കാല്പാടുകള്‍ ഉണ്ടാകുന്നത് ...

കുറുക്കന്മാരുടെ ഓരിയിടലും
പിശാചുക്കളുടെ ആക്രോശങ്ങളും
നെടുവുള്ളാന്‍റെ മരണക്കരച്ചിലും
കട്ടപിടിച്ച ഇരുട്ടിനെക്കീറി
നീളുന്ന കണ്മുനകളും താണ്ടി
ഈ വിഹ്വലരാത്രികൂടിക്കഴിഞ്ഞാല്‍
പ്രതീക്ഷാ നിര്‍ഭരമായ പ്രഭാതം
വന്നണയുമെന്ന് തന്നെ
നിങ്ങളെ പോലെ ഞാനും...
കാത്തിരിപ്പിന്നൊടുവില്‍
രാവേറെ ചെല്ലവേ
ഉച്ചസ്ഥായിയില്‍ ഹൃദയം മിടിച്ചു
പുലരിയുടെ ചോരത്തുടിപ്പ് കാണാതെ
നമ്മളൊരുപക്ഷെ ചത്തുപോയേക്കാം.
സുഹൃത്തേ,
എന്റെ കണ്ണില്‍ നോക്കി
അടയാളങ്ങള്‍ ബാക്കിയാക്കരുതെന്നു
മുന്‍പ് പറഞ്ഞത് തെറ്റാണല്ലേ ? .
അഞ്ചു വിരല്‍ പാടുകള്‍
അവശേഷിപ്പിക്കുക തന്നെ വേണം.
പക്ഷെ- കടല്‍ക്കരയിലെ
പൂഴിമണ്ണില്‍പ്പതിയുന്ന
അല്പായുസ്സല്ല;
ഭീമന്‍ ചവിട്ടിയ പോലെ
പാറയിലുണ്ടാക്കിയ
ശാശ്വത ചിഹ്നങ്ങള്‍....
അസ്തിത്വം കല്ലില്‍ കൊത്തിവെക്കുന്നത്
ആരാണിഷ്ടപ്പെടാത്തത് ?
ചുരുങ്ങിയ പക്ഷം
തീവണ്ടി മുറിയിലെ കക്കൂസിലെങ്കിലും ?


Comments

  1. അഞ്ചു വിരല്‍ പാടുകള്‍ 
    അവശേഷിപ്പിക്കുക തന്നെ വേണം. 

    ReplyDelete
  2. അതുതന്നെയാവണം ജീവിതം. അല്ലെങ്കിൽ ജീവിതം കൊണ്ടെർത്ഥം. ഒരുപ്സ്സ്ടിഷ്ടപ്പെട്ടു ഈ ചിന്ത. അഭിനന്ദനങ്ങൾ..

    ReplyDelete
  3. Joselet Joseph11 June, 2012 15:24

    തീവണ്ടിമുറി കക്കൂസില്‍ കൊത്തിവയ്ക്കപ്പെടുന്നതും അസ്ഥിതം!!
    "നെഞ്ചില്‍ കൊറിയിടപ്പെടട്ടെ വേദന. അതല്ലോ ഇതിലുമേറെയുല്കൃഷ്ടം!"

    ReplyDelete

Post a Comment