‍കുന്നവും അശോക് അയ്യരും ക്രിസ്‌റ്റോയും കരീം സാറും ഇഞ്ചക്കാട് ബാലകൃഷ്ണന്‍ സാറും വന്നു. ഇപ്പറഞ്ഞ എല്ലാവരേയും ഞാന്‍ ആദ്യമായി കാണുകയായിരുന്നു. ഫേസ് ബുക്കില്‍ സൗഹൃദമുണ്ടെങ്കിലും നേരിട്ടു കാണുമ്പോള്‍ എങ്ങനെയാണെന്ന് അറിയില്ലല്ലോ. ഇഞ്ചക്കാടന് വലിയ കൃതാവുണ്ട്. 'ഖരീം' എന്ന പേരു കേട്ടപ്പോള്‍ ഭീകരനായ ഒരു ഹെഡ്മാഷെപ്പോലെയുള്ള ഒരാളായിരുന്നു എന്റെ മനസ്സില്‍... പക്ഷെ നേരില്‍ കണ്ടപ്പോഴോ.. തൂവല്‍ പോലെയുള്ള ഒരു നിര്‍മലനായ ജുബാധാരി. പക്ഷെ മനോജ് പ്രൊഫൈലില്‍ കാണുന്നതുപോലെ തന്നെ... നല്ല തണ്ടും തടിയുമുള്ള ഒരു ആജാനുബാഹു. കറുത്ത ടീഷര്‍ട്ടും നീല സ്‌റ്റോണ്‍വാഷ് ജീന്‍സും വേഷം. അയ്യരും മോശമില്ല. അല്‍പ്പം ഉയരം കുറവാണെന്നേയുള്ളൂ. പുള്ളി വന്നപാടെ ഗിരീഷിനെ കെട്ടിപ്പിടിച്ചപ്പോള്‍ നെറ്റിയിലെ പിങ്ക് സിന്ദൂരം ഗിരീഷിന്റെ കവിളില്‍ പറ്റി. ഞാന്‍ അത് പറയാന്‍ പോയില്ല. ഇന്ന് ഗിരീഷിന്റെ വീട്ടില്‍ വല്ലതും നടക്കും... തീര്‍ച്ച.
പവിത്രേട്ടന്റെ വീട്ടില്‍ വലിയ കുടിവെള്ളക്ഷാമമാണ്. അതുകൊണ്ട് കുറച്ച് മിനറല്‍ വാട്ടര്‍ ഉണ്ടായിരുന്നത് ഞങ്ങള്‍ ഇടയ്ക്കിടക്ക് കുടിച്ചുകൊണ്ടിരുന്നു. സൂര്യന്‍ ഉച്ചസ്ഥായിയിലായി.
ഒന്നരയ്ക്ക് ചടങ്ങു തുടങ്ങി. വേദിയില്‍ പവിത്രേട്ടന്റെ സുഹൃത്തായ കവി ശിവദാസന്‍ പുറമേരി (ഗിരീഷ് പുത്തഞ്ചേരിയുടെ ഛായയാണ് പുള്ളിക്ക്) കരീംസാര്‍, ക്രിസ്റ്റോ.. ഒരു ആപദഘട്ടത്തില്‍ കവിയുടെ വീട് ജപ്തിയില്‍ നിന്ന് ഒഴിവാക്കിയ വെട്ടം അംഗങ്ങളെ എല്ലാവരും പ്രശംസിച്ചു. വെട്ടത്തിന്റെ ഈ പ്രവര്‍ത്തനം സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെ മാനുഷിക മുഖമാണ് കാണിക്കുന്നതെന്ന് ആമുഖ പ്രാസംഗികന്‍ അഭിപ്രായപ്പെട്ടു. എല്ലാവരും കാര്യമാത്രപ്രസക്തമായി സംസാരിച്ചു. പവിത്രന്റെ പുതിയ പുസ്തകം കരീംസാര്‍ പ്രകാശനം ചെയ്തു. ക്രിസ്റ്റോയുടെ പ്രസംഗം എല്ലാവരുടെയും ഉള്ളില്‍തട്ടി. (അതുവരെ ആളുകള്‍ വിചാരിച്ചിരുന്നത് എറണാകുളത്തെ വലിയ മുതലാളിയാണ് ക്രിസ്‌റ്റോ എന്നായിരുന്നു !) അയ്യര്‍ ഹൃദയത്തില്‍ നിന്ന് സംസാരിച്ചു. ഇഞ്ചക്കാട് ബാലചന്ദ്രന്‍ സാര്‍ മനോഹരമായ കവിത ചൊല്ലി. വേറെയും കവികള്‍ കവിത അവതരിപ്പിച്ചു. പവിത്രേട്ടന്റെ കവിത മകള്‍ ആതിര നന്നായി ആലപിച്ചു. കത്തിപ്പടരുന്ന കവിതകള്‍ കേട്ടുകൊണ്ടിരിക്കെ തീക്കുനിയിലെ ആ മധ്യാഹ്നത്തിന് തീപ്പിടിച്ചപോലെ എനിക്കുതോന്നി.
പവിത്രേട്ടന്‍ നല്ല ഭക്ഷണം ഒരുക്കിയിരുന്നു. 
നല്ല വെള്ളനിറത്തിലുള്ള പച്ചടി, മാങ്ങ അച്ചാര്‍, സാമ്പാര്‍, സ്രാവുകറി, കിടിലന്‍ ചിക്കന്‍കറി എല്ലാമുള്ള അടിപൊളി ഊണ്. പവിത്രേട്ടന്റെ ' മഴ' വെട്ടം അംഗങ്ങളുടെ ഒത്തുചേരലില്‍ ഊഷ്മളമായ സൗഹൃദത്തിന്റെ മന്ത്രണങ്ങളാല്‍ മുഖരിതമായി.ക്രിസ്ടോ, പുള്ളി എഴുതിയ പുസ്തകമാണെന്ന് പറഞ്ഞു എനിക്ക് ഒരു പുസ്തകം ഓട്ടോഗ്രാഫ് എഴുതി ഒപ്പിട്ടു തന്നു. വീട്ടിലെത്തി തുറന്നു നോക്കിയപ്പോള്‍ കുട്ടികൃഷ്ണ മാരാരുടെ "ഭാരത പര്യടനം" ആണ്.. എന്തായാലും കൊള്ളാം... പുള്ളിയുടെ വക ഒരു സമ്മാനം കിട്ടിയല്ലോ. നാലുമണിയോടെ എല്ലാവരും യാത്രപറഞ്ഞു പിരിഞ്ഞു. വീണ്ടും കാണും, കാണണം എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞുകൊണ്ട്...
വീഡിയോ കാണുക 
Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

Leave a Reply

Related Posts Plugin for WordPress, Blogger...