വേനലിനു പകരം മണ്‍സൂണ്‍ അവധിയല്ലേ വേണ്ടത് ?

ക്കൊല്ലത്തെ മഴ വെറുതെ അങ്ങ് പെയ്യുകയല്ല. 
പ്രചണ്ഡമായി മുടി അഴിച്ചിട്ടു താണ്ഡവമാടുകയാണ്. 
കഴിഞ്ഞ വര്‍ഷങ്ങളിലെ കുറവ് നികത്താനെന്നോണം. 
തുള്ളികള്‍ക്കൊക്കെ നല്ല കനം.
പെട്ടെന്ന് പെയ്തു തോരുന്ന കനത്ത മഴകള്‍ ..
മഴ കഴിഞ്ഞാല്‍ കനത്ത വെള്ളക്കുത്ത് ..
വെള്ളം ഭൂമിയിലേക്ക്‌ ഇറങ്ങിചെല്ലുന്നുണ്ടോ എന്ന് സംശയം.
മഴയില്ലെങ്കില്‍ മലയാളമില്ല എന്നാണല്ലോ. പെയ്യട്ടെ.
എന്നാലും മലയോര പ്രദേശങ്ങളിലും ഉള്‍ നാടുകളിലും മഹാമാരി ദുരന്തം വിതയ്ക്കുന്ന വാര്‍ത്തകള്‍ ആണ് കേട്ടുകൊണ്ടിരിക്കുന്നത്.
ആളുകളുടെ പ്രതിരോധ ശേഷി കര്‍ക്കിടക മഴക്കാലത്ത് വളരെ കുറവായിരിക്കുമെന്ന് പഴമക്കാര്‍ പറയാറുണ്ടല്ലോ. സ്കൂളില്‍ പോകുന്ന മിക്ക കുട്ടികള്‍ക്കും പനി , ജലദോഷം , കഫക്കെട്ട് , തൊണ്ടവേദന എന്നിവ വിടാതെ പിടികൂടുകയാണ്. പ്രത്യേകിച്ചും കനത്ത മഴയത്ത് കവറിംഗ് ഇല്ലാത്ത വാഹനത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര. സ്കൂളില്‍ കുട്ടികള്‍ പോകുന്ന സമയത്തും വൈകീട്ട് വരുന്ന സമയത്തും നല്ല ശക്തിയുള്ള മഴയാണ് പെയ്യുന്നത്. അസുഖം മാറിവരുന്ന കുട്ടികള്‍ക്കും തൂവാനം തലയില്‍ കൊള്ളുന്നത്‌ പിന്നെയും അസുഖം കൂട്ടും.
മഴക്കെടുതി കാരണം കോഴിക്കോട് ജില്ലയിലും മണ്ണിടിച്ചില്‍ കൊണ്ടുണ്ടായ മരണങ്ങളില്‍ വിറങ്ങലിച്ച ഇടുക്കി ജില്ലയിലും, അതുപോലെ കണ്ണൂരും എറണാകുളവും വിദ്യാലയങ്ങള്‍ക്ക് നാളെ അവധിയാണ് . പല ജില്ലകളിലും പല ദിവസങ്ങളിലും സ്കൂളുകള്‍ക്ക് അവധി ആയിരുന്നു.
ഒന്നാലോചിച്ചാല്‍ കാലവര്‍ഷം കനക്കുന്ന ജൂണ്‍ മാസത്തില്‍ എന്തിനാണ് നമ്മുടെ സ്കൂളുകള്‍ തുറക്കുന്നത് ? ബ്രിട്ടീഷുകാര്‍ക്ക് ചൂട് അസഹ്യമായത് കൊണ്ട് അവരുടെ കാലത്ത് തുടങ്ങി വച്ച മധ്യ വേനല്‍ അവധി നമ്മളും തുടരേണ്ടതുണ്ടോ ? ആ മാസങ്ങളില്‍ ക്ലാസ്‌ എടുത്തു , അതിനു പകരം കനത്ത മഴ പെയ്യുന്ന രണ്ടു മാസങ്ങളില്‍ അവധി നല്കുന്നതല്ലേ നമ്മുടെ കുട്ടികളുടെ ആരോഗ്യത്തിനു നല്ലത് ?

Comments

  1. അതും ന്യായമാണ്.

    ReplyDelete
  2. സായിപ്പ് പറഞ്ഞതിന് അപ്പുറം നമുക്കുണ്ടോ ...

    ReplyDelete
  3. വേനലും ജലക്ഷാമവും പതിവാണ്. എന്നാല്‍ കാലവര്‍ഷം കനക്കുന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നത്

    ReplyDelete

Post a Comment