തേങ്ങാക്കുലയ്ക്ക് എന്താണ് കുഴപ്പം ?

രു മുഖപുസ്തക ഗ്രൂപ്പ്  സമാഹരിച്ച ഓണ്‍ ലൈന്‍ എഴുത്തുകാരുടെ കവിതകള്‍ ഉള്‍പ്പെടുത്തി 'ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ' എന്ന പേരില്‍ പ്രസിദ്ധീകരിച്ച കവിതാപുസ്തകം പ്രകാശനം ചെയ്യവേ ഒരു മുഖ്യധാരാ എഴുത്തുകാരന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരിക്കയാണല്ലോ. മുഖ്യധാരാ സാഹിത്യകാരന്മാര്‍ ഒന്ലൈന്‍ എഴുത്തുകാരെ കൊച്ചാക്കുന്ന തരത്തില്‍ മുന്‍പും സംസാരിച്ചിട്ടുണ്ട്. അതാത് സമയങ്ങളില്‍ അതിനു തക്ക മറുപടികളും ഉണ്ടായിട്ടുണ്ട്.
എന്താണദ്ദേഹം പറഞ്ഞ പ്രധാന കാര്യങ്ങള്‍ ? നമുക്ക് ഓരോന്നായെടുത്ത് പരിശോധിക്കാം. ഒന്ന്, ഫേസ് ബുക്ക് എനിക്ക് തേങ്ങാക്കുലയാണ്.  രണ്ട് നാറിയ സൈബര്‍ ഇടങ്ങളെ ഞാന്‍ വെറുക്കുന്നു. മൂന്ന് എനിക്ക് തരുന്ന മോശമല്ലാത്ത യാത്രാപ്പടി നിങ്ങള്‍ക്ക് മുതലാകണമെങ്കില്‍ ഞാന്‍ കവിതകള്‍ ചൊല്ലണം..... അങ്ങനെയങ്ങനെ. ഞാന്‍ അവയെ ഒരിളം ചിരിയോടെ നേരെ ചൊവ്വെയല്ലാതെ ഒന്നു നോക്കട്ടെ.
തേങ്ങാക്കുല ഒരു തെറിയാണോ? 
ഭാഷ വ്യഭിചരിക്കപെടുമ്പോഴാണ് പല മോഹനപദങ്ങളും അശ്ലീലമായിത്തീരുന്നത്. എന്നുമുതലാണ് നമുക്ക് തേങ്ങാക്കുല ഒരു മോശം വാക്കായത് ? അഥവാ തെറി പറയാന്‍ പറ്റുന്ന ഒരു പദമായി മാറേണ്ട സാധനം ആണോ തേങ്ങാക്കുല ?  തേങ്ങയാണ് മലയാളിയുടെ ആഹാരത്തെ സമ്പുഷ്ടവും രുചികരവുമാക്കുന്നത്. രാത്രിയില്‍ അന്തം വിട്ടുറങ്ങണം എന്ന് ഇടയ്ക്ക് തോന്നുമ്പോള്‍ പച്ചവെളിച്ചണ്ണ തേച്ച് പത്ത് തൊട്ടി വെള്ളം കോരി തലയില്‍ ഒഴിച്ച് മരണം പോലെ നിദ്രകൊള്ളുകയാണ് പതിവ്. രാവിലെ എണീറ്റാല്‍ നാക്കു വടിക്കാന്‍ പോലും ഈര്‍ക്കില്‍ വേണം.

ഫ്രാന്‍സിലെ ഒരു തടവുകാരന്‍ ആണത്രെ ഒരു എല്ലിന്‍ കഷണത്തില്‍ തുണി ചുറ്റിക്കൊണ്ട് പല്ലുതേക്കുന്ന ബ്രഷ് കണ്ടുപിടിച്ചത്. സായിപ്പ് ബ്രഷ് കണ്ടുപിടിക്കുന്നതിനു മുമ്പ് എങ്ങനെയാണ് പല്ലുതേച്ചിരുന്നത് , അതോ പല്ലു തേച്ചിരുന്നോ എന്നറിയില്ല. പക്ഷേ, നമ്മള്‍ മലയാളികള്‍ പുരാതനകാലം മുതലേ തെങ്ങിന്റെ കുലച്ചിലിന്റെ അറ്റം ചതച്ച് അണുബാധയുണ്ടാകാത്ത അടിപൊളി ഡിസ്‌പോസിബിള്‍ ബ്രഷുണ്ടാക്കി പല്ലുതേക്കാറുണ്ട്. മറ്റെന്തൊക്കെ കുറവുകള്‍ ഉണ്ടായാലും രാവിലെ എണീറ്റ് പല്ലുതേച്ച് നാക്കു വടിച്ച് കുളിക്കുക എന്നത് നമ്മുടെ ഒരു വ്രതം ആണ്. അതായത് നാറ്റത്തിന് നമ്മള്‍ എതിരാണ് എന്നര്‍ത്ഥം.

