കരിയിലകൂട്ടി-വച്ചു-കൊളുത്തിയ
കടലോളം പ്രേമത്തി,നല്പാഗ്‌നിയില്‍
കടുംനിറംവാരിത്തേച്ച, നിന്‍മുഖത്ത്
കാമനതന്നിളം-ചൂടു, ഞാന്‍ നല്‍കാം.
****
ചാന്ദ്ര ശോഭയുള്ളയാ-മഞ്ഞുകാലത്ത്
ചകിതയായാലിംഗനത്തിലമര്‍ന്നു -
തണുപ്പ് പുരട്ടിയോ-രുഷ്ണനിശ്വാസത്തില്‍
അണച്ചുനമ്മള്‍ പണ്ടു, കഥ പറഞ്ഞു
ഒരു യൗവനത്തിന്‍ മദ-തൃഷ്ണ മുഴുവന്‍
ഒരു നിമിഷത്തിന്റെ ചെപ്പിലൊതുക്കി
ഒരിക്കല്‍പോലും പിരിയില്ലെന്നു വീണ്ടും
ഓര്‍മ തന്‍ താളില്‍ കുറിപ്പെഴുതി
കാലം കൈവിട്ടയാപ്രണയം
കാതങ്ങളോളം നമ്മെ വേട്ടയാടി
കാരമുള്ളിന്‍മുനമ്പില്‍ സഞ്ചരിച്ചു - വെറും
കറുത്ത മനസ്സുമായ് നീ കിതച്ചു.....
*******
ജനപദങ്ങള്‍ താണ്ടിയിങ്ങോളമെത്തിയ
ജപമാലയില്‍ക്കുരുങ്ങി നനഞ്ഞകാറ്റില്‍
ഈ ഹരിദ്വാറിലെ മഞ്ഞു-നിലാവിലെന്നി-
ണപ്പക്ഷിതന്‍ ദുഃഖം, ഞാനറിഞ്ഞു....
കാവി പുതച്ചു കെടുത്തിയ തൃഷ്ണകള്‍
കനലായ് ജ്വലിക്കുന്ന ഹൃത്തടത്തില്‍
തഴമ്പിച്ച നിന്റെ പരുക്കന്‍ വിരലുകള്‍
തണുപ്പിന്റെ കട്ടിപ്പുതപ്പഴിച്ചു...
എന്റെ പെണ്ണെ , നീയെന്റെ-യുള്ളില്‍
എയ്തുപെയ്തിറങ്ങൂ ഇന്നൊരിക്കല്‍ക്കൂടി
ജടപിടിച്ചൊട്ടിയ ചെമ്പന്‍മുടിച്ചുരുള്‍
ജപിക്കട്ടെ പുതിയൊരു പ്രേമമന്ത്രം.
ഒരുയുഗതാണ്ഡവം നടത്തുവാനീ
വിരഹിയാം കാമ-മോഹിതന്റെ
സിരകളിലൊഴുകുമീയുഷ്ണരക്തം
കരകവിയട്ടെ നിന്‍ താഴ്വരയില്‍
ജന്മശാപങ്ങള്‍ ഒഴിഞ്ഞ കാലം
ജനിക്കാം വീണ്ടുമീ മധു നുകരാന്‍
പണിയാം ഞാനൊരു, പുത്തന്‍ -താജ് മഹല്‍
പേറ്റു നോവറിയാത്ത നിനക്ക് വേണ്ടി
പണിയാം ഞാനൊരു, പുത്തന്‍ താജ് മഹല്‍
പേറ്റുനോവറിയാത്ത നിനക്ക് വേണ്ടി .....
© Copyright 8433 ■ ıɹǝuuɐʞʞɐɯ ■
വളരെ നന്നായി
ReplyDeleteകവിതയുടെ മുഴുവന്‍ ഭാവങ്ങളും കടും നിറം വാരിത്തേച്ച ചന്തമുള്ള ചിത്രത്തില്‍ തന്നെ വ്യക്തം.
ReplyDeleteകൊള്ളാം.....
ReplyDeleteകവിതയുടെ പരമ്പരാഗതരീതിയിൽ ഭാവാത്മകമായി എഴുതി....
ReplyDelete