Post

(ഞാന്‍ ഉള്‍പ്പെട്ട വെട്ടം എന്ന ഫേസ്‌ ബുക്ക്‌ ഗ്രൂപ്‌ 105 കവികളുടെ കവിതകള്‍ ഉള്‍ക്കൊള്ളിച്ചു കവിതായനം എന്ന പേരില്‍ കോഴിക്കോട് വച്ചു പുസ്തകം പ്രകാശനം ചെയ്തതിന്റെ കുറിപ്പ്.)

ന്ന് ഒരു സൂഹൃത്തിന്റെ മരുമകളുടെ വിവാഹ നിശ്ചയവും ഒരു ഗൃഹപ്രവേശവും ഉണ്ടായിരുന്നു. ഒരെണ്ണം റദ്ദ് ചെയ്ത് ഉച്ചയ്ക്ക് രണ്ടുമണിയോടെ കോഴിക്കോട്ടേക്ക് വണ്ടി കയറി. മാനാഞ്ചിറ എത്തുമ്പോള്‍ സമയം മൂന്ന് അമ്പത്. ഹാളില്‍ ഒരു പത്തിരുപതു പേര്‍ എത്തിയിട്ടുണ്ട് . നാട്ടു രാജാവിനെ ദൂരെ നിന്നേ കണ്ടു. വിഷ് ചെയ്തു. കരീംഭായ് ഒരു മാദ്ധ്യമ പ്രവര്‍ത്തകയുമായി ഇന്റര്‍വ്യൂവിലാണ്. ഭായ് പറയുന്നത് അവര്‍ക്ക് ഒരക്ഷരം മനസ്സിലാകുന്നില്ല എന്ന് സംഭാഷണം കേട്ടപ്പോള്‍ മനസ്സിലായി :-) എനിക്ക് അല്‍പം ചുമയുണ്ടായിരുന്നത് കൊണ്ട് ഞാന്‍ ആദ്യം അങ്ങോട്ടു ചെന്നില്ല. 'ഖരീം ഭായ് ' എന്നു വിളിച്ചാല്‍ ചുമ കൂടിയാലോ... ആകെ എനിക്ക് ഗിരീഷേട്ടനെയും കരീംഭായിയേയും മാത്രമേ നേരിട്ട് പരിചയം ഉള്ളൂ. ബാക്കി ആളുകള്‍ ആരൊക്കെ ആയിരിക്കും എന്നുള്ള ആകാംക്ഷയോടെ ഞാന്‍ ചുറ്റും നോക്കി. ഒരാള്‍ ഒരു മൂലയ്ക്ക് നാണിച്ചിരിക്കുന്നു.
' എന്താ പേര്? '
:' സുഹൈബ് 'നാണി ' '
അടുത്തു തന്നെ വേറൊരു നാണക്കാരനും ഉണ്ട് .. സുജേഷ് കൈവേലി.
മാനാഞ്ചിറയിലെ പഴയ അന്‍സാരി പാര്‍ക്കിലെ ഭീമന്റെയും മറ്റും നെടിയ പ്രതിമകള്‍ പോലെയുള്ള മൂന്ന് ഗഡാഗഡിയന്‍മാരെ കണ്ടു. ഒരാള്‍ അരുണ്‍ ഗാന്ധി ആണെന്ന് കണ്ടപ്പോള്‍ തന്നെ മനസ്സിലായി. ' ഗ്രാം ' ഒന്നും അല്ല പുള്ളി, 100 കിലോ ഗ്രാം തന്നെയാണ്. മറ്റേയാള്‍ ഒരു ഏഴടിയുണ്ട്.
'' ഞാന്‍ ഷമോദ് എ.പി.യാണപ്പാ. നാട് തലശ്ശേരി''
ഞാന്‍ പറഞ്ഞു. '' നാട് പറയണ്ട. അപ്പാ, എന്നു പറഞ്ഞപ്പോള്‍ തന്നെ മനസ്ലിലായി''
മൂന്നാമന് കുറച്ച് ഉയരം കുറവാണ്. പണ്ടെവിടെയോ കണ്ട ഛായ . നോക്കുമ്പോള്‍ നൗഷാദുമര്‍ ആണ്. കുറച്ചു കാലമായി ഓണ്‍ലൈന്‍ ആയിരുന്നില്ലല്ലോ.