മേല്‍ക്കൂര ഓലമേയലില്‍  നിന്ന് മാറിയിട്ട് നാട്ടിന്‍പുറത്തൊക്കെ ഒരു ഇരുപത്തിയഞ്ചു കൊല്ലം മാത്രമേ ആയിട്ടുള്ളൂ. കുട്ടികള്‍ക്ക് കളിക്കാന്‍ എന്തൊക്കെ സാധനങ്ങളായിരുന്നു ? ഒരു ചെറിയ മച്ചിങ്ങയില്‍ ഒരു ഈര്‍ക്കിലിയുടെ രണ്ടറ്റവും മറ്റൊരെണ്ണവും കുത്തിവച്ച്, ഇടയില്‍ മറ്റൊരു ഈര്‍ക്കിലി ഇട്ട് ശബ്ദം ഉണ്ടാക്കുന്ന രസികന്‍ കളിപ്പാട്ടം മുതല്‍ , ഓലപ്പീപ്പി,  വാച്ച്, തൊപ്പി, കണ്ണട, പമ്പരം , വാണം, തലപ്പന്ത്, ക്രിക്കറ്റ് കളിക്കാനുള്ള ബാറ്റ് വരെയുള്ള കളിപ്പാട്ടങ്ങള്‍ . വരാല്‍ (ബ്രാല്‍ , കൈച്ചില്‍ ), മുഷി (മുഴു), കടു, കരിമീന്‍ (ചിറ്റാന്‍ ) തുടങ്ങിയ മീനുകളെ  പാടത്തുനിന്ന് പിടിക്കാന്‍ ഈര്‍ക്കിലികള്‍ വൃത്തത്തില്‍ അടുക്കി വച്ച് മുകളില്‍ ചെറിയ വാവട്ടവും താഴെ വലിയ വാവട്ടവും ഉള്ള ഒറ്റാലുണ്ടാക്കാനും, നാട്ടിന്‍ പുറത്തെ തെങ്ങിന്‍ തോപ്പിലെ തണലില്‍ ഒളിച്ചിരുന്ന് ചീട്ടുകളിക്കുമ്പോള്‍ തോല്‍വിയുടെ അടയാളമായി മച്ചിങ്ങ ഈര്‍ക്കിലിയില്‍ കോര്‍ത്ത് ചെവിയില്‍ തൂക്കാനും തെങ്ങുതന്നെ ആശ്രയം. പൊങ്ങ് എന്നു കേട്ടാല്‍ വകയ്ക്കുകൊള്ളാത്ത സാധനം എന്ന് തോന്നാമെങ്കിലും അതിന് ഇംഗ്ലീഷില്‍ പറയുന്നത് കോക്കനട്ട് ആപ്പിള്‍ എന്നാണ്. അത്രയും പോഷക സമൃദ്ധം ആണ് ആ രുചികരമായ സാധനം.  തെങ്ങ് മുറിക്കുമ്പോള്‍ കിട്ടുന്ന കരിമ്പ് എന്ന സാധനം അപൂര്‍വം ആണെങ്കിലും ഒരിക്കല്‍ കഴിച്ചാല്‍ രുചി വായില്‍ നിന്ന് മാറില്ല.

