ഇന്ന് ഇന്ത്യ ക്രിക്കറ്റില്‍ വന്‍ ശക്തിയാണ്. കളിയിലും, പണക്കൊഴുപ്പിലും, ഗ്ലാമറിലും, ഇന്ത്യയോട് മുട്ടാന്‍ ഇന്ന് ആരുമില്ല. പുതിയ കളി രീതികള്‍ നമ്മള്‍ ഉണ്ടാക്കുന്നു. പുതിയ നിയമങ്ങള്‍ ഉണ്ടാക്കാന്‍ നമ്മള്‍ പ്രേരിപ്പിക്കുന്നു. അല്‍പവസ്ത്രധാരികളായ തരുണീമണികളുടെ അരയിളക്കിയുള്ള നൃത്തവും, അധോലോകത്തിന്റെ കരാളഹസ്തങ്ങളും, ബോളിവുഡിന്റെ താരക്കൊഴുപ്പും, വാതുവെപ്പുകാരുടെ ഒത്തുകളിക്കോഴയും, കോര്‍പ്പറേറ്റുകളുടെ കഴുകന്‍ കണ്ണുകളും സംഘനൃത്തമാടുന്ന ഇന്നത്തെ കുട്ടി ക്രിക്കറ്റിനെ കുറിച്ചല്ല ഞാനീ കുറിക്കുന്നത്.
എത്രയോ മഹാന്മാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അരങ്ങു വാണിട്ടുണ്ട്.. പക്ഷെ ഒരു തലമുറ മുമ്പുള്ള ക്രിക്കറ്റ് ആരാധരുടെ മനസ്സില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കൊമ്പന്‍ ഒന്നേയുള്ളൂ.. കപില്‍.. കപില്‍ മാത്രം.
മൂന്നാമത്തെ ലോകകപ്പ് കളിക്കാന്‍ ഇംഗ്ലണ്ടിലെത്തിയ ക്രിക്കറ്റ് ടീമിന് ഒരാളെങ്കിലും സാധ്യത കല്‍പ്പിച്ചിരുന്നോ ? ഇല്ല തന്നെ. പത്രങ്ങളും, സ്‌പോര്‍ട് നിരൂപകരും, കാണികളും , എന്തിന് നമ്മള്‍പോലും എഴുതിത്തള്ളിയ ടീമായിരുന്നു ഇന്ത്യ. ആദ്യം കളിച്ചത് വെസ്റ്റ് ഇന്‍ഡീസിനോടാണ്. കരുത്തന്‍മാരോട് പോരാടി ഇന്ത്യ ജയിച്ചപ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടു. രണ്ട് ലോകകപ്പ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഹാട്രിക് നേടാനാണ് വന്നത്. അമരക്കാരനോ സാക്ഷാല്‍ ക്ലൈവ് ലോയ്ഡും. അട്ടിമറി വിജയം നേടിയ ഇന്ത്യന്‍ ടീമിനെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് '' കപിലിന്റെ ചെകുത്താന്മാര്‍ '' എന്നായിരുന്നു. ആസ്‌ത്രേലിയയെ തോല്‍പ്പിച്ച് സിംബാബ് വേയും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.
ശരിക്കും ഇന്ത്യ ആ ലോകകപ്പില്‍ പൊരുതിയാണ് ഫൈനല്‍ വരെ എത്തിയത്. ഇന്ത്യയും സിംബാബ് വേയും തമ്മിലുള്ള കളി ഓര്‍ക്കുക. അഞ്ചു വിക്കറ്റിന് പതിനേഴ് റണ്‍സ്..! തലയുയര്‍ത്താന്‍ കഴിയാതെ ഇന്ത്യന്‍ ടീം. അതാ നായകന്‍ ക്രീസിലേക്ക്.. കപില്‍ .. കപില്‍ .. എന്നുള്ള ഒറ്റപ്പെട്ട വിളികള്‍. ആറു സിക്‌സര്‍ .. 16 ബൗണ്ടറികള്‍ .. ആ കരുത്തുള്ള ബാറ്റില്‍ നിന്ന് റണ്‍സ് മഴ പോലെ പെയ്തുകൊണ്ടിരുന്നു. 138 പന്തില്‍ നിന്ന് 175 റണ്‍സ് ! സിംബാബ് വേയെ 31 റണ്‍സിനാണ് ഇന്ത്യ അന്ന് തോല്‍പ്പിച്ചത്. ആ നാവികന്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ഈ 175 റണ്‍സ് ഒരുപാടുകാലം ഏകദിന ക്രിക്കറ്റിലെ റെക്കോഡായിരുന്നു.
സെമിഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് അവിശ്വസനീയതയോടെയാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തതെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്തായാലും ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ കലാശക്കളി കളിക്കാന്‍ എത്തിയത് ഇന്ത്യയും പാകിസ്താനെ പരാജയപ്പെടുത്തി ഫൈനല്‍ സീറ്റ് ഉറപ്പിച്ച വെസ്റ്റ് ഇന്‍ഡീസും.
