ആട്ടിന്‍ചൂരുമണക്കുന്ന അക്ഷരങ്ങള്‍


പോസ്റ്റ് ഗ്രാജ്വേഷന് പഠിച്ചുകൊണ്ടിരിക്കന്വോള്‍ തന്നെ ഞാന്‍ നഗരത്തിരക്കിലേക്ക് വണ്ടി കയറി. ജോലിചെയ്തുകൊണ്ടുതന്നെ പഠനം പൂര്‍ത്തിയാക്കുകയായിരുന്നു ഉദ്ദേശം.

ആറുദിവസവും ജോലി. ആകെ ഒരു ഞായറാഴ്ചമാത്രം ഒഴിവ്. വസ്ത്രങ്ങള്‍ ഒക്കെ അലക്കിയിട്ട് , മെസ്സിലെ രണ്ടുപേര്‍വീതം ചേര്‍ന്നുണ്ടാക്കുന്ന സ്‌പെഷല്‍ ഭക്ഷണമൊക്കെ കഴിച്ചുകഴിയുന്വോഴേക്കും ഉച്ചയാകും. പിന്നെ ഒരു ഫിലിമും കണ്ട് വീണ്ടും മറ്റൊരു തിങ്കളാഴ്ചയിലേക്ക് ഊളിയിടും..

പക്ഷെ, എങ്ങനെയെങ്കിലും ഞായറാഴ്ചക്കൊപ്പം ഒരു ദിവസം ലീവാക്കി, മാസത്തില്‍ ഒരു തവണയെങ്കിലും ഞാന്‍ ഒരു ചെറുയാത്ര എങ്കിലും പോകും. മിക്കവാറും ഒറ്റയ്ക്ക് . അത്തരം യാത്രകളില്‍ പുറം കാഴ്ചകള്‍ കണ്ടുപോകുമ്പോള്‍ ആണ് നമ്മുടെ ഉള്‍ക്കണ്ണു തുറക്കുക.

ഒരിക്കല്‍ ധര്‍മസ്ഥലയിലേക്കായിരുന്നു യാത്ര. ഒറ്റയ്ക്കായതിനാല്‍ വലിയ പ്ലാനിംഗൊന്നുമുണ്ടായിരുന്നില്ല. ഉച്ചവരെ അവിടെ കഴിച്ചുകൂട്ടി മടങ്ങാന്‍ നേരത്ത് അവിടെവച്ച് പരിചയപ്പെട്ട ഒരാള്‍ പറഞ്ഞു. കാര്‍ക്കാല കൂടി വിസിറ്റ് ചെയ്താല്‍ നന്നായിരിക്കും.
 
അതുവരെ കേട്ടിട്ടില്ലാത്ത ഒരു സ്ഥലമായതിനാലും ഒറ്റയ്ക്കായതിനാലും നേരെ അവിടേക്ക് വച്ചുപിടിപ്പിക്കാമെന്ന് ഞാന്‍ കരുതി. പക്ഷെ കഷ്ടമെന്ന് പറയട്ടെ, അവിടെ എത്തിയപ്പോള്‍ പ്രാദേശിക ബന്ദ് കാരണം ഒരു കടയും തുറന്നിട്ടില്ല. ടൗണില്‍ കുറച്ച് ലോഡ്ജുകള്‍ ഉണ്ടെങ്കിലും എവിടെയും മുറി കിട്ടിയില്ല. എന്റെ കൈയിലാണെങ്കില്‍ വെള്ളവുമില്ല. ഒരു പായ്ക്ക് ബിസ്‌കറ്റ് മാത്രമുണ്ടായിരുന്നത് കഴിച്ച് ഞാന്‍ കുറെ അലഞ്ഞുനടന്നു. മുറി കിട്ടാത്തതില്‍ എനിക്ക് വലിയ പ്രശ്‌നമൊന്നും തോന്നിയില്ല.... പക്ഷെ കുടിവെള്ളം എവിടെനിന്ന് കിട്ടും? ടൗണ് വിട്ട് അല്‍പംമാറിയുള്ള ഒരു വീട്ടില്‍ ചെന്ന് ഞാന്‍ മലയാളത്തില്‍ എങ്ങനെയോ കാര്യം പറഞ്ഞ് അല്‍പം വെള്ളം കുടിച്ച് ആശ്വസിച്ചു. ഒരു മണ്ഡപം പോലെയുള്ള സ്ഥലത്ത് ബാഗ് തലയ്ക്ക് വച്ച് അല്‍പം ചാഞ്ഞിരുന്നപ്പോഴേക്കും ഉറങ്ങിപ്പോയി.

