പരാജിതന്‍


കാലമൊരു കൂകിപ്പായും വണ്ടി.
ഒരു സ്‌റ്റേഷനിലും നിര്‍ത്താത്ത,
ചുവന്നകൊടികളെ മാനിക്കാത്ത
വയറില്‍ തീക്കനല്‍ ചൂളകളുള്ള
വെള്ളം മോന്താത്ത കരിവണ്ടി.
നിങ്ങള്‍ ചങ്ങലവലിച്ചത് വെറുതെ...
ഒരു കാരിരുമ്പുചങ്ങലയിലും
ഇത്തീവണ്ടിയെ തളച്ചിടാനാവില്ല.
അറിയാതെ, അനുവാദമില്ലാതെ,
കയറിപ്പോയി ഇതില്‍, അല്ലേ?

സുഭഗമായ പച്ചപ്പുകളും,
വരണ്ട തരിശുനിലങ്ങളും കടന്ന്
കരിമ്പിന്‍ തോട്ടങ്ങളെ ഉരുമ്മി,
ഗോതമ്പുപാടങ്ങള്‍ ചുററി
മരുഭൂമിയില്‍ പൂഴിയിലിഴഞ്ഞ്
മലയും പുഴയും താണ്ടി
കടുകുവയലുകളിലൂടെ
ഇരുണ്ട തുരങ്കങ്ങളിലൂടെ
കടന്നുപോകുമ്പോള്‍
ഒരുപക്ഷേ-
കറുകറുത്ത വസ്ത്രമിട്ട
ടിക്കറ്റ് പരിശോധകന്‍
പിടിച്ചിറക്കിയേക്കാം....

അതുവരെ,
പിന്നിലേക്കോടുന്ന മരങ്ങളെയും,
ജനാലയിലൂടെ തീക്കുളിരിനൊപ്പം
തുളച്ചുവരുന്ന നിലവിളികളെയും,
മദം പൊട്ടിയ ഘനപിണ്ഡങ്ങള്‍
പിഞ്ഞിയ മാംസപ്പൊളിയിലേക്ക്
കൂര്‍ത്തുകയറുമ്പോഴുള്ള
ആര്‍ത്തനാദങ്ങളെയും,
നീട്ടികാര്‍ക്കിച്ചുതുപ്പുന്ന
ചതിയുടെ കൈപ്പുനീരിനെയും
കാഴ്ച്ചക്കണ്ണിലേക്കുന്നംവച്ച
മുനകൂര്‍ത്ത കല്ലുകളെയും
രണ്ടുകൈകളും വിരിച്ചുനീട്ടി
ഹൃദയത്തിലേറ്റുവാങ്ങിക്കൊണ്ട്
പരാജിതനായി യാത്രതുടരാം.



© 8485 ■ dharan.ıɹǝuuɐʞʞɐɯ ■

Comments