Fears of a daddy in the middles


ന്നല്‍പം വൈകിയാണ് ഉറക്കമുണര്‍ന്നത്. പ്രഭാതകൃത്യം കഴിഞ്ഞ് നെറ്റ് നോക്കാമെന്നുകരുതി മുകളിലേക്ക് പോകുന്വോഴാണ് കോണിപ്പടിയില്‍ ഒരു സ്ലേറ്റില്‍ ഒരു സന്ദേശം.. ''ഹാപ്പി ഫാദേഴ്‌സ് ഡേ''  എന്താണെന്നറിയില്ല; പെട്ടെന്ന് അതു വായിച്ച് എന്റെ കണ്ണു നിറഞ്ഞുപോയി. ഇന്ന് ഫാദേഴ്‌സ് ഡേ ആണെന്ന് എനിക്കറിയാമായിരുന്നെങ്കിലും അപ്രധാനമായ ഈ ദിവസം മകള്‍ ഓര്‍ത്തുവെക്കുമെന്നു കരുതിയില്ല. അവള്‍ കൊച്ചു ടിവിയില്‍ കണ്ടതാണത്രേ. ''താങ്ക്യൂ പറയുന്നില്ലേ, അച്ഛാ'' എന്ന മകളുടെ ചോദ്യത്തിന് തൊണ്ടയില്‍ ഉപ്പുരസം തടഞ്ഞതിനാല്‍ എനിക്ക് പെട്ടെന്ന് മറുപടി പറയാനായില്ല.
-പത്രവായന കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഫാദേഴ്‌സ് ഡേയില്‍ വായിക്കാന്‍ പറ്റിയ ഒരു പ്രധാന വാര്‍ത്ത തന്നെയാണ് പത്രത്തില്‍ ഉണ്ടായിരുന്നത്. ബാംഗ്ലൂരില്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ മൂന്നര വയസ്സായ സ്വന്തം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച വാര്‍ത്ത. വസന്തനഗറിലെ വീട്ടിലാണ് ഭാര്യ സുജയും നയതന്ത്ര ഉദ്യോഗസ്ഥനായ പാസ്‌കല്‍ മസൂരിയെറും താമസിച്ചിരുന്നത്. പീഡനത്തിനിരയായ കുട്ടിയെ കൂടാതെ ഏഴു വയസ്സുള്ള മകനും 20 മാസം പ്രായമുള്ള മകനും ഇവര്‍ക്കുണ്ട്. കൊല്‍ക്കത്തയില്‍ 2002 ഫ്രാന്‍സ് കോണ്‍സുലേറ്റില്‍ ജോലി നോക്കിയിരുന്ന കാലത്താണു സുജയെ മസൂരിയെര്‍ വിവാഹം കഴിക്കുന്നത്. സ്വകാര്യ ട്രാവല്‍ ഏജന്‍സി ജീവനക്കാരിയായിരുന്ന സുജയെ പരിചയപ്പെട്ട മസൂരിയെര്‍ പ്രണയത്തിനുശേഷമാണു വിവാഹം കഴിച്ചത്. നാലുവര്‍ഷം മുമ്പാണു മസൂരിയെര്‍ക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്നു ഇവര്‍ ബാംഗ്ലൂരിലെത്തിയത്.
കുട്ടിയോടുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയ സുജ ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ വേലക്കാരിയെ ചുമതലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിലെ മുറിയില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ മസൂരിയെര്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് സുജ ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷനെ സമീപിക്കുകയും കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കുട്ടിയെ ലൈംഗിക പീഡനമേല്‍പ്പിച്ചതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞതായി ബാപ്റ്റിസ്റ്റ് ആസ്പത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയെ കൂടുതല്‍ വൈദ്യ പരിശോധനകള്‍ക്കായി ബൗറിങ് ആസ്പത്രിയിലേക്കു മാറ്റി.
