ബാദാമിയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ഹുബ്ബാലി എയര്‍പോര്‍ട്ടിലെ ശീതീകരിച്ച കാത്തിരിപ്പുമുറിയില്‍ കണ്ണൂരിലേക്കുള്ള 7.50ന്റെ വിമാനം കാത്തിരിക്കുമ്പോഴും എന്റെ നാസാരന്ധ്രങ്ങളില്‍ കഴിഞ്ഞ രണ്ടുദിവസമായി പുരാതന ക്ഷേത്രങ്ങളിലെ പൂജയില്ലാ ശ്രീകോവിലുകളുടെ ഉള്ളില്‍ അനുഭവപ്പെട്ട ഗന്ധം വിട്ടുമാറാതെ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിലാവിസ്മയങ്ങളുടെ ആത്മാവ് തേടിയുള്ള രണ്ടു ദിവസത്തെ അലച്ചില്‍ ! കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളുടെ നടുവിലെ ചെമ്പന്‍ പാറക്കെട്ടുകളില്‍ പ്രാചീന രാജവംശങ്ങള്‍ നിര്‍മിച്ച ബാദാമി ഗുഹാക്ഷേത്രങ്ങള്‍..... ഐഹോളെയിലെ ഹൈന്ദവ, ബുദ്ധ, ജൈന പാരമ്പര്യം പേറുന്ന നൂറുകണക്കിന് കല്ലില്‍ കവിതയെഴുതിയതെന്ന് തോന്നിപ്പിക്കുന്ന സമുച്ചയങ്ങള്‍ .... മലപ്രഭാനദിയുടെ ഓരത്ത് ഓരോ യുദ്ധം ജയിച്ച് വരുമ്പോഴും ചാലൂക്യര്‍ വന്‍ പാറക്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ഗംഭീരക്ഷേത്രങ്ങള്‍...
ഞങ്ങളുടെ ഓരോ കൂട്ടായ യാത്രയുടെയും പിന്നില്‍ വളരെ നേരത്തെയുള്ള ആസൂത്രണമുണ്ടാകാറുണ്ട്. (എന്നാല്‍ ഒറ്റയ്ക്ക് പോകുമ്പോള്‍ നേരെ തിരിച്ചുമാണ്.) ബാദാമി യാത്രയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഞങ്ങള്‍ ഏകദേശം മൂന്നുമാസം മുമ്പേ തുടങ്ങിയതാണ്. ഞങ്ങള്‍ എന്നുവച്ചാല്‍ സുധീഷ്, അബ്ദിജന്‍, അനീഷ്, പ്രസാദ്, രാജീവന്‍, അഖിലേഷ്, പ്രേംജിത്ത്, രൂപേഷ്, സജീഷ് പിന്നെ ഞാനും. ഞങ്ങളുടെ ക്യാപ്റ്റനായ സൂധീഷ് സര്‍ നിരന്തരമായി ഓരോ കാര്യവും ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. പോവുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കല്‍, ഇറ്റിനെററി ചര്‍ച്ചചെയ്യാനുള്ള മുന്നൊരുക്ക സത്്‌സംഗങ്ങള്‍ , യാത്രാ ദിവസം അടുത്തെത്തുന്തോറും ഉണ്ടാകുന്ന റേസ്‌ഫേയ്ബര്‍ (resfeber)... പലപ്പോഴും യാത്ര മുഴുവനാക്കുംമുമ്പ് തന്നെ അടുത്ത യാത്രയെക്കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകും. അതുപോലെ യാത്രാദിവസം അടുത്തെത്തുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളും ഉണ്ടാകും. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഡിസംബര്‍ 21നായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ മംഗലാപുരം വെറുങ്ങലിച്ചുനില്‍ക്കുന്ന ദിവസം ! ഒന്നര മണിക്കൂറോളം വൈകി കിതച്ചുവന്ന ഏറനാട് എക്‌സ്പ്രസില്‍ മംഗലാപൂരത്തേക്ക് യാത്ര പുറപ്പെടുമ്പോള്‍ ട്രെയിനില്‍ നിറഞ്ഞുകവിഞ്ഞ് യാത്രക്കാര്‍. രാത്രി 8 മണിക്ക് മംഗലാപൂരത്ത് നിന്നുള്ള ഗണേഷ് ട്രാവല്‍സിന്റെ ബസ്സിലാണ് ബാദാമിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. വൈകുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ആറര മണിയോടെ ട്രെയിന്‍ മംഗലാപൂരത്ത് എത്തി.
റെയില്‍വേ സ്റ്റേഷന് പുറത്ത് നഗരം മരണവീടുപോലെ നിശ്ചലമായി നില്‍ക്കുന്നു. അങ്ങിങ്ങായി കച്ചവടസ്ഥാപനങ്ങളുടെ നെയിം ബോര്‍ഡുകളുടെ വെളിച്ചം മാത്രം... ഒരു മനുഷ്യനെപോലും കാണാനില്ല. കടകള്‍ തുറന്നിട്ടില്ല, വാഹനങ്ങളുമില്ല. കര്‍ഫ്യൂവിന്റെ ആലസ്യത്തില്‍ മയങ്ങിനില്‍ക്കുന്ന റോഡിലൂടെ ഞങ്ങള്‍ ബസ് സ്‌റ്റേഷനിലേക്ക് നടന്നു. ആശങ്കയ്ക്ക് വിപരീതമായി ബസ് കൃത്യമായി തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. ഉഡുപ്പിയോ കുന്താപൂരയോ എത്തിയാല്‍ ഭക്ഷണം കഴിക്കാമെന്ന് ഡ്രൈവര്‍ പറഞ്ഞു. നല്ല വേഗതയിലോടുന്ന ബസിന്റെ ജാലകങ്ങളിലൂടെ തണുത്ത കാറ്റ് ചൂളമടിച്ച് കറങ്ങിക്കൊണ്ടിരുന്നു. കുന്താപുരയില്‍ നിന്ന് ചോറും ചപ്പാത്തിയും കറികളും ഉള്ള വലിയ മോശമല്ലാത്ത ഭക്ഷണം കഴിച്ചു. കുറേനേരം ഓടിമറയുന്ന രാത്രികാഴ്ചകളിലേക്ക് കണ്ണയച്ചു. സ്ലീപ്പര്‍ ബസ്സായതിനാല്‍ വൈകാതെ ഉറക്കം പിടിച്ചു. പിറ്റേന്ന് രാവിലെ ബാദാമി ബസ് സ്‌റ്റേഷനുമുന്നിലെ ഓട്ടോക്കാരുടെ കലപില വര്‍ത്തമാനത്തിലേക്കാണ് ഉണര്‍ന്നത്.
Badami Bus Station |
ബസ് സ്റ്റാന്റിനു മുന്നിലെ തട്ടുകടയില്‍ അതിരാവിലെ തന്നെ ഒരു പലഹാരത്തിന്റെ ആവി പറക്കുന്നു. അപ്പുറത്ത് ജിലേബി വേവിച്ചെടുക്കുന്നു.
ഭക്ഷണം കഴിക്കുന്നവരുടെ ഇടയിലൂടെ കറുത്ത പന്നികള്‍ പുളച്ചുനടക്കുന്നു. ഓട്ടോകളില്‍ തിങ്ങിനിറഞ്ഞ് യാത്രക്കാര്‍, ചിലപ്പോള്‍ കൂടെ മൃഗങ്ങളും. നല്ല സഹവര്‍ത്തിത്തം. അല്‍പനേരം ആലോചിച്ചുനിന്ന ഞങ്ങള്‍ തൊട്ടടുത്തുതന്നെയുള്‌ള ആനന്ദ് ലോഡ്ജില്‍ മുറികള്‍ തരപ്പെടുത്തി. ലോഡ്ജുകളൊക്കെ ഫുള്‍ ആണ്. തിരക്കുണ്ട്.
