മരണം വാതില്‍ക്കലൊരു നാള്‍ .....

(this post is written on 13.1.13)
യിടെയായി ഫേസ്ബുക്ക്, ബ്ലോഗ് ആക്ടിവിസ്റ്റുകളായ കുറേ സൂഹൃത്തുക്കളെ മരണം തട്ടിയെടുത്തു. പലരും നല്ല സര്‍ഗ വാസനയുള്ളവര്‍ .  എല്ലാവരും ഒരുനാള്‍ മരിക്കും. അകാല മരണം എപ്പോഴും വേദനാജനകമാണ്.  സോഷ്യല്‍ നെറ്റ് വര്‍ക്ക് പലര്‍ക്കും ഒരു രണ്ടാം അസ്തിത്വം ആണ്. കൂടുതലും ഓണ്‍ലൈന്‍ ജീവികള്‍ ആയ നമ്മള്‍ മരിച്ചാല്‍ നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ടു പോലുള്ളവയ്ക്ക് എന്ത് സംഭവിക്കും ? നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ?

ഫേസ് ബുക്ക് അക്കൗണ്ട് ഒരു ബാങ്ക് അക്കൗണ്ട് പോലെ ഗൗരവമുള്ളതല്ല തന്നെ. വല്ലപ്പോഴും വന്നുപോകുന്ന ഒരു അരസികനായ ഫേസ്ബുക്കന്റെ പ്രൊഫൈലില്‍ ചിലപ്പോള്‍ ഒന്നും ഉണ്ടാവണമെന്നില്ല. എന്നാല്‍ സ്ഥിരമായി ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഒരാള്‍ തന്റെ നല്ലതും വികലവുമായ ചിന്തകളും, ആശയങ്ങളും, മറ്റുള്ളവരോട് നേരിട്ട് പറയാന്‍ മടിക്കുന്ന വിചാരങ്ങളും, സുന്ദരമെന്ന് അയാള്‍ കരുതുന്ന കാഴ്ചകളും, കുസൃതികളും, കവിതകളും, കഥകളും, കുറിപ്പുകളും, കുടുംബാംഗങ്ങളോടുള്ള സ്‌നേഹപ്രകടനങ്ങളും, സ്വന്തം ഫോട്ടോകളും, പ്രണയലേഖനങ്ങളും...... അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങള്‍ അയാളുടെ പ്രൊഫൈലില്‍ അഥവാ ടൈംലൈനില്‍ ഉണ്ടാവും. മറ്റുള്ളവര്‍ക്ക് സ്വന്തം ടൈംലൈനില്‍ പോസ്റ്റ് ചെയ്യാനും, ടാഗ് ചെയ്യാനും അനുവാദം കൊടുത്ത ആളാണെങ്കില്‍ അദ്ദേഹം മരണപ്പെട്ടതറിയാതെ വീണ്ടും വീണ്ടും അപ്‌ഡേറ്റുകള്‍ വന്നുകൊണ്ടിരിക്കും. (അന്യന് വാള്‍പോസ്റ്റ് ചെയ്യുന്നതിന് നിയന്ത്രണം ഉണ്ടാക്കുന്നതെങ്ങനെ എന്നറിയാന്‍ ഇവിടെ ക്ലിക്കി പോസ്റ്റ് വായിക്കുക.)  ഒരു ഫേസ്ബുക്ക് അംഗം അഥവാ, മരണപ്പെട്ടാല്‍ തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനുവേണ്ടി മൂന്ന് എക്‌സിക്യൂട്ടര്‍മാരെ നിയമിക്കാനുള്ള സൗകര്യം ചെയ്യും എന്ന് ഇതിനുമുമ്പ് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും നിലവില്‍ അങ്ങനെ ഒരു സൌകര്യം  ഇല്ല.  മരണപ്പെട്ട  ആള്‍ ഓണ്‍ലൈനില്‍ ജീവിച്ചുകൊണ്ടിരിക്കുന്നത് ഒരു സുഖമുള്ള സംഗതിയാണോ?


