Post

ണ്ടുമൂന്നു ദിവസമായി ഉച്ചകഴിഞ്ഞാല്‍ ഇടിമിന്നലോടുകൂടിയ പെരുമഴയാണ്. എവിടെപ്പോയാലും വൈകീട്ട് നേരത്തെ എത്തണം എന്നാണ് വീട്ടില്‍നിന്നുള്ള കല്‍പ്പന. ഇന്നലെ രാത്രി കുറേ നേരം ഉറക്കമൊഴിച്ച് ചില കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നു. അതിന്റെ ക്ഷീണവും, കൂടെ ഇന്ന് രാവിലെ ഒരു ക്ലാസിലും പങ്കെടുക്കണം. ഗിരീഷ് പാലേരി മുഖപുസ്തകത്തിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഇന്ന് പാലേരിയിലുള്ള ഗിരീഷിന്റെ വീടിന്റെ പാലുകാച്ചലും. അവിടെ എന്തായാലും പോകണം. അതുകൊണ്ട് അല്‍പം ക്ഷീണമുണ്ടായിരുന്നെങ്കിലും അത് വകവയ്ക്കാതെ ഞാന്‍ ഒരു പത്തുമണിയോടുകൂടി വീട്ടില്‍നിന്നിറങ്ങി.
ഗുല്‍മുവിന്റെ മാപ്പ് ഓര്‍മയിലുള്ളതുകാരണം വഴി ചോദിക്കേണ്ട ആവശ്യം വന്നില്ല. കൂനിയോട് എത്തിയപ്പോള്‍ ഞാന്‍ ഒരു ഓട്ടോ ഡ്രൈവറോട് ചോദിച്ചു '' ഇന്ന് വീട്ടില്‍ക്കൂടല്‍ നടക്കുന്ന ഗിരീഷിന്റെ വീടെവിടെയാ? ''
ഓട്ടോ ഡ്രൈവര്‍ പറഞ്ഞു '' സഞ്ചിയില്‍ പുസ്തകക്കെട്ടും കാസറ്റുകളുമൊക്കെയായി ഇന്നാട്ടുകാരല്ലാത്ത വേറെയും കുറേപേര്‍ ഗിരീഷിന്റെ വീട് അന്വേഷിച്ചിരുന്നു. നിങ്ങളൊക്കെ ഫേസ്ബുക്കു കവികളാ? ''
ഞാന്‍ മനസ്സില്‍ പറഞ്ഞു, അവരാരും കേള്‍ക്കേണ്ട. കേട്ടാല്‍ കവിതയെഴുതി നിങ്ങളെ കടിച്ചുകീറും. ഇഞ്ചക്കാടന്‍ ഇഞ്ച ചതയ്ക്കുന്നതു പോലെ ചതച്ചുകളയും. വീട്ടിയുടെ കരുത്തുള്ള സുധീര്‍ഭായി കീറിമുറിക്കും. മങ്കുര്‍ണിയുമായി നില്‍ക്കുന്ന വിഗ്നേശ്വരന്‍ കാര്‍ട്ടൂണ്‍ വരച്ച് നിങ്ങളുടെ തൊലിയുരിക്കും. ഖരീംക്ക പ്രണയചാപമെയ്ത് നിങ്ങളെ ഖഷണം ഖഷണമാക്കിക്കളയും..... (ഇഞ്ചക്കാടനും സുധീറും വിഗ്നേഷും ഗിരീഷിന്റെ വീട്ടില്‍ പമ്മിയിരിക്കുന്നതിന്റെ ഫോട്ടോ രാവിലെ ഞാന്‍ ഫേസ്ബുക്കില്‍ കണ്ടിരുന്നു)
കുററ്യാടി ഹൈവേ ഹേമമാലിനിയുടെ കവിള്‍ പോലെ സ്മൂത്ത് ആയ റോഡ് ആയിരുന്നു. വടക്കുമ്പാട് നിന്ന് ഗിരീഷിന്റെ വീട്ടിലേക്കുളള റോഡ് അല്‍പ്പം പൊട്ടിപ്പൊളിഞ്ഞതാണ്. ഏകദേശം അഞ്ചുമിനുട്ട് പോയപ്പോള്‍  ' കിനാവുകള്‍ക്കുമുകളില്‍ കൂടുകൂട്ടാനെത്തിയ ജാലകപ്പക്ഷിയുടെ പാട്ടും, ഇനിയൊന്ന് തലചായ്ക്കാന്‍ സ്വപ്‌നങ്ങളും, ചേക്കേറുന്ന പ്രതീക്ഷകളുമായി നന്ദനയും (മോള്‍) നന്ദനവും ഗിരീഷും മിസ്സിസും കാത്തിരിക്കുന്നത് കണ്ടു. അതിഥികളൊക്കെ വന്നുതുടങ്ങിയിട്ടുണ്ട്.