ഫ്രഷ് ആയി പ്രഭാതഭക്ഷണവും കഴിച്ച് വരുമ്പോഴേക്കും സുധീഷ് മാഷ് ഒരു ഓട്ടോക്കാരനുമായി രണ്ടുദിവസത്തെ കറക്കത്തിന് കരാറാക്കി. യഥാര്‍ത്ഥത്തില്‍ ഇവിടെ കാഴ്ചകള്‍ കാണാന്‍ ഓട്ടോയോളം പോന്ന മറ്റൊരു വാഹനവുമില്ല. ഒന്നാമത് ഇവിടത്തെ ഓട്ടോ യാത്രക്കാരനും കാല്‍നട യാത്രക്കാരനും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. രണ്ട് കുലുങ്ങിക്കുലുങ്ങി മെല്ലെയുള്ള യാത്രയില്‍ കാഴ്ചകള്‍ നമ്മുടെ കണ്ണിന്റെ ലവലില്‍ തന്നെയായിരിക്കും. ഞങ്ങളുടെ ഓട്ടോയില്‍ വേണമെങ്കില്‍ പത്തുപേര്‍ക്കും കയറാം എന്നൊക്കെ ഡ്രൈവര്‍ റിയാസ് പറഞ്ഞെങ്കിലും ഞങ്ങള്‍ യാത്ര രണ്ട് ഓട്ടോയിലാക്കി. ഇടുങ്ങിയ ഗലികളിലൂടെ പന്നികളെയും പശുക്കളെയും നായ്ക്കളെയും വീടിന്റെ മുന്‍വശത്തിരുന്ന് പാത്രം കഴുകുന്നവരെയും തുണി അലക്കുന്നവരെയും കാളവണ്ടികളെയും ഒക്കെ വെട്ടിച്ചുള്ള അടിപൊളി യാത്ര....
flower sellers at banasankari |
ആദ്യം പോകുന്നത് ബനശങ്കരീക്ഷേത്രത്തിലേക്കാണ്. ജനവാസകേന്ദ്രങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പാടങ്ങള്‍ കണ്ടുതുടങ്ങി. കറുത്ത ഫലഭൂയിഷ്ഠമായ മണ്ണാണ് ഇവിടെ. സൂര്യകാന്തി, ചോളം, എള്ള്, ഉള്ളി, കരിമ്പ് തുടങ്ങി ഒരു പാടുതരം കൃഷിയുണ്ട്. വെയിലില്‍ കുളിച്ച വലിയ വയലേലകളില്‍ ആശ്വാസമായി അങ്ങിങ്ങായി ഒറ്റപ്പെട്ട തണല്‍മരങ്ങള്‍. അവയുടെ ചുവട്ടില്‍ കൂനിക്കൂടിയിരുന്ന പ്രഭാതഭക്ഷണം കഴിക്കുന്ന മെലിഞ്ഞുമുഷിഞ്ഞ കര്‍ഷകരായ ആണുങ്ങളും പെണ്ണുങ്ങളും. വെള്ള പാളത്താറുടുത്ത ആണുങ്ങള്‍ വെളുത്ത തലപ്പാവുകൊണ്ട് വെയില്‍ മറയ്ക്കുന്നു. നിറയെ കുപ്പിവളയിട്ട കൈകളാല്‍ സാരിത്തുമ്പു തലയിലൂടെയിട്ട് പെണ്ണുങ്ങളും. വെയില്‍.... സൂര്യനും പാടങ്ങള്‍ക്കുമിടയില്‍ ഇണചേരുന്ന പാമ്പുകള്‍ പോലെ തിളങ്ങുന്ന വെയില്‍ നാളങ്ങള്‍ മാത്രം. ദൂരക്കാഴ്ചയിലേക്ക് കണ്ണയച്ചാല്‍ വൃത്താകൃതിയില്‍ അങ്ങകലെ ചുറ്റുപാടുമായി മലനിരകള്‍ മെല്ലെ തെളിഞ്ഞുവരും. ഭൂമിശാസ്ത്രപരമായി ഏറ്റവും നല്ല സ്ഥലമാണ് ചാലൂക്യര്‍ ആസ്ഥാനമാക്കാന്‍ കണ്ടെത്തിയത്. മലനിരകളുടെ പ്രകൃതിദത്തമായ കോട്ട! ഇനി, ബസ്സിനാണ് പോകുന്നതെങ്കില്‍ ബാദാമി ബസ് സ്റ്റാന്റില്‍ നിന്ന് പത്തു പന്ത്രണ്ട് മിനിറ്റുകൊണ്ട് ബനശങ്കരിയിലെത്താം.
ശിവന്റെ പ്രിയപ്പെട്ട ശകാംഭരി
തിലകാരണ്യ വനത്തിലെ ദേവിയാണ് ബനശങ്കരി. ശിവന് പ്രിയപ്പെട്ടവള്‍. ദുര്‍ഗയുടെ ആറാമത്തെ അവതാരം. ദുര്‍ഗമാസുരനെ ചതച്ച് കാലിന്നടിയിലാക്കി അഷ്ടബാഹുവായി ത്രിശൂലം, ഢമരു, കപാലം, ഘണ്ട, വേദ ഗ്രന്ഥങ്ങള്‍, ഖഡ്ഗം, പരിച എന്നിവ ധരിച്ച് സിംഹവാഹിനിയായി വാണരുളുന്ന ദേവിയുടെ അവതാരമായ ശകാംഭരി എന്ന പേരിലുള്ള പ്രതിഷ്ഠ അടുത്തുനിന്ന് ദര്‍ശിക്കാം. ദേവിയുടെ പാദങ്ങള്‍ എന്നു കരുതപ്പെടുന്ന ശിലാപ്രതലങ്ങളും ഇവിടെ പൂജിക്കപ്പെടുന്നുണ്ട്. ക്ഷാമകാലത്തെ അന്നദാനപ്രദായിനിയാണ് ദേവി. ശകാ എന്നാല്‍ പച്ചക്കറി എന്നാണല്ലോ അര്‍ത്ഥം. ഏഴാം നൂറ്റാണ്ടില്‍ പണിത ചാലൂക്യരുടെ കുലദേവതയുടെ ഈ ക്ഷേത്രത്തില്‍ പുഷ്യമാസത്തില്‍ നിറച്ചാര്‍ത്തിലുലഞ്ഞ് രഥോല്‍സവം നടക്കും. ബനശങ്കരി ജത്രെ എന്ന ഈ ഉത്സവക്കാലത്ത് ദേവി രഥത്തില്‍ നഗരപ്രദക്ഷിണം നടത്തും. ക്ഷേത്രത്തിന് പുറത്തെ മൈതാനത്തിനരികിലായി മരത്തില്‍ നിര്‍മിച്ച വലിയൊരു രഥം ഉണ്ട്. ഉല്‍സവകാലത്ത് ക്ഷേത്രപരിസരം പലവിധത്തിലുള്ള ഇലകളാലും പൂക്കളാലും അലങ്കരിക്കും. ഇക്കാലത്ത് ഉത്തര കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ധാരാളം പേര്‍ ക്ഷേത്രത്തിലെത്തും. ചന്തകള്‍ ഉണ്ടാകും. കാര്‍ഷിക സാമഗ്രികള്‍, വെള്ളക്കാളകള്‍, മര ഉരുപ്പടികള്‍ എന്നിവയുടെ ക്രയവിക്രയം നടത്തും. വിവാഹനിശ്ചയങ്ങള്‍ നടത്തും. ക്ഷേത്രത്തിനു മുന്നിലെ തടാകത്തിലൂടെ വാഴത്തടയില്‍ നിര്‍മിച്ച ചങ്ങാടങ്ങളില്‍ നവജാതശിശുക്കള്‍ക്ക് ദേവീ കടാക്ഷവും ഭാഗ്യവും ലഭിക്കുന്നതിനായി രക്ഷിതാക്കള്‍ തുഴഞ്ഞുനീങ്ങും.
പത്മപുരാണത്തിലും സ്‌കന്ദപുരാണത്തിലും വരെ പരാമര്‍ശമുള്ള ഈ ക്ഷേത്രത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി പ്രതിഷ്ഠ നടത്തിയത് ഏഴാം നൂറ്റാണ്ടില്‍ ചാലൂക്യ രാജാവായ ജഗദേകമല്ലയാണ്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ മറാത്താ സാമന്തനായ പരശുരാം അഗാലെ പുതുക്കിപ്പണിതു.
