സമസപ്തമത്തിന്റെ സുഖദ ബന്ധനം


തു നേര്‍ത്ത,
എന്നാല്‍ പൊട്ടാത്ത
മാന്ത്രിക നൂലുകൊണ്ടാണ്
നീയെന്റെ ഹൃദയത്തെ കെട്ടിയിട്ടത് ?
ഈ ജന്മത്തിലും
കഴിഞ്ഞ ജന്മത്തിലും
കൊഴിഞ്ഞു പോയ ഒരു പാട് ജന്മങ്ങളിലും
ഇനി കല്പാന്തകാലത്തേക്കുമിങ്ങനെ
പാരസ്പര്യത്തിന്റെ മധു നുകര്‍ന്ന് ഒട്ടി നില്‍ക്കാന്‍
പ്രണയത്തിന്റെ ഏതു മാന്ത്രികപ്പശ കൊണ്ടാണ്
ഈശ്വരന്‍ നമ്മെ ബന്ധിച്ചത് ?
ഏതു കാമനയുടെ കാന്തക്കല്ലുകൊണ്ടാണ്
കാലം നമ്മുടെ മനസ്സുകളെ
പരസ്പരം ഭ്രമണം ചെയ്യിക്കുന്നത് ?
ഈ സമസപ്തമം
പ്രേമപൂര്‍വമായ ഏഴാം രാശിയുടെ സ്പന്ദനം
നമ്മുടെ ഓരോ അണുവിലും മിടിക്കുന്നത്
ഏതു ഭണ്ടാഗാരത്ത്തിലെ
സുകൃത സഞ്ചയം കൊണ്ടാണ് ?
സഖി, ജീവിതത്തിന്റെ
ഈ നടക്കല്ലുകളില്‍ കൂടി
നമുക്കിനിയും കൈകോര്‍ത്തു നടക്കാം
-- ജന്മവേഷങ്ങള്‍ അഴിച്ചും വീണ്ടുമണിഞ്ഞും--
സൂര്യന്‍ എരിഞ്ഞെരിഞ്ഞു
നിശ്ശേഷം ഇല്ലാതാകുന്നത് വരെ.
ബ്രഹ്മ ദ്വിതീയ കല്പത്തിന്റെ
അവസാന ഘടിക വരെ.
■ ıɹǝuuɐʞʞɐɯ ■
** പ്രണയികളില്‍ സ്ത്രീ രാശിയുടെ ഏഴാം രാശിയില്‍ (കൂറ് ) പുരുഷ നക്ഷത്രം വരുന്നത് (ഉദാ : ധനു, മിഥുനം ) ജന്മാന്തരബന്ധത്തെയും നിത്യപ്രണയത്തെയും ശ്രേഷ്ടമായ പൊരുത്തത്തെയും കുറിക്കുന്നു.

Comments

  1. ഇത് കൊള്ളാമല്ലോ
    നന്നായിരിക്കുന്നു

    ReplyDelete

Post a Comment