തണുത്ത മലയിലെ നിശ്ശബ്ദക്ഷേത്രം

വാല്‍പ്പാറ യാത്ര പ്ലാന്‍ ചെയ്തപ്പോ ഞങ്ങളുടെ മനസ്സില്‍ ഇല്ലാതിരുന്ന ഒരു സ്ഥലമായിരുന്നു ബാലാജി ടെമ്പിള്‍. ഞങ്ങള്‍ നാലുപേരില്‍ യാത്രയുടെ മൂന്നാംനാള്‍ ആയപ്പോഴേക്ക് രണ്ടുപേര്‍ തിരിച്ചുപോയിരുന്നു. രഘു അടിയന്തിരജോലി കാരണം തലേന്നേ പോയി. ഷാജി മാഷുടെ അടുത്ത ബന്ധുവിന്റെ അസുഖം കാരണം രണ്ടുദിവസം കഴിഞ്ഞപ്പോ മടങ്ങി. ഞാനും പ്രിയേഷും ഒരു പകല്‍ കൂടി അവിടെ കഴിച്ചുകൂട്ടാം എന്നു തീരുമാനിച്ചു. അത്രമാത്രം ഞങ്ങള്‍ ആ പരിസരങ്ങള്‍ ഇഷ്ടപ്പെട്ടുപോയിരുന്നു.

പ്രത്യേക വണ്ടി ഒന്നും ഇല്ലാതെയായിരുന്നു ഞങ്ങളുടെ യാത്ര. വാല്‍പ്പാറ താമസിച്ചുകൊണ്ട് ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ ബസ്സിലെ യാത്ര മാത്രം. അതുകൊണ്ട് തന്നെ മരംകോച്ചുന്ന കുളിരില്‍ ഒരുഗ്രന്‍ കുളികഴിഞ്ഞ് തട്ടുകടയില്‍ നിന്ന് ചൂടുദോശയും കാപ്പിയും കഴിച്ച്, അതിരാവിലെ ഷാജിയെ യാത്രയാക്കിയശേഷം ഞാനും പ്രിയേഷും ബസ്്‌സ്റ്റാന്റില്‍ കരമലൈ ടീ എസ്‌റ്റേറ്റിലേക്കുള്ള ബസ്സ് കാത്തുനിന്നു. വാല്‍പ്പാറയില്‍ നിന്ന് ഏകദേശം പത്ത് കിലോമീറ്റര്‍ മനോഹരമായ തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെ വളഞ്ഞുപുളഞ്ഞു മുകളിലോട്ട് പോകുന്ന യാത്ര. പ്രഭാതസൂര്യന്റെ കിരണങ്ങള്‍ മലഞ്ചെരിവുകളില്‍ നിഴലും വെളിച്ചവും ഉണ്ടാക്കുന്നത് മനോഹരമായ കാഴ്ചയാണ്.

ബസ്സിറങ്ങിയാല്‍ ഏകദേശം ഒരു അഞ്ഞൂറുമീറ്ററോളം മുകളിലേക്ക് നടക്കാനുണ്ട്. മുകളിലേക്ക് പോകുന്തോറും തണുപ്പ് കൂടിക്കൂടി വന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ നേരിയ നൂലുപോലെയുള്ള ഒരു ചാറ്റല്‍ മഴ വന്നു. അതു കൊള്ളാന്‍ എന്തു രസമാണെന്നോ.. പെരിയ കരുമലൈ ചായ എസ്‌റ്റേറ്റുകാരുടെ കൈവശമാണ് ഈ സ്ഥലം. മുകളിലെത്തിയാല്‍ അവരുടെ ഒരു ചെറിയ ഗസ്റ്റ് ഹൗസ് പോലെയുള്ള കെട്ടിടം കാണാം. അതിനും മുകളിലാണ് ബാലാജി ടെമ്പിള്‍. അതിനും മുകളില്‍ കാടാണ്.