നോക്കൂ.. ഒരു വിദ്യാസമ്പന്നനായ മനുഷ്യന്‍. (ഇന്നത്തെ വിദ്യാഭ്യാസം സംസ്‌കാരത്തെ ഉണ്ടാക്കുന്നു എന്ന് ആരാണ് പറഞ്ഞത് ? ) സമൂഹത്തില്‍ വലിയ സ്ഥാനമുള്ള ജോലി. പ്രണയിച്ചു വിവാഹം കഴിച്ച ആള്‍. പ്രണയികള്‍ കാല്‍പ്പനിക ഭാവങ്ങള്‍ ഉള്ളവരാണെന്നാണല്ലോ വയ്പ്പ്.  മനുഷ്യനെ മൃഗത്തില്‍ നിന്ന് വേര്‍തിരിക്കുന്ന രണ്ടു വികാരങ്ങളാണ് വാല്‍സല്യവും കാരുണ്യവും. പക്ഷേ മൃഗങ്ങള്‍  പോലും പറക്കമുറ്റുന്നതുവരെ സ്വന്തം കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കും. ഒരുതരം ചിലന്തിയുണ്ട്. ഇണചേര്‍ന്നു കഴിഞ്ഞാല്‍ പെണ്‍ചിലന്തി ആണ്‍ചിലന്തിയെ തിന്നുകളയും. ഒരുപക്ഷേ ഇത്തരം അച്ഛന്‍മാരാണോ വരുംജന്മങ്ങളില്‍ ആണ്‍ചിലന്തിയായി പിറക്കുന്നത്?
സ്‌കൂള്‍ കുട്ടികള്‍ - അവര്‍ ആണായാലും, പെണ്ണായാലും ശരി - സ്‌കൂളിലേക്കയച്ചു കഴിഞ്ഞാല്‍ തിരികെ എത്തുന്നതുവരെ മാതാപിതാക്കള്‍ക്ക് ആധിയാണ്. സ്‌കൂളില്‍ പറഞ്ഞയക്കുന്ന വാഹനത്തില്‍ നിന്നു തുടങ്ങുന്നു കുട്ടികളുടെ അരക്ഷിതാവസ്ഥ. ഡ്രൈവര്‍മാര്‍ പീഡിപ്പിച്ച വാര്‍ത്തകള്‍ ഈ അടുത്ത മാസങ്ങളില്‍ മൂന്നോ നാലോ എണ്ണം നമ്മള്‍ പത്രത്തില്‍ വായിച്ചു. അതു കഴിഞ്ഞ് സ്‌കൂളിലെത്തിയാലോ? സരസ്വതീക്ഷേത്രമെന്നാണ് വിദ്യാലയങ്ങളെ പറയാറ്. മാതാ പിതാ ഗുരു ദൈവം എന്നാണ്. അതായത് ദൈവത്തിന്റെ തൊട്ടുതാഴെയുള്ള ആളാണ് അദ്ധ്യാപകന്‍. പിറന്നുവീണ കുഞ്ഞിനെ സംസ്‌കാരം പഠിപ്പിച്ച് ദ്വിജന്‍ (രണ്ടാം ജന്മം കിട്ടിയവന്‍ ) ആക്കി മാറ്റേണ്ടയാള്‍. ആശാനക്ഷരമൊന്നു പിഴച്ചാലും സാരമില്ല. ആശാന്റെ സ്വഭാവം പിഴച്ചാലോ? വൈകീട്ട് ബസ് സ്റ്റാന്റിലും മറ്റും കാണുന്ന വായിനോക്കികളുടെ കാര്യം വിടുക. അവരെക്കൊണ്ട് വലിയ ഉപദ്രവമില്ല. എന്നാല്‍ വീട്ടില്‍ തിരികെയെത്തിയാലും കുട്ടികള്‍ അരക്ഷിതരാണെന്നുവന്നാല്‍ എന്തുചെയ്യും?  ഈയടുത്ത് ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിനിയും സഹപാഠിയും മാത്രം വീട്ടിലുള്ളപ്പോള്‍ ഒരു ഓട്ടോ ഡ്രൈവര്‍ ഓട്ടോ കേടായതിനാല്‍ സഹായം ചോദിച്ചുവന്നു. വീട്ടില്‍ മറ്റാളുകള്‍ ഇല്ലെന്ന് മനസ്സിലാക്കിയ അയാള്‍ കൂട്ടുകാരി പോയശേഷം ആ മൊട്ട് ചവിട്ടിയരച്ചുകളഞ്ഞു.
