ഷാപ്പുകറി

 മുക്കിനി കള്ളുഷാപ്പുകളില്‍ ചേക്കേറാം.
അതികാലെ പിടിച്ചുകൊണ്ടുവന്ന പുഴമീനുകള്‍
എരിവാര്‍ന്ന കറിയായോ എന്നുനോക്കാം

ഷ്വാര്‍സനിഗറുടെ മസിലുകള്‍പോലെ
തടിച്ചുകുറുകിയ കാലുള്ള ഞണ്ടുകള്‍
വെന്തുലര്‍ന്നുവോ എന്നു നോക്കാം

കല്ലുമ്മക്കായയും ഇരുന്തും എളമ്പക്കയും
സവാളയും മസാലയും പുരട്ടി
വെളിച്ചെണ്ണയില്‍ ഞരടിച്ചേര്‍ത്ത്
വെന്തമണംപൊങ്ങിയോ എന്നുനോക്കാം.

ഏട്ടത്തല കഷണമാക്കി പുളിയും മുളകും
കുരുമുളകും ചേര്‍ത്ത് കുറുക്കി
കടിച്ചുവലിക്കാന്‍ പാകമായോന്നുനോക്കാം.

റൊട്ടിക്കപ്പ തിളച്ചവെള്ളത്തില്‍ പുഴുങ്ങി
മഞ്ഞള്‍പ്പൊടിചേര്‍ത്ത് ഉലര്‍ത്തി
ആയിരം കടുക് വറുത്ത് ചേര്‍ത്ത്
പഞ്ഞിപോലെ നേര്‍പ്പിച്ചോ എന്നു നോക്കാം

മൈദ സൂചിമുനക്കനത്തില്‍ നീട്ടിപ്പരത്തി
വീശിയടിച്ച് വീതി കൂട്ടി
ആലവട്ടം പോലെ ഇടത്തുംവലത്തും മടക്കി
ഒന്നാക്കി മുറിച്ച് കഷണമാക്കി
വട്ടത്തില്‍ ചുരുട്ടി അടിച്ചുപരത്തി
തിളച്ച കല്ലില്‍ ചുട്ടെടുത്ത്
ഒന്നിച്ച് വെച്ച് അരികുകള്‍ ഞെക്കിയുടച്ച്
കിടിലന്‍ 'ബൊറാട്ട' അട്ടിവെച്ചോ എന്നുനോക്കാം.

മുളങ്കുറ്റിയിലെ ആവിയില്‍ തേങ്ങാപ്പീരയതിരിട്ട
രുചിയാര്‍ന്ന തോലുള്ള വലിയപുട്ട്
വാഴയിലകൊണ്ടു മൂടിവെച്ചോ എന്നുനോക്കാം.

എരിവുകൊണ്ടു ചുണ്ടുചുവന്നാല്‍
ചുവപ്പും ഇളംമഞ്ഞയും നിറമുള്ള
ചെറിയമണ്‍കുടങ്ങളിലിളംകള്ളുവാങ്ങാം
കള്ള് വേണ്ടാത്തവന് നീരകുടിക്കാം

പിറ്റേന്നത്തെ മുട്ടുവേദനമാറാനൊരു
പച്ചീര്‍ക്കിലി ചവച്ചുകൊണ്ടിരിക്കാം

ബാറില്ലെങ്കില്‍ ബീറില്ലേയെന്ന
ബോറടിച്ചിന്തമാറ്റാം.
വിസ്‌കിയും ബ്രാണ്ടിയും വോഡ്കയും കുടിച്ച്
കൂമ്പടഞ്ഞ രസമുകുളങ്ങളെ
പുരാതനകേരളാമൃതംകൊണ്ട്
ഇക്കിളിയാക്കി തട്ടിയുണര്‍ത്താം

കള്ളകത്ത് ചെന്ന് മത്തുപിടിച്ചാല്‍
ഇളകിയ മരബഞ്ചില്‍ താളംപിടിച്ച്
മെഹബൂബിന്റെ പാട്ടുപാടാം
മടുക്കുംവരെ കവിതചൊല്ലാം

വേച്ചുവീഴുന്നതിന്റെ തൊട്ടുമുമ്പ്
അച്ചാറുതൊട്ടുനാവുനന്നാക്കി
തൊര്‍ത്തെടുത്ത് തലയില്‍ക്കെട്ടി
ആടിയാടി വീട്ടില്‍പോകാം.

അവനവന്റെ തെങ്ങുചെത്താന്‍
അനുവാദത്തിന് മുഷ്ടിചുരുട്ടാം


© 8483 ■ dharan.ıɹǝuuɐʞʞɐɯ ■

Comments

  1. എല്ലാ ഐറ്റോം ആയീണ്ട്, ന്നാ പിന്നെ തൊടങ്ങ്വല്ലെ.... ;)

    ചെറുതിനങ്ങ് ഷ്ടപ്പെട്ട് ഈ ഉത്തമഗീതം.

    ReplyDelete
  2. കവിത അസ്സലായി. ഷാപ്പില്‍ പോയ പോലെ തന്നെ.

    ReplyDelete
  3. വായിച്ച് വായിച്ച് കിറുങ്ങിപ്പോയി...

    ReplyDelete

Post a Comment