ക്ലബ് ഹൗസിലെ 'ചാറ്റ'ല്‍മഴ



scroll to bottom for update on this article on 29.6.21:
പ്പിള്‍ ഒഎസില്‍ മാത്രം ചിനുങ്ങിപ്പെയ്തിരുന്ന ക്ലബ്ഹൗസ് മണ്‍സൂണിനൊപ്പം  ഇടിമിന്നലോടെയാണ് ആന്‍ഡ്രോയിഡ് സോഷ്യല്‍മീഡിയയിലേക്ക് പെയ്തിറങ്ങിയത്. മലയാളികള്‍ നിരവധി ചാറ്റ് റൂമുകളുമായി ക്ലബ് ഹൗസിന്റെ വരവ് ആഘോഷമാക്കി. ലോക്ക് ഡൗണില്‍ അടഞ്ഞുപോയ ശബ്ദവാതായനങ്ങള്‍ ഊക്കോടെ തുറന്നു. വൈകുന്നേരങ്ങള്‍ സംഗീതവും ചര്‍ച്ചകളും അന്താക്ഷരികളും മല്‍സരങ്ങളും ഭാഷാ പഠനവും പ്രഭാഷണങ്ങളും അനുഭവങ്ങളും ആലോചനകളും യാത്രാവിവരണവും ഗെയിം ഷോകളും തത്വജ്ഞാനവും സപ്പോര്‍ട്ട് ഗ്രൂപ്പുകളും ധ്യാനവും കടംകഥയും ചോദ്യോത്തരങ്ങളും  വെറും സൊറയും കൊഞ്ചലും കുറുകലും കൊണ്ട് മുഖരിതമാവുന്നു ....  (click here to install #clubhouse)
courtesy: freepressjournal.in
dandara pagu: icon.    courtesy: freepressjournal.in

വാതിലുകള്‍ മലര്‍ക്കെ തുറന്നും പാതി ചാരിയും അടച്ചിട്ടും പാതിരാവാകുന്നതുവരെയും അതുകഴിഞ്ഞും ശബ്ദം ആഘോഷമാകുന്നു.  പ്രൊഫസര്‍മാര്‍, ധൈഷണികര്‍, പത്രപ്രവര്‍ത്തകര്‍, റേഡിയോ ജോക്കികള്‍, സാഹിത്യകാരന്മാര്‍, പാട്ടുകാര്‍, വിഷയവിദഗ്ധര്‍, ഉപകരണവിദഗ്ധര്‍, കലോപാസകര്‍, വെറും ആസ്വാദകര്‍ തുടങ്ങി എത്രപേരെ വേണമെങ്കിലും നമ്മള്‍ക്ക് കേള്‍ക്കാം. സെലിബ്രിറ്റികളെ ഒന്നു തൊടാന്‍ കൊതിക്കുന്ന ആരാധകര്‍ക്ക് അവരുടെ കൊച്ചുവര്‍ത്തമാനം കേട്ട് സായൂജ്യമടയാം.  ശരിക്കും കില്ലര്‍ ആപ്പ്... 

ശബ്ദത്തിന്റെ മാന്ത്രികത

ചിന്തയുടെ ആദ്യത്തെ സ്ഫുലിംഗത്തെ പരാ എന്നും ചിന്തയെ വേര്‍തിരിച്ചറിയുന്നതിനെ പശ്യന്തി എന്നും പശ്യന്തി ഒരു മാധ്യമത്തെ ആശ്രയിക്കുന്നതിനെ മധ്യമാ എന്നുമാണല്ലോ വ്യവഹരിക്കുന്നത്. സുരക്ഷിതവും അനുപമവുമായ മാധ്യമം ലഭിക്കുമ്പോള്‍ ചിന്തയുടെ നുറുങ്ങുകള്‍ വാക്കായി അഥവാ വൈഖരിയായി പുറത്തുവരുന്നു. ആളുകള്‍ സുഖരാഗവൈഖരി തേടുന്ന കുരുവികളായി മാറുന്നു. ഇതുവരെ അറിയാത്ത നാടുകളിലെ ഇതുവരെ അറിയാത്ത മനുഷ്യര്‍ ചങ്ങാതികളാകുന്നു. മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്്‌ഫോമുകളില്‍ നിന്ന് ക്ലബ് ഹൗസിനെ വ്യത്യസ്തമാക്കുന്ന ഒരു പ്രത്യേകത ശബ്ദത്തിന്റെ മാന്ത്രികത തന്നെ. ലോകത്തിനെ നയിക്കുന്നത് ശബ്ദമാണല്ലോ. 

ഡോ. ഡന്‍ബാറിന്റെ നമ്പര്‍

courtesy: unsplash.com
ഒരു മനുഷ്യന് ശരിക്കും എത്ര ചങ്ങാത്തമുണ്ടാകാം ? ഇത് സംബന്ധിച്ച് വളരെയധികം വിവാദങ്ങളുണ്ടാക്കിയ ഡന്‍ബാറിന്റെ നമ്പര്‍ സംബന്ധിച്ച പഠനം അദ്ദേഹം നടത്തിയത് കുരങ്ങുകളിലായിരുന്നു. സ്വാഭാവികമായ ചിന്തയല്ലാതെ ബോധപൂര്‍വമായ ചിന്ത ഉദ്ഭൂതമാവുന്നത് തലച്ചോറിലെ നിയോകോര്‍ട്ടിക്‌സിലാണല്ലോ.  ജീവിത പരിസരത്തിലെ ഗ്രൂപ്പുകളുടെ എണ്ണവും നിയോ കോര്‍ട്ടിക്‌സിന്റെ വലുപ്പവും തമ്മില്‍ ബന്ധമുണ്ടെന്ന് അദ്ദേഹം പഠനത്തിലൂടെ സമര്‍ത്ഥിച്ചു. മനുഷ്യന്റെ നിയോ കോര്‍ട്ടിക്‌സിന്റെ വലുപ്പമനുസരിച്ച് ഒരു വ്യക്തിക്ക് പരമാവധി 150 പേരുമായി മാത്രമേ ശരിയായ സൗഹൃദമുണ്ടാക്കാന്‍ കഴിയൂ എന്നദ്ദേഹം വാദിച്ചു. ഏറ്റവുമടുപ്പമുള്ള 5 പേര്‍, 15 വരെ ഉറ്റചങ്ങാതിമാര്‍, അമ്പതോളം സ്‌നേഹിതന്മാര്‍, 150 വരെ അര്‍ത്്ഥവത്തായ സമ്പര്‍ക്കങ്ങള്‍, നമ്മള്‍ പറയുന്നത് ശ്രദ്ധിക്കാന്‍  സാദ്ധ്യതയുള്ള 500 പേര്‍, കണ്ടാല്‍ ഹായ് പറയുന്ന 1500 പേര്‍.... ക്ലബ് ഹൗസ് ഒരുവേള ഈ തിയറി പൊളിച്ചടുക്കിയേക്കാം. ‌#robindunbar

'മുഖപുസ്തക'വും 'ചിലപ്പും' മറ്റും

2020 മാര്‍ച്ചില്‍ വെറും ആയിരത്തിഅഞ്ഞൂറ് പേര്‍ മാത്രമുണ്ടായിരുന്ന ക്ലബ് ഹൗസ് അതിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ മെയ് അവസാനം ലോഞ്ച് ചെയ്ത ശേഷം ആഴ്ചകള്‍ കൊണ്ട് ക്ലബ് ഹൗസിന്റെ വരിക്കാര്‍ ഇരട്ടിക്കുന്നത് മറ്റ് സോഷ്യല്‍മീഡിയ ആപ്പുകളെ ബാധിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. വാട്‌സാപ്പ് ഗ്രൂ്പ്പുകളില്‍   പലതും അനക്കമില്ലാതായി.

