കാറ്റും പുഴയും മരിച്ചിടുമ്പോള്‍


ണ്ണന്‍ ചിരട്ടയില്‍ കഞ്ഞിവച്ചു-
കളിച്ചാ, ഘോഷമാക്കിയ ബാല്യകാലം
മധുരമാം നിശ്വാസഗന്ധം ചുരത്തുന്ന
മധുവിധുപോലുള്ള പ്രേമകാലം

വേനലവധിയില്‍ കൗമാരച്ചൂരിനാല്‍
വേവുന്ന മണ്ണിലുരുണ്ടകാലം
ഊഷരഭൂമിതന്‍ മാറിലൂടങ്ങനെ
ഉഷ്ണവിയര്‍പ്പിന്റെയുപ്പായ കാലം  

കശുമാവിന്‍ ചോട്ടിലെ കാത്തിരിപ്പും
കളിയായി നുള്ളും കോരിത്തരിപ്പും
കടുക്കാച്ചിമാവിന്റെ സമ്മാനമായ്
കവിതപോലുള്ള തേന്‍മാമ്പഴവും

വരണ്ടപാടത്തിന്നതിരിടുന്ന
വറ്റാത്ത തോടിന്നരികിലൂടെ
വിഭ്രമിച്ചോടുന്ന ഞണ്ടുകളും
വിസ്മയരൂപിയാം നമച്ചി*കളും

നെറ്റിയില്‍പൊട്ടുള്ള കുഞ്ഞുമീനും
ഒറ്റയ്ക്ക് ധ്യാനിക്കും കൊക്കുകളും
ഒളിച്ചുകളിക്കും വെള്ളാമകളും
ഓടിമറയും പൈക്കുട്ടന്മാരും

വറ്റിത്തുടങ്ങും കുളത്തിനുള്ളില്‍
വറ്റാത്ത കാമം പ്രതിധ്വനിക്കേ
പായലും ആമ്പലും കുളവാഴയും
കളിയായി കാലില്‍ പിണഞ്ഞിരിക്കും

അതിരാണിപ്പൂക്കള്‍ ചവച്ചിറക്കി
അറിയാതെമുട്ടിയുരുമ്മിടുമ്പോള്‍
അതിലോലമായ കവിള്‍ത്തടത്തില്‍
കൊതിയൂറും വേര്‍പ്പുമണികള്‍കൂമ്പും

ചവര്‍പ്പും മധുരവും കയ്പ്പുമതിനൊപ്പം
ഉപ്പും പുളിപ്പുമായ് ചേര്‍ന്നകാലം
ഒളിച്ചുകളിക്കിടെ ഒന്നായിമാറുന്ന
കളിതം നിറഞ്ഞ കുസൃതിക്കാലം

കാറ്റും പുഴയും മരിച്ചിടുമ്പോള്‍
പോറ്റമ്മയാം ഭൂമി തേങ്ങിടുമ്പോള്‍ 
കാലമേ, എന്തിനീ ബാല്യകാലം
കാര്യമില്ലാതിനിയോര്‍ക്കുന്നുഞാന്‍ !
--------------
നമച്ചി - പാടങ്ങളില്‍ കാണുന്ന കക്ക വര്‍ഗത്തില്‍ പെട്ട @ ആകൃതിയിലുള്ള ജീവി. 

© 8479 ■ dharan.ıɹǝuuɐʞʞɐɯ ■

Comments

  1. ഓര്‍മ്മകള്‍ പിന്നിലേക്ക്‌ വലിക്കുന്നു .....ജീവിതം മുന്നോട്ടും ........
    ഇഷ്ട്ടത്തോടെ ....

    ReplyDelete
  2. ഓര്‍ക്കാതിരിക്കാനൊക്കുമോ
    ആ സുവര്‍ണ്ണ കാലം....
    ഓര്‍മ്മകളില്‍ സുഗന്ധം പരത്തുന്ന വരികള്‍
    ആശംസകള്‍

    ReplyDelete
  3. നന്ദി, രാംജി , മനോജ്‌ , ഫാതിമ , തങ്കപ്പേട്ടന്‍ , ഹരി , വിജിന്‍ .
    മറ്റു വായനക്കാര്‍ക്കും.

    ReplyDelete
  4. കാറ്റും പുഴയും മരിച്ചിടുമ്പോള്‍
    പോറ്റമ്മയാം ഭൂമി തേങ്ങിടുമ്പോള്‍
    കാലമേ എന്തിനീ ബാല്യകാലം
    കാര്യമില്ലാതിനിയോര്‍ക്കുന്നു .... നല്ല വരികള്‍.

    ReplyDelete
  5. ഗൃഹാതുര കവിതകളിൽ സ്ഥിരം കണ്ടു വരാറുള്ള ചിത്രങ്ങൾ തന്നെ അധികവും. അതുകൊണ്ട് പ്രമേയപരമായ പുതുമ അനുഭവപ്പെട്ടില്ല. കവിതയുടെ ലാളിത്യം ഇഷ്ടപ്പെട്ടു.

    'വറ്റിത്തുടങ്ങും കുളത്തിനുള്ളിൽ
    വറ്റാത്ത കാമം പ്രതിധ്വനിക്കേ
    പായലും ആമ്പലും കുളവാഴയും
    കളിയായി കാലിൽ പിണഞ്ഞിരിക്കും'

    ഈ വരികൾ ഇഷ്ടപ്പെട്ടു. വരികൾക്കപ്പുറമുള്ള കാഴ്ച്ച ഈ വരികൾ മുന്നോട്ടു വെക്കുന്നു.

    ReplyDelete

Post a Comment