പച്ചമുറി


രു ഇല കൂടി പഴുത്തുകൊഴിയുന്നു
ജരാനരകളിലേക്കുള്ള ദൂരമൊഴിയുന്നു

ജീവിതത്തിന്റെ ''പച്ചമുറി''യിലേക്ക്
നാടകവേഷം മാറാന്‍ പോകാന്‍
ഇനിയും അങ്കങ്ങള്‍ ബാക്കിയുണ്ട്

വീണ്ടും പഠിച്ച പാഠങ്ങള്‍തന്നെ
ഉരുവിട്ടുരുവിട്ട് കൈയടി നേടണോ?
അതോ, മനോധര്‍മമനുസരിച്ച്
പുതിയൊരു രംഗപടം വിതാനിച്ച്
പുതിയ നിറങ്ങള്‍ വാരിത്തേച്ച്
പുതിയ വെളിച്ചവിന്യാസങ്ങള്‍ക്കൊപ്പം
പുതിയ ഡയലോഗുകളുമായി
പുതിയ കഥാപാത്രമായി
പുതുപരിണാമഗുപ്തിയിലേക്ക്
ഈ പുലര്‍ച്ചെ അവതരിക്കണോ?

കാണികള്‍ കോട്ടുവായിട്ടുതുടങ്ങി
രംഗം തണുത്ത മൂകതയിലമര്‍ന്നു
തിരശ്ശീലസൂക്ഷിപ്പുകാരന്‍ നിസ്സംഗനായി
പശ്ചാത്തലത്തില്‍ ആര്‍ദ്രമായ
ഹാര്‍മോണിയവും  വേണുവും മാത്രം
ഇടയ്‌ക്കൊരു പെരുമ്പറയൊച്ചയും
മുഖചിത്രങ്ങള്‍ വിയര്‍പ്പിലലിഞ്ഞു
കവിളിലൂടെ ഒലിച്ചിറങ്ങുന്നു.

മനസ്സാകട്ടെ അരങ്ങുകള്‍ക്കപ്പുറം-
കത്തിപ്പടരുന്ന ചൂളമരക്കൊമ്പുകളില്‍ ,
പിടഞ്ഞുണരുന്ന വവ്വാലുകളില്‍ ,
പൊട്ടിച്ചിതറുന്ന തീക്കുണ്ഡങ്ങളില്‍ ,
മരവുരിയുടെ ഒറ്റവസ്ത്രമുടുത്ത്,
മേലാകെ ഭസ്മാവൃതനായി,
തലയോട്ടികള്‍ കൊണ്ടമ്മാനമാടി,
ഭീതിതമായ ശ്മശാനഭൂവില്‍ ,
ഉദ്ധൃതലിംഗനായി ഉടുക്കുകൊട്ടി,
താണ്ഡവാനന്ദത്തിലലിഞ്ഞ
നീലകണ്ഠനെത്തേടുന്നു.

പറയൂ സുഹൃത്തെ, ഇക്കാണുന്നത്
വെറുമൊരു നാല്‍ക്കവലയാണോ?
ഈ ഇരുളിലാണ്ട വഴിയമ്പലം
ഇനിയുമൊരു അത്താണിയാണോ?
ഈ വിഴുപ്പുനിറഞ്ഞ നാടകശാലയില്‍
സരസ്വതീയാമത്തിനന്ത്യനാഴികയില്‍
അപ്രതീക്ഷിതമുഹൂര്‍ത്തത്തില്‍
പ്രേക്ഷകഹൃദയത്തെ അലിയിക്കാന്‍
പിച്ചളത്താലത്തില്‍ മുറിഞ്ഞുവീണ
ഇനിയും പടപടപ്പു മാറിയിട്ടില്ലാത്ത
രക്തവര്‍ണമാര്‍ന്ന ഹൃദയശകലം
വെച്ചുനീട്ടണോ വീണ്ടും ?

■ ıɹǝuuɐʞʞɐɯ ■



Comments

  1. കിട്ടിയ വേഷം ആടിതീർക്കുക...കത്തിയാലും കരിയായാലും...പച്ചയായാലും

    ReplyDelete
  2. ജീവിതം ഒരു അരങ്ങു തന്നെ.. എവിടെയൊക്കെയോ ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ അനുഭവിപ്പിച്ച വരികള്‍

    ReplyDelete

Post a Comment