Post


തീ
വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ് !

സ്‌റ്റേഷന്റെ വാതില്‍ കടന്ന് വലിയ ഹാളിലൂടെ പ്ലാറ്റ്‌ഫോമിനെ ലക്ഷ്യമാക്കി അയാളും  !!

സ്‌റ്റേഷനു മുന്നില്‍ വിലങ്ങനെ പോകുന്ന റോഡിന്റെ വളവില്‍ വച്ചുതന്നെ വണ്ടി പുറപ്പെടുന്ന ശബ്ദം അയാള്‍  കേട്ടിരുന്നു. അപ്പോള്‍ തുടങ്ങിയ ഓട്ടമാണ്. സ്റ്റേഷന്‍റെ അടുത്തേക്കു ചെല്ലുമ്പോഴേക്കും ബോഗികളുടെയും അയാളുടെ  നെഞ്ചിന്റെയും പട പട ശബ്ദം ഉച്ചസ്ഥായിയിലായിക്കൊണ്ടിരുന്നു.

ഒരു പക്ഷേ നിങ്ങള്‍ കരുതും, ഇങ്ങനെ ഓടി വണ്ടി പിടിക്കേണ്ട കാര്യമുണ്ടോ ? അടുത്ത ട്രെയിനിനു പോയാല്‍ പോരെ? അല്ലെങ്കില്‍ ബസ്സോ ടാക്‌സിയോ പിടിച്ച് പോയാല്‍ പോരെ ? സാധാരണ ആത്മഹത്യ ഒഴിച്ചുള്ള ട്രെയിന്‍ അപകടങ്ങള്‍ പലതും നടക്കുന്നത് ഇങ്ങനെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ചാടിക്കയറുമ്പോഴാണ്. ഇങ്ങനെ ജീവന്‍ പണയം വച്ച് ഓടിയടുക്കാന്‍ മാത്രം എന്തു ബന്ധമാണ് ഈ വണ്ടിയുമായി അയാള്‍ക്കുള്ളത് ?

അതെ സുഹൃത്തെ,

ഈ വണ്ടി അയാളുടെ  ജീവിതമാണ്.
അല്ലെങ്കില്‍ ഇനിയുള്ള അയാളുടെ  ജീവിതത്തിന്റെ തുടക്കം ഈ വണ്ടിയില്‍ ആണ്.
നിങ്ങള്‍ ഒരു രസികന്‍ ആണെങ്കില്‍ ഒരു പക്ഷേ ചോദിച്ചേക്കാം , ഈ വണ്ടി ഓടിക്കേണ്ട ഡ്രൈവര്‍ ആണോ അയാള്‍ എന്ന് .... അതെ, ഈ വണ്ടി അല്ല , ഒരു പുതിയ ജീവിതവണ്ടി.