കുചകുംഭങ്ങളില്‍ സ്തന്യവുമായി നില്‍ക്കുന്ന ഒരു സ്ത്രീയെ പോലെ തന്നെയല്ലേ മറ്റൊരു മുലപ്പാല്‍ ആയ ഇളനീരുകളുമായി നില്‍ക്കുന്ന കല്‍പവൃക്ഷം? ദിവസവും തേങ്ങാപ്പാലില്‍ കുളിച്ചാല്‍ ശരീരം ഹല്‍വ പോലെ മൃദുവാകും. ആണ്‍കുട്ടികള്‍ക്ക് കളിക്കാന്‍ ഇന്നത്തെ ചൈനീസ് ജെ.സി.ബി വരുന്നതിനു മുമ്പ് തെങ്ങിന്‍ തൊണ്ടില്‍ കാട്ടപ്പയുടെ കമ്പ് കടത്തിയ വണ്ടി ആയിരുന്നു ആശ്രയം. നല്ല ആട്ടിറച്ചി ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ച ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയും അല്‍പ്പം നെയ്യും ഒഴിച്ച് കടുകു വറുത്ത് കറിവേപ്പിലയുമിട്ടശേഷം കൊട്ടത്തേങ്ങയും  ചെറിയുള്ളിയും  ചെറുതായി കൊത്തിയരിഞ്ഞ് നല്ല വണ്ണം മൂപ്പിച്ച് ഇറച്ചി കുടഞ്ഞിട്ട് വരട്ടി എടുത്ത് പത്തിരിയും കൂട്ടി ചൂടോടെ കഴിക്കുമ്പോഴുളള സ്വാദ് .... ഇനി അഥവാ അല്‍പം കൂടുതല്‍ കഴിച്ചുപോയാല്‍ സന്ധ്യക്ക് കള്ളുഷാപ്പിലേക്ക് തലയില്‍ മുണ്ടിട്ടു കയറി അല്‍പ്പം അന്തിക്കള്ള് കഴിച്ചാല്‍ ദഹനക്കേടും ഉണ്ടാവില്ല. ഇനി കള്ള് അധികം കഴിച്ച് പിറ്റേന്നു രാവിലെ മുട്ടുവേദന വരാതിരിക്കാന്‍ ഇടയ്ക്കിടക്ക് പച്ച് ഈര്‍ക്കിലി ചവച്ചാല്‍ മതി!

ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ഗുണങ്ങളുള്ള മനോഹരവും അത്ഭുതകരവുമായ തെങ്ങില്‍ നിന്നുള്ള കുലയിലെ തേങ്ങ  ഒരു അപൂര്‍വ ഫലം തന്നെയാണ്. അതുകൊണ്ട് തന്നെ തേങ്ങാക്കുല ഒരു ശ്ലീല പദം തന്നെ ആണ്. ഇ സാക്ഷരത വേണ്ട പുതിയ ടെക് നോളജികളും   തേങ്ങ പോലെ തന്നെയാണ്. കടുത്ത പുറന്തോടായിരിക്കും. എന്നാല്‍ അത് ഭേദിച്ച് ഉള്ളിലേക്ക കടക്കാന്‍ കഴിഞ്ഞാലോ ? മധുവൂറുന്ന വെള്ളവും മധുരരസമുള്ള കാമ്പും ! ഇനി തോട് പൊട്ടിച്ച് ഉള്ളിലേക്ക് കയറാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വെള്ളം മൊത്തിക്കുടിക്കാന്‍ മുകളില്‍ ഒരു ദ്വാരവും!

കവി നടത്തിയ മേല്‍പ്രസ്താവിച്ച അഭിപ്രായവും നോക്കുക. ഫേസ് ബുക്ക് എനിക്ക് തേങ്ങാക്കുലയാണ്. എന്നുവച്ചാല്‍ ഇത്രയ്ക്ക് ' പഷ്ട് ' ആയ സാധനം വേറെ ഇല്ല എന്നുതന്നെ. ശരിക്കും പറഞ്ഞാല്‍ മലയാള അച്ചടിസാഹിത്യവും ഇതുപോലെ വേറൊരു തേങ്ങാക്കുലയാണ്. നന്നായി ആലോചിച്ചാല്‍ മുഖപുസ്തകത്തിനെ അദ്ദേഹം പുകഴ്ത്തുകയാണ് ചെയ്തത് എന്നാണ് എനിക്കു തോന്നുന്നത് :-) . അതായത് ആ അഭിപ്രായം ഒന്നു നീട്ടിനോക്കിയാല്‍ '' ഫേസ് ബുക്ക്  സാഹിത്യം ,മലയാളത്തിലെ മുഖ്യധാരാ അച്ചടി സാഹിത്യം പോലെ തന്നെ എനിക്ക് തേങ്ങാക്കുലയാണ്. സദ് ഫലങ്ങള്‍ നല്‍കുന്ന , എന്നാല്‍ അപൂര്‍വമായി മണ്ഡരി ബാധിച്ച തേങ്ങകളും , കോഞ്ഞാട്ടകളും ഉണ്ടാകുന്ന ഒരു തേങ്ങാക്കുല !''

