Post


നിങ്ങള്‍ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന പ്രപഞ്ച മണ്ഡലത്തെ ഒരു വലിയ തണ്ണിമത്തന്‍ ആയി കരുതുക. അതിന്റെ ഞെട്ടു മുതല്‍ അറ്റംവരെയുള്ള ഭാഗത്തിലൂടെ ഒരേ വലിപ്പത്തിലുളള പന്ത്രണ്ട് കഷണങ്ങളായി മുറിച്ചാല്‍ ചന്ദ്രക്കല പോലെ ലഭിക്കുന്ന ഓരോ കഷണത്തെയും ഒരു രാശി എന്നു പറയാം. എന്നാല്‍ തണ്ണിമത്തന് പുറന്തോടുണ്ടെങ്കിലും പ്രപഞ്ചത്തിലെ ഈ രാശിക്കഷണത്തിന് പുറന്തോടില്ല. അത് ഊഹിക്കാന്‍ പറ്റാത്ത രീതിയില്‍ അറ്റമില്ലാത്ത പ്രപഞ്ചത്തില്‍ നീണ്ടുനീണ്ടു പോകുന്നു.
ഈ പന്ത്രണ്ട് രാശികള്‍ക്കും മേടം, ഇടവം, മിഥുനം തുടങ്ങിയ പേരുകള്‍ ഉണ്ട്. ഈ ഭാഗങ്ങളില്‍ കാണുന്ന നക്ഷത്രക്കൂട്ടങ്ങളുടെ ആകൃതിയില്‍ നിന്നാണ് ഈ പേരുകള്‍ ഉണ്ടായത്. നമ്മുടെ മലയാള മാസങ്ങള്‍ക്കും ഈ പേരുകള്‍ തന്നെയാണ്. അപ്പോള്‍ ഇവ രണ്ടും ഒന്നാണോ? അല്ല. മേട മാസത്തിന് ആ പേര് വന്നത് രാവിലെ സൂര്യന്‍ ഉദിക്കുമ്പോള്‍ മേടം എന്ന് പേരായ രാശി ഭാഗമാണ് നമ്മള്‍ കാണുക എന്നതുകൊണ്ടാണ്. ഓരോ ദിവസം കഴിയുന്തോറും സൂര്യന്‍ ഉദിക്കുന്നതും നക്ഷത്ര രാശി ഉദിക്കുന്നതുമായ ഇടവേള കൂടി വരുന്നു. ആ മാസം കഴിയുമ്പോല്‍ അടുത്ത രാശിയോടൊപ്പമാണ് സൂര്യന്‍ ഉദിക്കുന്നതായി തോന്നുക. അങ്ങനെ അടുത്ത മാസത്തിന് അടുത്ത രാശിയുടെ പേര്‍ ഇടുന്നു.

ഇങ്ങനെ പുതിയ രാശിയില്‍ പ്രവേശിക്കുന്നതിന് സംക്രാന്തി എന്നു പറയുന്നു.
പന്ത്രണ്ട് രാശികള്‍ ഉള്ളതുകൊണ്ട് പന്ത്രണ്ടു സംക്രാന്തികളും ഉണ്ട്.
എന്നാല്‍ ഇവയില്‍ രണ്ടു സംക്രാന്തികള്‍ പ്രധാനമായി കരുതുന്നു. തുലാ സംക്രാന്തിയും മേട സംക്രാന്തിയും. രാത്രിയും പകലും തുല്യമായിരിക്കും എന്നതാണ് ഇവയുടെ പ്രത്യേകത. ഈ രണ്ടു ദിവസങ്ങളും വിഷു ആണ്. എന്നാല്‍ മേടസംക്രാന്തി മാത്രമാണ് വിഷു ആയി ആഘോഷിക്കുന്നത്.

വിഷുവിന് കണി കാണുന്നതാണല്ലോ ഏറ്റവും പ്രധാന ചടങ്ങ്. ഈ കണിയില്‍ ഐശ്വര്യ ദായകമായി കരുതുന്ന സാധനങ്ങള്‍ ആണ് വെയ്ക്കുക. കണി കാണുമ്പോള്‍ ആ കാഴ്ചയില്‍ നിന്നുള്ള ഊര്‍ജ പ്രവാഹം നമ്മുടെ മസ്തിഷ്‌കത്തില്‍ വരുത്തുന്ന മാറ്റം , ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ധനമായി തീരും എന്നതായിരിക്കും കണിയുടെ ഉദ്ദേശ്യം എന്ന് ഞാന്‍ കരുതുന്നു.

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഷുക്കാലത്ത് വിഷുപ്പക്ഷിയുടെ പാട്ട് കേള്‍ക്കാമായിരുന്നു. ഗ്രാമങ്ങള്‍ നഗരവല്‍ക്കരിക്കപ്പെട്ടു വരുന്നതുകൊണ്ടാണോ എന്നറിയില്ല, ഈയിടെയായി ആ പക്ഷിയേയോ അതിന്റെ പാട്ടോ കാണാറും കേള്‍ക്കാറുമില്ല. എവിടെയെങ്കിലും ഉണ്ടാകാം.

സ്വര്‍ണനിറമാര്‍ന്ന കൊന്നപ്പൂക്കള്‍ വിഷുവിന്റെ പ്രതീകം ആണ്. ഇപ്പോള്‍ വിഷുവിന് വളരെ മുമ്പുതന്നെ പൂക്കള്‍ ഉണ്ടാകുന്നുണ്ട്. മറ്റു പൂക്കളില്‍ നിന്ന് വ്യത്യസ്തമായി സൂര്യന് എതിര്‍ ദിശയില്‍ ഭൂമിയെ നോക്കിയാണ് കൊന്നപ്പൂക്കള്‍ ഉണ്ടാകുക. അതായിരിക്കും ആ പൂവു തന്നെ ഭൂമിയുടെ ഉര്‍വരതയുടെ ഉത്സവമായ വിഷുവിന് പ്രധാനമായി കരുതുന്നത്.

വിഷുക്കോടിയും വിഷുക്കൈനീട്ടവും കമ്പിത്തിരിയും മത്താപ്പൂവും സദ്യയും ഒക്കെയായി നന്മ നിറഞ്ഞ ഉത്സവക്കാലം എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസിക്കുന്നു.

© 8437 ■ ıɹǝuuɐʞʞɐɯ ■

Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

4 Responses so far.

  1. ajith says:

    നൈസ്
    താങ്ക്സ്

  2. thanks , അജിത്തേട്ട ..

  3. അല്പം കാര്യങ്ങള്‍ അല്ലേ?
    വിഷു ആശംസകള്‍

  4. ഈ വേഗത കൂടിയ ലോകത്തില്‍ അധികം കാര്യങ്ങള്‍ പറഞ്ഞാല്‍ ആരും ശ്രദ്ധിക്കില്ല.. അതുകൊണ്ട് പറയാനുള്ളത് അല്പം മാത്രം , ലളിതമായി പറയാം , എന്ന് കരുതുന്നു , രാംജി. നന്ദി. അഭിപ്രായത്തിനു.

Leave a Reply

Related Posts Plugin for WordPress, Blogger...