പാതിരായ്ക്ക് തൊണ്ടവരണ്ടാണ് എണീറ്റത്. ഇത്ര വലിയ ദാഹം എന്റെ ജീവിതത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ല. അപരിചിതമായ സ്ഥലത്ത്, കൊതുകിന്റെയും ഈച്ചയുടെ വലിപ്പമുള്ള ഒരു പ്രാണിയുടെയും കടികൊണ്ട് എങ്ങനെയോ ഉന്തിത്തള്ളി നേരം വെളുപ്പിച്ചു. 

രാവിലെയും കടകളൊക്കെ അടഞ്ഞുതന്നെ. ഞാന്‍ രണ്ടും കല്‍പിച്ച് ബാഹുബലി പ്രതിമ കാണാമെന്ന വച്ച് അങ്ങോട്ടു നടന്നു. ഒരുപാട് പടവുകള്‍ കയറിവേണം അതിനടുത്തെത്താന്‍ ... കുറച്ച് കയറിയപ്പോഴേക്കും കഷ്ടമെന്നു പറയട്ടെ കാലില്‍ മസിലുകയറി അവിടെത്തന്നെ ഇരുന്നുപോയി. അപ്പോഴേക്കും കത്തുന്ന വെയിലില്‍ ഭൂമി തിളക്കാന്‍ തുടങ്ങിയിരുന്നു. രാത്രിയൊന്നുമില്ലാതിരുന്ന ഒരു അകാരണഭീതി പെട്ടെന്ന് ആ പകലില്‍ എന്നിലേക്ക് പടര്‍ന്നുകയറി. താഴെയും മേലേയും പടവുകള്‍ മാത്രം. ഒരു മനുഷ്യജീവിയെയും കാണാനില്ല. എന്റെ കാലാണെങ്കില്‍ ഒരടി പോലും പൊങ്ങുന്നില്ല. ദാഹിച്ച് വായക്കുള്ളില്‍ നിന്ന് ചൂടുള്ള ആവി പൊങ്ങുന്നതുപോലെ തോന്നി. തോടുകളും വയലും പുഴയും കുളങ്ങളും കടലുമെല്ലാം ഉള്ള എന്റെ സുന്ദരഗ്രാമത്തിന്റെ ചിത്രം മനസ്സിലേക്കരിച്ചുകയറി... ഈശ്വരാ, അല്‍പനേരം വെള്ളം കിട്ടാതാകുമ്പോള്‍ മനുഷ്യന്‍ ഇത്രയും തളര്‍ന്നുപോകുമോ ?

എന്റെ യാത്രകളില്‍ ഒരിക്കലും മറക്കാത്ത ഒരു യാത്രയായിരുന്നു അത്. വെള്ളത്തിന്റെ വില അന്നു മനസ്സിലാക്കിയ ഞാന്‍ പിന്നീടൊരിക്കലും വെള്ളം അനാവശ്യമായി ഉപയോഗിച്ചിട്ടില്ല. ഒരുബക്കറ്റില്‍ അല്‍പ്പമധികം വെള്ളം മാത്രമേ കുളിക്കാന്‍ ഉപയോഗിക്കൂ. ഒരു പക്ഷെ, ഉപയോഗിക്കുമ്പോള്‍ വെള്ളത്തിന്റെ വില മനസ്സിലാകുവാനായിരിക്കും പൂര്‍വ്വികര്‍ ജലപ്രാര്‍ത്ഥന നടത്തിയിരുന്നത്. 

