onappokkalam at my house |
ഇപ്പോഴത്തെ ഓണത്തേക്കാള്‍ മെച്ചപ്പെട്ടതാണ് പണ്ടത്തെ ഓണം എന്ന് എല്ലാവരും പറയാറുണ്ട്.. പൊയ്പോയ കാലത്തെക്കുറിച്ച് കവികളൊക്കെ പാടുന്നുണ്ടെങ്കിലും സത്യം പറഞ്ഞാല്‍ ഓരോ വര്‍ഷവും ഓണം എനിക്ക് കൂടുതല്‍ കൂടുതല്‍ ആനന്ദ സുരഭിലമായാണ് തോന്നുന്നത്.
കുട്ടിക്കാലത്തെ നിറം കെട്ട ഓര്‍മകളില്‍ പക്ഷെ അകൃത്രിമമായ സ്‌നേഹം നിറഞ്ഞിരുന്നു. ഇന്ന് കടുത്ത വര്‍ണങ്ങളും സ്‌നേഹരാഹിത്യവും അധികമായി കാണാനുണ്ട് എന്നു മാത്രം. വിദൂര ദേശത്ത് നിന്ന് നമ്മുടെ കറുത്ത സഹോദരങ്ങള്‍ ഇല്ലാത്ത വെള്ളം നനച്ചുണ്ടാക്കിയ പൂവ് ഉപയോഗിക്കുന്നതില്‍ എനിക്ക് ഒരു കുറച്ചിലും തോന്നുന്നില്ല. ആ പൂവ് മാത്രമല്ല, ഇന്നും തൊടിയില്‍ കിട്ടുന്ന തുമ്പയും മുക്കുറ്റിയും തറവാട്ടിനടുത്തുള്ള വയലിലെ വരിയും കാക്കപ്പൂവും സൂക്ഷ്മതയോടെ പറിക്കേണ്ടുന്ന ചെറിയ നീലപ്പൂവും ഞങ്ങള്‍ ഇപ്പോഴും പൂക്കളം ഇടാന്‍ എടുക്കാറുണ്ട്. പണ്ടത്തെതില്‍ നിന്ന് എത്രയോ കുറഞ്ഞെങ്കിലും നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും പൂക്കള്‍ ഉണ്ട്. പൂക്കള്‍ പറിക്കുന്ന പൂത്തുമ്പികള്‍ പോലുള്ള കുട്ടികളുടെ കാഴ്ചയും കുറെയൊക്കെ കാണാനുണ്ട്. പക്ഷേ, അവര്‍ക്ക് പഴയ കാലത്തെ തെങ്ങോല കൊണ്ടുണ്ടാക്കിയ പൂക്കൊട്ടയും പ്ലാവിലത്തൊപ്പിയും ഒന്നും ഇല്ല എന്നു മാത്രം.
കോടി വസ്ത്രം ഇട്ട പെണ്‍കുട്ടികളും സൈക്കിള്‍ ഓടിച്ചു കൊണ്ട് ആണ്‍കുട്ടികളും അങ്ങുമിങ്ങും ആനന്ദത്തോടെ നടക്കുന്നുണ്ട്. സെറ്റ് സാരിയുടുത്ത നവോഢകള്‍ ആഭരണങ്ങളും മുല്ലപ്പൂവും അണിഞ്ഞു സാലഭഞ്ജികകളെ പോലെ ജീവിതത്തിലെ ഏററവും സൌന്ദര്യ വതികള്‍ ആയി വഴിയിലൂടെ നടന്നു പോകുന്നുണ്ട്. പ്രായമായവര്‍ ഒത്തുകൂടി എക്‌സ് മിലിട്ടറി അമ്മാവന്റെ പട്ടാളക്കഥകള്‍ കേള്‍ക്കുന്നുണ്ട്. അമ്മൂമ്മമാര്‍ വെറ്റിലമൂറുക്കി വെടിപറഞ്ഞിരിക്കുന്നുണ്ട്. വള്ളം കളിയും വെള്ളംകളിയും ഒക്കെ നടക്കുന്നുണ്ട്. ഓണാഘോഷപ്പരിപാടി നടത്തുന്ന ക്ലബ്ബ് ഭാരവാഹികളെ ഒഴിച്ച് മറ്റ് കൗമാരക്കാരായ ആണ്‍കുട്ടികളേയും നന്നേ ചെറുപ്പക്കാരെയും ഒന്നും കാണുന്നില്ല. ഒരുപക്ഷേ അവരൊക്കെ ടൂറുപോയതായിരിക്കണം.
