Post


സ്ഥലനാമങ്ങളെക്കുറിച്ച് പറയവേ സഞ്ജയന്‍ എഴുതിയത് വായിച്ചിട്ടുണ്ട്. '' തലശ്ശേരിക്കടുത്ത ലക്കിടി എന്ന സ്ഥലപ്പേരു കേള്‍ക്കുമ്പോള്‍ കമ്പിയാപ്പീസിലെ ശബ്ദം ആണ് ഓര്‍മവരിക '' എന്ന്.

മുമ്പ് ഗ്രാമങ്ങളില്‍ ഒരാള്‍ക്ക് കമ്പി വന്നു എന്നു കേട്ടാല്‍ നാടു മുഴുവനും കാതോര്‍ക്കുമായിരുന്നു. മിക്കവാറും എന്തെങ്കിലും ദുരന്തവാര്‍ത്തയായിരിക്കും. ആശംസകള്‍ , വിവാഹത്തിന് വരാന്‍ പറ്റാത്തതിലുള്ള അറിയിപ്പുകള്‍ , ജോലി സംബന്ധിച്ച ഉത്തരവുകള്‍ എന്നിവയും ആവാം. 

പുതിയ സാങ്കേതികവിദ്യ വളര്‍ന്നപ്പോള്‍ ഇന്ന് വളരെ അപൂര്‍വമായെ കമ്പി അടിക്കാറുള്ളൂ.. രണ്ടായിരം എണ്ണമൊക്കെയായി ചുരുങ്ങി എന്നാണ് കണക്ക്. ഇന്ന് അതിന്റെ ആവശ്യവും ഇല്ല. കാര്‍ഡും, ഇന്‍ലന്റും വരെ ഇന്ന് വളരെ കുറച്ചല്ലേ ഉപയോഗിക്കുന്നുള്ളൂ. പക്ഷേ, കമ്പി ഒരു ഗൃഹാതുരത്വ സ്മരണയായി നമ്മുടെ ഉള്ളില്‍ ഉണ്ടാവും. 

ഇന്ന് രാത്രി ടെലിക്കോം വകുപ്പ് കമ്പിയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി അടിക്കുകയാണ്. നാളെ മുതല്‍ ഈ സേവനം ഉണ്ടാവില്ല. പ്രത്യേക ദൂതന്‍ ഉടനെ സന്ദേശം എത്തിക്കുന്ന ഏര്‍പ്പാട് കുറച്ചുമുമ്പുതന്നെ അവസാനിച്ചിരുന്നു. 

പുതിയ വിദ്യകള്‍ വരുമ്പോള്‍ പഴയവ നിലയ്ക്കുന്നത് അനിവാര്യം തന്നെയാണ്. പക്ഷേ, ഒരു ഇന്‍ലന്റില്‍ കുറിച്ചിരുന്ന എഴുത്തിന്റെ ജീവന്‍ ഇന്നത്തെ എസ്.എം.എസുകള്‍ക്കോ സോഷ്യല്‍ മേസ്സേജുകള്‍ക്കോ ഉണ്ടോ ? പലപ്പോഴും ആത്മാവില്ലാത്ത വെറും വാചകങ്ങള്‍ മാത്രമായി പോവുന്നു എന്നത് ഒരുപക്ഷേ വെറും തോന്നലും ആവാം.

കുറേ മുമ്പ് ലാന്‍ഡ് ലൈനുകള്‍ മാത്രം ഉണ്ടായിരുന്നപ്പോള്‍ ടെലിഫോണ്‍ ഡയരക്ടറിയില്‍ ഒരുവാചകം ഉണ്ടായിരുന്നു.-അത്യാവശ്യത്തിനുമാത്രം സംസാരിക്കുക. സന്ദേശം കൈമാറിക്കഴിഞ്ഞാല്‍ ഉടനെ ഫോണ്‍ കട്ടു ചെയ്യുക എന്ന്. എന്നാല്‍ പിന്നീട് '' ഇഷ്ടം പോലെ സംസാരിക്കൂ'' എന്നായി. അതും പോരാഞ്ഞ് ചില കമ്പനികള്‍ '' ഗേള്‍ ഫ്രണ്ടിന്റെ സുഹൃത്തുക്കളുമായി സംസാരിക്കൂ '' എന്ന മട്ടിലുള്ള പരസ്യങ്ങളും നല്‍കുന്നത് കാണാം. പഴയ ആളുകള്‍ പറഞ്ഞിരുന്നത് അളന്നു മുറിച്ച സംസാരിക്കണം എന്നാണ്. കുറച്ചു സംസാരം കൂടുതല്‍ അദ്ധ്വാനം എന്നും. യഥാര്‍ത്ഥത്തില്‍ വള വളാ എന്ന് അധികം സംസാരിക്കുമ്പോള്‍ നമ്മുടെ ഊര്‍ജം എത്രയോ നഷ്ടപ്പെടുന്നുണ്ട്. അത്രയ്ക്ക് ക്രിയാത്മകത്വം പ്രവര്‍ത്തനങ്ങളില്‍ കുറയുകയും ചെയ്യും. 