പല ആപ്പുകളും ഓഡിയോ പ്ലാറ്റ്‌ഫോമുകള്‍ അണിയറയില്‍ ഒരുക്കുന്നുണ്ട്. ട്വിറ്റര്‍ സ്‌പേസസ്, ഡിസ്‌കോഡിന്റെ സ്‌റ്റേജ് ചാനല്‍സ്, ടെലഗ്രാമിന്റെ വോയിസ് ചാറ്റ് , സ്‌പോട്ടിഫൈയുടെ ഗ്രീന്‍ റൂം പോലൂള്ള ആള്‍ട്ടര്‍ണേറ്റീവുകളുണ്ട്. ഫേസ്ബുക്ക് ഹോട്ട്‌ലൈന്‍ ഈയിടെ ടെസ്റ്റിംഗിന് ലോഞ്ച് ചെയ്തിരുന്നു. ജീവഗന്ധിയായ ശബ്ദസന്ദേശങ്ങള്‍ മറ്റേതൊരു സൗഹൃദസാധ്യതയേയും കവച്ചുവെക്കുന്നു എന്ന് തിരിച്ചറിയുന്നുണ്ട് മുന്‍നിര സമൂഹമാധ്യമങ്ങള്‍. 

ക്ഷണത്തിന്റെ പ്രാധാന്യം

ക്ലബ്ഹൗസ് പ്ലാറ്റ്‌ഫോമിലേക്ക് നേരിട്ട് പ്രവേശനമില്ല. നിലവിലുള്ള വരിക്കാര്‍ ആരെങ്കിലും ക്ഷണിച്ചാലേ കയറാന്‍ പറ്റൂ.  നിരവധി ആപ്പുകള്‍ക്കിടയില്‍ വേറിട്ടുനില്‍ക്കാന്‍ ഈ രീതി ക്ലബ്ഹൗസിനെ സഹായിക്കുന്നുണ്ട്. പുതിയ ആളുകള്‍ക്ക് വെയ്റ്റിംഗ് ലിസ്റ്റില്‍ നില്‍ക്കാം, അല്ലെങ്കില്‍ അക്കൗണ്ടുള്ള മറ്റൊരു സൂഹൃത്തിനോട് പറഞ്ഞ് ക്ഷണം നേടാം. അംഗമായവരുടെ കൈയിലുള്ള ഇന്‍വിറ്റേഷന്‍ മെസേജ് വഴി പരിചയക്കാര്‍ക്ക് കൊടുത്ത് ക്ഷണിക്കുകയും ചെയ്യാം. വെറുതെ കയറിച്ചെല്ലുന്നതിനേക്കാള്‍ മൂല്യമില്ലേ ക്ഷണിച്ച് പോകുന്നതില്‍ ? പക്ഷെ ഈ ക്ഷണിക്കല്‍ പരിപാടി ക്ലബഹൗസ് അടുത്തുതന്നെ നിര്‍ത്താനാണ് സാധ്യത.#inviteonly

അക്കൗണ്ട് 

അക്കൗണ്ടെടുക്കുമ്പോള്‍ ഒരു ഫോട്ടോ കൊടുക്കു്ന്നത് നല്ലതാണ്. ഓഡിയോ മാത്രം അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനായതിനാല്‍ തിരിച്ചറിയുന്നതും വ്യക്തിത്വം വെളിപ്പെടുത്തുന്നതുമായ ഒരു ഇമേജ് കൊടുക്കുന്നതാണ് നല്ലത്. പ്രൊഫൈല്‍ ഇമേജ് വളരെ ചെറുതായതിനാല്‍ ക്ലോസപ്പ് ഷോട്ടാണ് നല്ലത്.  നിങ്ങള്‍ ഒരു റൂമില്‍ പ്രവേശിച്ചാല്‍ ഈ ഇമേജും അതോടൊപ്പം യൂസര്‍നെയിമിന്റെ ആദ്യഭാഗവും ആ റൂമില്‍ ഉള്ള മറ്റുള്ളവര്‍ക്ക് എല്ലാം കാണാന്‍ പറ്റും. ഇപ്പോള്‍ നേരത്തെ നല്കിയ യൂസര്‍നെയിമില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ മാറ്റം വരുത്താന്‍ സാധിക്കുന്നുണ്ട്. നിലവിലുള്ള യൂസര്‍നെയിമില്‍ പ്രസ് ചെയ്താല്‍ മതി. (click here for clubhouse account)

അഹം (bio)

അടുത്തതായി നിങ്ങള്‍ എന്താണ് എന്നത് വ്യക്തമാക്കാന്‍ ഒരു ചുരുങ്ങിയ വിവരണം അഥവാ ബയോ നല്കണം. 

അധികം വിവരിക്കാതെ ഒരു ബുള്ളറ്റ ഫോമില്‍ ബയോ കൊടുക്കുന്നതാണ് നല്ല രീതി. താല്‍പര്യമുണ്ടെങ്കില്‍ ഇത് ഇമോജികള്‍ ഉപയോഗിച്ച് സമ്പുഷ്ടമാക്കാം. ബയോയുടെ തുടക്കം ശ്രദ്ധ ക്ഷണിക്കുന്ന രീതിയിലാകുന്നത് നല്ലതാണ്. പ്രൊഫൈല്‍ ഷെയര്‍ ചെയ്യുമ്പോഴും പ്രൊഫൈലില്‍ ആരെങ്കിലും ക്ലിക്ക് ചെയ്യുമ്പോഴും ബയോയുടെ തുടക്കത്തിലുള്ള സ്‌നിപ്പെറ്റ് മാത്രമാണ് കാണുക. ബയോയുടെ കൂടെ ലിങ്കുകള്‍ അനുവദിക്കുന്നില്ലെങ്കിലും ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുടെ ലിങ്ക് നല്കാന്‍ കഴിയും. ഇതുവഴി അക്കൗണ്ടുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയില്ലെങ്കിലും ആളുകള്‍ക്ക് ലിങ്ക് വഴി ഇവയിലേക്ക് പോകാന്‍ കഴിയും. നല്ല കീ വേഡുകള്‍ കൊടുക്കുന്നതും എസ്ഇഒയ്ക്ക് നല്ലതാണ്.

ക്ലബ് ഹൗസില്‍ നമുക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ സൂചിപ്പിക്കാം. താല്‍പര്യമുള്ള വ്യക്തികളെയും പരിചയക്കാരെയും ഫോളോ ചെയ്യാം. രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ ഹാള്‍വെ എന്നറിയപ്പെടുന്ന ഫീഡ് ഏരിയയിലാണ് എത്തുക. അവിടെ ക്ലബ്ബ് റൂമുകളും ക്ലബ്ബില്ലാത്ത റൂമുകളും ഉണ്ടാകും.  #clubhousebio

നാല്‍ക്കവല (hallway)

..... നമ്മള്‍ ഒരു വൈകുന്നേരം പഴയ നാട്ടുമ്പുറത്തെ ഒരു നാല്‍ക്കവലയില്‍ ആണെന്ന് കരുതുക. കുറെ ആളുകള്‍ ഒരു ആല്‍മരച്ചുവട്ടിലോ മറ്റോ ഇരുന്ന് സൊറ പറയുന്നുണ്ടാവും. നമുക്ക് വേണമെങ്കില്‍ അത് കുറേ നേരം കേട്ടിരിക്കാം. അല്ലെങ്കില്‍ ഒരഭിപ്രായം പറയാം. അടുത്തു തന്നെയുള്ള ചായപ്പീടികയില്‍ ചര്‍ച്ച നടക്കുന്നുണ്ടാകും. ഒരു ചായകുടിച്ചുകൊണ്ട് അതില്‍ പങ്കെടുക്കാം. ബാര്‍ബര്‍ ഷാപ്പില്‍ രാഷ്ട്രീയം പറയുന്നുണ്ടാകും. മുടി വെട്ടാനുദ്ദേശമുണ്ടെങ്കില്‍ ചര്‍ച്ച മോഡറേറ്റ് ചെയ്യാം. പീടികയുടെ മുകളില്‍ കലാസമിതിയോ ക്ലബ്ബോ ഉണ്ടാകും. ഞരങ്ങുന്ന മരത്തിന്റെ കോണി കയറി അവിടെചെന്ന് നേരെയങ്ങു കയറാന്‍ പറ്റില്ല. അംഗങ്ങള്‍ക്കേ പ്രവേശനമുണ്ടാകൂ. #hallway