വാര്‍ത്തകളോടൊപ്പം സഞ്ചരിക്കുന്ന ആളുകള്‍ക്ക് മനസ്സിലാകും. കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷമായി ഇത്തരം വാര്‍ത്തകള്‍ വളരെയധികം കൂടുതലാണ്. എന്താണ് സമൂഹത്തില്‍ ഇത്തരം അധാര്‍മികതകള്‍ വര്‍ദ്ധിക്കാന്‍ കാരണം ? മുമ്പുകാലത്ത് ഇങ്ങന ഉണ്ടായിട്ടില്ലെന്നാണോ ? ഉണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ കൂടുതലായി കാണുന്നതിന് ഒരു കാരണം മാധ്യമങ്ങള്‍ തന്നെയാണ്. പഴയകാലത്തെ അപേക്ഷിച്ച് മാധ്യമങ്ങള്‍ ഏതു വാര്‍ത്തയും സെന്‍സേഷണലായാണ് നല്‍കുന്നത്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ ഒരു തരം മനോവൈകല്യം ബാധിച്ചവരാണ്. എന്നാല്‍ സാര്‍വത്രികമാണെന്ന ധാരണ പരത്തുന്ന രീതിയില്‍ വാര്‍ത്ത നല്‍കുന്നു. നഗരപ്രദേശങ്ങളില്‍ ചുരുക്കം ചിലരെ മാത്രം സര്‍വേ നടത്തി ഭൂരിപക്ഷാഭിപ്രായം എന്ന രീതിയില്‍ ഫീച്ചറുകള്‍ എഴുതുന്നു. ഇത്തരം വാര്‍ത്തകള്‍ സ്ഥിരമായി വായിച്ചാല്‍ പ്രത്യായനം മൂലം ഇത് സമൂഹത്തില്‍ സാര്‍വത്രികമാണെന്ന ധാരണ ഉണ്ടാകും.
തേപോലെ ഇരുതല മൂര്‍ച്ചയുള്ള ഒരു വാളാണ് ഇന്റര്‍നെറ്റ്. വിജ്ഞാന ഭണ്ഡാഗാരമാണ്; അതേ സമയം ദുസ്വഭാവിയായ ഒരു സുഹൃത്തുമാണ്. തീര്‍ച്ചയായും കുട്ടികള്‍ക്ക് adult content ലഭിക്കാതിരിക്കാനുള്ള സോഫ്റ്റ് വെയറുകള്‍ ഉണ്ട്. K9 Web Protection ഇത്തരത്തിലുള്ള ഒരു നല്ല പ്രോഗ്രാമാണ്. പക്ഷേ Block Lits ഇല്‍ Facebook പോലെയുള്ള ചില പ്രോഗ്രാമുകളും കൂടി ഉള്‍പ്പെടുത്തണമെന്നുമാത്രം. ഇന്റര്‍നെറ്റ് ആക്‌സസ് ഉള്ള മൊബൈല്‍ കുട്ടികള്‍ക്ക് വാങ്ങികൊടുക്കാതിരിക്കുകയാണ് നല്ലത്.
 കുടുംബത്തില്‍, അയല്‍വീടുകളില്‍, ട്യൂഷന്‍ ക്ലാസുകളില്‍... എല്ലാവരെയും സംശയത്തോടെ നോക്കുന്നത് ശരിയല്ല. അങ്ങനെ മനുഷ്യന് ജീവിക്കാന്‍ സാധിക്കില്ല. പക്ഷേ- മാതാപിതാക്കള്‍ക്ക് മുന്നിലും പിന്നിലും കണ്ണുവേണം.