സാധാരണ തമിഴ്‌നാട്ടില്‍ കാണുന്നതുപോലെയുള്ള ക്ഷേത്രമല്ല അത്. നല്ല വൃത്തിയിലും വെടിപ്പിലും സൂക്ഷിക്കുന്ന മാര്‍ബിള്‍ പതിച്ച തറയോടുകൂടിയ ശാന്തമായ സ്ഥലം. വലിയ പഴക്കമൊന്നുമില്ലാത്ത സ്വകാര്യക്ഷേത്രമാണ്. അവിടെ നിയമിക്കപ്പെട്ട രണ്ടു പൂജാരിമാര്‍ തിരുപ്പതി ബാലാജിയുടെ പ്രാധാന്യം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുമുണ്ട് എന്ന് പറഞ്ഞു. ഫോട്ടോ എടുക്കുന്നത് കര്‍ശനമായി തടയുകയും ചെയ്തു. ശാന്തമായ ആ സ്ഥലത്ത് കുറച്ചുസമയം ചെലവിട്ടപ്പോള്‍ തന്നെ മനസ്സ് തൂവല്‍ പോലെയായി. മൂകളില്‍ കാണുന്ന കാട്ടിലേക്ക് പോകാമോ എന്ന് ചോദിച്ചപ്പോള്‍ അവിടെ സിരുട്ട് എന്ന മൃഗം ഉണ്ട് എന്നു പറഞ്ഞ് സെക്യൂരിറ്റിക്കാര്‍ തടഞ്ഞു. എന്താണ് സിരുട്ട് എന്നെനിക്ക് മനസ്സിലായില്ല. (പുള്ളിപ്പുലികളും സിംഹവാലന്‍ കുരങ്ങുകളും ഉള്ള പ്രദേശമാണ് വാല്‍പ്പാറ). '' പുലിയുടെ അതേ മൂഞ്ചി, ഉങ്കളൂടെ ഡ്രസിന്റെ അതേ കളര്‍ '' എന്നൊക്കെ പ്രിയേഷിനോട് പറയുന്നത് കേട്ടു. അവിടെ ഒരു ചെറിയ പാര്‍ക്കും ഉണ്ട്.

തണുതണുത്ത, നിശ്ശബ്ദമായ, ഉള്ളില്‍ അല്പ്പം ഭീതിയുണര്‍ത്തുന്നതെങ്കിലും വീണ്ടും വരാന്‍ കൊതിപ്പിക്കുന്ന ആ സ്ഥലത്ത് ഏകദേശം ഒരു മണിക്കൂറോളം ഞങ്ങള്‍ ചിലവഴിച്ചു. തിരിച്ച് താഴെക്കിറങ്ങിയ ഉടനെ ഭാഗ്യത്തിന് ഒരു ബസ്സ് കിട്ടി.

ബസ്സില്‍ കയറി ഇരുന്നപ്പോഴാണ് ഞാന്‍ കാലിലെ അട്ടയെ കണ്ടത്. രക്തം കുടിച്ച വീര്‍ത്തുനിന്ന അവനെ കണ്ടപ്പോള്‍ കണ്ടക്ടര്‍ പറഞ്ഞത് ശ്രദ്ധിക്കാതെ ഞാന്‍ കൈകൊണ്ട് പറിച്ചെടുത്തു. ചോര ഒഴുകുന്ന കാലുമായി ബസ് സ്റ്റാന്‍റില്‍ ഇറങ്ങിയപ്പോള്‍ ഒരു പൂക്കച്ചവടക്കാരന്‍ ബീ‍ഡിയുടെ കവര്‍ തന്നിട്ട് അതുവച്ചാല്‍ മതി എന്നു പറഞ്ഞു. ചോര നില്‍ക്കുകയും ചെയ്തു. ബീഡികൊണ്ട് ഇങ്ങനെ ഒരു ഉപയോഗം ഉള്ളത് ഏതായാലും നല്ലത് തന്നെ.

വീണ്ടും വാല്‍പ്പാറയിലെ രവി ഹോം സ്റ്റേയിലെ മുറിയിലേക്ക്. ബാക്കി വിശേഷങ്ങള്‍ പിന്നീട് കുറിക്കാം.

© 8486 ■ dharan.ıɹǝuuɐʞʞɐɯ ■

ബസ് സ്റ്റോപ്പില്‍ നിന്നുള്ള കാഴ്ച
 
നൂലുപോലുള്ള ചാറ്റല്‍മഴ
മലഞ്ചെരിവിലെ മറ്റൊരു ക്ഷേത്രം

ഉയരങ്ങളില്‍
വായുവില്‍ ഓക്സിജന്‍ കുറയുന്നത് നമുക്ക് അറിയാന്‍ പറ്റും...

മുകളിലേക്കുള്ള റോഡ്


ബാലാജി ടെമ്പിള്‍. (ഈ ഫോട്ടോ എന്‍റേതല്ല കേട്ടോ) courtesy: valparaikrishnainn.com
ഈ റൂട്ടില്‍ ബസ്സ് ഓടിക്കുന്ന ഡ്രൈവര്‍മാരെ സമ്മതിക്കണം.
തണുതണുത്ത മലയോരം




Comments

  1. പുകയില, ഉപ്പ് ഒക്കെ അട്ടയ്ക്ക് വിരോധമാ. മുന്‍പ് കുടജാദ്രിയിപോയപ്പോള്‍ പാദം നിറയെ ചോരയൊലിപ്പിച്ചിട്ടുണ്ട് അട്ടകടികൊണ്ട്.

    വിശേഷങ്ങളൊക്കെ പോരട്ടെ ...

    ReplyDelete
  2. തീര്‍ച്ചയായും നീട്ടി എഴുതാം, ഫാത്തിമ, ജീവി. :-)

    ReplyDelete
  3. ങ്ങള് ബാക്കി കൂടി എഴുതൂന്ന്.. കട്ട വെയിറ്റിങ്ങ്..

    ReplyDelete

Post a Comment