ആകസ്മിക സല്ലാപം 

ക്ലബ് ഹൗസില്‍ പ്രവേശിച്ചാല്‍ ഇതുപോലെ ഒരു നാല്‍ക്കവലയിലാണെത്തുക. ഹാള്‍വേ എന്നാണ് പേര്. നമ്മള്‍ നേരത്തെ നല്കിയ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ള ചാറ്റ് റൂമുകള്‍ ഈ ഫീഡ് ഏരിയയില്‍ ലിസ്റ്റ് ചെയ്യും. അതുപോലെ നമ്മള്‍ ഫോളോ ചെയ്യുന്ന ആളുകള്‍ ഉള്ള റൂമുകളും ആദ്യമാദ്യം കാണിക്കും. ഏത് റൂമുകള്‍ ആണ് ഈ ഫീഡ് ഏരിയയില്‍ ലിസ്റ്റ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നത് നമ്മുടെ ഇഷ്ടങ്ങള്‍ പരിഗണിച്ചുള്ള ഒരു ആല്‍ഗരിതത്തിന്റെ അടിസ്ഥാനത്തിലാണ്. ആപ്പിന്‍റെ മുക ളില്‍ കാണുന്ന കലണ്ടര്‍ അനുസരിച്ച് അന്ന് ഷെഡ്യൂള്‍ ചെയ്ത മുറികളും ലിസ്റ്റ്‌ചെയ്യും.  റൂമിന്റെ വാതില്‍ ഒന്നു തട്ടിയാല്‍ മതി, അതായത് റൂമില്‍ വിരലുകൊണ്ട് ടാപ്പ് ചെയ്യുക, ഇപ്പോള്‍  ഒരു റൂമില്‍ പ്രവേശിച്ചുകഴിഞ്ഞു. ക്ലബ് ഹൗസിന്റെ ഭാഷയില്‍ ഡ്രോപ്പ് ഇന്‍ ചെയ്തു. 

ശബ്ദശകലങ്ങള്‍ ശ്രദ്ധിക്കുക എന്നതാണ് നിങ്ങള്‍ക്ക് ആകെ ചെയ്യാനുള്ളത്. അതായത് റൂമില്‍ പ്രവേശിച്ച ഉടനെ ഓട്ടോമാറ്റിക്കായി നമ്മള്‍ മ്യൂട്ട് ചെയ്യപ്പെടും. മോഡറേറ്റര്‍മാര്‍, പ്രാസംഗികര്‍, ശ്രോതാക്കള്‍ എന്നിവരാണ് മുറിയില്‍ ഉണ്ടാവുക. നെഞ്ചത്ത് ഒരു പച്ചയില്‍ വെള്ള നക്ഷത്രവുമായി നില്‍ക്കുന്നവര്‍ മോഡറേറ്റര്‍മാരാണ്. മോഡറേറ്റര്‍ അഥവാ മോഡറേറ്റര്‍മാരാണ് റൂം തുടങ്ങുന്ന ആളുകള്‍. അവര്‍ക്ക് വേണമെങ്കില്‍ മറ്റുള്ളവര്‍ക്കും മോഡറേറ്റര്‍ ബാഡ്ജ് നല്‍കാം. ഗ്രീന്‍ ബീന്‍ എന്നും ഈ ബാഡ്ജിനെ പറയാറുണ്ട്.  റൂമില്‍ മൂന്ന് ഭാഗങ്ങളുണ്ട്. ആദ്യഭാഗം ഒരു സ്റ്റേജ് പോലെയാണ്. സംസാരിക്കുന്നവരും റൂമിന്റെ മോഡറേറ്റര്‍മാരുമാണ് ഇവിടെ ഉണ്ടാവുക. 

തൊട്ടുതാഴെയായി ഫോളോഡ് ബൈ സ്പീക്കേഴ്‌സ് എന്ന ഒരു ഭാഗം ഉണ്ടാവും. 

ആദ്യഭാഗത്തുള്ള സ്റ്റേജില്‍ നില്‍ക്കുന്നവര്‍ ഒഴികെയുള്ളവര്‍ ആര്‍ക്കും സംസാരിക്കാന്‍ സാധിക്കുകയില്ല. സംസാരിക്കാത്ത എല്ലാ പ്രൊഫൈല്‍ ഇമേജുകളിലും മ്യൂട്ട് സിംബല്‍ ഉണ്ടാവും. പുതുതായി ക്ലബ് ഹൗസില്‍ വന്നവരുടെ പ്രൊഫൈലില്‍ ഒരു പാര്‍ട്ടി സിംബലും ഉണ്ടാവും. 

റൂമിന് താഴെയായി ലീവ് ക്വയറ്റ്ലി എന്ന ഒരു ബട്ടണ്‍ ഉണ്ട്.  വന്നപോലെ തന്നെ നിശ്ശബ്ദനായി റൂമില്‍ നിന്ന് ഇറങ്ങിപ്പോകാം. അതായത് ഒരു മഴത്തുള്ളി പോലെ ശബ്ദസാഗരത്തില്‍ ഇറ്റുവീഴാം... ആരെയുമറിയിക്കാതെ ഒരു ബാഷ്പബിന്ദുപോലെ അപ്രത്യക്ഷമാവാം... ചില റൂമുകള്‍ ഒരു പാട് മോഡറേറ്റര്‍മാരുള്ളതിനാല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നവയാണ്. ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കും ചാറ്റ് റൂമുകള്‍. അതുകൊണ്ടുതന്നെ നമ്മുടെ സൗകര്യത്തിന് ലീവ് ചെയ്യുന്നതിന് ഒട്ടും നാണിക്കേണ്ടതില്ല. വേണമെങ്കില്‍ ഓഡിയോ കട്ട് ചെയ്യാതെ മറ്റു റൂമുകള്‍ ബ്രൗസ് ചെയ്യാനും പറ്റും. പക്ഷെ മറ്റൊരു റൂമില്‍ ടാപ്പ് ചെയ്താല്‍ നിലവിലെ റൂമില്‍ നിന്ന് ഒഴിവാകും. 

റൂം ഇഷ്ടപ്പെട്ട സ്ഥിതിക്ക് നമ്മളുടെ മറ്റ് ചങ്ങാതിമാരെയും ഈ റൂമിലേക്ക് ആകര്‍ഷിക്കാന്‍ താഴെയുള്ള പ്ലസ് സിംബലില്‍ ടാപ് ചെയ്താല്‍ മതി. പിംഗ് ചെയ്യുക എന്നാണ് ഇതിന് പറയുന്നത്. #spontaneouschat

ഞാനിവിടെയുണ്ടേ.... (raise hands)

സംസാരിക്കണോ ? താഴെ വലത്തു ഭാഗത്ത് കാണുന്ന ഹാന്‍ഡ് സിംബലില്‍ തട്ടിയാല്‍ മതി. തികച്ചും ജനാധിപത്യസ്വഭാവമാണ് റൂമുകള്‍ക്ക്. ഒരുപാട് പേര്‍ സംസാരിക്കാന്‍ കൈയുയര്‍ത്തുമ്പോള്‍ വേണമെങ്കില്‍ മോഡറേറ്റര്‍മാര്‍ക്ക് ഹാന്‍ഡ് സിംബല്‍ ഓഫ് ചെയ്ത് വെയ്ക്കാന്‍ കഴിയും. കൈ ഉയര്‍ത്തിയാല്‍ മോഡറേറ്റര്‍ക്ക് നമ്മുടെ റിക്വസ്റ്റ് ലഭിക്കും, അദ്ദേഹത്തിന് സംസാരിക്കാന്‍ അനുവദിച്ച് നമ്മളെ അണ്‍മ്യൂട്ട് ചെയ്യാം, അല്ലെങ്കില്‍ അവഗണിക്കാം അഥവാ ഇഗ്നോര്‍ ചെയ്യാം. 

