സാര്‍ത്ഥകമായ ഒരു സ്വാതന്ത്ര്യദിനം



ബ്ലോഗര്‍മാരുടെ കൂട്ടായ്മയുടെ സന്ദേശം ലഭിച്ചപ്പോള്‍ തന്നെ എന്തായാലും ഇത്തവണ പങ്കെടുക്കണം എന്ന് തീരുമാനിച്ചിരുന്നു. രാവിലെ പത്തുമണിയോടെ കോഴിക്കോട് ചെറുവണ്ണൂരിലെ ഭുവനേശ്വരി ഹാളില്‍ ചോദിച്ചു ചോദിച്ചെത്തി. ബ്ലോഗ് ലോകത്ത് സജീവമായ കുറേ എഴുത്തുകാര്‍ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ടായിരുന്നു. സുമുഖനായ ജുബ്ബാധാരിയായ ശ്രീജിത്തിനെ ആണ് ഞാന്‍ ആദ്യം പരിചയപ്പെട്ടത്. പരിപാടിയുടെ തുടക്കത്തില്‍ എല്ലാവരും പരസ്പരം വ്യക്തിപരമായും തങ്ങളുടെ ബ്ലോഗുകളെയും പരിചയപ്പെടുത്തി. പരിചയപ്പെടുത്തലിനു പുറമേ ഞാന്‍ അവയവദാന  കാംപയിനെക്കുറിച്ചും ഒരു ചെറുവിവരണം നല്‍കി .

ബ്ലോഗിംഗിനെപ്പറ്റിയും ഓണ്‍ലൈന്‍ മാധ്യമങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ടും ഒരു നല്ല ചര്‍ച്ച നടന്നു. ചര്‍ച്ച ചിലപ്പോള്‍ പ്രഭാഷണങ്ങള്‍ ആയെങ്കിലും വിജ്ഞാനപ്രദമായിരുന്നു. ഫേസ്‌ ബുക്കിന്റെ കടന്നു കയറ്റത്തെപ്പറ്റി പലരും സംസാരിച്ചെങ്കിലും കൂടുതല്‍ പേരും ബ്ലോഗ്‌ രംഗത്ത്‌ ഫേസ്‌ ബുക്കിന്റെ സാധ്യതകള്‍ ആയിരുന്നു ചൂണ്ടികാണിച്ചത്.

 പ്രമുഖ ബ്ലോഗ് എഴുത്തുകാരിയായ ശിവകാമിയുടെ (സൂനജ) സൈകതം ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ' മാതായനങ്ങള്‍ ' കഥാകൃത്ത് ശ്രീ വി.ആര്‍ സുധീഷ് പ്രകാശനം ചെയ്തു. റോസിലി ആണ് പുസ്തകം പരിചയപ്പെടുത്തിയത്. പ്രദീപ്‌ ഹൂഡിനോ ഏറ്റുവാങ്ങി. എഴുത്തുകാരാല്‍ വായിക്കപ്പെടുന്ന എഴുത്തുകാരാണ് ബ്ലോഗര്‍മാര്‍ എന്ന വി.ആര്‍ സുധീഷിന്റെ പരാമര്‍ശം ശ്രദ്ധേയമായി. ബ്ലോഗിന്റെ ആകാശസാദ്ധ്യതകള്‍ക്കൊപ്പം തന്നെ അതിന്റെ പരിമിതികളും ചൂണ്ടിക്കാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്തോദ്ദീപകമായ പ്രസംഗം.  ഒരു മുഖ്യധാരാ എഴുത്തുകാരി എന്നറിയപ്പെടുന്നതിനേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് ഒരു ബ്ലോഗര്‍ ആയി അറിയപ്പെടുന്നതാണ് എന്ന് ശിവകാമി പറഞ്ഞു.

 അവര്‍ സ്‌നേഹപൂര്‍വ്വം ഞങ്ങള്‍ക്ക് സമ്മാനിച്ച പുസ്തകം വീട്ടിലെത്തിയ ഉടനെ തന്നെ ഞാന്‍ വായിച്ചുതീര്‍ത്തു. നല്ല പുസ്തകം, നല്ല രചനാരീതി. അവതാരികയില്‍ പ്രമുഖ എഴുത്തുകാരിയായ സിതാര പറഞ്ഞതുപോലെ, വൈകുന്നേരവെയില്‍ ക്ഷീണിച്ചു വീണുകിടക്കുന്ന ചില നാടന്‍ ഇടവഴികളിലൂടെ, ചരലുകളും കൊച്ചു പച്ചപ്പുല്ലുകളും തൊട്ടാവാടികളും കിരീടപ്പൂവിന്റെ രൗദ്രച്ചുവപ്പുകളും കണ്ണുകളില്‍ ഏറ്റിക്കൊണ്ട്, മനസ്സില്‍ ഓര്‍മകളുടെ നനവ് തിങ്ങി നിറഞ്ഞ്, അങ്ങനെയങ്ങനെ വെറുതെ നടന്നുപോകും പോലെ സൂനജയെ വായിക്കാം.