ലോറിയില്‍ വരുന്ന പച്ചക്കറിക്ക് പുറമേ കുടുംബശ്രീക്കാര്‍ നല്‍കുന്ന നാടന്‍ പച്ചക്കറികളും അല്പമാത്രമായി വീട്ടില്‍ ഉണ്ടാക്കിയ ഇലക്കറിയും ആളുകള്‍ സദ്യക്ക് ഉപയോഗിക്കുന്നുണ്ട്. അനുഷ്ഠാനം എന്നതില്‍ നിന്ന് മാറിപ്പോയെങ്കിലും ഇപ്പോഴും മാവേലിയെ പ്രതീകവത്കരിച്ചുകൊണ്ട് ''ഓണപ്പൊട്ടന്‍ '' മണിയും കിലുക്കി വരുന്നുണ്ട്. ഓണപ്പൊട്ടന്‍ വരുമ്പോള്‍ അമ്മമാര്‍ കൈയിലെ കരി മുടിയില്‍ തുടച്ച് നിലവിളക്ക് തിരക്കിട്ട് കത്തിച്ച് മണികിലൂക്കി മുറ്റത്തുകൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഓണപ്പൊട്ടന് രൂപയും നാണയങ്ങളും നല്‍കുന്നുണ്ട്. ഗൃഹനാഥനെ കടക്കണ്ണാലെ ഒരു നോട്ടത്താല്‍ ലോഹ്യം പറഞ്ഞ് കുരുത്തോല തോരണം തൂക്കിയ വട്ടക്കുടയും മുഖത്തെഴുത്തും മണിയും ഒക്കെയായി അടുത്തവീട്ടിലേക്ക് ധൃതിയില്‍ പോകുന്ന ഓണപ്പൊട്ടന്‍ എന്ന കാഴ്ച ഒരുപക്ഷേ ഇനിയും കുറച്ചുവര്‍ഷം കൂടി മാത്രമേ ഉണ്ടാവൂ.. ഇപ്പോള്‍ തന്നെ എല്ലാ സ്ഥലത്തും പോകാന്‍ ആള്‍ ഇല്ല എന്നു തോന്നുന്നു.
എന്തെന്നറിയാതെ മനസ്സില്‍ അലയടിച്ചുയരുന്ന അതിരില്ലാത്ത ആനന്ദം ആണ് ഓണം. ഒന്നരദിവസം നീണ്ട തയ്യാറെടുപ്പിന്റെ ഒടുവില്‍ അവിയലും പച്ചടിയും കൂട്ടുകറിയും സാമ്പാറും അച്ചാറും പപ്പടവും ഉപ്പേരിയും അടപ്പായസവും എല്ലാമുള്ള സദ്യ ഉണ്ണുമ്പോള്‍ എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് അസ്സലായി എന്ന് ഉത്തരം പറയുമ്പോള്‍ സഹധര്‍മ്മിണിയുടെ മുഖത്തെ പ്രകാശം ഒന്നുകൂടി വിടരുന്നത് ഒരോണമല്ലേ? കുളിച്ച് സങ്കടങ്ങളെ എല്ലാം പടിയിറക്കി ആനന്ദം മാത്രം മനസ്സില്‍ നിറച്ച് പൂമുഖത്തെ മരക്കസേരയില്‍ അങ്ങനെ ഒന്നുമാലോചിക്കാതെ വെറുതേ ഇരിക്കുന്നതും ഒരോണമല്ലേ? ദേശാടനപ്പക്ഷികളെപ്പോലെ ഓണക്കാലത്ത് അന്റാര്‍ട്ടിക്കയില്‍നിന്നു പോലും മലയാളനാട്ടിലേക്ക് പറന്നു വരുന്ന ബാല്യകാലസുഹൃത്തുക്കളെ കണ്ട് വിശേഷം ചോദിക്കുന്നത് ഒരു ഓണമല്ലേ? തിരക്കേറിയ കടകളില്‍ നിന്ന് ആളുകളുടെ , ഓരോ വര്‍ഷവും ഓണക്കാലത്ത് വിലകൂടുന്നതിന്റെ ആവലാതികള്‍ക്കിടയില്‍ വര്‍ഷത്തിലൊരിക്കല്‍ വീട്ടുകാരിക്ക് പൂര്‍ണമായും തൃപ്തികരമായ രീതിയില്‍ പലചരക്കും പച്ചക്കറികളും വാങ്ങി വീട്ടിലേക്കു പോരുമ്പോള്‍ തോന്നുന്ന ഉത്തരവാദിത്വബോധം ഒരോണമല്ലേ? മകള്‍ക്കുവാങ്ങിയ ഓണക്കോടി ഇട്ട് കുഴപ്പമില്ല എന്ന് അവള്‍ പറയുമ്പോള്‍ ''ഹാവൂ സമാധാനമായി'' എന്ന് തോന്നുന്നത് ഒരോണമല്ലേ? പണ്ടെങ്ങോ മറന്നുപോയ ചങ്ങാതിമാര്‍ പെട്ടെന്ന് എങ്ങനെയോ നമ്പര്‍ സംഘടിപ്പിച്ച് ഫോണില്‍ വിളിച്ച് ആശംസ നേരുമ്പോള്‍ തോന്നുന്ന അതിശയം ഒരോണമല്ലേ? ഓണത്തിന് ആടാന്‍ ഉണ്ടാക്കിയ ഊഞ്ഞാല്‍ രാവിലെ തുടങ്ങിയ ചിനുങ്ങി ചിനുങ്ങിയുള്ള മഴകാരണം വീട്ടിനകത്ത്തന്നെ കെട്ടി കുട്ടികള്‍ ആടുന്നത് കാണുമ്പോള്‍ വയസ്സുകുറഞ്ഞ് ഒരു ബാലനായി മാറുമ്പോള്‍ തോന്നുന്ന നഷ്ടബോധത്താല്‍ നനഞ്ഞുതേട്ടുന്ന ഗൃഹാതുരസ്മരണ ഒരോണമല്ലേ?