നാറ്റവും മണവും
ണ്ടാമത് അദ്ദേഹം പറഞ്ഞ ഒരു വിവാദ പരാമര്‍ശം ഇതാണ് '' നാറിയ സൈബര്‍ ഇടങ്ങളെ ഞാന്‍ വെറുക്കുന്നു''
ഒരു ആഢ്യനും സുഖലോലുപനും ഇത്തിക്കണ്ണിയെപ്പോലെ മറ്റുള്ളവരെ ദ്രോഹിച്ച് പണം സമ്പാദിക്കുന്നവനുമായ  ധനികന്‍ നമ്മുടെ സമീപത്തുകൂടെ പോകുന്നു എന്ന് കരുതുക. ഷര്‍ട്ടില്‍ നിന്ന് ഒരു പക്ഷേ, ചന്ദനത്തിന്റെയോ മറ്റോ നല്ല സുഗന്ധം പ്രസരിക്കുന്നുണ്ടാവും. ആ മണം നമ്മില്‍ അയാളോട് പോസിറ്റീവ് ആയ ഒരു മനോഭാവം ഉണ്ടാക്കും എന്നത് ശരിയാണ്. ശരിക്കും പറഞ്ഞാല്‍ മണം എന്ന ഇന്ദ്രിയാനുഭവത്തെ അയാള്‍ തന്റെ വ്യക്തിത്വം എസ്റ്റാബഌഷ് ചെയ്യാന്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ അയാളുടെ ശരീരത്തിന്റെ ഉളളില്‍ എന്തൊക്കെയായിരിക്കും ? തലേന്ന് വിശപ്പില്ലാഞ്ഞിട്ടും ആവശ്യമില്ലാതെ വലിച്ചു കയറ്റിയ പലതരം ഭക്ഷണങ്ങള്‍ വ്യായാമമില്ലാതെ ദഹിക്കാതെ അജീര്‍ണം ബാധിച്ച് നിശ്ചിത ഇടവേളകളില്‍ അധോവായുവിനെ പുറന്തള്ളാന്‍ തക്കവണ്ണം ചീഞ്ഞളിഞ്ഞ് കിടപ്പുണ്ടാകും. ഇനി മനസ്സിന്റെ ഉള്ളിലോ ? എങ്ങനെ മറ്റുള്ളവരെ പറ്റിച്ച് കാശുണ്ടാക്കാം എന്ന ചിന്തയായിരിക്കും പുളിച്ചുതികട്ടുന്നത്.

അതേ സമയം ഒരു മരംകയറ്റക്കാരനോ, മീന്‍ പിടിത്തക്കാരനോ, വയലില്‍ ഉഴുവുന്നവനോ അതുപോലെ അദ്ധ്വാനിക്കുന്ന തെളിഞ്ഞ മനസ്സുള്ള ഒരാളോ നമ്മുടെ അരികിലൂടെ പോയാലോ ? തീര്‍ച്ചയായും മണം എന്നതിനു പകരം അയാളില്‍ നിന്നു വരുന്ന വാസനയെ നാറ്റം എന്നു തന്നെയായിരിക്കും നാം വിവക്ഷിക്കുക. പക്ഷേ അയാളുടെ ഉളളിലോ , പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ച് സംസ്‌കരിക്കപ്പെട്ട ഒരു ശരീരവും കുശുമ്പും കുന്നായ്മയും ഇല്ലാതെ നേരേ വാ നേരെ പോ എന്നു വിചാരിക്കുന്ന വിശാലമായ ഒരു മനസ്സും ആയിരിക്കും ഉണ്ടാവുക.

അങ്ങനെയാണെങ്കില്‍ നിങ്ങള്‍ പറയുക സുഹൃത്തേ, മണമോ നാറ്റമോ നല്ലത് ? നാറ്റം തന്നെ. എന്നാല്‍ ഒരു അഭിപ്രായം പറയുമ്പോള്‍ '' എനിക്കാ നാറ്റം ഇഷ്ടമില്ല '' എന്നു തന്നെയായിരിക്കും നിങ്ങളും പറയുക. അപ്പോള്‍ പിന്നെ കവി അങ്ങനെ പറഞ്ഞതിലും കുഴപ്പമുണ്ടോ :-)