പിന്നീട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ ബെന്യാമിനെ വായിച്ചത്. മസറയിലെ ആട്ടിന്‍ചൂരുള്ള അടിമജീവിതത്തിന്റെ ഭീകരദിനങ്ങള്‍ക്കു ശേഷം ഒളിച്ചോടി മരണത്തിന്റെ അരികുപറ്റി നടന്നുനടന്നു മരുഭൂമി മുറിച്ചുകടന്ന് ദാഹിക്കുന്ന നജീബ് എന്നിലേക്ക് പടര്‍ന്നുകയറിയത് ആ കാര്‍ക്കാല യാത്രയിലെ സ്മരണയോടൊപ്പമായിരുന്നു.

 '... രാത്രി കണ്ണ് തുറക്കുമ്പോള്‍ ദാഹം കൊണ്ട് എന്റെ തൊണ്ട പൊട്ടുകയായിരുന്നു.. പക്ഷെ എവിടെ വെള്ളം...?! അള്ളാ ഞാനെത്ര വെള്ളം നാട്ടില്‍ വച്ച് ധൂര്‍ത്തടിച്ചു കളഞ്ഞിരിക്കുന്നു? ഇപ്പോള്‍ ഒരു തുള്ളി വെള്ളത്തിനായി യാചിക്കുന്നു.. ആ ധൂര്‍ത്തിനുള്ള ശിക്ഷയാണോ അള്ളാ ഇത്?.....' എന്ന വരികള്‍ വായിക്കുമ്പോള്‍ നജീബിനെപ്പോലെ ഞാനും കരഞ്ഞു. മനുഷ്യന്റെ ജീവിതാവസ്ഥകള്‍ തീക്ഷ്ണമാകുമ്പോഴാണ് അവന്റെ ഉള്‍ക്കണ്ണു തുറക്കുന്നത്.

പിന്നീടോരോ വായനയിലും നജീബുമായി ഞാന്‍ പിന്നെയും പിന്നെയും താദാത്മ്യം പ്രാപിക്കുന്നതുപോലെ തോന്നി... ശരിക്കും നീണ്ട ജടപിടിച്ച മുടിയും വളഞ്ഞുനീണ്ട നഖങ്ങളും ചുരുണ്ടൊട്ടിപ്പിടിച്ച താടിയും അര്‍ബാബ് നല്‍കിയ നീളന്‍കുപ്പായത്തിലെ വെള്ളം തൊടാത്ത ദേഹവുമുള്ള ആള്‍ ഞാന്‍ തന്നെയാണെന്ന് വായനയില്‍ തോന്നിപ്പോകുമായിരുന്നു.

നിഴലും വെളിച്ചവും ഇടകലര്‍ന്ന, കരിയിലകള്‍ വീണ , അതീവ നിശ്ശബ്ദമായ ഇടവഴികള്‍ നിറഞ്ഞ നാട്ടില്‍നിന്ന വന്ന ഞാന്‍ തന്നെയാണ് തണലിന്റെ ഒരുതുള്ളിക്കുവേണ്ടി ഹൃദയം പൊട്ടിക്കേഴുന്നത് എന്ന് തോന്നുമായിരുന്നു.

അതിരാവിലെ വീണ മുല്ലപ്പൂക്കളിലെ ഇളംമഞ്ഞുതുള്ളികളില്‍ ചവിട്ടിനടക്കുന്ന പാദസരമിട്ട കാലുകളുടെ സൗന്ദര്യമുള്ള മലയാളിത്തത്തില്‍ നിന്ന് എത്ര ദൂരെയാണ് ഞാന്‍ ചവിട്ടിനില്‍ക്കുന്ന ഈ തിളച്ചുരുകിയ മണലെന്ന് തോന്നുമായിരുന്നു.