ടോസ് ഭാഗ്യം വെസ്റ്റിന്‍ഡീസിനായിരുന്നു. അവര്‍ ഇന്ത്യയെ ബാറ്റിംഗിനയച്ചു. പക്ഷെ, കഷ്ടം ... ഹോള്‍ഡിംഗ് .. മാര്‍ഷല്‍.. റോബര്‍ട്‌സ് ത്രയങ്ങള്‍ ഇന്ത്യയെ പിടിച്ചുകെട്ടി. 60 ഓവര്‍ മത്സരത്തില്‍ 54.4 ഓവറില്‍ തന്നെ ഇന്ത്യ 183 റണ്‍സിന് പുറത്തായി. വെസ്റ്റ് ഇന്‍ഡീസ് ജേതാക്കള്‍ ആകുമെന്നുതന്നെ ക്രിക്കറ്റ് ലോകം കരുതി.
കളിക്കളത്തിനു പിന്നിലും നായകന്‍ നായകന്‍ തന്നെയാണ്. ഡ്രസ്സിംഗ് റൂമില്‍ വച്ച് കപില്‍ തന്റെ കുട്ടിച്ചെകുത്താന്‍മാരോട് പറഞ്ഞു - നമ്മള്‍ ജയിക്കും. ഇപ്പോഴില്ലെങ്കില്‍ ഇനിയൊരിക്കലുമില്ല.. ആവേശം പകര്‍ന്ന ആ വാക്കുകള്‍ നെഞ്ചിലേറ്റി ഇന്ത്യ കളിക്കളത്തിലിറങ്ങി. ലോകോത്തര കളിക്കാരനായ വിവിയന്‍ റിച്ചാര്‍ഡ്‌സ് റണ്‍മഴ പെയ്യിക്കാന്‍ തുടങ്ങി. അപ്പോഴാണ് ആ സുവര്‍ണ നിമിഷം ഉണ്ടായത്. മദന്‍ലാല്‍ ബൗള്‍ ചെയ്ത പന്തില്‍ ഏകദേശം ഇരുപത്തഞ്ചോ മുപ്പതോവാരയോളം പിറകിലേക്കോടി കപില്‍ ദേവ് റിച്ചാര്‍ഡ്‌സിനെ ക്യാച്ച് ചെയ്ത് പുറത്താക്കി. ഇന്ന് കളി ഓര്‍ക്കുമ്പോള്‍ മിഡ് വിക്കറ്റില്‍ നേടിയ ആ അവിശ്വസനീയമായ ക്യാച്ച് തന്നെയായിരുന്നു ഇന്ത്യയുടെ വിജയരഹസ്യം എന്ന് എനിക്കു തോന്നുന്നു. കപിലും റിച്ചാര്‍ഡ്‌സും പിന്നീടാ ക്യാച്ചിനെക്കുറിച്ച് വാചാലരായിട്ടുണ്ട്. 52 ഓവറില്‍ 142 റണ്‍സിന് ലോകോത്തര ടീമായ വെസ്റ്റിന്റിസ് പരാജയപ്പെട്ടു. ദരിദ്ര രാജ്യമായ ഇന്ത്യ ആദ്യമായി ക്രിക്കറ്റിന്റെ ലോകകിരീടത്തില്‍ മുത്തമിട്ടു.1983 ജൂണ്‍ 26 ലെ പത്രത്തില്‍ ആ വാര്‍ത്ത വായിക്കുമ്പോള്‍ ഏഴാം ക്ലാസ്സുകാരനായ എനിക്കുണ്ടായ രോമാഞ്ചം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
നോക്കു, കപിലിനുശേഷം അത്തരമൊരു നായകന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടായിട്ടുണ്ടോ ? 2000ത്തില്‍ ഇറങ്ങിയ ഗ്ലാഡിയേറ്റര്‍ എന്ന സിനിമയില്‍ റസ്സല്‍ ക്രോ അനശ്വരമാക്കിയ മാക്‌സിമസ് എന്ന കഥാപാത്രമില്ലേ? കപില്‍ ദേവിനെ ഓര്‍ക്കുമ്പോള്‍ പുരാതന സ്റ്റേഡിയത്തില്‍ ആളുകളുടെ ആരവങ്ങള്‍ക്കിടയില്‍ ഒറ്റയാനായി പോരാടുന്ന ഒരു ഗ്ലാഡിയേറ്ററിനെയാണ് എനിക്ക് ഓര്‍മവരിക.