 പ്രമുഖ ബ്ലോഗറും കഥാകൃത്തും കോളമിസ്റ്റും ആയ മൈന ഉമൈബാന്റെ സാന്നിദ്ധ്യം മീറ്റിനെ സാര്‍ഥകമാക്കി. അവര്‍ തലേന്ന് ഏതോ പരിപാടി കഴിഞ്ഞ് വിശ്രമിക്കുക പോലും ചെയ്യാതെയാണ് പരിപാടിക്കു വന്നത് എന്നറിഞ്ഞപ്പോള്‍ ബ്ലോഗ് സൗഹൃദത്തിനെ അവര്‍ എത്രമാത്രം വിലമതിക്കുന്നു എന്ന് മനസ്സിലായി.

പ്രദീപ്‌ ഹൂഡിനോയുടെ ഒരു മാജിക് പ്രദര്‍ശനവും ഉണ്ടായിരുന്നത് ചടങ്ങിനെ രസകരമാക്കി. വിശാലമായ പദസാഗരത്തില്‍ നിന്ന് ഒരു കവിത കുറുക്കിയെടുക്കുന്നതുപോലെ ഒരു വെള്ളഷാളിന്റെ ഉള്ളില്‍ നിന്ന് ഒരു ചുവന്ന ടവ്വല്‍ അദ്ദേഹം വലിച്ചെടുത്തു.

ഉച്ചയ്ക്ക് വെജും നോണ്‍വെജും ആയി വളരെ നല്ല ഭക്ഷണം സംഘാടകര്‍ ഒരുക്കിയിരുന്നു. ഞാനും മൈന ഉമൈബാനും മറ്റു രണ്ടുമൂന്നുപേരും സസ്യഭക്ഷണം ആയിരുന്നു കഴിച്ചത്. സാമ്പാറും, അച്ചാറും, പരിപ്പുകറിയും , കൂട്ടുകറിപോലെയുള്ള ഒരു കറിയും, ഒക്കെയായി വിഭവസമൃദ്ധം. മറ്റുള്ളവര്‍ക്ക് ബിരിയാണിയും.

ഉച്ചയ്ക്ക് ശേഷം പുതിയ ബ്ലോഗര്‍മാര്‍ക്കുവേണ്ടിയും ബ്ലോഗ് രംഗത്തേക്ക് കടന്നുവരുന്നവര്‍ക്കുവേണ്ടിയും ഒരു സെഷന്‍ ഉണ്ടായിരുന്നു. പുതിയ ആളുകള്‍ക്ക് മലയാളം ടൈപ്പിങ്ങിനെ കുറിച്ച് അറിവ് പകരുന്നതായിരുന്നു സാബുവിന്റെ അവതരണം . പൊതുവേ ബ്ലോഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജയെട്ടന്‍ വിവരിച്ചു. ആ സെഷന് പ്രൊജക്ടര്‍ ഡിസ്‌പ്ലേ ഇല്ലാത്തത് ഒരു പോരായ്മയായി തോന്നി.

