Post

(പരിഭാഷ )
വൈകീട്ട് കുടുംബാംഗങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണം ലഭിക്കുന്നതിനുവേണ്ടി വല്ലാതെ അധ്വാനിക്കുന്നയാളായിരുന്നു അയാള്‍ . ദരിദ്രനെങ്കിലും അധ്വാനത്താല്‍ സന്തോഷഭരിതന്‍ . പക്ഷേ, ഈ ക്രിസ്മസ് നാളുകളില്‍ അയാള്‍ ചിന്താഭരിതനായിരുന്നു. വെറും അഞ്ചുവയസ്സ് മാത്രം പ്രായമുള്ള അയാളുടെ മോളെ അയാള്‍ക്ക് ശിക്ഷിക്കേണ്ടി വന്നു. എന്താ കാരണം ? വീട്ടില്‍ ആകെയുള്ള വിലപിടിപ്പുള്ള വസ്തുവായ സ്വര്‍ണ്ണ പൊതിക്കടലാസ് അവള്‍ ഉപയോഗിച്ചുകളഞ്ഞു.
ക്രിസ്മസ് അടുത്തുവരുമ്പോഴേക്കും അയാള്‍ കൂടുതല്‍ വിഷാദമഗ്നനായി. കൈയില്‍ പണം ഒന്നുമില്ല. ക്രിസ്മസ് ഈവിന് അയാള്‍ കണ്ടത് മകള്‍ എല്ലാ സ്വര്‍ണക്കടലാസും ഉപയോഗിച്ച് ഒരു ഷൂബോക്‌സ് അലങ്കരിച്ച് ക്രിസ്മസ് ട്രീയുടെ താഴെ വെയ്ക്കുന്നതാണ്. അവള്‍ക്ക് എവിടെ നിന്ന് പണം കിട്ടി, ആ പേപ്പറും ഷൂബോക്‌സും വാങ്ങാന്‍ !

പിറ്റേന്ന് രാവിലെ അയാളെ ഞെട്ടിച്ചുകൊണ്ട് അവള്‍ പറഞ്ഞു : '' അച്ഛാ , ഇതു അച്ഛനാണ് ''  അവള്‍ അച്ഛന് ആ സമ്മാനം നല്‍കി.
സമ്മാനപ്പെട്ടി തുറന്നുനോക്കവെ അയാള്‍ മകളെ നേരത്തെ വഴക്കുപറഞ്ഞതില്‍ പശ്ചാത്താപിച്ചു.
എന്നാല്‍ പെട്ടി തുറന്നപ്പോഴോ ? അതില്‍ ഒന്നൂമില്ല! അയാള്‍ക്ക് വീണ്ടും കലി കയറി. '' നിനക്കറിയില്ലേടീ.... !''
' വല്ലവര്‍ക്കും വല്ല സമ്മാനവും നല്‍കുമ്പോള്‍ പെട്ടിമാത്രം പോരാ, അതില്‍ എന്തെങ്കിലും വിലപിടിപ്പുള്ളത് വെക്കുകയും വേണം ''

അവള്‍ ഒന്നും മിണ്ടാതെ അച്ഛനെ നിര്‍നിമേഷയായി നോക്കി. കണ്ണീര്‍മുത്തുകള്‍ അവളുടെ ഇരുകവിളുകളിലൂടെ താഴേക്കുവീണു. അവള്‍ മൃദുവായ സ്വരത്തില്‍ പറഞ്ഞു:
'' അച്ഛാ, ആ പെട്ടി ഒഴിഞ്ഞതല്ല. ഞാനാ പെട്ടി നിറയുന്നതുവരെ ഉമ്മകള്‍ ഇട്ടിട്ടുണ്ട് ''

ആ പാവം അച്ഛന്റെ ഹൃദയം ഉരുകിപ്പോയി. അയാള്‍ മുട്ടില്‍ ഇരുന്ന് ഇരുകൈകളും കൊണ്ട് മകളെ വാരിപ്പുണര്‍ന്നു. പെട്ടെന്ന് ദേഷ്യപ്പെട്ടതിന് അയാള്‍ ഒരുപാട് ക്ഷമചോദിച്ചു.

കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ , കഷ്ടം , ഒരു അപകടത്തില്‍ അയാളുടെ മകള്‍ മരിച്ചുപോയി. ആ സ്‌നേഹമയനായ അച്ഛന്‍ , അദ്ദേഹം എന്തുചെയ്യട്ടെ! അയാളുടെ ജീവിതകാലം മുഴുവന്‍ കിടക്കുന്ന കട്ടിലിനരികെ ആ സമ്മാനപ്പെട്ടി സൂക്ഷിച്ചുവെച്ചു. ജീവിതത്തില്‍ ദുഃഖങ്ങള്‍ ഉണ്ടാകുമ്പോള്‍ അയാള്‍ ആ പെട്ടി തുറന്ന് അതില്‍ നിക്ഷേപിച്ച സാങ്കല്‍പിക ഉമ്മയില്‍ ഒന്നെടുക്കും, തന്റെ മനോഹരിയായ മകളെ ഓര്‍ക്കും.

നമ്മുടെ രാഷ്ട്രം , നമ്മുടെ സമൂഹം, നമ്മുടെ സുഹൃത്തുക്കള്‍ , ഈ പ്രപഞ്ചം വേര്‍പെട്ടു ചിതറിത്തെറിക്കാതെ കോടിക്കണക്കിന് നക്ഷത്രങ്ങളുടെ കണ്ണിയില്‍ ഇണക്കി നമുക്ക് പ്രകാശവും നില്‍ക്കാന്‍ ഇടവും തന്ന ആ പ്രകൃതീശക്തി, നമ്മുടെ അച്ഛനമ്മമാര്‍ , ഗുരുക്കന്‍മാര്‍ , ഇണ, കുട്ടികള്‍ .... എല്ലാവരും നിസ്വാര്‍ത്ഥസ്‌നേഹത്തിന്റെ ഉമ്മകള്‍ കൊണ്ടുനിറച്ച ഒരു സ്വര്‍ണപ്പെട്ടി നമ്മുടെ കൈയില്‍  ഉണ്ട്.

പണത്തിനു പിന്നാലെ ഭ്രാന്തുപിടിച്ചോടുന്ന മനുഷ്യാ, ഇതിലും വിലപ്പെട്ടത് ലോകത്തില്‍ മറ്റെന്താണ് !

(നടന്നതെന്ന് കരുതപ്പെടുന്ന ഈ ഇന്ഗ്ലീഷ്‌ കഥ ആരാണെഴുതിയതെന്ന് എനിക്കറിയില്ല. ഞാന്‍ അതിന്റെ അല്‍പ്പം സ്വതന്ത്രമായ ഒരു പരിഭാഷ നടത്തിയതാണ്. picture courtesy: thumbs.dreamstime.com)
Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

7 Responses so far.

Leave a Reply

Related Posts Plugin for WordPress, Blogger...