Post

ന്റെ പ്രിയപ്പെട്ട തോണിക്കാരാ,
എനിക്കു സഹിക്കുന്നില്ല-

വെളുത്തു ചുവന്ന
ഇളംമാംസപിണ്ഡങ്ങള്‍
ഇടയ്ക്കിടയ്ക്ക് ഒഴുകിവരുന്നത്
ഞൊടിനേരം നീ ചൂളിക്കൊണ്ട്
തട്ടിമാറ്റുന്നത് ഞാന്‍ കാണുന്നുണ്ട്.

ബാല്യകൂതൂഹലത്തിലൂടെ
പ്രണയാര്‍ദ്രമായ കൗമാരത്തിലൂടെ
തീക്ഷ്ണയൗവനത്തിലൂടെ
കടന്നുപോകേണ്ട ഈ മുടിച്ചുരുളുകള്‍
കൊഴുത്ത രക്തത്തില്‍ നനഞ്ഞൊട്ടി
കഴുത്തില്‍ വീണുകിടക്കുന്നത്
നീ ഒരുവേള നോക്കുന്നത്
കണ്‍കോണിലൂടെ ഞാന്‍ കാണുന്നുണ്ട്.

അതാ,
തീരങ്ങളില്‍ തീക്കാറ്റ് വീശുന്നു.
മഞ്ഞ നാഗങ്ങള്‍ ഇണചേര്‍ന്നാടുന്നു
അഗ്നിശലാകകള്‍ കണ്ണില്‍ത്തറയ്ക്കുന്നു
അംഗാരകന്‍ ഈ സ്വപ്നഭൂമിയില്‍
കനല്‍ക്കട്ടകള്‍ വാരിവിതറുന്നുവോ?

കര്‍ണപുടങ്ങള്‍ പൊട്ടിച്ചിതറുന്നു
ധൂമമേഘങ്ങളാകാശം നിറയ്ക്കുന്നു
ഏതു ജ്വാലാമുഖികളില്‍നിന്നാണ്
ഈ ഉഷ്ണലാവയൊഴുകിപ്പരക്കുന്നത്?

സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ച
സ്ഫടികംപോല്‍ നിര്‍മലമായ
കുരുന്നുകൃഷ്ണമണിക്കഷണം
നിന്റെ ചുണ്ടില്‍ പറ്റിപ്പിടിച്ചിട്ടുണ്ട്.
നിരുപമസുന്ദരമീ ലോകത്തെ
ഒരാവര്‍ത്തികൂടി കാണുവാന്‍
അതുപിന്നെയും വെമ്പുന്നുവോ?

ഈ യൂദ്ധഭുമിയില്‍പ്പരക്കുന്ന
ചുവന്നുകൊഴുത്ത പ്രളയാബ്ധിയില്‍
നിന്റെ ഭൂമികയഴിച്ചുവെക്കൂ...
നിണമണിഞ്ഞ നൗകയുപേക്ഷിക്കൂ....
അസ്ഥികൊണ്ടുണ്ടാക്കിയ
ഈ തുഴക്കോല്‍ വലിച്ചെറിയൂ...
സ്വസ്ഥമായുറങ്ങാനൊരു മടിത്തട്ടുതിരയൂ...
കണ്ണീരൊഴുക്കാനൊരു കൈത്തലമെടുക്കൂ....
ദുഷ്ടജന്മങ്ങളെയൊന്നിച്ചുകൂട്ടി
തീയിട്ട് ചുട്ട് ഭസ്മമാക്കി
തിലോദകവും ബലിച്ചോറും നല്‍കി
ജന്മബന്ധങ്ങളുടെ വേരറുത്ത്
പിതൃയാനത്തില്‍ പടികടത്തൂ.
തേട്ടുന്ന ഉപ്പുരസംകളയാന്‍ മുല-
ഞെട്ടിന്റെയറ്റം പരതൂ...
അങ്ങയ്‌ക്കൊരമ്മയുണ്ടെങ്കില്‍ .....

പുത്രപൗത്രാദി മനുഷ്യകീടങ്ങളുടെ
ദുരയാല്‍ കടുത്തുപോയ  സ്‌നേഹസ്തന്യം
ആവോളം നുകരൂ കല്‍പത്തോളം

ആരംഭിക്കൂ പുതിയൊരു ലോകം.
ആര്‍ത്തിരമ്പുന്ന ആഹ്ലാദലോകം.
മഞ്ഞുപോല്‍ത്തണുപ്പുള്ള
മധുരമാം മുഗ്ദ്ധ ലോകം
മഞ്ഞപ്പൂവുകള്‍ മാത്രം നിറയുന്ന
കുഞ്ഞുപൂമ്പാറ്റകള്‍ മാത്രം പറക്കുന്ന
പഞ്ഞിമേഘങ്ങളൊഴുകിപ്പരക്കുന്ന
സുന്ദരമാം മറ്റൊരു ലോകം.

'ഹമ'കളും  'നെത'കളുമില്ലാത്ത
പ്രേമോദാരമാമൊരു  ശാന്തിലോകം.

■ ıɹǝuuɐʞʞɐɯ ■
Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

3 Responses so far.

 1. കണ്ണ് നനക്കുന്ന കാഴ്ചകള്, കാത്തു തുളക്കുന്ന നിലവിളികള്‍, ഉള്ളു കരിക്കുന്ന തേങ്ങലുകള്, അതാണിപ്പോള്‍ ഈ കരുന്നുകള്‍ എന്നില്‍ നിരക്കുന്നത്...

  തിന്നു എല്ലിനിടയില്‍ കുത്തുമ്പോള്‍ മാത്രമാണ് മതവും, വര്‍ഗ്ഗവും ജാതിയും ഒക്കെ യുദ്ധങ്ങള്‍ ആയി പരിണമിക്കുന്നത്

 2. "ആരംഭിക്കൂ പുതിയൊരു ലോകം.
  ആര്‍ത്തിരമ്പുന്ന ആഹ്ലാദലോകം.
  മഞ്ഞുപോല്‍ത്തണുപ്പുള്ള
  മധുരമാം മുഗ്ദ്ധ ലോകം
  മഞ്ഞപ്പൂവുകള്‍ മാത്രം നിറയുന്ന
  കുഞ്ഞുപൂമ്പാറ്റകള്‍ മാത്രം പറക്കുന്ന
  പഞ്ഞിമേഘങ്ങളൊഴുകിപ്പരക്കുന്ന
  സുന്ദരമാം മറ്റൊരു ലോകം."
  പ്രാര്‍ഥിക്കാം നമുക്ക്.ആശംസകള്‍ !

 3. അതാ,
  തീരങ്ങളില്‍ തീക്കാറ്റ് വീശുന്നു.
  മഞ്ഞ നാഗങ്ങള്‍ ഇണചേര്‍ന്നാടുന്നു
  അഗ്നിശലാകകള്‍ കണ്ണില്‍ത്തറയ്ക്കുന്നു
  അംഗാരകന്‍ ഈ സ്വപ്നഭൂമിയില്‍
  കനല്‍ക്കട്ടകള്‍ വാരിവിതറുന്നുവോ?....എനിക്ക് പിടിച്ച വരികൾ

Leave a Reply

Related Posts Plugin for WordPress, Blogger...