അപ്പോള്‍ സോട്ടമേട്ടന്‍ ഛെ, സോമേട്ടന്‍ ചിരിച്ചു കൊണ്ട് കൈ തന്നു. ഞാന്‍ കരുതിയത് കാഷായവേഷം ഒക്കെ ഇട്ട് രുദ്രാക്ഷമാലയൊക്കെ അണിഞ്ഞിട്ടായിരിക്കും എന്നാണ്. എന്നാല്‍ സോമേട്ടന്‍ ഡോക്ടര്‍മാരെയൊക്കെ പോലെ വെള്ളക്കുപ്പായവും കറുത്ത പാന്റുമിട്ടാണ് നില്‍ക്കുന്നത്. ഞാന്‍ ചോദിച്ചു.
'' കാഷായം എവിടെ? ''
'' അതു ബാഗിലുണ്ട്. ഇവിടെ കോഴിക്കോട് അതു പറ്റില്ല.''
കാഷായം പ്രശ്‌നമാണെങ്കിലും ഇവിടെ ''കഷായ'' ത്തിന് പ്രശ്‌നമില്ല എന്നു പറയണമെന്നുണ്ടായിരുന്നു. അപ്പോഴേക്കും നമ്മുടെ കായംകുളം കൊച്ചുണ്ണിയെക്കണ്ടു. ഷഫീക്ക്, കൂടെ ജുനൈദും . രണ്ടുപേരും രസികന്മാരാണ്. വളരെ പെട്ടെന്ന് കമ്പനിയാവുന്ന പ്രകൃതക്കാരാണെന്ന് സംസാരം തുടങ്ങിയപ്പോഴേ മന്‌സസിലായി. രതീഷ് പി.ആര്‍ , സ്വന്തമായി എഴുതി , പ്രിന്റ് ചെയ്ത കവിതാ പുസ്തകങ്ങളുമായായിരുന്നു വന്നത്. പറഞ്ഞു വന്നപ്പോള്‍ എന്റെ നാടിനടുത്താണ്. നദീമിനെ പരിചയപ്പെട്ടു. നല്ല ഉഷാറുള്ള പയ്യന്‍.
സ്ത്രീകള്‍ ആരും ഇല്ലേ എന്നു നോക്കിയപ്പോള്‍ ഒരു യുവതിയെക്കണ്ടു. എവിടെയോ കണ്ടു പരിചയം. ഞാന്‍ ചോദിച്ചു. ' ഇങ്ങള് സില്‍മാ നടിയാ?''
'' അല്ല ഞാന്‍ ബിന്ദു. സിനിമക്കാര്‍ അഭിനയിക്കുന്നോ എന്നു ചോദിച്ചതാണ്. ഞാന്‍ വേണ്ടെന്നു വെച്ചു. മുഖചിത്രമൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ട''
അപ്പോ, ഇതാണ് ദിവസവും ഞാന്‍ സ്റ്റാറ്റസില്‍ കമന്റ് ചെയ്യുന്ന ബിന്ദു, അല്ലേ. കോഴിക്കോട്ട് കാരിയാണ് എന്ന് നേരത്തെ അറിയാമായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ മെര്‍ലിനും മറ്റു രണ്ടു സുഹൃത്തുക്കളും വന്നു. പുള്ളിക്കാരി ഇന്ന് ബിന്ദുവിന്റെ ആതിഥ്യം ആസ്വദിച്ചിട്ടേ നാട്ടിലേക്ക് മടങ്ങുന്നുള്ളൂ.
'' ഗംഗേട്ടാ '' എന്നൊരു വിളി കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. നമ്മുടെ ബീഡി കാക്ക ! പെരിന്തല്‍മണ്ണയില്‍നിന്ന് വരികയാണ്. പുള്ളി നല്ല ഒരു ചങ്ങാതിയാണ്. നന്നായി മുറുക്കും. മുറുക്കിന്റെ ഹരം പിടിച്ച് നില്‍ക്കുകയാണ്. ഇനിയുമുണ്ടോ മുറുക്കാന്‍ എന്ന് ഞാന്‍ ചോദിച്ചു. പുള്ളി ഒരു പാക്കറ്റ് തന്നത് ഞാന്‍ വാങ്ങി വെച്ചു. അല്ലെങ്കില്‍ ഷമീര്‍
അതുംകൂടി ചവച്ച് അവിടെ തന്നെ കിറുങ്ങി വീഴും.