2007 നു മുമ്പ്, മരണപ്പെട്ടു പോയവരുടെ അക്കൗണ്ട്, ഫേസ്ബുക്ക് ആവശ്യപ്രകാരം ഡിലെറ്റ് ചെയ്യുക മാത്രമേ ചെയ്യാറുണ്ടായിരുന്നുള്ളൂ. 2007 ഏപ്രില്‍ 16ലെ അഭിശപ്ത സംഭവം വരെ. അന്ന് അമേരിക്കയിലെ വിര്‍ജീനിയ സംസ്ഥാനത്തെ വിര്‍ജീനിയ പോളിടെക്‌നിക്ക് ഇന്‍സ്റ്റിറ്റിയൂട്ട് കാമ്പസില്‍ ഒരു ഇരുപത്തിമൂന്നുകാരന്റെ വെടിയേറ്റ് 32 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. (വിര്‍ജീനിയ ടെക് മാസെക്കര്‍ ) അതിനുശേഷം ഫേസ് ബുക്ക് പ്രൊഫൈലുകള്‍ മരണപ്പെട്ട ആളുടെ ഓര്‍മക്കുവേണ്ടി (കോണ്‍ടാക്ട് വിവരങ്ങളും സ്റ്റാറ്റസ് അപ്‌ഡേറ്റുകളും ഒഴികെ) മെമ്മോറിയലൈസ് ചെയ്യാന്‍ തുടങ്ങി.

അംഗമായ ഒരാള്‍ അന്തരിക്കുകയാണെങ്കില്‍ , ഏറ്റവും അടുത്ത വേണ്ടപ്പെട്ടവര്‍ക്ക്  ആ അംഗത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷിതമായി ഓര്‍മച്ചിത്രം (മെമ്മോറിയലൈസ് ) ആയി സൂക്ഷിക്കാം. മെമ്മോറിയലൈസ് ചെയ്തു കഴിഞ്ഞാല്‍ , ആ പ്രൊഫൈലിന്റെ സുരക്ഷാക്രമീകരണങ്ങള്‍ പഴയതുപോലെ തുടരുകയും ചെയ്യാം. പക്ഷേ, മെമ്മോറിയലൈസ് ചെയ്തുകഴിഞ്ഞാല്‍ പ്രൈവസി സംരക്ഷിക്കുന്നതിനായി ലോഗിന്‍ വിവരങ്ങള്‍ ഫേസ് ബുക്ക് നല്‍കുന്നതല്ല. അതായത് ആര്‍ക്കും അതില്‍ ലോഗിന്‍ ചെയ്തു പ്രവേശിക്കാന്‍ പറ്റില്ല. മാത്രമല്ല,  മെമ്മോറിയലില്‍ പ്രൊഫൈലിലെ മുഴുവന്‍  വിവരങ്ങളും ഫേസ്ബുക്ക് നല്‍കുകയും ചെയ്യില്ല. ആരുടെയെങ്കിലും പ്രൊഫൈല്‍ മെമ്മോറിയലൈസ് ചെയ്യാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക. 

ഇനി , വേണമെങ്കില്‍ വെരിഫൈ ചെയ്യപ്പെട്ട  കുടുംബാംഗങ്ങള്‍ക്ക് മരണപ്പെട്ട ആളുടെ പ്രൊഫൈല്‍ ഡിലിറ്റ് ചെയ്യുന്നതിന് റിക്വസ്റ്റ് നല്‍കാം. ഇവിടെ ക്ലിക്ക് ചെയ്താല്‍ റിക്വസ്റ്റ് ഫോറത്തില്‍ എത്താം. എന്നാല്‍ ഇത്തരം റിക്വസ്‌റ്‌റ് നല്‍കിയാലും മരണപ്പെട്ടയാളെ ടാഗ് ചെയ്യുന്നതിന് സാധിക്കും. അത് കളയാനുള്ള സൗകര്യം എഫ്ബി ഇപ്പോള്‍ നല്‍കിയിട്ടില്ല. 