ഓരോ ഓണവും ജീവിതത്തിന് ക്ലാവുതുടച്ചു വൃത്തിയാക്കി തിളക്കം കൂട്ടാനുള്ളതാണ്. കാലം മാറിയാലും കോലം മാറിയാലും ഓണം എന്നും മലയാളിക്ക് കൂട്ടിനുണ്ടാവും. ഓരോ തവണയും ''എന്തോണം'' എന്ന് പരിഭവം പറഞ്ഞാലും ഓണം ഓണക്കോടി പോലെ പുത്തന്‍മണവുമായി വന്ന് പുഴവക്കത്തിരിക്കുമ്പോള്‍ കൊച്ചോളങ്ങള്‍ കാലിനടിയില്‍ ഇക്കിളികൂട്ടുന്നതുപോലെ മനസ്സിന്റെ കെട്ടഴിച്ചുവിടാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.
അസുരവംശജനോ, അസീറിയയിലെ രാജാവോ, ബുദ്ധമത തീര്‍ത്ഥങ്കരനോ, ഐതിഹ്യത്തിലെ ദൈത്യവംശത്തിലെ പ്രഹ്ലാദന്റെ പൗത്രനോ, തൃക്കാക്കര വച്ചു ചേര്‍ന്നിരുന്ന ചേരസാമ്രാജ്യത്തിലെ നാടുവാഴികളുടെ കൂട്ടായ്മയുടെ തലവനോ ആരുമായിക്കൊള്ളട്ടെ, മാവേലി എന്നും നന്മയുടെ പ്രതീകമായി നമ്മുടെ ഉള്ളില്‍ കുടിയിരിക്കും.
ഇതൊക്കെ എന്റെ തോന്നലുകള്‍ മാത്രമായിരിക്കും . അല്ലെങ്കില്‍ നഷ്ട സ്വര്‍ഗത്തെ കിനാവ് കാണുന്നതിനു പകരം ഞാന്‍ കാല്പനികതയില്‍ അഭിരമിക്കുകയായിരിക്കാം. ഒരുപക്ഷെ ഇതൊന്നും ആയിരിക്കില്ല ഓണം. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ അല്ലാത്ത ഓണവും ഉണ്ടായിരിക്കും. ഇന്നും ഓണം കാണം വിറ്റുപോലും ആഘോഷിക്കാന്‍ ത്രാണിയില്ലാത്ത നമ്മുടെ കൂടപ്പിറപ്പുകളെ ഓര്‍ക്കാതെ ഓണത്തെക്കുറിച്ച് വാചാലനാവുന്നത് മനസാക്ഷിയുടെ സമ്മതമില്ലാതെ ആയിരിക്കാം. എന്നാലും ഇങ്ങനെ വിചാരപ്പെടാതെ പോലും ഇരുന്നാല്‍ പിന്നെ ഓണത്തിനെന്തു ബാക്കി കാണും ?
കടന്നുപോയ ഓണക്കാലത്തെ സ്നേഹത്തോടെ, എന്നാല്‍ നഷ്ടബോധത്തോടെ ഓര്‍ക്കുന്ന ഒരു ഓണക്കവിത കേള്‍ക്കാം.എല്ലാ സുഹൃത്തുക്കള്‍ക്കും ഈ ഓണം നന്മയുടെ വിചാരങ്ങളാല്‍ സമൃദ്ധമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഇടയ്ക്ക് ഇങ്ങനെ കാണുന്നതുതന്നെ കണ്ണിനും മനസ്സിനും സുഖം.
ReplyDeleteഓണമെന്നാലും ഓണം തന്നെ
ReplyDeleteവായിച്ചു - നിറംകെട്ട പഴയകാലത്തേക്കാൾ എനിക്കിഷ്ടം പുതിയ കാലം തന്നെ. പണ്ട് കാടും മേടും കയറിയിറങ്ങി പൂ പറിച്ചിരുന്ന ശീലങ്ങൾ ഇല്ലാതായിരിക്കുന്നു. എന്റെ നാട്ടിൻപുറത്ത് മുക്കുറ്റിയും, തുമ്പയും, കാക്കപ്പൂവുമൊക്കെ ഇല്ലാതായിരിക്കുന്നു.....
ReplyDeleteഎന്നാലും പുതിയ കാലവും, പുതിയ കാലത്തെ ഓണവുമാണ് നല്ലത്...
നന്മയുള്ള ചിന്തകള്‍
ReplyDeleteനന്മ മനസ്സിലെ ഓണച്ചിന്തകൾ ...!
ReplyDelete