ഇടക്കുളം , മൂക്കുതല, അഖില്‍ , റെനോയര്‍ ... അങ്ങനെ വേറെയും സുഹൃത്തുക്കള്‍ . വിര്‍ച്വല്‍ ലോകത്തു നിന്നിറങ്ങിവന്നവര്‍ ആയതുകൊണ്ട് ആദ്യം പലര്‍ക്കും ഒരു ചമ്മല്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തന്നെ സൗഹൃദം സംഭാഷണങ്ങളില്‍ കൂടി പൂത്തു. സൗഹൃദം, കെട്ടിനില്‍ക്കുന്ന വെള്ളം പോലെയാണല്ലോ. ചെറുതായൊന്ന് പൊട്ടിച്ചു കൊടുത്താല്‍ മതി, അതങ്ങനെ ഒഴുകിക്കൊള്ളും.
അല്‍പംവൈകിയാണ് പരിപാടി ആരംഭിച്ചത്. ഗിരീഷേട്ടന്റെ സ്വാഗത പ്രസംഗശേഷം അബൂബക്കര്‍ സാഹിബ് സംസാരിച്ചു. ഖരീംഭായ് അദ്ധ്യക്ഷപ്രസംഗം കാര്യമാത്ര പ്രസക്തമായി നടത്തി. രണ്ടു പുസ്തകങ്ങളുടെയും പ്രകാശനം നടത്തിയശേഷം സംസാരിച്ച ഐസക് ഈപ്പന്റെ പ്രസംഗം ശ്രദ്ധേയമായി താന്നി. പുസ്തകങ്ങള്‍ ഒരു പ്രോഡക്ടും പൊങ്ങച്ചം കാണിക്കാനുള്ള ഒരു ഉപകരണവും ആകുന്നതിനെപ്പറ്റി അദ്ദേഹം വിവരിച്ചു. അരുണ്‍ജി കവിത ചൊല്ലാന്‍ മുണ്ടൊക്കെ കുടഞ്ഞുടുത്ത് പോകുമ്പോള്‍ ജുനൈദ് പറഞ്ഞു '' പുള്ളിക്ക് കവിത വരുമ്പോള്‍ മുണ്ടങ്ങ് അഴിഞ്ഞുപോകും. ''
ബിന്ദു അനിലിന്റെ ആശംസാ പ്രസംഗവും നന്നായിരുന്നു. കവി രതീഷ് പ്രസംഗത്തില്‍ പുസ്തകങ്ങളുടെ ഇന്നത്തെ സാദ്ധ്യതയെക്കുറിച്ച് വേറിട്ടൊരു നിരീക്ഷണം നടത്തി. അദ്ദേഹം സ്വന്തം പുസ്തകങ്ങളുമായി അനന്തമായ യാത്രയിലാണ്. അതിനിടയില്‍ ഇങ്ങോട്ടും വന്നു എന്നേയുള്ളൂ. (നല്ല കവിതകള്‍ എഴുതുന്ന ആളാണ് രതീഷ് )
എഴുത്തുകാരന്‍ അല്ലാതിരുന്നിട്ടും വിദേശത്ത് നിന്നുകൊണ്ട് പുസ്തകം ഇറക്കാന്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയ ഗിരീഷ് പാലേരിയെ ഞാന്‍ മനസാ അഭിനന്ദിച്ചു.
പ്രകാശനം കഴിഞ്ഞു. എല്ലാവരും കവിതകള്‍ വാങ്ങി , പരസ്പരം ഓട്ടോഗ്രാഫും വാങ്ങി. എല്ലാവരും പരസ്പരം വിശേഷങ്ങള്‍ കൈമാറി. വലിയ ആള്‍ക്കുട്ടം ഒന്നുമില്ലെങ്കിലും ലളിതമായ ആ ചടങ്ങ് പ്രൗഢമായിരുന്നു എന്ന് എനിക്കു തോന്നി. രതീഷിനോട് ഞാന്‍ 'നാട്ടിലേക്കല്ലേ'' എന്നു ചോദിച്ചു. പുള്ളി പറഞ്ഞു. ''അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. എല്ലാ വീടും എനിക്ക് സ്വന്തം വീടുപോലെ തന്നെയാണ്. ഗംഗേട്ടന്‍ എന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നില്ലേ? '' ഞാന്‍ പുള്ളി പറഞ്ഞ മറുപടി കുറച്ച് ആലോചിച്ച് ശേഷം പറഞ്ഞു. '' ഇനിയൊരിക്കല്‍ ക്ഷണിക്കാം.''