അയാളുടെ  കാമുകിയെ നിങ്ങള്‍ക്ക് അറിയില്ലല്ലോ. അവള്‍ സുന്ദരിയാണ് എന്ന് പറയുമ്പോഴും നിങ്ങള്‍ക്ക് ആ സൗന്ദര്യത്തിന്റെ ജ്വലനം എത്രത്തോളമാണെന്ന് ഊഹിക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. അയാള്‍  അങ്ങോട്ടു നല്‍കുന്നതിനു പകരം അവള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം തനിക്ക് നല്‍കിയ ചുംബനത്തിന്റെ മാധുര്യവും അത് അപ്പോള്‍ തന്‍റെ  മേലാസകലം ഉണ്ടാക്കിയ തരിപ്പും അയാള്‍  നിങ്ങളോട് വര്‍ണിച്ചാല്‍ അത് അതിന്റെ മുഴുവന്‍ രൂപത്തില്‍ നിങ്ങള്‍ക്ക് മനസ്സിലാകുമോ എന്നറിയില്ല. ഒരിക്കല്‍, ഒരിക്കല്‍ മാത്രം , പ്ലാനറ്റോറിയത്തിലെ ഷോ കഴിഞ്ഞ് മടങ്ങുമ്പോള്‍ മുക്കാല്‍ ഭാഗം ഇരുട്ടില്‍ , അണച്ചുവച്ച ബള്‍ബുകള്‍ പെട്ടെന്ന് വെളിച്ചം വിതറുമോ എന്ന ഭയത്തിന്റെ നെഞ്ചിടിപ്പോടെ, അവര്‍ രണ്ടുപേരും  ഒന്നുമാലോചിക്കാതെ പെട്ടെന്ന് കെട്ടിപ്പിടിച്ചപ്പോള്‍ , അവളുടെ സ്തനങ്ങള്‍ അയാളുടെ ശരീരത്തില്‍ അമര്‍ന്നപ്പോഴുണ്ടായ വിദ്യുത് പ്രവാഹം , അയാള്‍  എത്ര വിവരിച്ചാലും അതേ വികാരതീവ്രതയില്‍ നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നും സംശയമാണ്. അത്തരത്തില്‍ അവളും അയാളും  അവരുടെ പരിസരവുമായുള്ള സമാഗമങ്ങള്‍ ഓരോന്നും പറയാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ ഒരുപക്ഷേ മുഷിഞ്ഞേക്കും. ഓ! ഞങ്ങള്‍ക്കൊന്നും അറിയാത്ത കാര്യമാണോ ഇതെന്ന്... വായനക്കാരാ, കുറേ മാസങ്ങള്‍ കഴിഞ്ഞ് അഥവാ അയാളും  നിങ്ങളും വീണ്ടും കാണുകയാണെങ്കില്‍ , അന്ന് നിങ്ങള്‍ക്ക് അയാളെ  കേട്ടിരിക്കാന്‍ അല്പമെങ്കിലും  സമയമുണ്ടെങ്കില്‍ , അപ്പോള്‍ അയാള്‍  അക്കഥയെല്ലാം പറയുമായിരിക്കും.

''ഛ്ളിലും''

കൈയിലെ തട്ടത്തില്‍ വച്ച ഉഴുന്നുവടയും ചട്ട്ണിയും , ചായപ്പാത്രവും , നീലക്കുപ്പായക്കാരനായ വില്‍പ്പനക്കാരനും അയാളും  പ്ലാറ്റ്‌ഫോമിലേക്ക് മറിഞ്ഞുവീണത് ഒരുമിച്ചായിരുന്നു. പെട്ടെന്ന് തട്ടിക്കുടഞ്ഞെഴുന്നേറ്റ്, സോറി പോലും പറയാതെ അയാള്‍ വീണ്ടും ഒരു ബോഗി ലക്ഷ്യമാക്കി ഓടുകയാണ്.

ജനം ഈച്ചകളെപ്പോലെ ഇരമ്പിയാര്‍ക്കുന്നു. '' ആ.....ലൂവേ'' ... ആലുവ അല്ല, ഹല്‍വ വില്‍ക്കുന്നയാള്‍ നീട്ടിവിളിക്കുകയാണ്. എണ്ണമില്ലാത്ത മറ്റു ശബ്ദങ്ങള്‍ക്കിടയില്‍ തന്‍റെ  നെഞ്ചിടിപ്പ് മുങ്ങിപ്പോകുകയാണ്. ദൈവമേ, വണ്ടി നല്ല വേഗതയിലാണല്ലോ നീങ്ങുന്നത്.... അയാള്‍ക്കതില്‍ കയറാന്‍ കഴിയില്ലേ?

