മോബിഡിക്ക് : ഒടുങ്ങാത്ത പ്രതികാരത്തിന്റെ കഥ

ചെറുപ്പകാലത്ത് ഞാന്‍ വായിച്ച ക്ലാസിക്കുകളില്‍ എന്നെ ഏറെ ആകര്‍ഷിച്ച ഒന്നായിരുന്നു ഹെര്‍മന്‍ മെല്‍വില്ലിന്റെ '' മോബിഡിക്ക് '' എന്ന വിഖ്യാത നോവല്‍ .  അമേരിക്കയിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച പത്തു സാഹിത്യ രചനകളില്‍ ഒന്നായാണ് പ്രസ്തുത നോവല്‍ കരുതപ്പെടുന്നത്. പ്രസ്തുത നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ നൂറ്റി അറു പത്തിയൊന്നാം  വാര്‍ഷിക ദിനമാണ് ഇന്ന്.
ചെറുപ്പം മുതല്‍  മധ്യവയസ്‌കനാകുംവരെ തിമിംഗല വേട്ട നടത്തുന്ന കപ്പല്‍ ജോലിക്കാരനായി കഴിഞ്ഞ ആളാണ് ഹെര്‍മന്‍ മെല്‍വില്‍  . അതിനുശേഷമാണ് എഴുത്തുകാരനായത്. അല്‍പം മാത്രമേ എഴുതിയിട്ടുള്ളൂ. അഞ്ചോ ആറോ പുസ്തകങ്ങള്‍ മാത്രം. പക്ഷേ, അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ഒരു കൃതിയും ശ്രദ്ധിക്കപ്പെട്ടില്ല. 1891ല്‍ മരണപ്പെട്ട അദ്ദേഹത്തിന്റെ മോബിഡിക്ക് എന്ന നോവലിന്റെ മൂല്യം ലോകം തിരിച്ചറിഞ്ഞത് നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ട് നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.
തിമിംഗലവേട്ടയുടെ സാഹസികത അതിഗംഭീരമായാണ് നോവലില്‍ വരച്ചുവച്ചിരിക്കുന്നത്. പ്രതികാരചിന്ത എത്രത്തോളം മനുഷ്യമനസ്സിനെ മഥിക്കുമെന്ന് ഈ നോവല്‍ വായിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്നുണ്ടല്ലോ. ഇസ്മായില്‍ ജോലിചെയ്യാന്‍ എത്തിപ്പെടുന്ന കപ്പലിന്റെ ക്യാപ്റ്റനാണ് അഹാബ്. തന്റെ ജീവിതത്തിലെ നാല്‍പ്പതു വര്‍ഷക്കാലത്തോളം തിമിംഗലങ്ങളെ വേട്ടയാടിയ ഒരു നാവികനാണ് അയാള്‍. തന്നെക്കാള്‍ കുറെ വയസ്സിന് ഇളപ്പമായ ഒരു യുവതിയെ കല്യാണം കഴിച്ചെങ്കിലും ഒരിക്കല്‍ മാത്രമേ ഭാര്യയോടൊത്തു കഴിയാന്‍ സാധിച്ചുള്ളൂ. ഒരു കുഞ്ഞുണ്ടായെങ്കിലും അതിനെ കാണാന്‍ അയാള്‍ക്ക് ഭാഗ്യമുണ്ടായില്ല. അല്‍പ്പം കിറുക്കന്‍ സ്വഭാവമുള്ള ഒരു കഥാപാത്രമാണ് അഹാബ്.
നാവികന്‍മാരെ ആക്രമിക്കുന്നത് ഒരു ശീലമാക്കിയ തിമിംഗലമാണ് മോബിഡിക്ക്. തന്റെ ഒരു കാല്‍ കടിച്ചെടുത്ത ഭീകരനായ തിമിംഗലത്തെ കൊല്ലുകയാണ് ക്യാപ്റ്റന് അഹാബിന്റെ ജീവിതലക്ഷ്യം. അതിനായി ഏതറ്റവും വരെ പോകാന്‍ തയ്യാറായാണ് അഹാബ് കപ്പലോടിക്കുന്നത്.
കൊലയാളിയായ മോബിഡിക്കിനെ വകവരുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ അതീവ രചനാകൗശലത്തോടെയാണ് നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ ഈ നോവല്‍ വായിച്ചിട്ടില്ലെങ്കില്‍ തീര്‍ച്ചയായും വായിക്കണം.
■ ıɹǝuuɐʞʞɐɯ ■

Comments

  1. സുപ്രഭാതം..
    വായനാനുഭവം പങ്കുവെച്ചതിൽ നന്ദി..സന്തോഷം...!

    ReplyDelete
  2. താങ്ക്സ്.
    മോബിഡിക്കിനെ കേട്ടിട്ടേയുള്ളു
    വായിച്ചിട്ടില്ല. നോക്കട്ടെ

    ReplyDelete

Post a Comment