തിലൊക്കെ പ്രധാനം കുഞ്ഞുങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍ തന്നെ അവരെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുക എന്നതാണ്. ആത്മാര്‍ത്ഥമായാണ് അവരോട് സംസാരിക്കുന്നതെന്ന് അവര്‍ക്ക് തോന്നണം. ഇത് വളരെ പ്രധാനമാണ്. കാരണം കുട്ടികള്‍ മുതിര്‍ന്നവരുടെ ചേഷ്ടകളില്‍ നിന്ന് ആന്തരാര്‍ത്ഥം ഗ്രഹിക്കാന്‍ വിദഗ്ധരാണ്. പല കോഡുകളും അവരുടെ ഉപബോധമനസ്സ് പിടിച്ചെടുക്കും. അവര്‍ ഓരോ കാര്യവും അവരുടെ മനസ്സിലെ ഹൈ-ടെക് ലാബില്‍ പരിശോധിച്ചുകൊണ്ടാണിരിക്കുന്നത്. അതിനാല്‍ തുറന്ന സമീപനമാണ് ആവശ്യം. അച്ഛന്‍ ആകാശം പോലെ തെളിഞ്ഞ മനസ്സുള്ളവനായിരിക്കണം, അമ്മ ഘനപ്പെട്ട വാക്കുകള്‍ പറയുന്നവളുമായിരിക്കണം എന്നാണ് ഗുരുവചനം.
വരുടെ ജീവിതത്തിലെ ഓരോ ചെറിയ സംഭവവും ഒരു വലിയ കാര്യമാക്കി മാറ്റി അതിന് നമ്മള്‍ എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തുക. വിശേഷാവസരങ്ങളില്‍ നല്ല പുസ്തകങ്ങള്‍ സമ്മാനിക്കുക. ആത്മധൈര്യവും ആര്‍ജവവും ഉള്ളവരാക്കി അവരെ മാറ്റുക. ലൈംഗികതയെക്കുറിച്ചുള്ള സ്വാഭാവികമായ അറിവുകള്‍ യുക്തമായ രീതിയില്‍ പകര്‍ന്നു നല്‍കുക. ചതിക്കുഴികളെ കുറിച്ച് അവര്‍ക്ക് പതുക്കെ പതുക്കെ അറിവ് നല്‍കുക. എന്തു പ്രശ്‌നവും തുറന്നുപറയാവുന്ന സുഹൃത്തുകള്‍ ആയി അവര്‍ നമ്മെ കാണണം. നമ്മുടെ പ്രശ്‌നങ്ങളില്‍ പങ്കുവെക്കാവുന്നവ അവരോടും സംസാരിക്കണം. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. കിടക്കുന്നതിനു തൊട്ടുമുമ്പ് അന്ന് നടന്ന കാര്യങ്ങള്‍ മനസ്സില്‍ ആലോചിച്ചതിനുശേഷം പ്രാര്‍ത്ഥിച്ച് കിടക്കാന്‍ പറയുക. അല്‍പനേരം അവരുടെ മുടിയിഴകളില്‍ വിരലോടിക്കുക....
രു മധ്യവയസ്‌കനായ പിതാവിന്റെ ആകുലതകള്‍ നിങ്ങളുമായി പങ്കുവെച്ചു എന്നേയുള്ളൂ കേട്ടോ ...
Click here : A beautiful song fr all daddy's ...

■■ ıɹǝuuɐʞʞɐɯ uɐɹɐɥp ɐƃuɐƃ ■■

Comments

  1. ബൂലോകത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ലഭിച്ച അഭിപ്രായങ്ങള്‍ :
    Saiju Thomas •
    വളരെ ആനുകാലിക പ്രസക്തമായ വിഷയം അതി ഗംഭീരമായ്‌ അവതരപ്പിച്ചതിനു നന്ദി.....ദൈവം അനുഗ്രഹിക്കട്ടെ...നമ നിറഞ്ഞൊരു ലോകം നമ്മുക്ക് ഉണ്ടാകട്ടെ എന്നാ പ്രാര്‍ത്ഥനയോടെ


    nanmandanhaju Uae1 •
    thanks sir...nalloru lekhanam ,,nanmakal nerunnu


    kokkadan-renjith •
    aashamsakal.enikkum oru penkuttiyaanu.njan oru pravaasikoodiyaanu.oro vaarthakal kaelkkumpol hrudayam pottukayaanu.

    ReplyDelete

Post a Comment