Post

ത്തു വയസ്സായ ഓര്‍ക്കൂട്ടിന് അകാല ചരമം. ഫേസ് ബുക്കിന്‍റെ സമകാലികനായി വളര്‍ന്ന ടിയാന് കഴിഞ്ഞ ജൂണില്‍ തന്നെ മസ്തിഷ്‌ക മരണം സംഭവിച്ച് വെന്റിലേറ്ററില്‍ കിടക്കുകയായിരുന്നു. ഇന്ന് , സപ്തംബര്‍ മുപ്പതിന് , ഗൂഗിള്‍ ഓര്‍ക്കൂട്ടിന്റെ ഓക്‌സിജന്‍ ട്യൂബ് ഊരി.
ബ്രസീലുകാരും അമേരിക്കക്കാരും ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളികളും ഓര്‍ക്കൂട്ടന്മാരും ഓര്‍ക്കൂട്ടിമാരും ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ മുഖപുസ്തകം ഒരു നീരാളിയെപ്പോലെ സര്‍വമേഖലകളിലും പടര്‍ന്നുകയറിയപ്പോള്‍ ഇവിടങ്ങളില്‍ ഒക്കെ അത് ഒരു ഓര്‍മക്കൂട്ടായ്മ മാത്രമായി. ഗൂഗിള്‍ ഓര്‍ക്കൂട്ടിനെ പോറ്റുന്നത് നിര്‍ത്തിയിട്ട് കുറേ നാളുകളായി. എന്നാലും, കുതിച്ചോടുന്ന ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും ഒക്കെ പുറകെ കിതച്ചും മുടന്തിയും ഓര്‍ക്കൂട്ടും മെല്ലെ മെല്ലെ നടക്കുന്നുണ്ടായിരുന്നു. 

ഒ. ബുയുക്കോട്ടെന്‍ എന്ന വിദ്യാര്‍ത്ഥിക്ക് അവന്റെ സ്ത്രീസുഹൃത്തിനെ നഷ്ടപ്പെട്ടത് ഒരു തീവണ്ടിയപകടത്തിലാണ്. എന്നാല്‍ മരണപ്പെട്ടവരുടെ ലിസ്റ്റില്‍ അവളുടെ പേരില്ലായിരുന്നു. ലോകത്തിന്റെ ഏതോ ഒരു കോണില്‍ അവള്‍ ജീവിച്ചിരിപ്പുണ്ട് എന്നവന്‍ ഉറച്ചു വിശ്വസിച്ചുു. വളര്‍ന്ന് ഐ.ടി. ആര്‍ക്കിട്ക്ട് ആയ അവന്‍, ലോകത്തിന്റെ പല കോണുകളിലെയും പ്രോഗ്രാമര്‍മാരെ വാടകയ്‌ക്കെടുത്തു. എന്തിനെന്നോ ? അവന്റെ നഷ്ടപ്പെട്ടുപോയ സഖിയെ വെബ്ബ് വഴി തിരഞ്ഞു കണ്ടുപിടിക്കാന്‍.... അവസാനം അവന്‍ അവളെ കണ്ടുപിടിക്കുക തന്നെ ചെയ്തു. മൂന്നു വര്‍ഷത്തെ അക്ഷീണ പരിശ്രമത്തിനൊടുവില്‍ ...

ആ സോഫ്റ്റ് വെയര്‍ അതോടെ നിര്‍ത്തിവെക്കേണ്ടതായിരുന്നു, എന്നാല്‍ ഗൂഗിള്‍ അത് ഏറ്റെടുത്തു. ആദ്യവര്‍ഷം തന്നെ ഒരു ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കുകയും ചെയ്തു. ഗൂഗിള്‍ ഈ പ്രോഗ്രാമിന് അതിന്റെ സ്ഥാപകനായ ഓര്‍ക്കൂട്ട് ബുയുക്കോട്ടന്റെ പേരിന്റെ ആദ്യഭാഗം തന്നെ പേരായി നല്‍കി. ഓര്‍ക്കൂട്ടിന്റെ പ്രതാപകാലത്ത് അദ്ദേഹത്തിന് പ്രതിദിനം ഇരുപതിനായിരം ഫ്രണ്ട് റിക്വസ്റ്റുകള്‍ വരെ വരാറുണ്ടായിരുന്നത്രേ.. ഓരോ വ്യക്തിയും ഇതില്‍ അക്കൗണ്ടെടുക്കുമ്പോള്‍ ഈ 'ബുയുക്കുട്ട'ന് പന്ത്രണ്ട് ഡോളര്‍ ആയിരുന്നു ഒരുകാലത്ത് കിട്ടിക്കൊണ്ടിരുന്നത്.

മലയാളികള്‍ക്കിടയില്‍ ഓര്‍ക്കൂട്ടില്‍ ധാരാളം കമ്യൂണിറ്റികള്‍ ഉണ്ടായിരുന്നു. കമ്യൂണിറ്റി പേജുകള്‍ പ്രിസര്‍വു ചെയ്യും എന്ന് ഗൂഗിള്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഓര്‍ക്കൂട്ട് എന്നടിച്ചാല്‍ കാണുന്ന ലാന്‍ഡിംഗ് പേജില്‍ അതിനുള്ള ലിങ്ക് കാണുന്നുണ്ട്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ ഉള്ള ഒരു ലിസ്റ്റും കാണുന്നുണ്ട്. അല്‍പം തിരഞ്ഞെങ്കിലും മലയാളം കമ്യൂണിറ്റികള്‍ എനിക്ക് കണ്ടെത്താനായില്ല.

ഗൂഗിള്‍ ഇതാദ്യമായല്ല സര്‍വ്വീസുകള്‍ അടച്ചുപൂട്ടുന്നത്. ധാരാളം ഉപഭോക്താക്കള്‍ ഉണ്ടായിരുന്ന ഗൂഗിള്‍ റീഡര്‍ നിര്‍ത്തിക്കളഞ്ഞത് അടുത്ത കാലത്താണല്ലോ. ആ സര്‍വീസ് നിര്‍ത്തിയത് സിന്‍ഡിക്കേഷന്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വരും... പോകും.. ഇന്നു ഞാന്‍ നാളെ നീ.
സൗഹൃദത്തിന്‍റെ
ഊഷ്മളമായ ഓര്‍മകളില്‍
ഓര്‍ക്കൂട്ടേ... വിട.
Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

2 Responses so far.

Leave a Reply

Related Posts Plugin for WordPress, Blogger...