കരിങ്കല്ലില്‍ നിര്‍മിച്ച ക്ഷേത്രം മനോഹരമാണ്. കല്ലുകൊണ്ടു തന്നെ ഉണ്ടാക്കിയ കടവുകളും അതീവ ഭംഗിയുള്ളതാണ്. ക്ഷേത്രത്തില്‍ മൂന്നുവശങ്ങളിലും കല്‍മണ്ഡപങ്ങളോട് കൂടിയ ഒരു ഹരീന്ദ്ര തീര്‍ത്ഥക്കുളമുണ്ട്. പില്‍ക്കാലത്ത് നിര്‍മിക്കപ്പെട്ടതെന്ന് തോന്നിപ്പിക്കുന്ന ഒരു കാവല്‍ വിളക്കുമാടം കുളത്തിനരികിലായി ഉള്ളത് വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ്. കുറേനേരം ഞങ്ങള്‍ മതിലില്‍ ചാരിനിന്ന് ക്ഷേത്രത്തിനു മുന്നിലെ തടാകത്തിലേക്ക് വെറുതെ നോക്കിയിരുന്നു. പ്രസന്നമായ അന്തരീക്ഷം. പുറത്തേക്കുള്‌ള വഴിയില്‍ പലതരം കച്ചവടക്കാരും പൂക്കാരികളും കലപില കൂട്ടുന്നു.
at banasankari temple |
ബനശങ്കരിയില്‍ നിന്ന് ഓട്ടോ യാത്ര വീണ്ടും ആരംഭിച്ചു. അടുത്ത സ്ഥലം മഹാകൂട ക്ഷേത്രങ്ങളാണ്. പോകുന്ന വഴിയില്‍ ചെട്ടിപ്പൂക്കളുടെ ഒരു തോട്ടത്തിനടുത്ത് ഓട്ടോ നിര്‍ത്തി കുറെ ഫോട്ടോകള്‍ എടുത്തു. ഒരു ആശ്രമത്തിന് എതിര്‍വശത്താണ് വര്‍ണാഭമായ ഈ പൂപ്പാടം. ആശ്രമത്തില്‍ നിന്ന് കുരങ്ങുകളുടെ ഒരു കൂട്ടം ചാടിമറയുന്നു. കുറെ കുരങ്ങുകള്‍ ഞങ്ങളെ കണ്ട് മെല്ലെ അടുത്തുവരാന്‍ തുടങ്ങി.
field of yellow flowers |
വിഷ്ണു പുഷ്‌കരിണിയിലെ നീരാട്ട്
ഏകദേശം പത്തരയോടു കൂടി ഞങ്ങള്‍ മഹാകൂട ക്ഷേത്ര സമച്ചുയത്തിലെത്തി. ബനശങ്കരിയില്‍ നിന്ന് ഒരു അരമണിക്കൂറിലധികം യാത്ര.
ക്ഷേത്രത്തിലെത്തുന്നതിന് മുമ്പ്് തറയോടുകൂടിയ വലിയൊരു ആല്‍മരമുണ്ട്. മനോഹരമായ ഒരു കുളക്കരയിലേക്കാണ് പിന്നെ ഞങ്ങള്‍ നടന്നുകയറിയത്. മലകളില്‍നിന്ന് ഭൂഗര്‍ഭത്തിലൂടെ ഊറിവരുന്നതെന്ന് തോന്നുന്ന ഉറവയില്‍നിന്ന് ജലം ശേഖരിക്കുന്ന ഏതു വേനലിലും വറ്റാത്ത, ഒരിക്കലും ജലപ്പരപ്പിന്റെ അളവില്‍ മാറ്റമുണ്ടാകില്ലെന്ന് പറയപ്പെടുന്ന കുളം. കുളത്തില്‍ ആരവത്തോടു കൂടി ആളുകള്‍ കുളിച്ചു രസിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും മുതിര്‍ന്നവരും ആമോദത്തോടെ വെള്ളത്തില്‍ ആറാടുന്നതിന്റെ ഘോഷം കുളത്തിന്റെ സുന്ദരമായി കെട്ടിയുണ്ടാക്കിയ കന്മതിലുകളില്‍ വീണ് പ്രതിധ്വനിക്കുന്നു.
entrance of mahakoot |
ഈ സമുച്ചയത്തില്‍ പത്തിരുപതോളം ക്ഷേത്രങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും ഉണ്ട്. പുരാതന ആല്‍മരങ്ങള്‍ ഒരുപാടുണ്ട്. പലതും ഇരുന്നൂറും മുന്നൂറും വര്‍ഷം പഴക്കം തോന്നിക്കുന്നവ. ശില്‍പിയുടെ കരവിരുത് വിളിച്ചറിയിക്കുന്ന അതീവചാരുതയുള്ള നന്തി പ്രതിമകള്‍, ശിവന്റെ വിവിധ രൂപങ്ങള്‍, അര്‍ദ്ധനാരീശ്വരന്‍, പ്രേമബദ്ധരായ മനുഷ്യരുടെ രൂപങ്ങള്‍, ബ്രഹ്മാവ് , മനോഹരിയായ സരസ്വതി, അപൂര്‍വമായ വരാഹം, രാമായണ ദൃശ്യങ്ങള്‍ തുടങ്ങിയ മനോഹരപ്രതിമകളുടെയും കൊത്തുചിത്രങ്ങളുടെയും മുന്നില്‍ നമ്മള്‍ മുഗ്ധരായി നിന്നുപോകും. മരങ്ങളില്‍ നിന്ന് പൊഴിയുന്ന ഇലകളും പൂക്കളും കൊണ്ട് പ്രകൃതി തന്നെ പലസ്ഥലത്തും വിഗ്രഹങ്ങളിലും മണ്ഡപങ്ങളിലും ചെറുക്ഷേത്രങ്ങളിലും അഭിഷേകം കഴിക്കുന്ന കാഴ്ച ഞങ്ങള്‍ ഏറെനേരം കുളക്കരയില്‍ നിന്ന് നോക്കിനിന്നു. എവിടെ നോക്കിയാലും ശിവലിംഗങ്ങള്‍ നിറഞ്ഞ, ദക്ഷിണകാശി എന്നറിയപ്പെടുന്ന, ദ്രാവിഡകലയുടെ കൈയ്യൊപ്പുനിറഞ്ഞ ഈ സ്ഥലം ചരിത്രകുതുകികള്‍ നിശ്ചയമായും പോയിരിക്കേണ്ട ഒരു സ്ഥലമാണ്. നൂറ്റാണ്ടുപഴക്കമുള്ള ആല്‍മരങ്ങളുടെ വേരുകള്‍ക്കിടയിലൂടെ മെല്ലെ നടക്കുമ്പോള്‍ ഈ സ്ഥലത്തിന്റെ അതിപുരാതനത്വം നമ്മിലേക്ക് പടര്‍ന്നുകയറുന്നതുപോലെ തോന്നും.
vishnu pushkarani : one view |
ടെ നടുവിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രമുച്ചയത്തിലെ മഹാകൂട ക്ഷേത്രം മഹാകൂടേശ്വരന്റെ അഥവാ ശിവന്റെ ക്ഷേത്രമാണ്. മഹാകൂടേശ്വരക്ഷേത്രം മുഴുവന്‍ ശിവപുരാണകഥകള്‍ കൊത്തിവെച്ചിരിക്കുന്നു. പുരാതനകാലത്തെ ഒരു പ്രധാന ശൈവകേന്ദ്രമായിരുന്നു മഹാകൂടം. അന്നുമുതലുള്ള പൂജ ഇപ്പോഴും തുടര്‍ന്നുവരുന്നു എന്നതൊരു പ്രത്യേകതയാണ്. എന്നാല്‍ ക്ഷേത്രപരിസരത്ത് പൂക്കാരികളോ പൂജാദ്രവ്യങ്ങളോ കാണാനില്ല. ഐതിഹ്യത്തിലെ ഇല്വാലനും സഹോദരനും കൊല്ലപ്പെട്ടത് ഇവിടെ വച്ചാണ്. അവരുടേതെന്ന്് തോന്നിപ്പിക്കുന്ന രണ്ട് പ്രതിമകള്‍ പ്രവേശനദ്വാരത്തിലുണ്ട്.
ആറാം നൂറ്റാണ്ടിലോ ഏഴാം നൂറ്റാണ്ടിലോ നിര്‍മിച്ച ചാലൂക്യരുടെ ഈ പ്രിയക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇവിടത്തെ രണ്ട് ശിലാലിഖിതങ്ങളാണ്. ചാലൂക്യ രാജാവായിരുന്ന വിജയാദിത്യയുടെ വെപ്പാട്ടിയായിരുന്ന വീണാപോട്ടി എന്നവര്‍ രത്‌നം പതിപ്പിച്ച വെള്ളിക്കുടകള്‍ ക്ഷേത്രത്തിലേക്ക് നല്കിയതുമായി ബന്ധപ്പെട്ടതാണ് ഇവിടെയുണ്ടായിരുന്ന സംസ്‌കൃതത്തിലും പഴയ കന്നഡ ഭാഷയിലുമുള്ള ധര്‍മജയസ്തംഭം എന്നറിയപ്പെടുന്ന ഒരു ലിഖിതം. ഇത് പിന്നീട് മ്യൂസിയത്തിലേക്ക് മാറ്റി. അതിനും മുമ്പ് ഭരിച്ചിരുന്ന പുലകേശി ഒന്നാമന്റെ രാജ്ഞി ദുര്‍ലഭാദേവി പട്ടടക്കലും ഐഹോളെയുമടക്കമുള്ള പത്ത് ഗ്രാമങ്ങള്‍ പ്രതിഷ്ഠയ്ക്ക് സമര്‍പ്പിച്ചതു സംബന്ധിച്ചതാണ് മറ്റൊന്ന്. ഒന്നാം ചാലൂക്യനായ ജയസിംഹന്‍ ഇന്ദ്രനെപ്പോലെ സദ്ഗുണസമ്പന്നനും കുബേരനെപ്പോലെ ധനവാനും ആയിരുന്നു എന്ന്് മഹാകൂട ലിഖിതങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. ചാലൂക്യ രാജവംശചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് രണ്ട് ലിഖിതങ്ങളും.