പിന്നെ മറ്റൊരു കാര്യം, സമസ്ത മേഖലകളിലും ഇപ്പോള്‍ നാറ്റം ആണ്. രാഷ്ട്രീയം ആകട്ടെ, സിനിമയാകട്ടെ, വിദ്യാഭ്യാസം ആകട്ടെ, മതം, ആതുരശുശ്രൂഷ, സാമ്പത്തികം, ദാമ്പത്യം തുടങ്ങി നാറ്റം ഇല്ലാത്ത മേഖലകള്‍ ഇല്ലെന്നു പറയാം. ഇതില്‍ പലമേഖലകളിലും നാറ്റം തുടങ്ങിയത് കുറച്ചുവര്‍ഷങ്ങള്‍ മുമ്പാണ്. എന്നാല്‍ അതിലും വളരെക്കാലം മുമ്പേ ദൂര്‍ഗന്ധപൂരിതമായ ഒരു മേഖലയുണ്ട്, അച്ചടി/സാമ്പ്രദായിക മലയാള സാഹിത്യം. ഗ്രൂപ്പും തൊഴുത്തില്‍ക്കുത്തും, ആശ്രിതവാല്‍സല്യവും, അഴിമതിയും , തനിക്കിഷ്ടമില്ലാത്തവരെ ഇടിച്ചുതാഴ്ത്തലും തുടങ്ങി എങ്ങനെ നാറ്റിക്കാം എന്നതിന്റെ കളരിയാണ് നമ്മുടെ 'ആ'യെഴുത്ത്.

സ്വാഭാവികമായും ' ഈയെഴുത്ത' വന്നപ്പോള്‍ ആ നാറ്റം ഇതിലും പടരുമല്ലോ. ഇവിടെയും കാര്യങ്ങള്‍ അത്ര ഭദ്രമൊന്നുമല്ല. സൈബര്‍ ഇടങ്ങള്‍ ഒരു പുതിയ മേഖലയായതുകൊണ്ട് മറ്റുള്ള മേഖലകളിലെ നാറ്റം വളരെ പെട്ടെന്ന് ഇവിടെയും എത്തും.

അപ്പോള്‍ കവിയുടെ അഭിപ്രായം നമുക്ക് ഇങ്ങനെ മാറ്റി വായിക്കാം. '' സമസ്തമേഖലകളിലും സാമ്പ്രദായിക സാഹിത്യത്തിലും ഉള്ളതുപോലെത്തന്നെയുള്ള സൈബര്‍ ഇടങ്ങളിലെ നാറ്റത്തെ ഞാന്‍ വെറുക്കുന്നു !! :-)''

എനിക്ക് തരുന്ന ചെറുതല്ലാത്ത യാത്രപ്പടി നിങ്ങള്ക്ക് മുതലാകണം എന്നുണ്ടെങ്കില്‍ എന്റെ നാലഞ്ചു കവിതകള്‍ എങ്കിലും നിങ്ങള്‍ കേള്‍ക്കണം. എന്നും പറഞ്ഞു.  അതായത് മോശമല്ലാത്ത യാത്രപ്പടി നല്‍കുന്നവരാണ് നമ്മള്‍ , കവിത ചൊല്ലിക്കേട്ടാല്‍ മനസ്സിലാകുന്നവരും... ഇതും ശരിക്കാലോചിച്ചാല്‍ നല്ല അഭിപ്രായങ്ങള്‍ തന്നെ!!!

എനിക്ക് ഇ ലോകത്തെ പറ്റി ഒന്നും അറിയില്ല എന്ന് പറയാനുള്ള ആര്‍ജവം കാണിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ഇ സാക്ഷരത ഇല്ല എന്നു പറയുകയും അതെ സമയം ഇ ലോകം എങ്ങനെയാണ് തന്നെ ഹൃദയത്തിലേറ്റിയതെന്ന് മനസ്സിലാക്കാനുള്ള ഒരു ശ്രമം പോലും നടത്താതിരിക്കുകയും  '' ഈയെഴുത്തി''നെതിരെ മുഖം തിരിക്കുന്ന വേറെ ഒരു വിഭാഗവും ഉണ്ട്. പൂഴിയില്‍ മുഖം പൂഴ്ത്തി ഇരുട്ടാക്കുന്ന ഒട്ടകപ്പക്ഷികളെപ്പോലും നാണിപ്പിക്കുന്നവര്‍ ! അവര്‍ അവരുടേതായ ലോകത്ത് ജീവിക്കട്ടെ.