മുഖപുസ്തക സുഹൃത്തുക്കള്‍ കുറേപേര്‍ വന്നിട്ടുണ്ട് എന്ന് ഗിരീഷ് പറഞ്ഞു. വിഗ്നേശ് ഗംഗന്‍ തലേന്ന് വന്ന് എന്തോ അടിയന്തിര ജോലിയുള്ളതുകാരണം രാവിലെ തിരിച്ചുപോയി. പുള്ളി വരച്ച് നല്‍കിയ പനിനീര്‍പ്പൂക്കള്‍ കണ്ടു. പുതിയ വീട് കാണാമെന്ന് കരുതി മുകളില്‍ കയറിയപ്പോള്‍ ഒരു മുറിയില്‍ സുധീറിനെ കണ്ടപ്പോള്‍ എനിക്ക് പെട്ടെന്ന് മനസ്സിലായി. അല്‍പ്പം കൂടി ഉയരമുള്ള ഒരാളായിരിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഇഞ്ചക്കാട് ബാലേട്ടനെ എനിക്ക് നേരത്തെ നേരിട്ട് പരിചയമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തീക്കുനിയില്‍ വച്ചു കണ്ടതിന്റെ പരിചയം ഞങ്ങള്‍ പുതുക്കി. മുറ്റത്ത് ഇന്ദ്രാണിയും ദിലീപ് ദിഗന്ത... (ആ എന്തെങ്കിലും ആയിക്കോട്ടെ) നും കൂടുംബസമേതം നില്‍ക്കുന്നുണ്ടായിരൂന്നു. ദിലീപ് എന്നോട് ചോദിച്ചു. '' ഈ വീടിന്റെ മുഖം വടക്കോട്ടാണോ? '' ഞാന്‍ പറഞ്ഞു. '' അതെ എന്നു തോന്നുന്നു, എന്താ ചോദിച്ചത് ? ''
പുള്ളി പറഞ്ഞു. '' ഓ! ഒന്നുമില്ല, ഞാന്‍ ദിക്കുകളുടെ നാഥനാണ്. ദിലീപ് ദിഗന്തനാഥന്‍... അറിഞ്ഞിരിക്കണമല്ലോ.. ''
ഇന്ദ്രാണി പരിചയപ്പെട്ടശേഷം പെട്ടെന്ന് തന്നെ പോയി. ദിലീപും കാപ്പാസ് നെല്ലിക്കോടുമായി ഞാന്‍ അല്‍പ്പനേരം സംസാരിച്ചിരുന്നു. മുഹമ്മദ് അബ്ദുല്ല എനിക്ക് രണ്ട് കവിതാ പുസ്തകം സമ്മാനിച്ചു. ബാലേട്ടന്‍ മൂന്ന് വീഡിയോകളും. എത്ര ദൂരേ നിന്നാണ് ഓരോ സുഹൃത്തുക്കളും വരുന്നത് ! അല്‍പ്പം കഴിഞ്ഞ് കയറിവരുന്ന ആളെ എനിക്ക് നേരിട്ട് പരിചയമില്ലെങ്കിലും ദൂരെ നിന്നേ മനസ്സിലായി, ഹരി കിസ്സന്‍. ഞാനും ഹരിയും കൂടി ഒരു ചായകുടിച്ചു. അപ്പോഴേക്കും സുധീറും ഇഞ്ചക്കാടനും പോകാനൊരുങ്ങി. അവര്‍ തലേന്നെ വന്നതാണല്ലോ. മാത്രമല്ല, ഇന്ന് ഇഞ്ചക്കാടന്റെ പിറന്നാളുമായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരു പിറന്നാളുകാരിവന്നു, വനജ വാസുദേവ്. വനജയെയും എനിക്ക് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി. ഞാന്‍ ''വനജേ'' എന്ന് വിളിച്ചപ്പോള്‍ പുള്ളിക്കാരി ഞെട്ടിപ്പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ഷീജട്ടീച്ചറും ഫാമിലിയുമായി എത്തി. കൂടെ മറ്റൊരു