ഒരു മോഡറേറ്റര്‍ നമ്മളെ അണ്‍മ്യൂട്ട് ചെയ്താല്‍ പെട്ടെന്ന് നമ്മള്‍ സ്റ്റേജിലേക്ക് എത്തിപ്പെടുന്നു. ഉടനെ തന്നെ സംസാരിക്കണമെന്നില്ല. വേണമെങ്കില്‍ നമ്മുടെ മൈക് ഓഫാക്കി, മറ്റുള്ളവരുടെ സംസാരം ശ്രദ്ധിച്ച് ക്ലബ് റൂളുകള്‍ പാലിച്ച് അവിടെതന്നെ തത്തിനില്‍ക്കാം. കൈ ഉയര്‍ത്തുമ്പോള്‍ ഓര്‍ക്കുക, നിരവധി ശ്രോതാക്കള്‍ ഉള്ള റൂമായിരിക്കും, ഒരു പാട് പേര്‍ കൈ ഉയര്‍ത്തിയിട്ടുണ്ടാവാം, അവസരം കിട്ടുന്നില്ല എന്ന് കരുതി നിരാശനാകരുത്. മോഡറേറ്റര്‍ക്ക് അഥവാ മോഡറേറ്റര്‍മാര്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്ന അത്രയും ആള്‍ക്കാരെ മാത്രമേ സ്റ്റേജിലേക്ക് കയറ്റൂ. 

റൂമില്‍ അല്‍പനേരം നിന്നാല്‍ ക്ലബിനെയോ പ്രാസംഗികരെയോ ഫോളോ ചെയ്യാനുള്ള ഒരു റിമൈന്‍ഡര്‍ വരും. അതനുസരിച്ച് ഫോളോ ചെയ്താല്‍ റൂമിലെ രണ്ടാം ഭാഗത്ത് എത്തിച്ചേരും. 

മോഡറേറ്റര്‍ക്ക് റൂം ഷട്ട് ഡൗണ്‍ ചെയ്യാം, ഇടപെടലുകള്‍ നടത്തി റൂമിനെ ഊര്‍ജം പോകാതെ നിലനിര്‍ത്തിക്കൊണ്ടിരിക്കാം, സ്‌റ്റേജിലുള്ള ആരെയും മ്യൂട്ട് ചെയ്യാം, എപ്പോള്‍ വേണമെങ്കിലും സംസാരിക്കാം, സ്വന്തം മൈക്ക് ഓണ്‍ ആക്കുകയും ഓഫ്് ആക്കുകയും ചെയ്ത് കൈയടിക്കാം, സ്റ്റേജിലുള്ള ആള്‍ വശപ്പിശകാണെന്ന് തോന്നിയാല്‍ സ്‌റ്റേജില്‍ നിന്ന് താഴെയിറക്കാം.  #raisehand

സല്ലാപമുറി (chat room)

ആര്‍ക്കും ഇതുപോലുള്ള ചാറ്റ് റൂമുകള്‍ ഉണ്ടാക്കാം.  ചാറ്റ് റൂമുകള്‍ ഉണ്ടാക്കാനുള്ള ഒരു രീതി ഹാള്‍വെയില്‍ നിന്ന്് നേരിട്ട് അഥവാ സ്‌പൊണ്ടേനിയസ് ആയി റൂമുണ്ടാക്കുകയാണ്. സ്‌ക്രീനിന് താഴെയുള്ള സ്റ്റാര്‍ട്ട് എ റൂം ക്ലിക്ക് ചെയ്താല്‍ ഓപ്പണ്‍, സോഷ്യല്‍, ക്ലോസ്ഡ് എന്നീ മൂന്നുതരത്തില്‍ റൂമുകള്‍ ഉണ്ടാക്കാം. നമ്മള്‍ അംഗമായിട്ടുള്ള ക്ലബ്ബിന് കീഴിലുള്ള റൂമും ഉണ്ടാക്കാം. എന്നാല്‍ ഹാള്‍വെയില്‍ നിന്ന് നേരിട്ടുണ്ടാക്കുന്ന റൂമുകള്‍ക്ക് എന്തിനാണ് റൂം എന്ന വിവരണം നല്കാനോ ലിങ്ക് ഷെയര്‍ നല്കാനോ സാധിക്കില്ല. അതേസമയം ഒരു വിഷയം അഥവാ ടോപ്പിക് നല്കാന്‍ സാധിക്കും. 

ഇങ്ങനെയുണ്ടാക്കുന്ന  ഓപ്പണ്‍ റൂമുകളില്‍ എല്ലാവര്‍ക്കും പ്രവേശിക്കാം. എന്നാല്‍ സോഷ്യല്‍ റൂമുകളില്‍ നമ്മള്‍ ഫോളോ ചെയ്യുന്നവര്‍ക്കേ പ്രവേശിക്കാന്‍ സാധിക്കൂ. ക്ലോസ്ഡ് റൂമുകളിലാകട്ടെ ആരൊക്കെ വരണമെന്ന് നമുക്ക് നിശ്ചയിക്കാം.  റൂമുണ്ടാക്കി മറ്റുള്ളവരെ പിംഗ് ചെയ്യാം. അവര്‍ക്കും പിംഗ് ചെയ്യാം. അങ്ങനെ വിരലിലെണ്ണാവുന്നവര്‍ ഉള്ള റൂമുകള്‍ നൂറുകണക്കിനാളുകള്‍ ഉള്ള ചാറ്റല്‍ മഴ പെയ്യുന്ന ചാറ്റ് റൂമുകളായി മാറുന്നു. 

റൂം ഷെഡ്യൂള്‍ ചെയ്യുന്നതാണ് മറ്റൊരു രീതി. ഈ രീതിയില്‍ റൂമുണ്ടാക്കുന്നതുകൊണ്ട് ചില ഗുണങ്ങള്‍ ഉണ്ട്. ഒരു ലിങ്ക് ലഭിക്കും എന്നതാണ് പ്രധാനപ്പെട്ടത്. റൂമുണ്ടാക്കിയ വിവരം നോട്ടിഫിക്കേഷനായി നിങ്ങളുടെ ഫോളോവര്‍മാര്‍ക്ക് ലഭിക്കുകയും ചെയ്യും. മുകളില്‍ വലത് ഭാഗത്ത് കാണുന്ന കലണ്ടര്‍ ഐക്കണില്‍ അമര്‍ത്തിയാല്‍ വലത് ഭാഗത്ത് കാണുന്ന  പ്ലസ് സിംബല്‍ കാണാം. അതില്‍ അമര്‍ത്തി റൂം ഷെഡ്യൂള്‍ ചെയ്യാം. ഇവന്റിന്റെ അഥവാ റൂമിന്റെ പേര് കൊടുക്കാം, 

നിങ്ങളുടെ ഫോളോവേഴ്‌സില്‍ നിന്ന് സഹായിക്കുന്നതിനായി കോ-ഹോസ്റ്റിനെ നിയമിക്കാം. കോ ഹോസ്റ്റിന് ഇവന്റില്‍ നിന്ന് ആളുകളെ റദ്ദാക്കാനും ഒഴിവാക്കാനും ഒക്കെ അധികാരമുള്ളതിനാല്‍ പറ്റിയ ആളെ തന്നെ നിയമിക്കുക. അതിനു ശേഷം ഇവന്റിന്റെ സമയം തിയ്യതി എന്നിവ നല്കാം, നിങ്ങള്‍ റൂമുണ്ടാക്കാന്‍ അനുവദിക്കുന്ന ഏതെങ്കിലും ക്ലബ്ബില്‍ അംഗമാണെങ്കില്‍ വേണമെങ്കില്‍ ആ ക്ലബ്ബിന്റെ കീഴില്‍ പുതിയ റൂം ഉണ്ടാക്കാം. ഇനി, റൂമിനെ പറ്റി ഒരു ചെറു വിവരണവും നല്കാം. പേരിന് 60 അക്ഷരങ്ങളും വിവരണത്തിന് പരമാവധി 200 അക്ഷരങ്ങളുമാണ് അനുവദിക്കുക. അതിനുശേഷം പബ്ലിഷ് അമര്‍ത്തുക. 