ചിലപ്പോള്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാജമായി വിധേയമായി നിങ്ങളുടെ അക്കൌണ്ടിലേക്ക്  പ്രവേശിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക്‌ ചെയ്തു വിവരങ്ങള്‍ നല്‍കാം.

ഫേസ് ബുക്ക് , യഥാര്‍ത്ഥത്തിലുള്ള ഒരു അവകാശിക്ക് മരണപ്പെട്ട ആളുടെ പ്രൊഫൈല്‍ കണ്ടന്റ് നല്‍കും. പക്ഷേ അത് കുറച്ചു ബുദ്ധിമുട്ടുള്ള പ്രക്രിയയാണ്. ഇവിടെ ക്ലിക്ക് ചെയ്തു  റിക്വസ്റ്റ് നല്‍കുന്നതിനു പുറമേ, കോടതി ഉത്തരവും വേണ്ടിവരും.

മുമ്പ്,  ഇരുപത്തിയൊന്നുകാരനായ ബഞ്ചമിന്‍ സ്റ്റാസ്സന്‍ എന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കോടതി ഉത്തരവില്ലാതെ തന്നെ മകന്റെ പ്രൊഫൈലിലെ എല്ലാ വിവരങ്ങളും ലഭിക്കുന്നതിനായി ഫേസ്ബുക്കുമായി യുദ്ധം നടത്തിയിരുന്നു. ആ വിവരങ്ങള്‍ ലഭിച്ചാല്‍ മകന്റെ ആത്മഹത്യയിലേക്ക് നയിച്ച് കാരണങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും എന്നായിരുന്നു അവരുടെ വാദം.

മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ സ്ഥിതി എന്താണ് ? യാഹൂ 90 ദിവസം കുടൂമ്പോള്‍ എക്കൗണ്ട് സജീവമാണോ എന്ന് പരിശോധിക്കും. ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്യും. മരിച്ച ആളുടെ സ്വകാര്യത സൂക്ഷിക്കാനാണ് ഇത് ചെയ്യുന്നത് എന്നാണ് അവരുടെ വാദം. യഥാര്‍ത്ഥത്തില്‍ മരിച്ച ആള്‍ക്ക് സ്വകാര്യത ഉണ്ടോ? തീര്‍ച്ചയായും ഉണ്ട് എന്നും ജീവിച്ചിരിക്കുമ്പോള്‍ ഒരാള്‍ വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ മരണശേഷം വെളിപ്പെടുത്തുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനാദരവാണ് എന്നും ഒരു വാദം ഉണ്ട്. 2004ല്‍ ഇറാഖില്‍ കൊല്ലപ്പെട്ട ഒരു യു.എസ് ഭടന്റെ കുടുംബം അദ്ദേഹത്തിന്റെ ഇമെയില്‍ അക്കൗണ്ടിലേക്ക് പ്രവേശനം ആവശ്യപ്പെട്ടു കേസ് നല്‍കിയെങ്കിലും, പാസ് വേര്‍ഡ് നല്‍കുന്നതിനു പകരം യാഹൂ ഒരു സി.ഡി. നല്‍കുകയാണ്. ചെയ്തത്. ട്വിറ്ററും വേണ്ടപ്പെട്ടവരുടെ ആവശ്യപ്രകാരം അക്കൌന്റ്റ്‌ ഡിലെറ്റ്‌ ചെയ്യും.