കാലുകൊണ്ട് വെള്ളം ചവിട്ടിത്തെറിപ്പിച്ച് ഒച്ചയുണ്ടാക്കി പൊട്ടിച്ച്, പെണ്‍കുട്ടികളെ കാണുമ്പോള്‍ മേനി നടിക്കാന്‍ കമിഴ്ന്നും മലര്‍ന്നും ഊളിയിട്ടും അഭ്യാസത്തില്‍ നിന്തി, അങ്ങോട്ടുമിങ്ങോട്ടും കണ്ണിലേക്ക് വെള്ളം തെറിപ്പിച്ചു കളിക്കുന്ന കൗമാര കൂതൂഹലത്തിന്റെ മറുകരയിലാണ് ഈ ചക്രവാളപ്പരപ്പുവരെ പരന്നുകിടക്കുന്ന തിളച്ച ഇരുമ്പില്‍നിന്ന് വരുമ്പോഴുള്ള വളഞ്ഞുപൊങ്ങിയാടുന്ന ആവിക്കാറ്റെന്ന് തോന്നുമായിരുന്നു.

വായിക്കുന്തോറും ഹൃദയം എന്തിനോ അനിയന്ത്രിതമായി മിടിച്ചുകൊണ്ടിരിക്കും. തണലില്ലാത്ത, വെള്ളമില്ലാത്ത, ആശകളും ചിന്തകളുമില്ലാത്ത, മര്‍ദ്ദനം നിറഞ്ഞ, ആ മരുസമുദ്രത്തിലെ കൂടാരത്തിനടുത്ത് ആടുകളുടെ ചിനയ്ക്കല്‍ കേട്ടുകൊണ്ട് മുടിയിഴകളില്‍ നിന്ന് ആട്ടിന്‍രോമം പെറുക്കിക്കൊണ്ട് അടുപ്പിലിരിക്കുന്നതുപോലെയുള്ള ചൂടിലിരുന്ന് മുകളിലേക്ക് ആശയറ്റുനോക്കുന്ന നജീബുമായി താദാത്മ്യം പ്രാപിക്കാതെ ആര്‍ക്കാണാ നോവല്‍ വായിച്ചുപോവാന്‍ പറ്റുക ?
 ഒരു മനുഷ്യന് മറ്റൊരു മജ്ജയും മാംസവുമുള്ള മനുഷ്യനെ മൃഗത്തെക്കാള്‍ ശോചനീയമായ മൃഗമാക്കിമാറ്റാന്‍ സാധിക്കും എന്നതിന് ഇക്കഥയിലും വലിയ ഉദാഹരണമെന്താണുള്ളത് ?
© 8484 ■ dharan.ıɹǝuuɐʞʞɐɯ ■

Comments

  1. അനുഭവങ്ങള്‍ എന്തെല്ലാം പഠിപ്പിക്കുന്നു അല്ലെ...?

    ReplyDelete
  2. ജീവിതാനുഭവങ്ങൾ. നല്ല ഒരു ഓർമ്മപ്പെടുത്തൽ...

    ReplyDelete
  3. വിശപ്പിന്നോളം
    ചൂടില്ല
    ഒരു ചൂ രിനും!..rr

    ReplyDelete
  4. അനാവശ്യമായ ധൂര്‍ത്തുകള്‍ അവകള്‍ക്ക് നാം വില നല്‍കേണ്ടി വരും

    ReplyDelete
  5. ....നമ്മുടെ ജീവിതകാലത്തുതന്നെ വില നല്‍കേണ്ടി വരും, ആചാര്യന്‍ .
    .... തീര്‍ച്ചയായും, റിഷാ. ആത്മഹത്യ ചെയ്യാനുദ്ദേശിക്കുന്നവനോട് മൂന്നു ദിവസം പട്ടിണി കിടക്കാന്‍ പറഞ്ഞാല്‍ മതി. അയാള്‍ ഈ ജന്മത്തില്‍ ആത്മഹത്യ ചെയ്യില്ല.
    ..... നന്ദി, ഹരിനാഥ്,
    .... അനുഭവങ്ങള്‍, പാളിച്ചകള്‍ .. റോസാപ്പൂക്കള്‍ .,

    ReplyDelete
  6. അനുഭവങ്ങൾ ജീവിതം പഠിപ്പിക്കുന്നു.... !

    കാർക്കാലയെപ്പറ്റി കൂടുതൽ എഴുതുമല്ലോ....

    ReplyDelete
  7. തീര്‍ച്ചയായും കുഞ്ഞൂസ്..

    ReplyDelete

Post a Comment