ഇപ്പോള്‍ ഞാന്‍ ക്രിക്കറ്റ് തീരെ കാണാറില്ല. പക്ഷ എന്റെ സിരകളില്‍ പണ്ടത്തെ ക്രിക്കറ്റ് ജ്വരം ബാക്കിവച്ച ഹോര്‍മോണുകള്‍ ഇപ്പോഴുമുണ്ട്. മാന്യന്മാരുടെ സുന്ദരമായ ഒരു കളിയായിരുന്നു അത്. കൊളോണിയല്‍ വാഴ്ചക്കൊപ്പമാണ് ഭാരതത്തിലേക്ക് കടന്നുവന്നതെങ്കിലും ജനമനസ്സിനെ കീഴ്‌പ്പെടുത്താനുള്ള ഒരു മാസ്മരിക ശക്തി ക്രിക്കറ്റിനുണ്ട്. ആര്‍ത്തലച്ചു വരുന്ന പതിനൊന്നുപേര്‍ക്കെതിരെ ശാന്തമായി നിര്‍ഭയം പന്തടിച്ചകറ്റുമ്പോള്‍ ഒരു ബാറ്റ്‌സ്മാന് ഒരാളും തുണയില്ല. ഓരോ കളിക്കാരന്റെയും ചലനങ്ങള്‍, രീതികള്‍, മാനറിസങ്ങള്‍ എല്ലാം വ്യത്യസ്തം. വീടിനടുത്തുള്ള പാറപ്പുറത്തിരുന്ന്് എത്രയെത്രയോ തവണ നിലാരാത്രികളില്‍ ഞാനും കൂട്ടുകാരനും ക്രിക്കറ്റ് കളിക്കാരെ കുറിച്ച് വാതോരാതെ സംസാരിച്ചിട്ടുണ്ട്. അവരുടെ ഓരോ പ്രശ്‌നവും സ്വന്തം പ്രശ്‌നം പോലെ കരുതിയിട്ടുണ്്ട്. ഇടയ്ക്ക് കപില്‍ അഭിപ്രായം തുറന്നുപറഞ്ഞിരുന്നത് , മുട്ടിനില്‍ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന രവിശാസ്ത്രി , അസ്ഹറുധീന്റെ മനോഹരമായ കട്ടിങ്ങുകള്‍ ,, ഒരിക്കല്‍ നവജോത് സിംഗ് സിധു ഒരാളെ വെറുതെ തല്ലിയപ്പോള്‍ അയാള്‍ മരിച്ചുപോയത്.. അങ്ങനെ.. അങ്ങനെ..
ഇന്ന് ക്രിക്കറ്റ് വെറും ഒരു ചൂതാട്ടമായിരിക്കുന്നു. ക്രിക്കറ്റിന്റെ മാന്യതയും സൗന്ദര്യവും എങ്ങോ പോയ് മറഞ്ഞിരിക്കുന്നു.
എന്‍റെ പോന്നു ചേട്ടാ ,ഈ കള്ളന്മാരുടെ ശല്യം വല്ലാതെ പെരുകുന്നു ഈ ബ്ലോഗ് ലോകത്ത്...താങ്കളുടെ ഈ പോസ്റ്റ് ചൂടാറുന്നതിനു മുന്‍പേ അടിച്ചു മാറ്റി ഫേസ്ബുക്കില്‍ സ്വന്തമാക്കി ഇട്ട ഒരാളുടെ അഡ്രസ്സ് ചുവടെ കൊടുക്കുന്നു.....ചുമ്മാ പോയി നോക്ക്...അവിടെ ഞാന്‍ താങ്കളുടെ ബ്ലോഗ് അഡ്രസ്സ് ഷെയര്‍ ചെയ്തിട്ടുണ്ട്...
ReplyDeletehttp://www.facebook.com/sunil.t.raju/posts/393972737326704?ref=notif¬if_t=close_friend_activity
എന്‍റെ ഭായ് ..ഈ ബ്ലോഗ് ലോകത്ത് കള്ളന്മാരുടെ ശല്യം സഹിക്കാന്‍ വയ്യ....ഭായിയുടെ പോസ്റ്റിന്റെ ചൂടാറുന്നതിനു മുന്‍പേ അടിച്ചു മാറ്റി ഫേസ്ബുക്കില്‍ ഇട്ട ഒരാളുടെ അഡ്രസ്സ് ചുവടെ കൊടുക്കുന്നു....അവിടെ ഞാന്‍ കമ്മന്‍റ് കൊടുക്കുകയും ചെയ്തു...ഭായിയുടെ ബ്ലോഗ് അഡ്രസ്സും ഷെയര്‍ ചെയ്തു ...ഇനി വേണമെങ്കില്‍ ഈ ഗംഗാധരന്‍ ഞാനാ എന്ന് വരെ പറഞ്ഞു കളയും ..അതാ ഇന്നത്തെ ആള്‍ക്കാര്‍...
ReplyDeletehttp://www.facebook.com/sunil.t.raju/posts/393972737326704?ref=notif¬if_t=close_friend_activity
ഇങ്ങനെ പോസ്ടിട്ടു സെക്കണ്ടുകള്‍ക്കുള്ളില്‍ വേരോടെ പിഴുതു മാറ്റുന്നത് ഞാന്‍ ആദ്യമായിട്ട് കാണുകയാണ്.. സന്ദേശത്തിനു നന്ദി..
ReplyDeleteനാന്‍ കണ്ടുവളര്‍ന്ന ചിത്രം എന്‍റെ പ്രിയപെട്ട ചിത്രം..........താങ്ക്സ് ഗംഗാധരന്‍ മാഷെ...ഇത്തിരി പുതുമയുള്ള ബ്ലോഗ് എല്ലാ ആശംശകളും
ReplyDeleteThis comment has been removed by the author.
ReplyDeleteവായനക്ക് നന്ദി.
ReplyDelete