സൂഹൃത്തും. മുറ്റത്ത് ഒറ്റയ്ക്കിരിക്കുകയായിരുന്ന അശ്വിനെ (അച്ചു) അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. എന്റെ എഫ് ബി ഫ്രണ്ട് അല്ല പുള്ളി, പക്ഷെ സംസാരിച്ച് ഞങ്ങള്‍ പെട്ടെന്ന് സുഹൃത്തുക്കളായി. ഒരു വലിയ ആക്‌സിഡന്റില്‍ നിന്ന് അവന്‍ മാസങ്ങളോളമെടുത്ത് റിക്കവര്‍ ചെയ്ത വേദനയൂറുന്ന കഥ പറഞ്ഞു. എം.ബി.എ ഫൈനല്‍ സെമ്മിന് പഠിക്കുകയാണ് പുള്ളി. ഞങ്ങള്‍ ഒന്നിച്ച് ഭക്ഷണം കഴിച്ചു. സാമ്പാര്‍, മാങ്ങയിട്ടുവച്ച നല്ലൊരു മീന്‍കറി, മറ്റ് ഉപദംശങ്ങള്‍, അസ്സല്‍ ചിക്കന്‍ റോസ്റ്റ് എന്നിവയുണ്ടായിരുന്നു. അപ്പോഴേക്കും മഴ കനത്തുതുടങ്ങി. ഞാന്‍ ബൈക്കിനാണ് വന്നത്.. വലിയ മഴ വരുന്വോഴേക്ക് പോകണം എന്ന് കരുതിയിരിക്കുമ്പോള്‍ ആണ് ഒരു പട കയറി വരുന്നത്. കരീംക്കയും, വര്‍മാജിയും, അബ്ദുള്‍നാസറും ഒക്കെ. കൂടെ കുറെ കിങ്കരന്മാരും. നമ്മുടെ പഴയ ഇമ്പിച്ചിക്കോയയുമുണ്ട്. ഇമ്പിച്ചിക്കോയ നടക്കുമ്പോള്‍ കാലിന് വേദനയുള്ളതുപോലെ തോന്നി ഞാന്‍ ചോദിച്ചു - എന്തുപറ്റി? പുള്ളി പറഞ്ഞു: '' വരുന്നവഴി ബാലുശ്ശേരിയില്‍ നിന്ന് ഒരു തേളു കുത്തി, അതിന്റെ വേദനയാണ് '' നല്ല കുമ്പ വന്നിട്ടുണ്ട് കോയക്കക്ക്, '' ഇപ്പോ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സാണ്. അതിനു വേണ്ടി ഫിറ്റ് ചെയ്തതാണ് ഇഷ്ടാ ഈ കുമ്പ , ജീവിച്ചുപോകണ്ടെ. ''
നാടന്‍ ഭാഷയില്‍ സ്റ്റാറ്റസുകളെഴുതുന്ന ഉമ്മര്‍കോയയും ഉണ്ടായിരുന്നു. അദ്ദേഹം പ്രവാസത്തിന്റെ പ്രയാസങ്ങള്‍ പറഞ്ഞു. ഞാന്‍ യാത്രപറഞ്ഞിറങ്ങാന്‍ നേരം, സൂഹൈബ് നാണി പതിവുപോലെ നാണിച്ച് കയറിവരുന്നുണ്ടായിരുന്നു. അപ്പോഴേക്കും മഴ നന്നായി പെയ്യാന്‍ തുടങ്ങി. ഞാന്‍ അശ്വിനെ ബസ് സ്റ്റോപ്പില്‍ വിട്ട്, കനത്തുപെയ്ത് ഇടിവെട്ടി കുത്തിയൊഴുകുന്ന മഴ ആസ്വദിച്ച് ഒന്നരമണിക്കൂറോളം ബേക്കോടിച്ച് നനഞ്ഞു കുളിച്ച് നിലംപരിശായി നാലുമണിയോടെ വീട്ടിലെത്തി. ദൂരെ ദൂരെയുള്ള പല കോണുകളില്‍നിന്നായി ഗിരീഷിന്റെ ഗ്രാമത്തിലേക്ക് ഞങ്ങള്‍ എല്ലാവരുമെത്തിയ സൗഹൃദത്തിന്റെ ആ ഇഴയടുപ്പം മനസ്സില്‍ താലോലിച്ചുകൊണ്ട്.Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

Leave a Reply

Related Posts Plugin for WordPress, Blogger...