ഏതു ബോഗിയിലായിരിക്കും? അഞ്ചു സ്‌റ്റേഷനുകള്‍ക്കപ്പുറത്ത് നിന്നാണ് അവള്‍ ഈ വണ്ടിയില്‍ കയറിയത്. പാവം, ആദ്യമായി ട്രെയിന്‍ കയറിയത് ഇങ്ങനെയൊരു അവസ്ഥയില്‍ ആണല്ലോ... കൈയില്‍ ചേച്ചിയുടെ ഭര്‍ത്താവിന്റെ പേഴ്‌സില്‍ നിന്നെടുത്ത വെറും നാനൂറു രൂപ. അവളുടെ മുഖപ്രകാശത്തിന്റെ പ്രതീകമായ ചുവന്ന കല്ലുവച്ച ഒരു മുക്കൂത്തി. കാതില്‍ ചെറിയ രണ്ടു റിംഗുകള്‍ , ഒരു ശംഖുമാല, മരം കൊണ്ടുണ്ടാക്കിയ ഒരു വീതിയുള്ള ഒറ്റവള. ഇത്രയും ആര്‍ഭാടങ്ങളും ഒരു ജോഡി വസ്ത്രം മാത്രമുള്ള ഒരു ചെറിയ ബാഗും ആയി നാട്ടിന്‍പുറത്തുനിന്ന് വണ്ടികയറാന്‍ ടൗണില്‍ വന്നിറങ്ങിയപ്പോള്‍തന്നെ അവള്‍ ഒരു ബൂത്തില്‍ നിന്ന് വിറയാര്‍ന്ന ശബ്ദത്തില്‍ വിളിച്ചിരുന്നു. '' എനിക്കു പേടിയാകുന്നു...'' എന്ന അവളുടെ ശബ്ദത്തില്‍ നഗരത്തിലെ പരിചയമില്ലായ്മ മുഴുവന്‍ പടര്‍ന്നിരുന്നു. എട്ടും പൊട്ടും തിരിയാത്ത ഒരു പൊട്ടിപ്പെണ്ണ് ! അവള്‍ ഏതു ബോഗിയില്‍ ആണാവോ ഉള്ളത് !

ഈ ചെറിയ സമയത്തിനുള്ളിലും ഒരുപാട് ആലോചനകള്‍ അയാളില്‍ ഉണ്ടായി-- ചളിക്കുണ്ടില്‍ പിറന്ന നീലത്താമര! എന്റെ പെണ്ണേ, എങ്ങനെ നീ ഈ ദുഷ്ടന്മാരുടെ നടുവില്‍ പിറന്നു? അഥവാ , അവിടെ പിറന്നതുകൊണ്ടാണല്ലോ, തനിക്ക് അവളുടെ  ഹൃദയം ലഭിച്ചത് ... അയാള്‍ വിചാരം കൊണ്ടു .  " പേടിക്കേണ്ട, ഇന്നുമുതല്‍ നിന്നെ  ഞാന്‍ പൊന്നുപോലെ നോക്കും. മദ്യം മണക്കുന്ന, കാമ വിരലുകള്‍ പരതുമ്പോള്‍ , നീയുറങ്ങാന്‍ ബാക്കി വെച്ച തണുത്ത രാത്രികള്‍ ഇനി എന്റെ കരവലയത്തില്‍ നിനക്ക് ഉറങ്ങിത്തീര്‍ക്കാം. ജന്മാന്തരബന്ധം കൊണ്ട് ബന്ധിതമായ നിന്റെ ഈ കാമുകനുവേണ്ടി നീ കാത്തുവച്ച നിശ്വാസങ്ങള്‍ ഇനി നിനക്ക് എന്റെ ചെവികളിലേക്ക് കളിയായി ഊതാം.....''

ഹോണ്‍ മുഴങ്ങി. വണ്ടിയിതാ കുതിക്കാന്‍ തുടങ്ങുന്നു. ആരെയൊക്കെയോ തള്ളിമാറ്റിയാണ് താന്‍ ഓടുന്നത് എന്ന ബോധം പോലും അയാള്‍ക്കില്ലേ? ഒരു നിമിഷം ! എന്താണ് സംഭവിച്ചത് ? എന്തിനാണ് പോര്‍ട്ടര്‍മാര്‍ അയാളെ  നോക്കി വിരല്‍ ചൂണ്ടുന്നത് ? എന്തിനാണ് കസേരകളില്‍ ഇരിക്കുന്നവര്‍ ലഗേജില്‍ കൈകള്‍ ഊന്നി നിവര്‍ന്നെഴുന്നേറ്റ് അയാളെ  നിര്‍ന്നിമേഷരായി നോക്കുന്നത് ? എന്തിനാണ് സ്‌നാക്‌സ് ബൂത്തുകളിലെ പയ്യന്മാര്‍ അയ്യോ എന്ന മട്ടില്‍ വാ പൊളിച്ചുനില്‍ക്കുന്നത് ? ഈശ്വരാ , അയാളുടെ  കാലുകള്‍ വണ്ടിയിലേക്ക് എത്തുന്നില്ലല്ലോ... ബോഗിയുടെ വാതില്‍ക്കമ്പിയില്‍ പിടിച്ച അയാളുടെ  ഒരു കൈ ദുര്‍ബലമായി ഊരിപ്പോരുകയാണല്ലോ... മരിക്കുകയാണോ... കഷണം കഷണമായി മാറുകയാണോ... ഈ തീവണ്ടിയില്‍ അയാളെ  മാത്രം മനസ്സില്‍ ധ്യാനിച്ച് ഏതോ കമ്പാര്‍ട്ടമെന്‍റില്‍  നില്‍ക്കുന്ന തന്‍റെ  പ്രേയസിയെ അനാഥയാക്കി ഇല്ലാതാവുകയാണോ... നാട്ടിലേക്ക് ഒരിക്കലും തിരിച്ചു പോകാന്‍ കഴിയാത്ത അവളെ തെരുവുകള്‍ക്ക് ഇരയായി നല്‍കി അയാള്‍  സ്വയം നഷ്ടപ്പെടുകയാണോ...

