Post


ന്‍ക്വിബേറ്ററിലായിരുന്നു
ജീവിതാരംഭം.
വെന്റിലേറ്ററിലൊടുക്കവും.
അതിനുമുമ്പത്തെ
പ്യൂപ്പക്കുള്ളിലെ
സിക്താണ്ഡത്തിന്
സ്വപ്‌നങ്ങളും
സന്ധ്യകളുമില്ലായിരുന്നല്ലോ.
അതിനുമെത്രയോ മുമ്പ്
അച്ഛന്റെ ശുക്ലസഞ്ചിയില്‍-
ബീജവാഹിനിക്കുഴലുകളില്‍-
ഞാന്‍ തിമിര്‍ത്തുനടന്നിരുന്നത്
അവ്യക്തമായെനിക്കോര്‍മയുണ്ട്.
പക്ഷേ,
അതിനും വളരെമുമ്പത്തെ
പുലിജന്മം
പറഞ്ഞുകേട്ടറിവേ ഉള്ളൂ.
ഒരു ഇടവപ്പാതിപ്പാതിരയില്‍
കടുങ്കാറ്റിനും വെള്ളിടിക്കും
മിന്നല്‍പ്പിണറിനുമിടയ്ക്ക്
തീപ്പിടിപ്പിച്ച വാലും
തലയിലൊരു വെടിയുണ്ടയുമായി
ജലപീരങ്കിക്കപ്പുറത്തേക്ക്
എടുത്തെറിയപ്പെട്ടു, ഞാന്‍.
-താഴേക്ക് വീണേനെ....
മെയ് വഴക്കത്തോടെ
കുതിച്ചോടിയില്ലായിരുന്നെങ്കില്‍.
ലക്ഷക്കണക്കിന്
ശത്രുക്കളോടൊപ്പം
നൂറ്റാണ്ടിന്റെ മാരത്തോണില്‍
പങ്കെടുത്തുവിജയിച്ച
എനിക്ക് സുവര്‍ണപതക്കം
കൊണ്ടുവന്നത്
ഒരു കൊഴുത്തുരണ്ട
സുന്ദരിയായിരുന്നു.
കലിക്കും ദ്വാപരത്തിനും
ത്രേതക്കും കൃതക്കുമപ്പുറം
ബ്രഹ്മദിനകല്‍പത്തില്‍
ബൂട്ടുചെയ്യപ്പെട്ട
ആദിമസോഫ്റ്റ്‌വെയറിന്റെ
പ്രേരണയില്‍
ഞാന്‍ അവളുടെ
കടുത്ത പുറന്തോട്
വെടിവച്ചുതകര്‍ത്ത്
ഉള്ളിലേക്കൊഴുകി.
പൊള്ളിപ്പോയ വേദന
കടിച്ചിറക്കി അവള്‍
എനിക്കഭയം നല്‍കി.
ഞങ്ങളൊന്നായ നിമിഷം
കിനാവള്ളിക്കുഴലുകള്‍
തൂവല്‍കൊണ്ട് തഴുകി
എന്നെ ഭൂമിയുടെ
ഉള്‍ക്കാമ്പിലെത്തിച്ചു.
ഗാഢനിദ്ര...
ഇന്‍കുബേറ്റര്‍ ....
വര്‍ഷനാഗങ്ങള്‍
പടംപൊഴിച്ചുകൊണ്ടേയിരുന്നു...
വസന്തം മുതല്‍ ശിശിരം വരെ
കൊഴിഞ്ഞുവീണത്
സ്വപ്‌നമായിരുന്നോ?
എന്നിലെ ഇണയ്ക്ക്
തുണയായി വന്ന പ്രണയിനീ-
നമ്മള്‍ യുദ്ധംചെയ്തുണ്ടാക്കിയ
മഹാസമുദ്രങ്ങളെവിടെ?
സമുദ്രം കടഞ്ഞുണ്ടാക്കിയ
അമൃതജലംനിറച്ച
കലശകുംഭങ്ങളെവിടെ?
ഇന്ന് വര്‍ഷങ്ങള്‍നീണ്ട
ഭോഗകാമനകള്‍ക്കിപ്പുറം
ചുളിഞ്ഞടിഞ്ഞ നിന്‍മുഖത്തെ
വിഹ്വലനേത്രങ്ങള്‍
എന്റെ വെന്റിലേറ്ററിനെ
ആര്‍ദ്രമാക്കുമ്പോള്‍-
മഞ്ഞക്കണ്ണുകളുള്ള
മൃത്യുദേവത
ഞണ്ടിനെപ്പോലെ
എന്നിലേക്ക്
കത്തിയിറക്കുന്നു...
ചങ്ങലക്കൊളുത്തുകളുടെ
അവസാനകണ്ണിയും
ഒസ്യത്തായി മകനു
ഓഹരിവെയ്ക്കുമ്പോള്‍
എനിക്കറിയാമായിരുന്നില്ലല്ലോ-
പരകായപ്രവേശത്തിന്
നിലയില്ലാക്കയത്തിലേക്കുള്ള
ഒടുക്കത്തെ വീഴ്ചയില്‍
ഒപ്പമാരുമുണ്ടാവില്ലെന്ന്.
■■ ıɹǝuuɐʞʞɐɯ ■■
Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

11 Responses so far.

Leave a Reply

Related Posts Plugin for WordPress, Blogger...