ബ്ലോഗിംഗിനെ സ്‌നേഹിക്കുന്ന ഓണ്‍ലൈന്‍ എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നതായിരുന്നു ഈ കൂട്ടായ്മ. ബ്ലോഗ് ലോകത്തെ സിംഹങ്ങളെയും സിംഹിണിമാരെയും സിംഹക്കുട്ടികളെയും നേരിട്ടു കണ്ടു. കാസര്‍കോട് നിന്നും, തിരുവനന്തപുരത്തു നിന്നും വന്നവര്‍ പോലും ഉണ്ടായിരുന്നു. എഴുത്തുകാരുടെ ജാഡയൊന്നും കാണിക്കാത്ത പച്ചമനുഷ്യര്‍ ... ജയെട്ടന്‍ , പ്രദീപേട്ടന്‍ , റജീന, ജിതിന്‍ ,  റോസിലി, സനൂജ , മൈന, റഷീദ്, ഫൈസല്‍ ബാബു , ശങ്കരനാരായണേട്ടന്‍ , സജീര്‍ മുണ്ടോളി , ദേവന്‍ , ബാലകൃഷ്ണന്‍ സാര്‍ , ഷബീര്‍ , ഷരീഫിക്ക , ഷാഹിദ , ഹാഷിം, റാണിപ്രിയ , ഭവിന്‍ , സാബു, ഫൈസല്‍ , നാസു , ഹരി , ആചാര്യനായി ഇംതിയാസ് , എല്ലായിടത്തും ഓടിയെത്തുന്ന ശ്രീജിത്ത് , സാജിം, പ്രിയ , വിഡ്ഢിമാന്‍ , പ്രവീണ്‍ , അംജത്‌ ഖാന്‍ , അഹമ്മദ്‌ ഭായ് , വിധു ,  പത്രക്കാരനും , കല്ല്‌ വച്ച നുണയനും, കല്ലായിക്കാരനും , കൊട്ടോട്ടിക്കാരനും, കമ്പിളിക്കാരനും (സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍ ആയ വിനേഷ്‌ ) പഞ്ചാര മുട്ടായി വാരിവിതറുന്ന ഡോക്ടറും , വാല്യക്കാരനും , റോസാ പൂക്കളും , കുറിഞ്ഞി പൂക്കളും , തണല്‍ മരങ്ങളും, നിഴലുകളും  അങ്ങനെയങ്ങനെ ഓര്‍മയില്‍ നില്‍ക്കുന്ന ഒരുപാട് സുഹൃത്തുക്കള്‍ .... ....  ആദ്യകാലം മുതലേ എഴുതുന്ന കാരണവന്മാര്‍ മുതല്‍ കഥ അവതരിപ്പിച്ച വിഹായസ്‌ എന്ന കൊച്ചുമിടുക്കന്‍ വരെ... പലരും കുടുംബസമേതം വന്നതിനാല്‍ കുട്ടികളുടെ സാന്നിദ്ധ്യം ചടങ്ങിന് മനോഹാരിത നല്‍കി.

മികച്ച സംഘാടകത്വം എടുത്തു പറയേണ്ടതാണ്. പരിപാടിക്ക് നല്ല മാധ്യമ കവറേജ് ഉണ്ടായിരുന്നു. ചടങ്ങ് വിജയപ്രദമാക്കിയ സംഘാടകര്‍ക്കും പങ്കെടുത്ത എഴുത്തുകാര്‍ക്കും അഭിനന്ദനങ്ങള്‍ .  പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും.

ഓരോ നിമിഷവും ആഘോഷമാക്കി ജീവിക്കണം എന്നാണല്ലോ. പക്ഷേ, അതില്‍ ചില നിമിഷങ്ങള്‍ സ്‌നേഹത്തിന്റെ അടയാളക്കല്ലുകളായി മനസ്സിന്റെ കോണില്‍ എന്നുമുണ്ടാവും. ചില ദിനങ്ങള്‍ സൗഹൃദത്തിന്റെ തണ്ണീര്‍പ്പന്തലുകളായി നമ്മുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കും. അത്തരമൊരു ധന്യമായ ദിനം ആയിരുന്നു ഇന്ന്. സാര്‍ത്ഥകമായ ഒരു സ്വാതന്ത്ര്യദിനം ....
(കൂടുതല്‍ ചിത്രങ്ങള്‍ പിന്നീട് നല്‍കാം )

കൂടുതല്‍ ഫോട്ടോകള്‍ക്കും സമഗ്രമായ റിപ്പോര്‍ട്ടിനും ജയെട്ടന്റെ പോസ്റ്റ്‌  കാണുക .

മാതൃഭുമി ന്യൂസില്‍ വന്ന റിപ്പോര്‍ട്ട്‌ 






  Aug 17, 2013
മാതൃഭൂമി റിപ്പോര്‍ട്ട്‌ ലിങ്ക :
http://www.mathrubhumi.com/story.php?id=384207
ഓണ്‍ലൈന്‍ എഴുത്തുകാര്‍ ഒത്തുകൂടി
T- T T+

കോഴിക്കോട്: എഴുതാനുള്ള ആഗ്രഹവും ചിന്തയിലെ ആവേശവുമായി ഓണ്‍ലൈന്‍ എഴുത്തുകാര്‍കോഴിക്കോട്ട് ഒത്തുകൂടി.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നൂറിലേറെപേര്‍ പങ്കെടുത്തു. പ്രവാസികളായ ഇ-എഴുത്തുകാര്‍ സാന്നിധ്യംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. ഓണ്‍ലൈനിലൂടെ മാത്രം പരിചയമുള്ളവര്‍ക്ക് നേരിട്ടുകാണാനും കൂട്ടായ്മ അവസരമായി.