ഞങ്ങള്‍ അടുത്ത ലക്ഷ്യസ്ഥാനമായ പട്ടടക്കലിലേക്ക് തിരിക്കുകയാണ്. ഓട്ടോയില്‍ കയറി യാത്രതുടരുമ്പോള്‍ കുറച്ചുനേരം കൂടി വിഷ്ണുപുഷ്‌കരണിയിലെ തുടിച്ചുകുളിയുടെ ശബ്്ദഘോഷങ്ങള്‍ വിട്ടുമാറാതെ എന്റെ കര്‍ണപുടങ്ങളില്‍ കറങ്ങിക്കളിക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്ന് പട്ടടക്കലിലേക്ക് ഒരു മണിക്കൂറോളം ദൂരമുണ്ട്. പരന്നുകിടക്കുന്ന എക്കല്‍ പാടങ്ങളുടെ നടുവിലൂടെ ഏകദേശം പതിനൊന്നരയോടുകൂടി ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു.
ചിത്രശിലാപാളികള്‍
പട്ടടക്കല്‍ വളരെ വൃത്തിയായി സംരക്ഷിക്കപ്പെടുന്ന ഒരിടമാണെന്ന് ആദ്യകാഴ്ചയില്‍ തന്നെ മനസ്സിലാകും. 1987 മുതല്‍ യുനെസ്‌കോയുടെ പൈതൃക പ്രദേശമായി സംരക്ഷിക്കപ്പെട്ടു പോരുന്നതിന്റെ ഒരു വെടിപ്പ് എല്ലായിടത്തും ഉണ്ട്. പ്രവേശന കവാടം മുതല്‍ പുല്‍ത്തകിടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. മൈതാനം പോലെ വിശാലമായ പച്ചപ്പുല്‍ത്തകിടിയുടെയും തെളിഞ്ഞ നീലാകാശത്തിന്റെയും പശ്ചാത്തലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ചെങ്കല്‍സമുച്ചയമാണ് നമ്മുടെ ദൃശ്യപരിധിയിലേക്ക് ആദ്യം വരിക. കാലെടുത്തു വയ്ക്കുമ്പോള്‍ തന്നെ ക്ഷേത്രകലയുടെ കളിത്തൊട്ടിലാട്ടുന്ന ഇടത്തേക്കാണ് നമ്മള്‍ വന്നിരിക്കുന്നതെന്ന് ബോധ്യമാവും. ചുറ്റുപാടുമുള്ള മലകളുടെ നടുവില്‍ വാസ്തുവിദ്യയിലെ ദ്രാവിഡശൈലിയുടെയും നാഗര ശൈലിയുടെയും രേഖ, പ്രസാദ, വിമാന ശൈലികളുടെയും പരീക്ഷണ വേദിയായി സംഗമസ്ഥാനമായി മാറിയ ഒരു ക്ഷേത്രസമുച്ചയം. നാല് ദ്രാവിഡശൈലിയിലുള്ളവയും നാല് നാഗര ശൈലിയിലുള്ളവയും സങ്കര ശൈലിയിലുള്ള ഒരു ക്ഷേത്രവും. പത്തോളം ക്ഷേത്രങ്ങളില്‍ അല്‍പം ദൂരെ മാറി സ്ഥിതിചെയ്യുന്ന ഒരെണ്ണം ജൈനക്ഷേത്രമാണ്.a temple at pattadakkal |
കിഴക്കോട്ട് മുഖമുള്ള ശിവക്ഷേത്രമായ സംഗമേശ്വരക്ഷേത്രം സാമാന്യം വലിയതാണ്. സംഗമേശ്വരക്ഷേത്രമാണ് പട്ടടക്കലില്‍ ആദ്യം നിര്‍മിച്ചതെന്ന് പറയപ്പെടുന്നു. ചതുരത്തിലാണ് ഈ ക്ഷേത്രം. ഞങ്ങളെ ഏറെ ആകര്‍ഷിച്ചത് ഇതിന്റെ മുഖമണ്ഡപമാണ്. വശങ്ങളിലുള്ള പടവുകളിലൂടെ കയറിയാല്‍ പതിനാറോളം മനോഹരമായ കല്‍ത്തൂണുകളില്‍ താങ്ങിനില്‍ക്കുന്ന മണ്ഡപത്തിലെത്താം. കല്ലുകൊണ്ട് തന്നെ ഉണ്ടാക്കിയ പ്രദക്ഷിണപാതയില്‍ വെളിച്ചം വീശാനെന്നോണം മനോഹരമായ ജാലികകള്‍ നിര്‍മിച്ചിരിക്കുന്നു. പുറത്ത് ഭൂമിദേവിയെ താങ്ങിനിര്‍ത്തുന്ന വരാഹത്തിന്റെ ശില്‍പം ഒരുഭാഗത്തുണ്ട്. ക്ഷേത്രം നിറയെ ശില്‍പങ്ങളാണ്. ഏഴാം നൂറ്റാണ്ടില്‍ വിജയാദിത്യയാണ് ഈ ക്ഷേത്രം ഉണ്ടാക്കിയത്. അതിനാല്‍ വിജയേശ്വരക്ഷേത്രമെന്നും ഇതറിയപ്പെടുന്നു.
എന്നാല്‍ മണ്ഡപത്തിന്റെ അസ്ഥിവാരത്തില്‍ നടത്തിയ ഉദ്ഖനനങ്ങളില്‍ മൂന്നാം നുറ്റാണ്ടിലുണ്ടായിരുന്ന മറ്റൊരു ക്ഷേത്രത്തിന്റെ ശേഷിപ്പുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുപോലെ അടുത്തുതന്നെയുള്ള മറ്റൊരു ഉല്‍ഖനനത്തില്‍ രണ്ടാം നൂറ്റാണ്ടിലെ ശാതവാഹനകാലഘട്ടത്തിലുപയോഗിച്ചിരുന്ന പാത്രങ്ങള്‍ ലഭിച്ചിരുന്നു. ചരിത്രാതീത കാലം മുതല്‍ തന്നെ കിസുവോളല്‍ അഥവാ പട്ടടക്കല്‍ പ്രദേശം ഒരു പ്രാധാന്യമേറിയ സ്ഥലമാണെന്ന് കാണാവുന്നതാണ്. പട്ടടക്കലില്‍ നിന്ന് രണ്ട് കിലോമീറ്ററകലെ ചരിത്രാതീത കാലത്തെ മനുഷ്യവാസത്തിന്റെ ശേഷിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഒരുപക്ഷേ പുരാതനകാലത്തെ ഒരു ക്ഷേത്രത്തിന്റെ പുറത്തായിരിക്കാം പട്ടടക്കലിലെ മറ്റുള്ള ക്ഷേത്രങ്ങള്‍ ഉയര്‍ന്നുവന്നത്.
പുത്രന്‍ വിനയാദിത്യന്റെ ഭാഗ്യജാതകം മഹാവിജയങ്ങള്‍ സമ്മാനിച്ചപ്പോള്‍ വിക്രമാദിത്യന്‍ അവന്റെ പട്ടാഭിഷേകത്തിന് കണ്ടുവച്ച ഗ്രാമം പട്ടടക്കല്‍ ആവുന്നത് ക്ഷേത്രങ്ങള്‍ ഒന്നൊന്നായി ഉയര്‍ന്നുതുടങ്ങിയതോടെയാണ്. ക്ഷമയോടെ സമയമെടുത്ത് പരിശോധിച്ച് പഠിക്കേണ്ട ശില്‍പങ്ങളാല്‍ സമൃദ്ധമാണിവിടം. ഞങ്ങളുടെ ഈ ദിവസത്തെ പരിപാടിയില്‍ ഇനി ഐഹോളെ സന്ദര്‍ശനം കൂടി ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങള്‍ അടുത്ത ക്ഷേത്രങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. ശിലാവിസ്മയങ്ങളുടെ അക്ഷയഖനികള്‍ തുറക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
അടുത്തുതന്നെയുള്ള ഗലഗനാഥക്ഷേത്രം ഒരു നഷ്ടാവശിഷ്ടമായി തോന്നിപ്പിച്ചു. ചടങ്ങുകള്‍ നടന്നിരുന്ന വലിയ രംഗമണ്ഡപത്തിന്റെ ഭാഗമാണ് ഈ ക്ഷേത്രമെന്നു വ്യക്തം. ഗോപുരത്തിലെ കൊത്തുപണികള്‍ മനോഹരമാണ്. ശിവനുവേണ്ടി ഉണ്ടാക്കിയതാണിത്. അഷ്ടബാഹുവായി കപാലമാല ഉപവീതമാക്കി അന്തകാസുരനെ വധിക്കുന്ന ശിവന്റെ ഒരു ശില്‍പമിവിടെയുണ്ട്.
pattadakkal |
പ്രാണപ്രിയന് സ്‌നേഹപൂര്‍വം...