ഇല്ല... ഏത് കനത്ത കൈ ആണ് അയാളെ  ബോഗിയിലേക്ക് വലിച്ചിട്ടത് ? ഇരുട്ടുനിറഞ്ഞ മരണം മണക്കുന്ന ഒരു തുരങ്കത്തിലൂടെ കടന്ന അയാള്‍  ഇപ്പോള്‍ കാണുന്ന ഈ ജീവന്റെ പ്രകാശം തനിക്ക് വിശ്വസിക്കാമോ ? തീവണ്ടി മുറിയിലെ , തന്നെ ആശ്വാസത്തോടെ  നോക്കുന്ന യാത്രക്കാരുടെ കണ്ണുകളിലൂടെ കണ്ണോടിച്ചുകൊണ്ട് ,  താങ്ങിയ ആ കൈകളുടെ ഉടമയെ അയാള്‍  നോക്കി. തന്‍റെ  കണ്ണുകള്‍കൊണ്ട് അയാള്‍  ആ ഹൃദയഭിത്തിയില്‍ എഴുതി... '' നന്ദി, ... സഹോദരാ... ''

കിതപ്പ് അമര്‍ത്താന്‍ വൃഥാ പാടുപെട്ട് അയാള്‍ തിരക്കിലൂടെ ലഗേജ് സ്റ്റാന്‍റിന്‍റെ കൈവരിയില്‍ പിടിച്ച് അതിവേഗം അവളെ തിരഞ്ഞ് പോവുകയാണ്. യുദ്ധം ജയിച്ച് രാജകുമാരിയെ സ്വന്തമാക്കിയ കുമാരന്‍റെ ത്രസിപ്പിക്കുന്ന ആഹ്ളാദത്തോടെ.

വായനക്കാരാ, നോക്കൂ.. പാലത്തിലേക്കു കയറിയ വണ്ടിയില്‍നിന്ന് പുറത്തേക്ക് നോക്കൂ... അങ്ങുദൂരെ, കുളിക്കാനും നനയ്ക്കാനും വന്ന യുവതികള്‍ക്കുവേണ്ടി പുഴ സ്വയം ചെറുതായി ഉണ്ടാക്കിയ മണല്‍ക്കുളത്തിന്‍റെ കരയില്‍ ആനന്ദത്തോടെ ഓടിക്കളിക്കുന്ന ആ കുട്ടികളെ നോക്കൂ... ജീവിതം നിങ്ങള്‍ക്കായി കാത്തുവെക്കുന്ന ഉദ്വേഗത്തിന്‍റെയും ഉന്മാദത്തിന്‍റെയും അടുത്ത അധ്യായങ്ങളിലേക്ക് വെറുതെ കണ്‍പാര്‍ക്കൂ...    ▄താഴെ അഭിപ്രായം കുറിക്കുമല്ലോ ? ഗൂഗിള്‍ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍   വഴിയും ഫേസ് ബുക്ക്‌ ഓണ്‍ ആണെങ്കില്‍ അത് വഴിയും താഴെ കമന്റുകള്‍ നല്‍കാം. 
© 8444 ■ ıɹǝuuɐʞʞɐɯ ■

Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

9 Responses so far.

Leave a Reply

Related Posts Plugin for WordPress, Blogger...