രണ്ടായിരത്തി അഞ്ചില്‍  രസകരമായ സംഭവമുണ്ടായത് നിങ്ങള്‍ വായിച്ചിരിക്കും. രണ്ടു അവതാറുകള്‍ , ലിറ്റോ യോഷിറോയും എന്‍ചാന്റ് ജാക്വസും  'സാങ്കല്‍പിക ലോകത്തെ രണ്ടാം ജീവിത' ത്തില്‍ വച്ചു കണ്ടുമുട്ടി. ആ വര്‍ഷം തന്നെ അവര്‍ ഓണ്‍ലൈന്‍ ആയി കല്യാണം കഴിച്ചു. എന്നിട്ട് സാങ്കല്‍പിക ലോകത്തെ ഒരു ദ്വീപില്‍ വീടു പണിഞ്ഞ് താമസം തുടങ്ങി. യഥാര്‍ത്ഥ ജീവിതത്തില്‍ ലെറ്റോ ഒരു സിനിമാ നിര്‍മാതാവായിരുന്നു. മൂന്നു വര്‍ഷത്തെ ഓണ്‍ലൈന്‍ ദാമ്പത്യത്തിനുശേഷം ലെറ്റോ കരള്‍ രോഗം മൂലം മരിച്ചു.

ആറു മാസത്തിനുശേഷം അവര്‍ ഓണ്‍ലൈന്‍ അസ്തിത്വത്തിനും ഓണ്‍ലൈന്‍ വാസസ്ഥലത്തിനും വേണ്ടി കരാര്‍ ഒപ്പിട്ട ലിന്‍ഡന്‍ ലാബ് എന്ന് കമ്പനി അതു മുഴുവന്‍ ഡിലിറ്റ് ചെയ്തു കളഞ്ഞു. ' ലിണ്ട ന്‍ ഡോളറില്‍ ' അടയ്ക്കേണ്ട തുക അടക്കാതിരുന്നതിനാല്‍ . യഥാര്‍ത്ഥത്തില്‍ ആ ദമ്പതികളുടെ ഓണ്‍ലൈന്‍ ദാമ്പത്യം ആണ് കമ്പനി ഡിലിറ്റ് ചെയ്തുകളഞ്ഞത്.

മരണമുറപ്പുള്ളയാള്‍ മരിക്കുന്നതിനു മുമ്പ് തന്റെ പാസ് വേര്ഡ് ഒരു സുഹൃത്തിന് കൈമാറിയാല്‍ മതിയല്ലോ എന്ന് നിങ്ങള്‍ക്ക സംശയം തോന്നാം. എന്നാല്‍ അങ്ങനെ ചെയ്യുന്നത് വെബ്‌സൈറ്റും നമ്മളും അക്കൗണ്ട് തുടങ്ങുമ്പോള്‍ ഒപ്പിടുന്ന ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് പോലും . ( ഈ ലൈസന്‍സ് നിങ്ങള്‍ എപ്പോഴെങ്കിലും പൂര്‍ണമായി വായിച്ചുനോക്കിയിട്ടുണ്ടോ? ഞാനും ഓ.കെ. അടിക്കുകയല്ലാതെ വായിക്കാറില്ല. )

