പശുവായി ജനിച്ചാല്‍ മതിയായിരുന്നു

തെറ്റ് ചെയ്യാതിരിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നതിനും രാഷ്ട്രങ്ങളുടെ അതിര്‍ വരമ്പുകള്‍ അതിലംഘിച്ച് കൊണ്ടുള്ള നല്ല നിയമങ്ങള്‍ ഉണ്ടാക്കുന്നതിനും ദൈനം ദിന ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പൊതു സമ്മതമായ ചിട്ടകള്‍  നടപ്പാക്കുന്നതിനും മതങ്ങള്‍ സഹായിക്കും. നല്ല മത വിശ്വാസികള്‍  മനുഷ്യന്റെയും  പ്രകൃതിയുടെയും നന്മ മാത്രമേ കാംക്ഷിക്കൂ . 

മതത്തിനു ആധാരമായ ദര്‍ശനങ്ങളുടെ പുറത്തെ പഴം മാത്രം തിന്നു അകത്തെ ദുഷ്കരമായ തോട് പൊട്ടിച്ചു പരിപ്പ് തിന്നാന്‍ സാധിക്കാത്തവര്‍ക്ക് മതം മടുക്കുന്നു. ചിട്ടവട്ടങ്ങള്‍ പലപ്പോഴും അല്പബുദ്ധികള്‍ ആയ മനുഷ്യര്‍ ഉണ്ടാക്കുന്നതാണ്. ആചാരങ്ങള്‍ പലപ്പോഴും സാന്ദര്‍ഭികം  ആയി ഉണ്ടായവയില്‍ നിന്ന് പൊട്ടിമുളച്ചതും . 

ഓണ്‍ലൈന്‍ ഇടങ്ങളില്‍ പലപ്പോഴും ആചാരങ്ങളുടെ നിരര്‍ത്ഥകതയെക്കുറിച്ചു ഘോരഘോരം ചര്‍ച്ചകള്‍ നടത്തുന്നത് കാണാം. ഇതിലിങ്ങനെ  കടിച്ചുതൂങ്ങാതെ, പുഴയിലെ ഉരുളന്‍ കല്ലുകള്‍ പോലെ പൌരാണികര്‍ മുതലിങ്ങോട്ടുള്ള ദാര്‍ശനികരുടെ ചിന്താധാര ആകുന്ന ഒഴുക്കുവെള്ളം  കൊണ്ട്  മിനുസമുള്ളതായി മാറിയ കാഴ്ചപ്പാടുകളെ മനനം ചെയ്യുക . തന്റെതായ രീതിയില്‍ എന്തെങ്കിലും സംഭാവന ചെയ്യാന്‍ പറ്റുമോ എന്ന് നോക്കുക . സ്വാദ്ധ്യായം ചെയ്യുക. 

എന്നാല്‍ , ജീവിതം ജനനത്തിനും മരണത്തിനും ഇടയില്‍ ഉള്ള ഹ്രസ്വമായ വ്യവഹാരം മാത്രമാണ് എന്ന് കരുതുകയും , അത് നന്നായി ജീവിക്കാന്‍ എനിക്കറിയാം എന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുകയും ചെയ്യുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ സഞ്ചിത ചിന്തകള്‍ പാടെ നിരാകരിക്കാം. നിരീശ്വരത്വം എന്നോ മറ്റെന്തൊക്കെയോ പേരിട്ടു വിളിച്ചാലും അത് അവരുടെ സ്വാതന്ത്ര്യമാണ്. 

ചിന്തകള്‍ ആണ് പ്രശ്നം. മുതിര്‍ന്ന  മനുഷ്യന്‍ ചിന്തകളുടെ സന്താനം ആണല്ലോ. മുകുന്ദന്‍ പറഞ്ഞ പോലെ " ഒരു പശുവായി ജനിച്ചാല്‍ മതിയായിരുന്നു. അല്പം പുല്ലും വെള്ളവും മതി. അസ്തിത്വ ദുഃഖം അറിയേണ്ടല്ലോ " 

Comments

  1. നന്ദി , വായനക്ക് , അജിത്തെട്ടന്‍ , മുഹമ്മദ്‌ ഇക്ക , മനോജ്‌ , തങ്കപ്പേട്ടന്‍

    ReplyDelete

Post a Comment