ചാലൂക്യരും പല്ലവരും കീരിയും പാമ്പും പോലെയായിരുന്നു. വിജയാദിത്യയുടെ മകനായ വിക്രമാദിത്യന്‍ രണ്ടാമന്‍ അച്ഛന്റെ മരണശേഷം രാജ്യഭാരം ഏറ്റതും പല്ലവന്മാരോട് യുദ്ധം തുടങ്ങി. നൂറ്റാണ്ട് മുമ്പേ തന്റെ പൂര്‍വികനായ പുലകേശി രണ്ടാമനെ പല്ലവന്‍മാര്‍ തോല്‍പിച്ചതിന്റെ പക ശമിപ്പിക്കാന്‍... യുവരാജാവായപ്പോളും, ചക്രവര്‍ത്തിയായപ്പോഴും, പിന്നീട് മകനായ കീര്‍ത്തിവര്‍മനൊപ്പവും അങ്ങനെ മൂന്ന് മഹായുദ്ധങ്ങള്‍....
മൂന്നാമത്തെ യുദ്ധം പതിമൂന്നുകാരനായ പല്ലവരാജകുമാരന്‍ നന്ദിവര്‍മനുമായിട്ടായിരുന്നു. നന്ദിവര്‍മന്‍ രണ്ടാമന്റെ പിതാവായ പരമേശ്വരവര്‍മന്‍ നേരത്തെ വിക്രമാദിത്യനുമായുളള യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. കിരീടാവകാശിയില്ലാതെയായിരുന്നു മഹത്തായ പല്ലവസാമ്രാജ്യത്തിന്റെ അധിപന്‍ കാലപുരി പൂകിയത്. രാജാവില്ലാതെ രാജ്യം ഛിന്നഭിന്നമാകുമെന്ന് വന്നപ്പോള്‍ പല്ലവപ്രഭുക്കള്‍ കൂടിയാലോചിച്ച് കമ്പോഡിയയില്‍ ഭരിച്ചുകൊണ്ടിരുന്ന അകന്ന ബന്ധുവായ കടവേശ ഹരിവര്‍മന്റെ നാലുമക്കളിലൊരാളെ ദത്തെടുക്കാന്‍ തീരുമാനിച്ചു. അദ്ദേഹം മക്കളെ നല്‍കാന്‍ ആദ്യം സമ്മതിച്ചില്ല.
നീണ്ടുനിന്ന കൂടിയാലോചനകള്‍ക്കൊടുവില്‍ ഇളയ മകനായ നന്ദിവര്‍മനെയും കൂട്ടി ദൂതന്‍മാര്‍ സമുദ്രസഞ്ചാരം ചെയ്ത് ഭാരതത്തിലെത്തി. പന്ത്രണ്ടാം വയസ്സില്‍ നന്ദിവര്‍മന്‍ പല്ലവരാജാവായി മാറി. രാജ്യഭാരമേറ്റ അധികം കഴിയും മുമ്പായിരുന്നു വിക്രമാദിത്യനുമായുള്ള യുദ്ധം. പരാജയപ്പെടുമെന്ന് വന്നപ്പോള്‍ ബാലനായ രാജാവിനെ പല്ലവര്‍ സുരക്ഷിതമായി നാടുകടത്തി. തനിക്കു പ്രിയപ്പെട്ട കടുമുഖ എന്ന ചെണ്ടയും സമുദ്രഘോഷമെന്ന സംഗിതോപകരണവും വിലമതിക്കാനാവാത്ത രത്‌നക്കല്ലുകളും സ്വര്‍ണവും രാജ്യവും രാജചിഹ്നങ്ങളും എല്ലാം ഉപേക്ഷിച്ച് നന്ദിവര്‍മന്‍ പലായനം ചെയ്തു.
ചാലൂക്യ രാജാവായ വിക്രമാദിത്യന്‍ യുദ്ധം ജയിച്ച് വിജയശ്രീലാളിതനായി കാഞ്ചി നഗരത്തില്‍ പ്രവേശിച്ച്ു. പക്ഷേ അദ്ദേഹം കീഴടക്കിയ നഗരത്തിന് ഒരു പോറല്‍ പോലും ഏല്‍പ്പിച്ചില്ല. എടുത്തതെല്ലാം തിരിച്ചുനല്‍കി. സൈനിക വിജയത്തിലുപരി വിക്രമാദിത്യന്‍ കാഞ്ചിനഗരത്തിന്റെ ജനമനസ്സില്‍ ബഹുമാന്യനായി കുടിയേറി. കലകളോടും കലാകാരന്മാരോടും അങ്ങേയറ്റത്തെ ബഹുമാനം പുലര്‍ത്തിയ അദ്ദേഹത്തെ പോലൊരു രാജാവിനല്ലാതെ ആര്‍ക്കാണ് ഈ പട്ടടക്കല്‍ പോലെ ഒരു ശിലാവിസ്മയം തീര്‍ക്കാന്‍ സാധിക്കുക?
ശരിക്കുപറഞ്ഞാല്‍ തങ്ങളുടെ പ്രാണപ്രിയനായ വിക്രമാദിത്യന് പട്ടടക്കലിലെ രണ്ട് പ്രധാനക്ഷേത്രങ്ങള്‍ സമര്‍പ്പിച്ചത് രണ്ട് രാജസുന്ദരിമാരായിരുന്നു. യുദ്ധത്തിലഭിരമിച്ചിരുന്ന വിക്രമാദിത്യന്റെ രാജ്ഞിമാരായിരുന്നു ഇരട്ടസഹോദരിമാരായ ലോകദേവിയും ത്രൈലോകദേവിയും. രാജാവ് രണസ്ഥലികളില്‍ നിന്ന് ജയഘോഷത്തോടെ മടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കലാഹൃദയത്തെ സന്തോഷിപ്പിക്കാന്‍ രാജ്ഞിമാര്‍ ഓരോരുത്തരും ഓരോ മഹാക്ഷേത്രം വീതമുണ്ടാക്കി
ഞങ്ങള്‍ കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ ലോകദേവിയുണ്ടാക്കിയ ലോകേശ്വരക്ഷേത്രം അഥവാ വിരൂപാക്ഷക്ഷേത്രത്തിലെത്തി. പ്രസിദ്ധമായ ഈ ക്ഷേത്രം ഈ സമുച്ചയത്തില്‍ എടുത്തുപറയേണ്ട ഒന്നാണ്. ഏറ്റവും വലുതും ഏററം പ്രധാനപ്പെട്ടതും. നമ്മെ മുഗ്്ധരാക്കാന്‍ പോരുന്ന ഒരു സൗന്ദര്യം ഈ ക്ഷേത്രത്തിനുണ്ട്. 740-745ലാണ് ഇതുണ്ടാക്കിയത്. ഇതിന്റെ ഓരോ ഇഞ്ചിലും ശില്‍പങ്ങളാണ്. ശില്‍പങ്ങളാകട്ടെ കൈകാര്യം ചെയ്യുന്നത് വിവിധ വിഷയങ്ങളുമാണ്. കഥാസന്ദര്‍ഭങ്ങള്‍, മിഥുനങ്ങള്‍, താപസന്മാര്‍, ലിംഗോല്‍ഭവന്‍, നടരാജന്‍, ഉഗ്ര നരസിംഹന്‍, രാവണാനുഗ്രഹം തുടങ്ങി നിരവധി ശില്‍പങ്ങള്‍. പലതിനും കൈയും കാലുമൊന്നും ഇല്ല. മച്ചില്‍ ഏഴ് അശ്വങ്ങളെ പൂട്ടിയ രഥത്തില്‍ സഞ്ചരിക്കുന്ന സൂര്യനെ കാണാം. ക്ഷേത്ര മകുടം ഒരു കലശപാത്രം പോലെയാണ്. ക്ഷേത്രത്തിനുചുറ്റും നിരവധി ചെറുക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.