പക്ഷേ, മൊബൈലുകള്‍ ഇല്ലാത്ത ജീവിതത്തെ പറ്റി നമുക്ക് ചിന്തിക്കാന്‍ കഴിയില്ല. ലോകം കൈപ്പിടിയില്‍ ഒതുക്കാനുള്ള സൗകര്യം മൊബൈല്‍ എന്ന ഒരു കൊച്ചുപകരണത്തില്‍ സമന്വയിച്ച് ഒരാളുടെ കൈയ്യില്‍ വരുമ്പോള്‍ അയാള്‍ക്ക് ഒരു വിശ്വപൗരന്‍ ആയതായി തോന്നും. പക്ഷേ, കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയമാതിരി ചിലര്‍ ഈ സാങ്കേതികാത്ഭുതം തിന്മകള്‍ക്ക് മാത്രമായി ഒതുക്കും. വാസ്തവത്തില്‍ മൊബൈല്‍ ഇന്ന് കുറ്റവാളികളെ കണ്ടുപിടിക്കുന്നതിന് ഒരു പ്രധാന ടൂള്‍ ആയി ക്രമസമാധാന പാലകര്‍ക്ക് ഉപകരിക്കുകയും ചെയ്യുന്നു. 

തന്നിഷ്ടം പോലെ കള്ളം പറയാം എന്നതും മൊബൈലിന്റെ ഒരു വലിയ 'ഗുണം' ആണ്. ഈയിടെ ഞാന്‍ ബസ്സില്‍ കണ്ണൂരുനിന്ന് കോഴിക്കോടേക്ക് പോകവേ വടകര എത്തിയപ്പോള്‍ പിന്‍സീറ്റില്‍ നിന്ന് ഒരാള്‍ മൊബൈലില്‍ ഉച്ചത്തില്‍ പറയുകയാണ് ''ഞാന്‍ ഇപ്പോ കൊയിലാണ്ടി സ്റ്റാന്റില്‍ ആണ് ഉള്ളത് '' എന്ന്. എന്റെ അടുത്ത സീറ്റില്‍ പാതിയുറക്കത്തില്‍ ഇരിക്കുകയായിരുന്ന ഒരു പാവം അത് കേട്ട് കൊയിലാണ്ടി ആണെന്ന് കരുതി അവിടെ ഇറങ്ങി. ഇറങ്ങിയപ്പോഴാണ് അബദ്ധം മനസ്സിലായത്. 
ഒരു മലയാള സിനിമയില്‍ ബീവരേജസ് കോര്‍പ്പറേഷന്റെ മുമ്പിലെ ക്യൂവിലെ സംഭാഷണങ്ങള്‍ കാണിക്കവേ ഒരാള്‍ ക്യൂവില്‍ നിന്ന് ഭാര്യയോട് പറയുകയാണ് ''നിന്നോട് ഞാന്‍ പണ്ടേ പറഞ്ഞിട്ടില്ലേ 'പണിസ്ഥല'ത്തേക്ക് വിളിക്കരുത് എന്ന് , ഫോണ്‍ വെയ്‌കെടീ !'' എന്ന്. 

ജോര്‍ജ് ഓര്‍വെല്‍  1948 ല്‍ എഴുതിയ നോവലായ 1984 എന്ന പുസ്തകം നിങ്ങളും വായിച്ചിരിക്കും. നാല്‍പതു വര്‍ഷങ്ങള്‍ക്കുശേഷം മനുഷ്യന്റെ പ്രവൃത്തികളും സംസാരവും ചിന്തകളും ചിന്തിക്കാനുള്ള കഴിവു പോലും എങ്ങനെയൊക്കെ നിരീക്ഷണവിധേയമാകുന്നു എന്ന് വര്‍ഷങ്ങള്‍ക്കുമുമ്പേ ഭീതിദമായ രീതിയില്‍ പറഞ്ഞുവച്ചു നോവലിസ്റ്റ്..ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വിശ്വസനീയം അല്ലാതായി തീരുമോ ?

ഈയിടെ ഒരു വാര്‍ത്ത കണ്ടു. വിക്കിലീക്‌സ് മുഖേന രേഖകള്‍ ചോര്‍ന്നതു കൊണ്ട് റഷ്യ അതീവ നയതന്ത്ര പ്രാധാന്യമുള്ള രേഖകള്‍ ഇനി കംപ്യൂട്ടറിന് പകരം പഴയ ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ചുമാത്രമേ തയ്യാറാക്കൂ എന്ന്. അതാണ് സുരക്ഷിതം എന്നാണ് അവരുടെ അഭിപ്രായം. 
ചരിത്രം തിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ചക്രം ആണെന്നാണല്ലോ വയ്പ്പ്. ടെക്‌നോളജിയുടെ സൗകര്യങ്ങളുടെ പാരമ്യത്തില്‍ ഇതൊക്കെ ഉപേക്ഷിക്കേണ്ട ഒരു കാലവും ഉണ്ടാകുമോ?
© 8449 ■ ıɹǝuuɐʞʞɐɯ ■
Click for a Post Office Comedy.


Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

5 Responses so far.

Leave a Reply

Related Posts Plugin for WordPress, Blogger...