ഷെഡ്യൂള്‍ ചെയ്ത മുറിയുടെ വിവരം താഴെയുണ്ടാവും. അതില്‍ അമര്‍ത്തി ഷെയര്‍ ചെയ്യാം. ലിങ്ക് കോ്പ്പി ചെയ്യാം, കലണ്ടറില്‍ ആഡ് ചെയ്യാം. എപ്പോള്‍ വേണമെങ്കിലും ഷെഡ്യൂള്‍ എഡിറ്റ് ചെയ്യുകയോ ഡിലറ്റ ചെയ്യുകയോ ചെയ്യാം. ഷെഡ്യൂള്‍ ചെയ്ത ഇവന്റ് പിന്നീട് കാണാന്‍ മുകളില്‍ കലണ്ടര്‍ ഐക്കണില്‍ അമര്‍ത്തുക. അതില്‍ അപ്കമിംഗ് ഫോര്‍ യൂ എന്നതില്‍ മൈ ഇവന്റ്‌സ് എന്നതില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടാവും. #clubhouseroom

സഭാനാഥന്‍ (moderator)

ഷെഡ്യൂള്‍ ചെയ്ത സമയമെത്തുന്നതിന് കുറച്ചുമുമ്പെ ക്ലബ് ഹൗസ് ലോഡ് ചെയ്യുക. ഇനി സ്റ്റാര്‍ട്ട് റൂം എന്നതില്‍ ടാപ് ചെയ്യുക.  വിവരമറിയുന്നതനുസരിച്ച് ആളുകള്‍ എത്തിത്തുടങ്ങും. മോഡറേറ്റര്‍ എന്ന നിലയില്‍ നിങ്ങളെക്കുറിച്ചും റൂമിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ഔപചാരികമായ ഒരു  ആമുഖം നല്കുക. റൂമിന്റെ നിയമങ്ങളെക്കുറിച്ച് കാര്യമാത്രപ്രസക്തമായി വിവരിക്കുക. വിഷയത്തെക്കുറിച്ച് ചുരുങ്ങിയ വിവരണം നല്കുക. റൂമിലെ പ്രാസംഗികരുടെ സംസാരം നിയന്ത്രിതമാണെന്നും അതിരുകടക്കുന്നില്ലെന്നും ഉറപ്പുവരുത്തുക. ചര്‍ച്ചകള്‍ ട്രാക്ക് മാറി്്‌പ്പോകാതെ കൊണ്ടുപോവേണ്ട ഉത്തരവാദിത്തവും മോഡറേറ്റര്‍ക്കാണ്. കഴിവുളളവരാണെന്ന് തോന്നുന്ന മറ്റുള്ളവരെ മോഡറേറ്റര്‍ ആക്കുകയും ചെയ്യാം, അവരുടെ പ്രൊഫൈലില്‍ അമര്‍ത്തിയാല്‍ മതി. കേള്‍വിക്കാര്‍ക്ക് കൈ ഉയര്‍ത്തുവാനുള്ള അവകാശം ആവശ്യാനുസരണം ഓണും ഓഫും ആക്കി വെയ്ക്കുന്നതും മോഡറേറ്റര്‍ ആണ്. 

ശരിക്കും അറിയാത്തതും ഉറപ്പില്ലാത്തതുമായ ആളുകളെ അഡ്മിന്‍ ആക്കിയാല്‍ അവര്‍ മറ്റു അഡ്മിന്‍മാരെ പുറത്താക്കി സഭയെ ഹൈജാക്ക് ചെയ്‌തെന്ന് വരും. അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുറികളില്‍ പലവിധത്തിലുമുള്ള നിരീക്ഷണങ്ങള്‍ ഉണ്ടാവാം എന്നതോര്‍ക്കുക. വഴിതെറ്റാതെ ശരിയായ രീതിയില്‍ റൂമിനെ കൊണ്ടുപോവുക. #moderator

മുറി പൂട്ടല്‍ (endjing room)

കൃത്യസമയത്ത് റൂം നിര്‍ത്തലാക്കുക എന്നതും പ്രധാനമാണ്. ചര്‍ച്ചാ ബഹുലമായ റൂമില്‍ പലപ്പോഴും മോഡറേറ്ററെ സംബന്ധിച്ചിടത്തോളം ഇതാണ് വലിയ അധ്വാനമുള്ള ഒരു പണി. ചര്‍ച്ചകള്‍ ഒരു പ്രത്യേക ലവലില്‍ എത്തിയാല്‍ എല്ലാവര്‍ക്കും നന്ദി പറയുക. അടുത്തുതന്നെ വീണ്ടും കാണുന്നതുവരെ റൂം നിര്‍ത്താന്‍ സമയമായെന്ന കാര്യം ഓര്‍മിപ്പിക്കുക. മുകളിലുള്ള മൂന്നു കുത്തുകളില്‍ അമര്‍ത്തി എന്‍ഡ് റൂം അമര്‍ത്തുക. 

 സ്‌ക്രീന്‍ ഇടത്തേക്ക് സ്ലൈഡ് ചെയ്ത് ആളുകളുട പേരിന് നേരെയുള്ള പ്ലസ് അമര്‍ത്തി സ്വകാര്യ റൂമുകള്‍ ഉണ്ടാക്കാം. പ്രൈവറ്റ് റൂമുകള്‍ ഓ്പ്പണ്‍ ഇറ്റ് അമര്‍ത്തി ഓപ്പണ്‍ ആക്കാന്‍ സാധിക്കും. അതുപോലെ ആളുകളെ ക്ഷണിക്കാനും റൂം ഷെയര്‍ ചെയ്യാനും സാധിക്കും. 

പുതുതായി ക്ലബ് ഹൗസില്‍ പേയ്‌മെന്റ് ഫീച്ചര്‍ വരുന്നുണ്ട്. നല്ല പാട്ടൊക്കെ വരുമ്പോള്‍ ടിപ്പ് നല്കാന്‍ സാധിക്കും. #howtocloseroom

സത്‌സംഗം ആണ് കരണീയം

ക്ലബ് ഹൗസില്‍ ആര് എവിടെയാണെന്ന് അറിയുക വളരെ എളുപ്പമാണ്. സ്‌ക്രീന്‍ ഇടത്തോട്ട് സ്ലൈഡ് ചെയ്താല്‍ നമ്മുടെ സുഹൃത്തുക്കള്‍ ഓണ്‍ലൈന്‍ ആണോ, നമുക്ക് ബന്ധമുള്ള ഏതൊക്കെ റൂമുകളാണ് ആക്ടീവ് ആയി നില്‍ക്കുന്നത് എന്നൊക്കെ അറിയാം. അല്ലെങ്കില്‍ താഴെ വലതുഭാഗത്തുള്ള കുത്തുകളില്‍ അമര്‍ത്തിയാലും മതി ചാടിക്കേറി എല്ലാ റൂമുകളിലും കറങ്ങിനടക്കുന്നത് മറ്റുള്ളവരും അറിയും എന്നോര്‍ക്കുക. നമ്മുടെ പ്രൊഫൈലില്‍ ആരാണ് ക്ലബ് ഹൗസിലേക്ക് ഇന്‍വൈറ്റ് ചെയ്തത് എന്നു കാണും, സുതാര്യമായ വ്യക്തിത്വത്തോടെ പെരുമാറുക, ഉത്തരവാദിത്തത്തോടെ സംസാരിക്കുകയും ഇടപെടുകയും ചെയ്യുക എന്നതാണ് എപ്പോഴും നല്ലത്. ഫോളോവേഴ്‌സിനെ വര്‍ദ്ധി്പ്പിക്കുന്ന പോലെയുള്ള റൂമുകള്‍, നിയമവിരുദ്ധ ചര്‍ച്ചകള്‍ നടക്കുന്ന ഇടങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കുന്നത് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെടാന്‍ ഇടയാക്കും.

റൂം മര്യാദകള്‍ 

ക്ലബ് ഹൗസിന്റെ പ്രധാനപ്പെട്ട ഒരു തത്വം ആധികാരികമായ സംഭാഷണങ്ങളും പദപ്രയോഗങ്ങളുമാണ് അംഗങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നതാണ്. തമാശകള്‍ ആസ്വദിക്കുക, അര്‍ത്ഥവത്തായ സൗഹൃദങ്ങള്‍ ഉണ്ടാക്കുക, പഠനം നടത്തുക, ലോകമാകെയുള്ള ആളുകളുടെ അനുഭവങ്ങള്‍ സ്വാംശീകരിക്കുക എന്നതാണ് ലക്ഷ്യങ്ങള്‍. 