ഇന്നും ആരാധന നടക്കുന്ന അതീവമനോഹരമായ കറുപ്പില്‍ തിളങ്ങുന്ന വലിയ ഒരു നന്ദിയുണ്ട് ഇവിടെ. വിരൂപാക്ഷക്ഷേത്രത്തിലെ ഈ നന്ദിപൂജ മാത്രമേ ഇന്നും മുറതെറ്റാതെ നടക്കുന്നുള്ളൂ എന്നു തോന്നുന്നു. ഇവിടെയുള്ള കരിങ്കല്‍ സ്തൂപത്തില്‍ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അതീവ പ്രാധാന്യമുളള ലിഖിതങ്ങളുണ്ട്. 705ല്‍ പല്ലവരാജാവായ രാജസിംഹന്‍ നിര്‍മിച്ച കാഞ്ചിയിലെ കൈലാസമന്ദിറിന്റെ മാതൃകയിലാണ് വിരൂപാക്ഷക്ഷേത്രം നിര്‍മിച്ചത്. അതേപോലെ ഈ ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണ് ഇതിനേക്കാള്‍ വലിപ്പത്തില്‍ 773ല്‍ എല്ലോറയിലെ കൈലാസനാഥക്ഷേത്രം മുകളില്‍ നിന്ന് താഴേക്ക് പാറതുരന്ന് നിര്‍മിച്ചിരിക്കുന്നത്. അത് മറ്റൊരു വിസ്മയം...
pattadakkal |
അടുത്ത ക്ഷേത്രം കാശിവിശ്വനാഥക്ഷേത്രം എന്ന താരതമ്യേന ചെറിയ ക്ഷേത്രമാണ്. നാഗരശൈലിയിലാണിത് നിര്‍മിച്ചിരിക്കുന്നത്. പട്ടടക്കലിലെ അവസാനഹിന്ദുക്ഷേത്രം ഇതാണെന്ന് പറയപ്പെടുന്നു. ഇതും ശിവക്ഷേത്രമാണ്. ചാലൂക്യരല്ല, മറിച്ച് രാഷ്ട്രകൂടരാണ് ഇതിന്റെ സ്രഷ്ടാക്കള്‍. അധിഷ്ഠാനത്തില്‍ മൃഗരൂപങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു. ഗോപുരത്തിലെ ആമലകവും കലശവും നഷ്ടപ്പെട്ടിരിക്കുന്നു. ഗോപുരഭിത്തി കല്ലില്‍ കൊത്തിയെടുത്ത ഒരു വല പോലെയാണുള്ളത്. ക്ഷേത്രത്തിന്റെ പുറംഭാഗത്തും എന്തൊക്കെയോ നഷ്ടപ്പെട്ടപോലെയുണ്ട്. ഒരു നന്ദിമണ്ഡപത്തിന്റെ അവശിഷ്ടഭാഗം മാത്രം കാണാം. ഗര്‍ഭഗൃഹത്തില്‍ നിന്ന് പുറത്തേക്ക് ഓവ് ഉണ്ട്. ഗംഗയുടെയും യമുനയുടെയും ശില്‍പങ്ങള്‍ ഉണ്ട്. കൈലാസമുയര്‍ത്താന്‍ ശ്രമിക്കുന്ന രാവണന്‍, പാര്‍വതീസമേതനായി കല്യാണസുന്ദരമൂര്‍ത്തിയായ ശിവന്‍, മുരുകനെ ഓമനിക്കുന്ന പാര്‍വതി, ആനയുടെയും മറ്റും സവാരി എന്നിവയൊക്കെ കാണാം.
ഇനിയുള്ള ജംബുലിംഗേശ്വര ക്ഷേത്രവും താരതമ്യേന ചെറിയ ഒന്നാണ്. രേഖാനാഗര ശൈലിയിലാണ് നിര്‍മാണം. ഇവിടെയുള്ള നന്ദിയും അല്‍പമാത്രബാക്കിയാണ്. ഗോപുരത്തില്‍ മനോഹരമായ ഒരു നടരാജശില്‍പമുണ്ട്, ഗോപുരം കൊത്തുപണികളാല്‍ സമൃദ്ധമാണ്. ഗോപുരത്തിന്റെ മുകള്‍ഭാഗം നഷ്ടപ്പെട്ടുപോയി എന്നു തോന്നുന്നു.
വിരൂപാക്ഷ ക്ഷേത്രത്തിന് സമീപം വലിയ മരത്തണലിലെ കല്‍മണ്ഡപത്തില്‍ ഞങ്ങള്‍ അല്‍പനേരമിരുന്നു. ചെറിയ തണുപ്പുള്ള കാറ്റ് മന്ദമായി വീശിക്കൊണ്ടിരുന്നു. പകല്‍കിനാവ് കാണാന്‍ പറ്റിയ അതിശാന്തമായ അന്തരീക്ഷം. അവിടെയിരുന്ന് കിസുവോളല്‍ അഥവാ പട്ടാഭിഷേകങ്ങളുടെ മടിത്തട്ടായ പട്ടടക്കലിലെ ആയിരത്തി ഇരുന്നൂറ്റി എഴുപത്തിഅഞ്ച് വര്‍ഷം മുമ്പത്തെ ഒരു ദിവസത്തിലെ ഒരു മധ്യാഹ്നം ഞാന്‍ സങ്കല്‍പ്പിച്ചുനോക്കി.....
..................... ....................... .........................
പെരുമ്പറകളുടെ മുഴക്കം....
ഉച്ചവെയിലില്‍ മുത്തുക്കുടകളുടെ തണലില്‍ ബദാമിയിലെ രാജ്ഞി അതിസുന്ദരിയും വിദുഷിയും സകലശാസ്ത്രനിപുണയുമായ ലോകദേവി എഴുന്നള്ളിയിരിക്കുകയാണ്.
താന്‍ പ്രത്യേകം തെരഞ്ഞെടുത്ത് കാഞ്ചിയില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന ശില്‍പങ്ങളുടെ പൂര്‍ണത വീണ്ടും വീണ്ടും അവര്‍ പരിശോധിച്ചുകൊണ്ടിരുന്നു.
ക്ഷേത്രശിലകളിലെ ഓരോ അംഗുലവും ശില്‍പസമൃദ്ധമല്ലേ എന്ന പരിശോധന. ഭാരതവര്‍ഷത്തില്‍ പേരുകേട്ട ചക്രവര്‍ത്തിയായ തന്റെ പ്രാണപ്രിയനായ വിക്രമാദിത്യന്‍ ഗംഗാതടത്തിലെ രാജാവായ ശ്രീപുരുഷുവുമായി ചേര്‍ന്ന് പല്ലവരാജ്യത്തേക്ക് യുദ്ധത്തിന് പോയിരിക്കുകയാണ്.
മുതുമുത്തച്ഛനായ പുലികേശി രണ്ടാമന്‍ നടത്തിയ ചരിത്രത്തിലിടംപിടിച്ച അശ്വമേധയാഗത്തേക്കാള്‍ പ്രാധാന്യമുണ്ട് ഈ യുദ്ധത്തിന്.
യൂദ്ധം ജയിച്ച് വിജയശ്രീലാളിതനായി വരുമ്പോഴേക്ക് ക്ഷേത്രം പണിക്കൂറ തീര്‍ത്ത് വയ്ക്കണം.
രാജാവ് അന്യരാജ്യത്ത് നിന്ന് കൂട്ടിക്കൊണ്ടുവന്ന ശ്രീ ഗുണ്ടന്‍ അനിവരിതാചാരി എന്ന പ്രധാനശില്‍പ്പി അടുത്തുതന്നെയുണ്ട്. അദ്ദേഹത്തിന് ഇന്ന് ത്രിഭുവനാചാര്യന്‍ എന്ന ബഹുമതി ചടങ്ങിനിടയില്‍ നല്കുന്നുണ്ട്.
അദ്ദേഹം ക്ഷേത്രനിര്‍മാണത്തില്‍ പങ്കെടുത്ത ശില്‍പ്പികളുടെ പേര് ഒരു ശിലയില്‍ കൊത്തിവെക്കാന്‍ നിര്‍ദ്ദേശം നല്കുന്നു.
ചില കണക്കെഴുത്തുകാര്‍ ക്ഷേത്രത്തിന് ഭൂമി സംഭാവനനല്കിയവര്‍ക്ക് നികുതി ഒഴിവാക്കിക്കൊണ്ടുള്ള തീട്ടുരങ്ങള്‍ തയ്യാറാക്കുന്നു.
