വിഷുക്കണി

സുനാമി ഭൂകമ്പം കഴിഞ്ഞത് കൊണ്ടാവണം രണ്ടു ദിവസമായി അന്തരീക്ഷത്തിനു നല്ല ചൂടാണ്. മുകളില്‍ ഉഷ്ണമായത് കാരണം ഇന്നലെ താഴെ തന്നെ വിരിച്ചു കിടന്നു. ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ ഒരു പത്തുവയസ്സുകാരന്‍ കുട്ടിയുടെ ആഹ്ലാദം അലയടിച്ചു. നാളെ വിഷുവല്ലേ .. കണി രാത്രി തന്നെ ഒരുക്കി വച്ചിരുന്നു. നല്ല പാതി രാവിലെ അഞ്ചു മണിക്ക് തന്നെ എണീറ്റ്‌ കുളിച്ചു കണിയുടെ മുന്‍പില്‍ വിളക്ക് വെച്ചു തൊഴുന്നത് കണ്ടാണ് ഞാന്‍ ഉണര്‍ന്നത്.. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ പിച്ചളയുടെ കൊച്ചു പറയില്‍ അരിയും നെല്ലും, കൂടെ അലക്കിയ മുണ്ടും, ഗ്രന്ഥവും, പൊന്നും, നാണയവും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, ഫലങ്ങളും, കൃഷ്ണനും, കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും.... പിന്നെ വിളക്ക് കത്തിക്കുന്ന ഭാര്യയും... നല്ല കണി. മോളെ വിളിച്ചുണര്‍ത്തി കണ്ണുപൊത്തി കണി കാണിച്ചു. അതിനു ശേഷം മൂന്നാളും കൂടി ക്ഷേത്രത്തില്‍ പോയി.
ഇന്ന് പ്രാതല്‍ കുറെ നേരത്തെ കഴിച്ചു. ചമ്പാവരിയുടെയും റാഗിയുടെയും പൊടി പകുതി പകുതി ഉപയോഗിച്ച മൂന്നു കളറിലുള്ള സ്വാദിഷ്ടമായ പുട്ടും, പഴവും, പപ്പടവും ആയിരുന്നു.. പതിവിനു വിരുദ്ധമായി ഇന്ന് അഞ്ചു പുട്ട് കഴിച്ചു.. ഇനി ഉച്ചയ്ക്ക് തറവാട്ടിലേക്ക് പോകണം. ഉച്ചയൂണ് അച്ഛനമ്മമാരോടൊപ്പം... വൈകീട്ട് അല്‍പ്പം പൂത്തിരി, ഒരു മത്താപ്പൂ.. തീര്‍ന്നു.. നാളെ വീട്ടില്‍ ചുരുണ്ട് കിടക്കണം. മറ്റന്നാള്‍ മുതല്‍ വീണ്ടും ജോലി തിരക്കുകള്‍ ...

Comments