ലൈക്ക് വെറും ഇഷ്ടം മാത്രമല്ല...


രു നമ്പൂതിരി ഫലിതം കേട്ടിട്ടുണ്ട്. തിരുമേനി റെയില്‍വെ സ്റേഷനില്‍ ട്രെയിന്‍  കാത്തു നില്‍ക്കുകയായിരുന്നു. ട്രെയിന്‍  വന്നെങ്കിലും നല്ല തിരക്ക്. എല്ലാ കംപാര്‍ട്ടുമെന്റും  അടഞ്ഞു കിടക്കുന്നു. നോക്കിയപ്പോള്‍ അകത്തു കയറാന്‍ സ്ഥലമില്ലാത്തതിനാല്‍ അകത്തുള്ളവര്‍ വാതില്‍ ബലമായി തള്ളിപ്പിടിച്ചിരിക്കുകയാണ്. തിരുമേനി വളരെ കഷ്ടപ്പെട്ടു ഒരു വാതില്‍ തള്ളി തുറന്നു. എന്നിട്ട് മറ്റുള്ള യാത്രക്കാരോട് പറഞ്ഞു: 
"ഇനി ഞാനും കൂടാം " 
"എന്തിന് ?"
"തള്ളിപ്പിടിക്കാന്‍ ... ഇനി ആരും കയറണ്ട "
പ്പോള്‍ മുഖപുസ്തകത്തില്‍ എഴുതിക്കൊണ്ടിരിക്കുന്ന സ്ഥിരം പുള്ളികളില്‍ ഈ തിരുമേനിയെ പോലെയുള്ള ചുരുക്കം ചില ആളുകളും ഇല്ലേ ? ഞാന്‍ ഏതായാലും കയറി. ഇനി വാതിലടച്ചു തള്ളിപ്പിടിക്കാം...! ലൈക്കുമില്ല, കമന്‍റുമില്ല, കണ്ട ഭാവവുമില്ല. ഫലമോ? പാമ്പും കോണിയും കളിയിലെപോലെ പോസ്റ്റു മൂക്കും കുത്തി താഴെ വീഴും.
വേറെ ചിലരുണ്ട്. അറുബോറന്‍ പ്രസംഗം നടത്തുന്നവരെ പ്രസംഗം നിര്‍ത്തുന്നതിനു വേണ്ടി വെറുതെ കൈയടിച്ചു പ്രോത്സാഹിപ്പിക്കാറുല്ലേ? അത് പോലെ ചില പുതുമുഖങ്ങള്‍ എന്തെങ്കിലും ആലോചനയില്ലാതെ പോസ്റ്റ്‌ ചെയ്‌താല്‍ നിരവധി ലൈക്ക് അടിച്ചു അയാളുടെ കൂമ്പ് വാട്ടിക്കളയും. യഥാര്‍ത്ഥത്തില്‍ പുതിയ എഴുത്തുകാര്‍ക്ക് ഫേസ്‌ ബുക്ക്‌ നല്ല ഒരു പ്ലാറ്റ്‌ ഫോറം ആണ്. പക്ഷെ മുഖ്യധാര സാഹിത്യകാരന്മാര്‍ ചെയ്യുന്നത് പോലെ ഗൌരവ പൂര്‍വം എഴുതുകയും അത് പോസ്റ്റ്‌ ചെയ്‌താല്‍  ഒരുപാട് ലൈക്ക് കിട്ടുന്നുണ്ടോ എന്നതിന് പകരം കാമ്പുള്ള ഒന്നോ രണ്ടോ കമെന്റ്റ്‌, നിര്‍ദേശം എന്നിവ ലഭിക്കുന്നുണ്ടോ എന്ന് നോക്കുകയാണ് വേണ്ടത്.
ല്ലാ സൃഷ്ടികള്‍ക്കും എല്ലാവരും ലൈക്ക് അടിക്കണമെന്നില്ല. കാരണം ലൈക്‌ ചെയ്‌താല്‍ ഇഷ്ടം പ്രകടിപ്പിക്കല്‍  മാത്രമല്ല നടക്കുന്നത്. അത് നീണ്ടു നീണ്ടു പോകുന്ന ഒരു കയറാണ് . നമ്മുടെ സുഹൃത്തുക്കളുടെ ന്യൂസ്‌ ഫീഡില്‍ അത് ഒരു പോസ്റ്റ്‌ ആയി പബ്ലിഷ് ചെയ്യപ്പെടും . ചിലപ്പോള്‍ സുഹൃത്തുക്കളുടെ സുഹൃത്തുക്കളുടെ ന്യൂസ്‌ ഫീഡിലും . മീന്‍ കഴിക്കുന്നെന്നു കരുതി ആരും അത് കോര്‍ത്ത്‌ മാലയാക്കി കഴുത്തില്‍ അണിയാറില്ലല്ലോ. എന്നാല്‍ ഒരു പോസ്റ്റില്‍



ഇഷ്ടം പ്രകടിപ്പിച്ചാല്‍ ഫേസ് ബുക്ക്‌ അത് പെരുമ്പറ മുഴക്കി നാട്ടുകാരെ മുഴുവന്‍ അറിയിക്കും. അത് ഒഴിവാക്കുന്നതിനു വേണ്ടി ചിലര്‍ ലൈക്ക് ചെയ്യാതെ നില്‍ക്കും. എന്നാല്‍ അതിനര്‍ത്ഥം വായിക്കുന്നില്ല എന്നല്ല. പക്ഷെ ഹെവി ട്രാഫിക്കില്‍  ശ്രദ്ധിക്കപ്പെട്ടാലെ പലപ്പോഴും മുഴുവന്‍ വായിക്കപ്പെടുകയുള്ളൂ എന്നതാണ് സത്യം. എനിക്ക് തോന്നുന്നത് ഭൂരിഭാഗം പേരും ഫേസ് ബുക്ക്‌ ഓണ്‍ ചെയ്തു ന്യൂസ്‌ ഫീഡില്‍ ആദ്യം കാണുന്ന  ഗ്രൂപ് പോസ്റ്റുകള്‍ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ  എന്നാണു.  ഗ്രൂപ്പിലേക്ക് കടന്നു പോസ്റ്റുകള്‍ digg ചെയ്തെടുത്തു വായിക്കുന്നവര്‍ താരതമ്യേനെ ഒരു ചെറിയ ശതമാനം മാത്രമേ ഉള്ളൂ എന്നും  തോന്നുന്നു. എത്ര തന്നെ നല്ല പോസ്റ്റ്‌ ആയാലും ഗ്രൂപ്പില്‍ സജീവമായി മിനിട്ടുകള്‍ മാത്രമേ ലൈവ് ആയി നില്‍ക്കുന്നുള്ളൂ.. അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് കുത്തിപ്പൊന്തിച്ചു കൊണ്ടിരിക്കണം. (ഒന്നുകില്‍ ഒരു കുത്തിട്ട് ഡിലീറ്റ് ചെയ്യുക, അല്ലെങ്കില്‍ ബ്ലാങ്ക് സ്പേസ് മെറ്റാ കാരക്ടര്‍ ടൈപ്പ് ചെയ്യുക എന്നിട്ട് റീമൂവ് ചെയ്യുക)
എന്തായാലും ഒരു കാര്യം ഉറപ്പാണ്. ലൈക്ക് വെറും ഇഷ്ടം മാത്രമല്ല, അത് നീളുന്ന ഒരു കയറാണ് .

Comments