നമ്മള്‍ നമ്മളായിരിക്കുക, എളിമയും ബഹുമാനവും പുലര്‍ത്തുക, എല്ലാവരെയും ഉള്‍ക്കൊള്ളുക, സമഭാവനയോടെ പെരുമാറുക, കേള്‍ക്കുന്ന കാര്യങ്ങള്‍ മറ്റൊരിടത്ത് പറയാതിരിക്കുക, വ്യാജന്‍മാരെ ഒഴിവാക്കി ജെന്യുവിന്‍ ആയ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുക. 

റോള്‍

പ്രാസംഗികനായാലും ശ്രോതാവായാലും സഭാനാഥനായാലും ഓരോ റോളിനും പ്രാധാന്യമുണ്ട്. . ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെയും തത്സമയ പ്രതികരണം നടത്തുന്നവരെയും ചോദ്യങ്ങള്‍ ചോദിക്കുന്നവരെയും അതിന്റേതായ ഗൗരവത്തോടെ തന്നെ ഉള്‍ക്കൊള്ളുക. മോഡറേറ്റര്‍ എന്ന നിലയ്ക്ക് ആരെയെങ്കിലും സംഭാഷണത്തിന് ക്ഷണിച്ചാല്‍ അദ്ദേഹം ആരംഭിക്കുന്നതുവരെ അല്‍പം കാത്തുനില്‍ക്കുക. അനാവശ്യമായി ഇടയ്ക്കുകയറി ഇടപെട്ട് സംസാരത്തിന്റെ ഒഴുക്കു മുറിക്കാതിരിക്കുക. സംസാരിക്കാത്ത സമയത്ത് എപ്പോഴും മൈക്ക് മ്യൂ്ട്ട് ചെയ്ത് വെയ്ക്കുക. 

സംസാരം കേള്‍ക്കുന്നതിനിടയ്ക്ക് പരിചയമില്ലാത്ത പ്രാസംഗികന്റെയും അതുപോലെ റൂമിലുള്ള മറ്റുള്ളവരുടേയും ഇമേജില്‍ അമര്‍ത്തി ബയോ വീക്ഷിക്കുന്നത് അവരെക്കുറിച്ച് ചെറിയരീതിയിലുള്ള അഭിപ്രായം രൂപീകരിക്കുന്നതിന് നല്ലതാണ്.

അതുപോലെ ശ്രോതാവായി ഒരു റൂമില്‍ ഇരിക്കെത്തന്നെ ഹാള്‍ വേയിലെ മറ്റു റൂമുകള്‍ ഏതൊക്കെയാണെന്ന് നോക്കുകയും ചെയ്യാം. അതിലേക്ക് കടന്നാല്‍ മാത്രമേ നിലവിലെ റൂമില്‍ നിന്ന് പുറത്താകൂ.  സ്പീക്കര്‍ പാനലില്‍ നിന്ന് എപ്പോഴും പുറന്തള്ളപ്പെടാം, അതില്‍ വിഷമം തോന്നരുത്, അഹങ്കാരം , ജാഡ എന്നിവ നിറഞ്ഞ സംസാരത്തിന് പകരം ഹൃദയം കൊണ്ട് സംസാരിക്കുന്നതാണ് നല്ലത്. കേള്‍വിക്കാരനായിരിക്കുമ്പോള്‍ തന്നെ മറ്റു സ്വന്തം കാര്യങ്ങളില്‍ വ്യാപൃതനാവുകയും ചെയ്യാം.

ശ്രോതാവായി ഇരിക്കുമ്പോള്‍ ചിലപ്പോള്‍ സ്പീക്കര്‍ പാനലിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷന്‍ വരാം. കേള്‍വിക്കാരനായി തന്നെ ഇരിക്കാനാണ് താല്‍പര്യമെങ്കില്‍ മേ ബി ലേറ്റര്‍ എന്നതില്‍ അമര്‍ത്തിയാല്‍ മതി. 

18 വയസ്സായിട്ടില്ലെങ്കില്‍ അക്കൗണ്ട് എടുക്കരുത്. സംസാരം ഏതെങ്കിലും ടൂള്‍ ഉപയോഗിച്ച് റെക്കോഡ് ചെയ്യുന്നതും കുറ്റകരമാണ്. ഫോളോ ചെയ്യുന്നവരെ അവരുടെ പ്രൊഫൈലില്‍ അമര്‍ത്തി എപ്പോള്‍ വേണമെങ്കിലും അണ്‍ഫോളോ ചെയ്യാം. അണ്‍ഫോളോ ചെയ്തു എന്ന മെസ്സേജ് അവര്‍ക്ക് ലഭിക്കില്ല. അവരില്‍ നിന്നുള്ള നോട്ടിഫിക്കേഷനും പിന്നീട് നിങ്ങ്ള്‍ക്ക് ലഭിക്കില്ല. 

ഏതെങ്കിലും ഉപയോക്താവിന്റെ പ്രവര്‍ത്തനം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് തോന്നിയാല്‍ അവരുടെ പ്രൊഫൈലില്‍ മുകളില്‍ വലത് മൂലയിലുള്ള മൂന്ന് കുത്തുകളില്‍ അമര്‍ത്തി വേണമെങ്കില്‍ ബ്ലോക്ക് ചെയ്യാം. ബ്ലോക്ക് ചെയ്യെപ്പെടുന്നവര്‍ക്ക് നമ്മള്‍ മോഡറേറ്ററായോ പ്രാസംഗികനായോ നില്‍ക്കുന്ന റൂമുകളില്‍ പിന്നീട് പ്രവേശിക്കാനോ കാണാനോ സാധിക്കില്ല. ബ്ലോക്ക് ചെയ്യപ്പെട്ടയാള്‍ നിലവില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന മുറിയുടെ വിവരം നമ്മുടെ ഫീഡ് ഏരിയയില്‍ കാണില്ല. പക്ഷെ അത്തരത്തിലൊരു റൂമുണ്ടെന്നുള്ള വിവരം ഒരു കാപ്‌സ്യൂള്‍ ആയി ഫീഡ് ഏരിയയുടെ താഴെ ഉണ്ടാകും. വേണമെങ്കില്‍ അവിടെ അമര്‍ത്തി റൂമിലേക്ക് പ്രവേശിക്കാം. എന്നാല്‍ നിങ്ങള്‍ ശ്രോതാവായി നില്‍ക്കുന്ന മുറികളില്‍ ബ്ലോക്ക് ചെയ്തവരും ഉണ്ടായേക്കാം. 

റൂം ലൈവ് ആയി നില്‍ക്കുന്നതുവരെ ക്ലബ് ഹൗസ് അതിലെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യും. ആരെങ്കിലും ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി പരാതി ഉന്നയിച്ചാല്‍ അന്വേഷണത്തിനായി വീണ്ടെടുക്കുകയും ചെയ്യും. റൂം ലൈവ് ആയി നില്‍ക്കുമ്പോള്‍ സംസാരിക്കുന്നവരുടെ പ്രൊഫൈലില്‍ അമര്‍ത്തി പോപ് അപ്പ് ഉപയോഗിച്ചും റൂം അടച്ചുകഴിഞ്ഞാല്‍ പ്രൊഫൈലില്‍ മൂന്നു കുത്തുകളില്‍ അമര്‍ത്തിയും പരാതികള്‍ നല്കാം. പരാതികള്‍ ആപ്പ് അന്വേഷണവിധേയമാക്കും. വ്യാജ പരാതികള്‍ ഉന്നയിക്കുന്നതും റൂള്‍ വയലേഷന്‍ തന്നെയാണ്. #clubhousechat

ക്ലബ്ബും മുറിയും (club vs room)

ഫേസ്ബുക്കിലും മറ്റുമുള്ളതുപോലെ ഒരേതരം താല്‍പര്യങ്ങളുള്ളവരുടെ ഗ്രൂപ്പ് ആണ് ക്ലബ്. ക്ലബ്ബിന് കീഴില്‍ അംഗങ്ങള്‍ക്ക് മുറി ഉണ്ടാക്കുവാനുള്ള അനുവാദം നല്കുകയോ നല്കാതിരിക്കുകയോ ചെയ്യാം. നമ്മുടെ പ്രൊഫൈലില്‍ അവസാനഭാഗത്തുള്ള പ്ലസ് സിംബലില്‍ അമര്‍ത്തിയാല്‍ ക്ലബ് ഉണ്ടാക്കാം. ക്ലബ് ഉണ്ടാക്കിയാല്‍ ആളുകളെ അതിലേക്ക് ആഡ് ചെയ്യാം.  അഡ്മിന് മറ്റ് അംഗങ്ങളുടെ പേരില്‍ അമര്‍ത്തി അവരെയും അഡ്മിന്‍ ആക്കാം, പുറത്താക്കുകയും ചെയ്യാം. 