(എഴുതിയത് എല്ലാം ചുമ്മാ തമാശയാണേ....)
പോരുമ്പോള്‍ ഷമീറിനെ കണ്ടില്ല. കരീംക്ക എന്റെ വയറില്‍ സ്‌നേഹത്തോടെ ഒരു കുത്തുതന്നു. പുള്ളി കാണുംപോലെ അല്ല. നല്ല കരുത്താണ്. ഞാന്‍ കരാട്ടെ ആയതുകൊണ്ട് എനിക്കൊന്നും പറ്റിയില്ല. രാജാവിനോട് യാത്ര ചോദിച്ച്, കോഴിക്കോട് തന്നെ വേറൊരു ചടങ്ങിനു പോകേണ്ടതിനാല്‍ ഞാന്‍ അല്പം നേരത്തെ ഇറങ്ങി.
' കവിതായനം ' എന്ന പുസ്തകം കെട്ടിലും മട്ടിലും വളരെ നന്നായിട്ടുണ്ട്. നല്ല, അര്‍ത്ഥവത്തായ മുഖചിത്രം. പ്രണയം, മരണം, മലാല, ജ്യോതി , വാര്‍ദ്ധക്യം, പരിസ്ഥിതി, ബാല്യകാല സ്മരണ ..... അങ്ങനെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളെകൊണ്ട് സമ്പന്നമാണ് ഇപ്പുസ്തകം. എല്ലാ രചനകളും ഒരു പോലെ നല്ലാതാണ് എന്ന് ഇതിനര്‍ത്ഥമില്ല. വളരെ നല്ല രചനകള്‍ ഉണ്ട്. കവിതയുടെ ബാലപാഠം പഠിച്ചുവരുന്നവരുടെ രചനകളും ഉണ്ട്. പക്ഷെ, ഓരോരുത്തരും അവരുടെ ഹൃദയങ്ങളില്‍ നിന്നാണ് എഴുതിയതെന്ന് വരികളില്‍ കൂടി കടന്നുപോകുമ്പോള്‍ നമുക്ക് മനസ്സിലാകും. മുഖ്യധാരാ എഴുത്തുകാരനായ പവിത്രന്റെ ഒരു കവിതയും ഇതിലുണ്ട്. ജീവിതം ആഘോഷിച്ചുതീര്‍ക്കുന്നവരുടെ കണ്‍വെട്ടത്ത് എത്താത്ത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകള്‍ എത്രയോ ഉണ്ട്. കാന്‍സര്‍ ബാധിച്ച് സ്തനങ്ങള്‍ നഷ്ടപ്പെട്ട, ചെറുപ്പത്തിലേ പന്ത്രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ച് ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട, വീടുകളില്‍ അടുക്കളപ്പണിക്കുപോകുന്ന, സ്വന്തം കയറില്‍ തൂങ്ങിയാടുന്ന ആടിന്റെ കണ്ണുകള്‍ പോലെ ജീവിതം മുഴുത്തു മിഴിച്ച, ഈ കവിതയിലെ പാത്തുമ്മയെപ്പോലെ.
മരണമെത്തുന്ന നേരത്ത് നമ്മള്‍ ഒരു പക്ഷേ, കൂടുതല്‍ എഴുതുന്നതും മരണത്തെക്കുറിച്ചു തന്നെയാവാം. '' ഇനി ഞാനില്ല, എന്റെ ചപല മോഹങ്ങളുടെ മുഖംമൂടി വലിച്ചെറിയുന്നിവിടെ...'' എന്ന പുസ്തകത്തിലെ അവസാനകവിതയായ അന്തരിച്ച ജഗ്ഗുവിന്റെ വരികള്‍ ഇപ്പോള്‍ ഇക്കുറിപ്പെഴുതുമ്പോള്‍ വായിച്ചപ്പോള്‍, എന്തോ, എന്റെ കണ്‍കോണില്‍ നനവു പടര്‍ന്നു.
■ ıɹǝuuɐʞʞɐɯ ■

Add caption
കവിതായനം 
ബാനര്‍  
ചിത്രങ്ങള്‍
Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

10 Responses so far.

Leave a Reply

Related Posts Plugin for WordPress, Blogger...