ലീഗസി ലോക്കര്‍ പോലെയുള്ള ചില സൈറ്റുകള്‍ ഉണ്ട്. നമ്മുടെ എല്ലാ പാസ് വേര്‍ഡുകളും, വേണമെങ്കില്‍ ഡോക്കുമെന്റുകളും ഈ വിര്‍ച്ച്വല്‍ലോക്കറില്‍ സൂക്ഷിക്കാം. മരണശേഷം നമ്മള്‍ നേരത്തെ അധികാരപ്പെടുത്തിയ വ്യക്തിക്ക് ഈ വിവരങ്ങള്‍ കൈമാറുന്നു. ഒരു അനുശോചന സന്ദേശവും നല്‍കും. (ലീഗസി ലെറ്റര്‍ അഥവാ ഡിജിറ്റല്‍ ഗുഡ്‌ബൈ) അസറ്റ് ലോക്ക്  എന്ന വൈബ്‌സൈറ്റ് വളരെയധികം ഡോകുമെന്റുകള്‍ സ്‌റ്റോര്‍ ചെയ്യാന്‍ അനുവദിക്കുന്നു. ഡെത്ത് സ്വിച്ച് എന്ന സൈറ്റ് മറ്റൊരു രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട വിലപ്പെട്ട വിവരങ്ങളുമായി നമ്മള്‍ മരണപ്പെട്ടാല്‍ സംഭവിച്ചേക്കാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. അത് കൃത്യമായ ഇടവേളകളില്‍ ' ഹലോ, ജീവിച്ചിരിപ്പുണ്ട് , അല്ലേ ? '' എന്ന മട്ടില്‍ പാസ് വേര്‍ഡിനായി പ്രോംപ്റ്റ് ചെയ്തുകൊണ്ടിരിക്കും. കുറച്ചുകാലത്തേക്ക് താങ്കള്‍ പാസ് വേര്‍ഡ് നല്‍കിയില്ലെങ്കില്‍ തുടര്‍ച്ചയായി വീണ്ടും വീണ്ടും ചോദിക്കും. മറുപടി ഇല്ലെങ്കില്‍ ഒന്നുകില്‍ നമ്മള്‍ മരിച്ചു പോയി, അല്ലെങ്കില്‍ ഗുരുതരാവസ്ഥയിലാണ് എന്ന് മനസ്സിലാക്കി നമ്മള്‍ നേരത്തെ ഏല്‍പ്പിച്ച ആള്‍ക്കാര്‍ക്ക് മെസ്സേജ് അയക്കും.

ഈ പുലിവാലിനൊന്നും പോകാതിരിക്കാന്‍ നല്ലൊരു വഴിയുണ്ട്. നമ്മുടെ പാസ് വേര്‍ഡുകള്‍ ഒരു പേപ്പറില്‍ എഴുതിവച്ച്, പങ്കാളിയെയോ മറ്റു വേണ്ടപ്പെട്ടവരെയോ  ഏല്‍പ്പിക്കുക. അവര്‍ വേണ്ടത് ചെയ്യട്ടെ.

Comments

  1. വിജ്ജാനപ്രദമായ ഒരു കുറിപ്പ്
    വിശേഷിച്ചു facebook
    ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും
    വായിച്ചിരിക്കേണ്ട ഒന്ന്.
    ആവശ്യമായ ലിങ്കുകള്‍ ഒപ്പം
    ചേര്‍ത്തിരിക്കുന്നത് കൂടുതല്‍
    അറിയാന്‍ സഹായിക്കും
    നന്ദി നമസ്കാരം

    ReplyDelete
  2. നന്ദി സുഹൃത്തേ ...

    ReplyDelete
  3. കൊള്ളാം.
    കൌതുകകരമായ വിവരങ്ങള്‍

    ReplyDelete
  4. ഒരു പുതിയ വെളിച്ചം വീശിയ വിവരണത്തിന് നന്ദി.

    ReplyDelete
  5. ലിങ്കുകള്‍ നല്‍കിയതുകൊണ്ട് മുഴുവനായും അറിയാന്‍ കഴിയും.
    നന്നായി.

    ReplyDelete
  6. എന്റെ പാസ്‌ വേര്‍ഡ്‌ എന്റെ കമ്പ്യൂട്ടറില്‍ സേവ്ഡ്‌ ആണ്.ഞാന്‍ തട്ടിപോയി കഴിഞ്ഞാല്‍ എന്റെ വീട്ടിലുള്ള ആരെങ്കിലും അക്കൌന്റ്റ്‌ ഡിലെറ്റ് ചെയ്തോളും. സ്വസ്ഥം സുഖമായി ഞാന്‍ അങ്ങനെ കല്ലറക്കുള്ളില്‍ കിടക്കും

    ReplyDelete
  7. അറിവുകള്‍ പങ്കുവെച്ചതിനു നന്ദി.. പലതും ആദ്യമായാണ് അറിയുന്നത്

    ReplyDelete
  8. അഭിപ്രായങ്ങള്‍ക്ക് , സ്നേഹത്തോടെ ...

    ReplyDelete
  9. നന്ദി, ഏരിയല്‍ സര്‍ .

    ReplyDelete

Post a Comment