ക്ലബിനെ ആളുകള്‍ക്ക് ഫോളോ ചെയ്യാനുള്ള അനുവാദം നല്കുകയോ നല്കാതിരിക്കുകയോ ചെയ്യാം. താന്‍ സ്ഥാപിച്ച ക്ലബി്ല്‍ അമര്‍ത്തി മുകളില്‍ വലത്തെ ഗിയറില്‍ അമര്‍ത്തി ക്ലബ് ടോപിക് മാറ്റുകയോ, ക്ലബ് നിയമങ്ങളില്‍ ഭേദഗതി വരുത്തുകയോ, ഫോളോവിംഗ് രീതി മാറ്റുകയോ, മെമ്പര്‍മാര്‍ക്ക് റൂമുണ്ടാക്കാനുള്ള അനുവാദത്തില്‍ മാറ്റം വരുത്തുകയോ, മെമ്പര്‍ ലിസ്റ്റ് സ്വകാര്യമോ പബ്ലിക്കോ ആക്കുകയോ, വിവരണത്തില്‍ മാറ്റം വരുത്തുകയോ, ക്ലബില്‍ നിന്ന് പുറത്ത് പോകുകയോ ചെയ്യാം.  

അക്കൗണ്ടെടുത്ത ഉടനെ ക്ലബ് ഉണ്ടാക്കാന്‍ അനുവാദം കിട്ടണമെന്നില്ല. കിട്ടിയാല്‍ തന്നെ നിലവില്‍ മാസത്തില്‍ രണ്ട് ക്ലബ് മാത്രമേ ഉണ്ടാക്കാന്‍ സാധിക്കൂ. ക്ലബിന്റെ സ്ഥാപകനും അഡമിനും അംഗങ്ങളെയും ഫോളോവേഴ്‌സിനെയും കാണാം, ക്ലബ് ഇമേജ് മാറ്റാം, വിവരണം മാറ്റാം. ഇമേജ് മാറ്റാന്‍ ഇമേജില്‍ അമര്‍ത്തിയാല്‍ മതി. ഹാള്‍വെയില്‍ നിന്ന് ക്ലബിന് കീഴില്‍ റൂം ആരംഭിക്കാന്‍ ഓപ്പണ്‍, സോഷ്യല്‍, ക്ലോസ്ഡ് എന്നതിന് താഴെയുള്ള ക്ലബ് ഐക്കണില്‍ അമര്‍ത്തുക. അല്ലാതെ ക്ലബില്‍ അമര്‍ത്തി ഷെഡ്യൂള്‍ ചെയ്യുകയും ചെയ്യാം. 

ക്ലബിന് കീഴിലെ റൂമുകള്‍ എപ്പോഴും ക്ലോസ്ഡ് ആയാണ് തുടങ്ങുക. അതായത് അംഗങ്ങള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കൂ. റൂമിന്റെ വലത്ത് മുകളിലെ ലോക്ക് സിംബലിന്റെ അടുത്തുള്ള മൂന്നു കുത്തുകളില്‍ അമര്‍ത്തിയാല്‍ ലെറ്റ് വിസിറ്റേഴ്‌സ് ഇന്‍ അമര്‍ത്തിയാല്‍ റൂം പബ്ലിക് ആക്കാം. പക്ഷെ അഡ്മിന് പകരം സാദാ മെമ്പറാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ റൂം ക്ലബില്‍ നിന്ന് പുറത്താകും. 

ഹാള്‍വെ എന്ന പ്രധാന ഫീഡ് ഏരിയയില്‍ വെറും റൂമുകളും ക്ലബിന്റെ കീഴിലെ റൂമുകളും കാണും. റൂമിന്റെ മുകളില്‍ ഒരു പച്ച വീടിന്റെ സിംബലോടുകൂടി കാണുന്നത് ക്ലബ്ബുകളാണ്. അതില്‍ അമര്‍ത്തിയാല്‍ ക്ലബിന്റെ വിവരങ്ങളും ക്ലബ് നിയമങ്ങളും ക്ലബിന്റെ കീഴില്‍ ഷെഡ്യൂള്‍ ചെയ്ത മുറികളും കാണാം. 

മുകളിലെ സര്‍ച്ച് ബട്ടണ്‍ അമര്‍ത്തി ക്ലബുകള്‍ ബ്രൗസ് ചെയ്യാം. ആളുകളുടെ പ്രൊഫൈലില്‍ ഞെക്കി അവസാനഭാഗത്തുള്ള ഇമേജുകളില്‍ അമര്‍ത്തിയാല്‍ അവര്‍ അംഗങ്ങളായുള്ള ക്ലബ്ബുകള്‍ കാണാം. അവര്‍ ഫോളോ ചെയ്യുന്ന ക്ലബുകളുടെ പേര് അവിടെ ലിസ്റ്റ് ചെയ്യില്ല. അത് ലഭിക്കാന്‍ അവരുടെ പ്രൊഫൈലിലെ ഫോളോവിംഗ് സെക്ഷനില്‍ അമര്‍ത്തിയാല്‍ മതി. പ്രൊഫൈലില്‍ പേരിന് ഇടതുവശത്തായി ബെല്‍ ഐക്കണ്‍ ഉണ്ടെങ്കില്‍ അത് അമര്‍ത്തി അദ്ദേഹവുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ ലഭിക്കും.  

വേണമെങ്കില്‍ മെമ്പര്‍മാരല്ലാത്തവര്‍ക്ക് ക്ലബ് അംഗത്വ ലിസറ്റ് കാണാത്ത വിധത്തിലും ക്ലബ്  ഉണ്ടാക്കാം.  ക്ലബിന് ഐക്കണ്‍ ഇമേജ് നല്കിയിട്ടില്ലെങ്കില്‍ ക്ലബിന്റെ പേരിലെ രണ്ടക്ഷരങ്ങളാണ് ഇമേജിന്റെ സ്ഥാനത്ത് കാണുക. ഫോളോവിംഗ് അനുവദിച്ച ക്ലബുകളില്‍ അമര്‍ത്തിയാല്‍ ക്ലബ്ിനെ ഫോളോ ചെയ്യാം. ഫോളോ ചെയ്തു കഴിഞ്ഞാല്‍ ഫോളോ ബ്ട്ടണ്‍ ഫോളോവിംഗ് ബട്ടണ്‍ ആയി മാറും. 