അടുത്തുള്ള ചെറിയ ക്ഷേത്രത്തിന്റെ മുറ്റത്ത് നടക്കുന്ന സ്വയംവരച്ചടങ്ങില്‍ കന്യകമാര്‍ ഭര്‍ത്താക്കന്മാരെ തെരഞ്ഞെടുക്കുന്നു.
മൈതാനത്തിന്റെ ഒരു മൂലയില്‍ പാളത്താറുപോലെ പിന്നിലേക്കെടുത്ത സാരിയും കുചബന്ധവും ധരിച്ച സുന്ദരിമാര്‍ കരിമ്പുനീര് വില്‍ക്കുന്നു. തൊട്ടടുത്ത മണ്ഡപത്തില്‍ അനിയത്തിയായ രണ്ടാം രാജ്ഞി ത്രൈലോകദേവി ഗായകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു.
കുറേ കല്‍പ്പണിക്കാര്‍ ക്ഷേത്രനിര്‍മാണങ്ങള്‍ക്ക് നാട്ടിലെ പ്രമുഖര്‍ നല്‍കിയ സംഭാവനകളുടെ വിവരം രേഖപ്പെടുത്തുന്നു.
കാവേരിക്കും നര്‍മദക്കും ഇടയിലുള്ള ചാലൂക്യസാമ്രാജ്യത്തിലെ പ്രമുഖരായ പരശ്ശതം പ്രജകള്‍ കാഴ്ചക്കാരായി എത്തിയിരിക്കുന്നു. ക്ഷേത്രത്തിലെ അപൂര്‍വമായ ഹരിഹരന്റെ ശില്‍പം ഔപചാരികമായി പൂര്‍ത്തിയാക്കുന്നതും ഇന്നാണ്. ക്ഷേത്രത്തിലും മുപ്പത്തിരണ്ട് ഉപദേവതാ ക്ഷേത്രങ്ങളിലും പൂജകള്‍ നടന്നുകൊണ്ടിരിക്കുന്നു.
അന്യനാട്ടില്‍ നിന്നുള്ള ശില്‍പവിദ്യാര്‍ത്ഥികള്‍ ഒരു നന്ദി പ്രതിമയില്‍ അവസാനമിനുക്കുപണി നടത്തുന്നു.
രാജ്യത്തെ ഒരു വ്യാപാരപ്രമുഖന്‍ 51 സ്വര്‍ണനാണയങ്ങള്‍ രാജ്ഞിക്ക് സംഭാവനയായി നല്കാന്‍ എത്തിയിരിക്കുന്നു.
ചാലൂക്യരുടെ യുദ്ധവൈരികളായ രാജ്യങ്ങളായ ചേര, പാണ്ഡ്യ, ചോള, കേരള നാട്ടില്‍ നിന്നുപോലും കലാസ്വാദകര്‍ എത്തിയിരിക്കുന്നു. ഗുജറാത്തിലെ ആന്‍ഹില്വാരയില്‍ നിന്നും താവഴിബന്ധുക്കളെത്തിയിട്ടുണ്ട്.
കനൗജില്‍ നിന്നും ഇറാനില്‍ നിന്നും ഗംഗാതടത്തില്‍ നിന്നും അറബ് നാട്ടില്‍ നിന്നും രാജപ്രതിനിധികള്‍ സമ്മാനങ്ങളുമായി വന്നിരിക്കുന്നു.
രാജാവിന്റെ മുതുമുത്തച്ഛനായിരുന്ന പുലികേശി രണ്ടാമന്‍ സ്ഥാപിച്ച 99000 ഗ്രാമങ്ങള്‍ വീതമുള്ള മൂന്ന് മഹാരാഷ്ട്രകങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരെത്തിയിരിക്കുന്നു.
ഗുജറാത്തില്‍ വച്ച് അറബികളുമായുള്ള യുദ്ധം ജയിച്ച മറ്റൊരു ചാര്‍ച്ചക്കാരന്‍ ജയസിംഹവര്‍മന്റെ മകന്‍ പുലകേശിനും സന്നിഹിതനായിരിക്കുന്നു.
ഹൈഹായ-കാലചൂരിവംശത്തിന്റെ തലസ്ഥാനമായ മഹിഷ്മതിയില്‍ നിന്ന് ബാദാമിയിലേക്ക് വിവാഹം കഴിച്ചുകൊണ്ടുവന്ന നമ്മുടെ രാജ്ഞിയായ ലോകദേവിയുടെ രാജബന്ധുക്കളും എത്തിയിട്ടുണ്ട്.
വിശ്വസ്തരും ധര്‍മിഷ്ടരും ലളിതജീവിതപ്രിയരും കലാസ്വാദകരുമായ വിവിധ മതസ്ഥരായ നാട്ടുകാര്‍ മുഴുവനും ഉത്സവലഹരിയില്‍ പട്ടടക്കല്‍ പരിസരത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.
ബുദ്ധഭിക്ഷുക്കളും ജൈനസന്യാസിമാരും ബ്രാഹ്മണശ്രേഷ്ഠന്മാരും ശൈവമുനിമാരും വൈഷ്ണവരും ശക്ത്യാരാധകരും തന്ത്രവിദ്യാവിചക്ഷണന്മാരും അക്കൂട്ടത്തിലുണ്ട്.
അനിയത്തി ത്രൈലോകദേവിയുടെ മകനായ അടുത്ത കിരീടാവകാശി കീര്‍ത്തിവര്‍മന്‍ ചുവന്ന പട്ടുകോണകവും മഞ്ഞ ഉത്തരീയവും രത്‌നഹാരങ്ങളും അണിഞ്ഞ് കൂട്ടുകാരോടൊപ്പം ഓടിക്കളിക്കുന്നു .....
കുറെ സമയം അങ്ങനെയിരുന്നതിനുശേഷം ഞങ്ങള്‍ എഴുന്നേറ്റു. ഭക്ഷണം കഴിക്കണം, യാത്ര തുടരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ഇവിടെയുള്ള പല ക്ഷേത്രങ്ങളിലും ആളുകള്‍ താമസിച്ചുകൊണ്ടിരിക്കുകയായിരുന്നത്രേ.... ആളുകളെ ഒഴിപ്പിക്കല്‍ ശ്രമകരമായിരുന്നു. പലരുടെയും കൈകളില്‍ ഈ കല്ലമ്പലങ്ങളുടെ കൈവശാവകാശരേഖകളുമുണ്ടായിരുന്നുപോല്‍...! ഒഴിപ്പിച്ച ആളുകളെ പുനരധിവസിപ്പിക്കലും വലിയ ഒരു പ്രയത്‌നമായിരുന്നു. പിന്നീട് ഉച്ചയ്ക്കുശേഷം ഐഹോളെ സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ അത് നേരില്‍ കണ്ടു. കരിങ്കല്‍ കവിതകള്‍ വീടാക്കി താമസിക്കുന്ന മനുഷ്യര്‍... !! വീടിന്റെ ഒരു ഭാഗത്ത് രണ്ട് സഹസ്രാബ്ദം മുമ്പത്തെ അദ്വിതീയ ശില്പികളുടെ മഹാപരിശ്രമം... മറുഭാഗത്ത് കക്കുസും കുളിമുറിയും...
മലപ്രഭാ നദിയുടെ ഉത്ഭവസ്ഥാനത്ത് ഒരു കല്ലില്‍ കൊത്തിവച്ചിട്ടുണ്ട് ഈ നദി മനുഷ്യരാശിക്ക നന്മവരുത്തുന്നതിനായി ചുരത്തുന്നതാണെന്ന്. ധാതുലവണങ്ങള്‍ ധാരാളമുള്ള വെള്ളമാണ് മലപ്രഭയിലേത്. പട്ടടക്കലിലാകട്ടെ , നദി തെക്കുനിന്ന് വടക്കോട്ടാണ് ഒഴുകുന്നത്, ഉത്തരാഭിമുഖിയായി. ബദാമിയിലെും ഐഹോളെയിലെയും ഒരു നൂറ്റാണ്ടുകാലത്തെ തെക്കിന്റെയും വടക്കിന്റെയും ശൈലിയിലുള്ള കലാപരീക്ഷണങ്ങളുടെ അതിമനോഹരമായ പരിസമാപ്ത ഭൂമികയാണ് പട്ടടക്കല്‍. കലയിലെയും സംസ്‌കാരത്തിലെയും തെക്കു വടക്കു ശൈലികളുടെ സംഗമ ഭൂമി. ഭാരതവാസ്തുവിദ്യയുടെ ശോഭനമായ സുവര്‍ണലിപിയിലെഴുതേണ്ട കാലം.