2011 മുതല്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഓണ്‍ലൈന്‍ എഴുത്തുകാര്‍ ഒത്തുചേരാറുണ്ട്. 'കോഴിക്കോട് ഓണ്‍ലൈന്‍ മീറ്റ്' എന്ന ബ്ലോഗുണ്ടാക്കിയാണ് സംഘാടകര്‍ എഴുത്തുകാരെ ക്ഷണിച്ചത്. ആദ്യമായാണ് കോഴിക്കോട് സംഗമത്തിന് വേദിയാകുന്നതെന്ന് സജീവ ബ്ലോഗറും സംഘാടകരില്‍ ഒരാളുമായ സി. ജിതിന്‍ പറഞ്ഞു. നേരത്തേ ഒത്തുചേര്‍ന്നത് ബ്ലോഗര്‍മാര്‍ മാത്രമായിരുന്നു. പിന്നീട് ഫേസ് ബുക്കിലും ട്വിറ്ററിലും സജീവമായവരെ ചേര്‍ത്ത് കൂട്ടായ്മ അംഗബലം കൂട്ടി.

ഇറാഖില്‍ ജോലിചെയ്യുന്ന ഇംതിയാസ് അവധി ക്രമീകരിച്ചാണ് സംഗമത്തിനെത്തിയത്. കാസര്‍കോട് സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി ബ്ലോഗില്‍ സജീവമാണ്. പലരേയും ആദ്യമായി നേരിട്ടുകണ്ട സന്തോഷവും ഇംതിയാസിനുണ്ടായിരുന്നു. യാത്ര വെറുതെയായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ബ്ലോഗറായ സൂനജയുടെ കഥകളുടെ സമാഹാരം പ്രകാശനം ചെയ്തു. നവമാധ്യമങ്ങളെക്കുറിച്ചുള്ള സെമിനാറും ഓണ്‍ലൈനില്‍ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയായി ശില്‍പ്പശാലയും സംഘടിപ്പിച്ചു.

നേരില്‍കാണുന്നതുവരെ ഓണ്‍ലൈനില്‍ കാണാമെന്ന വാഗ്ദാനം കൈമാറിയാണ് ഇ-എഴുത്തുകാരുടെ കൂട്ടായ്മ പിരിഞ്ഞത്. 





Comments

  1. പലപ്പോഴും ബ്ലോഗ് മീറ്റുകള്‍ പൂര്‍ണ്ണമാകുന്നത് പൂര്‍ണതയോടുകൂടിയ ഒരു പോസ്റ്റോടുകൂടിയാണ്. ഇത് അത്തരത്തിലുള്ള ഒരു നല്ല പോസ്റ്റാണ്..

    ReplyDelete
  2. എല്ലാവരേയും നേരില്‍ കാണാനും,സ്നേഹം പങ്കുവെക്കാനും സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടം.....

    ReplyDelete
  3. നന്നായി. അഭിനന്ദനങ്ങൾ!
    അല്പം തിരക്കു പറ്റി.
    ഞാനും ഒരെണ്ണം എഴുതി നാളെ ഇടും!

    ReplyDelete
  4. മീറ്റ് പോസ്റ്റുകളിലെ ആദ്യവായന.
    ഇനിയും പല പോസ്റ്റുകളില്‍ നിന്നായി വ്യക്തമായ ഒരു കാഴ്ച്ച ലഭിക്കുമല്ലോ!

    ReplyDelete
  5. നന്ദി , അജിത്തേട്ടന്‍ , ജയെട്ടന്‍ , പ്രദീപെട്ടന്‍ , ഷബീര്‍ , മനോജ്‌ .

    ReplyDelete
  6. words like a flowing river...
    എന്റെ മനസിലെ ബ്ലോഗ്‌ സങ്കല്പത്തെ ഞാൻ പോലുമറിയാതെ പൊളിച്ചെഴുതേണ്ടി വന്ന ദിനം .ഗംഗേട്ടനെ പോലുള്ളവരുടെ സാനിധ്യത്തിൽ ഒരു ബ്ലോഗ്‌ എന്നാൽ എന്തായിരികണമെന്ന് അന്ന് ഞാൻ മനസിലാക്കി.
    അതിന്റെ സംഘാടകർക്കും പങ്കെടുത്തവർക്കും എനിക്ക് വഴികാട്ടിയായവർക്കും നന്ദി ....

    ReplyDelete
  7. നന്ദി, വിനീഷ്‌ .

    ReplyDelete

Post a Comment