ഇങ്ങനെ ഓണ്‍ലൈന്‍ എഴുത്തുകര്‍ക്കെതിരെ സംസാരിക്കുന്നവരെ തന്നെ എന്തിനു ഇത്തരം പരിപാടിയിലേക്ക് ക്ഷണിക്കുന്നു എന്ന് ചിലര്‍ ചോദിച്ചു കണ്ടു. എതിരഭിപ്രായം പറയുന്നവരെ ക്ഷണിക്കുന്നതില്‍ എന്താണ് തെറ്റ് ? പുറം ചൊറിയലുകാരെ മാത്രം കൊണ്ട് വന്നു സുഖിപ്പിക്കുന്ന വാക്കുകള്‍ വിളമ്പുന്നതിനു പകരം ഇത്തരം അഭിപ്രായങ്ങള്‍ വരുന്നത് തന്നെ നല്ലത് . ഒന്നുമില്ലെന്കിലും ഈയൊരു കാര്യത്തെപ്പറ്റി ചര്‍ച്ച ഉണ്ടായല്ലോ.


ചുരുക്കിപ്പറഞ്ഞാന്‍ തേങ്ങാക്കുലയ്ക്ക് ഒരു കുഴപ്പവുമില്ല, നാറ്റത്തിനും.
അതുകൊണ്ടുതന്നെ സൈബര്‍ ആക്ടിവിസ്റ്റുകള്‍  അസഹിഷ്ണുക്കള്‍ ആവേണ്ട കാര്യമില്ല. അഭിപ്രായത്തിന്റെ മറുപടിയും അതേ വേദിയില്‍ വച്ചു തന്നെ  ഒരു കവി സുഹൃത്ത്‌ പറഞ്ഞു കഴിഞ്ഞു. അഭിപ്രായത്തിനും അനഭിപ്രായത്തിനും എതിരഭിപ്രായത്തിനും വില്‍കല്‍പിക്കുന്നവരാണല്ലോ 'ഈ'യെഴുത്തുകാര്‍ . നാറിയതെന്നും, ചുവരെഴുത്തെന്നും, ടോയ്‌ലറ്റ് സാഹിത്യമെന്നും , മണ്ഡരി ബാധിച്ചവയെന്നും ഒക്കെ ആക്ഷേപിക്കപ്പെടുന്ന സൈബര്‍ സാഹിത്യം മാറ്റത്തിന്റെ നാന്ദി കുറിക്കുന്ന, നമ്മളാല്‍ നയിക്കപ്പെടുന്ന, നാളെയുടെ പൊന്‍വെളിച്ചമാകുമെന്ന് മറ്റാര്‍ക്കില്ലെങ്കിലും നമുക്ക് ഉത്തമബോധ്യമുണ്ടല്ലോ.

(താഴെ ഫേസ്ബുക്ക് കമന്റ് ബോക്സും , മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ലോഗിന്‍ കമന്റ് ബോക്സും ഉണ്ട്. അഭിപ്രായം എഴുതുമല്ലോ )

Comments

  1. ഒന്ന് പേരെടുത്തിട്ട് വേണം എനിക്കും ഈയെഴുത്തുകാരെ അഞ്ചാറ് തെറി വിളിക്കാന്‍

    ReplyDelete
  2. ഹ ഹ ...അജിതെട്ട ..

    ReplyDelete
  3. നാളെയുടെ എഴുത്തും വായനയും ഇവിടെയാണ് - അത് ഈ കൂട്ടര്‍ മറന്നു പോവുന്നു

    ReplyDelete
  4. പുതിയ ടെക്നോളജിയുടെ സാധ്യതകള്‍ ഓരോ കാലത്തും സാഹിത്യകാരന്മാര്‍ ഉപയോഗിച്ചിട്ടുണ്ട് എന്നതും മറന്നു പോകുന്നു , പ്രദീപേട്ട .

    ReplyDelete
  5. നാലും രണ്ടും മുന്ന് വരികൾ എഴുതിയാൽ, വായ തുറന്ന് എന്തും പറയാം

    ReplyDelete
  6. വന്ന വഴിയൊന്നും അറിയാത്ത കവികളും ,ഗായകരും ഉണ്ടായികൊണ്ടിരിക്കുന്നു.

    ReplyDelete
  7. വഴി മറന്നാല്‍ കുഴിയില്‍ വീഴും. അനീഷ്‌ .

    ReplyDelete
  8. മുരുകന്‍ കാട്ടാക്കട നല്ലൊരു കവിയാണ്‌...
    ഈയെഴുതുകാരും നല്ല കവികളാണ്...

    പ്രകാശം പരക്കട്ടെ !!!!

    ReplyDelete
  9. അതില്‍ അഭിപ്രായ വ്യത്യാസം ഒന്നുമില്ല , ജിതിന്‍ ....

    ReplyDelete
  10. ഇതിപ്പോഴാ കണ്ടത് -സുഖിച്ചു... :)

    ReplyDelete

Post a Comment