ചുവന്ന മണ്ണിന്റെ താഴ്‌വാരം എന്ന് പ്രസിദ്ധമായിരുന്നു കിസുവോളല്‍. രണ്ടാം നൂറ്റാണ്ടിലെ ടോളമിയുടെ ജിയോഗ്രാഫിയില്‍ പോലും കിസുവോളലിനെക്കുറിച്ച് പരാമര്‍ശമുണ്ടത്രെ. പുലകേശി രണ്ടാമന്റെ കാലത്ത് ഇറാനിലെ ഷാ ആയിരുന്ന ഖൊസ്രോ പര്‍വീസ് ചാലൂക്യരാജ്യവുമായി രാജപ്രതിനിധികളെ അഥവാ അംബാസഡര്‍മാരെ കൈമാറിയിരുന്നു. ഈ രക്തപുരത്തിലെ ജീവന്‍ തുടിക്കുന്ന ശില്‍പങ്ങള്‍ പല രാജവംശങ്ങളുടെയും ഉദയവും പതനവും കണ്ടു. പട്ടടക്കലിന്റെ പ്രതാപകാലം ചാലൂക്യഭരണത്തിലായിരുന്നെങ്കില്‍ പത്താം നൂറ്റാണ്ടോടുകൂടി ചാലൂക്യരുടെ പതനത്തിനുശേഷം രാഷ്ടകൂടരുടെ ഊഴമായിരുന്നു. പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളില്‍ കിഴക്കന്‍ ചാലൂക്യര്‍ വന്നു. ഹിന്ദു, ജൈന, ബുദ്ധര്‍ പട്ടടക്കല്‍ പ്രദേശങ്ങളില്‍ വീണ്ടും ക്ഷേത്രങ്ങള്‍ നിര്‍മിച്ചു. പതിനഞ്ചാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യം ഉയര്‍ന്നുവരുന്നതുവരെ ഡല്‍ഹി സുല്‍ത്താന്‍മാരുമായി യുദ്ധങ്ങള്‍ ഉണ്ടായി. അപ്പോഴേക്കും ഹമ്പി ലോകത്തില്‍ ബീജിംഗ് കഴിഞ്ഞാല്‍ രണ്ടാമത്തെ ധനികനഗരമായി മാറിയിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ അതിര്‍ത്തിയുടെ ഭാഗമായിരുന്ന പട്ടടക്കല്‍ വിജയനഗര രാജാക്കന്മാരൂം ഡല്‍ഹി സുല്‍ത്താന്മാരുമായുള്ള പല യുദ്ധങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. 1565ല്‍ വിജയനഗരവും ഡക്കാന്‍ സൂല്‍ത്താന്മാരും തമ്മിലുള്ള യുദ്ധത്തില്‍ വിജയനഗര സാമ്രാജ്യം താറുമാറായി. അതിനുശേഷം പട്ടടക്കല്‍ ബിജാപ്പൂര്‍ സുല്‍ത്താന്റെ കീഴിലായി മാറി. പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബിന്റെ നിയന്ത്രണത്തില്‍ വന്നു. പിന്നീട് മറാത്താ രാജവംശം, ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍, ബ്രിട്ടീഷുകാര്‍ എന്നിവരുടെ ഭരണത്തിലും.....
നോക്കൂ... ഈ സംഭവവികാസങ്ങളെയെല്ലാം അതി ജീവിച്ച് പട്ടടക്കല്‍ ശിലാ വിസ്മയങ്ങളില്‍ പലതും വലിയ പരിക്കുകളോടെയെങ്കിലും ഇന്നും നിലനില്‍ക്കുന്നു എന്നത് ആശ്ചര്യകരം തന്നെ. പ്രകൃതിക്ഷോഭങ്ങളെയും അതിജീവിക്കേണ്ടി വന്നിട്ടുണ്ട് ഈ സ്മാരകശിലകള്‍ക്ക്.
അല്‍പം ദൂരെയുള്ള പാപനാഥ ക്ഷേത്രം , പില്‍ക്കാലത്ത് നിര്‍മിച്ച ജൈനനാരായണ ക്ഷേത്രം എന്നിവയിലെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ സമയക്കുറവുകാരണം കഴിഞ്ഞില്ല. വിശപ്പ് വയറിനെ കാര്‍ന്ന് തിന്നാന്‍ തുടങ്ങിയിരുന്നു. പന്ത്രണ്ടര കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കാമെന്ന തീരുമാനത്തിലെത്തി. ഞങ്ങള്‍ ടെംപിള്‍ കോംപ്ലക്‌സിന്റെ ഗെയിറ്റ് കടന്ന് പുറത്തുവന്നു. നല്ല വെയില്‍. റോഡില്‍ പൊടി പറക്കുന്നു. ഓട്ടോക്കാര്‍ കുറേ പേരുണ്ട്. സ്വകാര്യവാഹനങ്ങള്‍ ഒരുപാട് പാര്‍ക്ക് ചെയ്തിരിക്കുന്നു. കുറെ ഇളനിര്‍ക്കടകളുണ്ട്.
hotel chalukya |
എല്ലാവരും നിറഞ്ഞ മനസ്സും വയറുമായാണ് ഊണുകഴിഞ്ഞെഴുന്നേറ്റത്. രണ്ടു തടിയന്മാരാണ് വിളമ്പാന്‍. അതിലൊരാളുടെ ബനിയനില്‍ നുറുകണക്കിന് തുളകള്‍ ഉണ്ടെന്ന് തോന്നി. അടുത്ത ലക്ഷ്യം ഐഹോളയാണ്. ഞങ്ങള്‍ സമയം കളയാതെ ഓട്ടോയില്‍ കയറി യാത്ര തുടര്‍ന്നു. അഭിഷേകങ്ങളുടെ രംഗഭൂമികയുടെ പശ്ചാത്തലത്തില്‍ നിന്നും കാഴ്ചയെ മറച്ച് ഞങ്ങളുടെ ഓട്ടോകള്‍ മെല്ലെ ഓടിത്തുടങ്ങി. വെയില്‍നാളങ്ങള്‍ നാവുനീട്ടി സര്‍പ്പനൃത്തം നടത്തുന്ന റോഡിലൂടെ കിതച്ചുകൊണ്ട്......
#വാതാപി #badami #ബാദാമി #മഹാകൂട #travalogue #പട്ടടക്കല്‍ #ബനശങ്കരി #badamitrip #ബാദാമിയാത്ര
(തുടരും - അടുത്ത ലേഖനത്തില്‍... )
താഴെ കമന്‍റ് ബോക്സ് ഉണ്ട്. അഭിപ്രായമെഴുതുമല്ലോ...
സമഗ്രം മനോഹരം.. കണ്ടതൊക്കെ ഒരിക്കൽ കൂടെ കണ്ണുകൾക്ക് മുൻപിലൂടെ കടന്ന് പോയി..
ReplyDelete:)
DeleteExcellent travelogue..... Please come up with such travelogues more often.
ReplyDeletethank you giri
Deleteബദാമി യുടെ ചരിത്ര രചനയുടെ തുടക്കം. ചരിത്രാന്വേഷണം വേണ്ട പോലെ നടത്തിലുണ്ട്. അല്ലെ?
ReplyDeleteഅതെ.
DeleteExcellent travelogue better than SK Pottakad's travelogue. Even though I am here in Hyderabad while reading your blog it really took me along with your group visualising all temples with you. Your way of explanation is unique and extra ordinary You have mentioned Iran at couple of places it would be Persia if I am not wrong, that time before Islamic invasion. Overall an excellent effort wish you all the best.
ReplyDeleteഅതിഗംഭീരമായിട്ടുണ്ട് വിവരണവും വർണ്ണനകളും. അഭിനന്ദനങ്ങൾ:
ReplyDeleteയാത്ര വീണ്ടും പോയ ഒരു പ്രതീതി. ആഴത്തിലുള്ള പഠനം. അനിതരസാധരണമായ ആഖ്യാനശൈലി. യാത്രകൾ തുടരുക...... Best Wishes...
ReplyDeleteCongrats. Nice presentation.
ReplyDeleteഒപ്പം യാത്ര ചെയ്ത പ്രതീതി.ചിത്രങ്ങളും ഹൃദ്യം. ചരിത്രം വളരെ വിശകലനം നടത്തി വിസ്തരിച്ചെഴുതിയത് കണ്ട് അത്ഭുതം തോന്നുന്നു.ആശംസകൾ
ReplyDelete