ഹാള്‍വെയില്‍ നില്‍ക്കുമ്പോള്‍ നമുക്കിഷ്ടമില്ലാത്ത മുറിയുടെ മുകളില്‍ അമര്‍ത്തി ഹൈഡ് ചെയ്യാന്‍ പറ്റും. സംസാരിക്കുന്ന സമയത്ത് ശബ്ദം വ്യക്തമായി മറ്റുള്ളവര്‍ക്ക് കേള്‍ക്കുന്നില്ല എന്ന് തോന്നിയാല്‍ ഒന്നു പുറത്തുപോയി തിരിച്ചുകയറിയാല്‍ മതി. ഓഡിയോ ആണ് അടിസ്ഥാനം എന്നതിനാല്‍ തുടര്‍ച്ചയായി ആപ്പില്‍ നില്‍ക്കുമ്പോള്‍ ക്രമേണ ശബ്ദത്തിന് കുഴപ്പം വരാന്‍ സാധ്യതയുണ്ട് ചിലപ്പോള്‍ ഹെഡ്‌സെറ്റ് മാറ്റി വീണ്ടും ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ചിലസമയങ്ങളില്‍ വൈഫൈ മാറ്റി മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നത് വ്യക്തത കൂടുന്നതായി കണ്ടിട്ടുണ്ട്. #roomvzclub

കട കാലിയാക്കല്‍ 

ആപ്പില്‍ നിന്ന് താല്‍ക്കാലികമായി ലോഗൗട്ട് ചെയ്യാന്‍ പ്രൊഫൈലില്‍ മുകളിലെ ഗിയറില്‍ അമര്‍ത്തി അവസാന ഭാഗത്തുള്ള ലോഗൗട്ടില്‍ അമര്‍ത്തിയാല്‍ മതി. വീണ്ടും കയറാന്‍ ഫോണ്‍ നമ്പര്‍ നല്കി ഒടിപി വേണ്ടിവരും. അതില്‍ തന്നെ അക്കൗണ്ട് എന്ന ഭാഗത്ത് അമര്‍ത്തിയാല്‍ അക്കൗണ്ട് ഡിയാക്ടിവേറ്റ് ചെയ്യാന്‍ പറ്റും. ഒരു മാസത്തിനുള്ളില്‍ നമുക്ക് തിരികെ വരാം. പിന്നീടും അക്കൗണ്ട് ഡിസാബിള്‍ ചെയ്യപ്പെട്ട് നില്‍ക്കുകയേ ഉള്ളൂ.

എന്നാല്‍ അക്കൗണ്ട് പെര്‍മനന്റായി ഡിലറ്റ് ചെയ്യാന്‍ ഇങ്ങോട്ട് കയറി വന്നതിനേക്കാള്‍ പ്രയാസമാണ്. ഇമെയില്‍ വെരിഫിക്കേഷന്‍ ചെയ്യണം. അതിനുശേഷം ക്ലബ് ഹൗസ് റിക്വസ്റ്റ് സബ്മിഷന്‍ ഫോം ഉപയോഗിച്ച് കമ്പനിക്ക് അപേക്ഷ നല്കണം. അത് പരിശോധിച്ച ശേഷം അവര്‍ ഡിലഷന്‍ പ്രോസസ് നടത്തും. #endroom

സുരക്ഷ

ഒരു പാട് ഗുണങ്ങളുണ്ടെങ്കിലും ധാരാളം വിമര്‍ശനങ്ങളും നേരിടുന്ന ഒരു ആപ്പാണ് ക്ലബ്ഹൗസ്. പല റൂമുകളിലും നിയന്ത്രണമില്ലാത്ത വിദ്വേഷപ്രസംഗങ്ങളും ഗൂഡാലോചനകളും നടക്കുന്നു എന്നതാണ് പ്രധാന വിമര്‍ശനം.  വ്യാജ അക്കൗണ്ടുകളും ഒരു പ്രശ്‌നമാണ് . 

ചൈനയില്‍ മുമ്പ് ഈ ആപ്പ് ബ്ലോക്ക് ചെയ്തിരുന്നു. ഇതിന്റെ സര്‍വറുകള്‍ ചൈനീസ് കമ്പനികള്‍ ഹോസ്റ്റ് ചെയ്യുന്നു എന്നും ആരോപണമുണ്ടായിരുന്നു. ആപ്പ് നമ്മുടെ കോണ്‍ടാക്ട് വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സംഭാഷണങ്ങള്‍ ആപ്പ് താല്‍ക്കാലികമായി റെക്കോഡ് ചെയ്യുമ്പോള്‍ സര്‍വറിലേക്ക് കോണ്‍ടാക്ട് വിവരങ്ങളും പോകുമല്ലോ. 

സെലിബ്രിറ്റികളും പ്രൊഫഷണല്‍സും വിദഗ്ധരും ചേരുന്ന ഒരു നന്നല്ലാത്ത വരേണ്യവര്‍ഗത്തിന്റെ വെണ്ണപ്പാളി രൂപപ്പെടും എന്നതും വിമര്‍ശനമായി ഉന്നയിക്കുന്നു. മണിക്കൂറുകളോളം നീളുന്ന ഫോണ്‍ അഡിക്ഷന്‍ മറ്റൊരു പ്രശ്‌നമാണ്. 

ക്ലബ് ഹൗസിന് ഒരു ഒഫീഷ്യല്‍ ഐക്കണ്‍ ഇമേജ് ഇല്ല. പകരം മാറിക്കൊണ്ടിരിക്കുന്ന ചില ക്ലബ് ഹൗസ് യൂസര്‍മാരുടെ കറുപ്പിലും വെളുപ്പിലുമുള്ള ക്ലോസപ്പ് മുഖങ്ങളാണ് ഐക്കണ്‍. ഇവര്‍ ക്ലബ്ഹൗസുമായി അഭേദ്യബന്ധമുള്ളവരാണ്. 

വ്യാപകമായി ഈ ആപ്പ് ഉപയോഗിക്കുന്നതിന് കോവിഡ് പാന്‍ഡമിക് ഒരു നിമിത്തമായിട്ടുണ്ട്. ആപ്പ് ബാക്ക് ഗ്രൗണ്ടില്‍ പ്രവര്‍ത്തിപ്പിക്കാം എന്നതും ഒരു പ്രത്യേകതയാണ്. ഫോണ്‍ മാറ്റിവെച്ച് ഹെഡ്‌സെറ്റുമായി മണിക്കൂറുകളോളം ഇരിക്കാം. ഒരേസമയത്ത് ഓഡിയോ കേട്ടുകൊണ്ട് തന്നെ ഫോണില്‍ മറ്റെന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുകയും ചെയ്യാം.  

wrap up : എന്തായാലും 2019ല്‍ ജനിച്ച മകള്‍ ലിഡിയയുടെ ജനിതകപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി റോഷന്‍ സേത്ത് രൂപപ്പെടുത്തിയ ഈ 'ചാറ്റാ'പ്പ് സോഷ്യല്‍ മീഡിയയില്‍ ആകെ വലിയ ഒച്ചപ്പാട് തന്നെയാണ് ഉണ്ടാക്കുന്നത്. ഫോഗിന്റെ പരസ്യം പോലെ ' എന്താണിഷ്ടാ നടക്കുന്നത് ? ' ..... 'ക്ലബ് ഹൗസ് തന്നെ ആണ് നടക്കുന്നത്... !'

......................................................................................................................................................

Update on 14/07/21: ക്ലബ് ഹൌസ് ബാക്ക്ചാനല്‍ തുടങ്ങി
(താഴെയുള്ള ലേഖനത്തിലെ വിഷയത്തിന് വന്ന പുതിയ അപ്ഡേറ്റ് ആണിത്)  പുതിയ അപ് ഡേറ്റില്‍ റൂം നടന്നുകൊണ്ടിരിക്കെ തന്നെ ടെക്സ്റ്റ് ചാറ്റിംഗ് നടത്താനുള്ള ബാക്ക് ചാനല്‍ വന്നിട്ടുണ്ട്. (direct message)

ഈ സൌകര്യം ലഭിക്കുന്നതിന് നിലവിലെ ആപ്പ് കാലികമാക്കണം.   നിങ്ങള്‍ മോഡറേറ്റര്‍ ആണെങ്കില്‍ റൂമില്‍ ഡിസ്‌കഷന്‍ നടന്നുകൊണ്ടിരിക്കെ തന്നെ കോ-ഹോസ്റ്റുമായി ചര്‍ച്ചകള്‍ നടത്താം, അടുത്തതായി ആരെ വിളിക്കാം ... തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. ഓഡിയന്‍സിനോട് ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ ആവശ്യപ്പെടാം. നന്ദി പറയാം. ബാക്ക് ചാനല്‍ ഉപയോഗിച്ച് ആസൂത്രണ ചര്‍ച്ചകള്‍ നടത്താം. 

അതേ സമയം കേള്‍വിക്കാരന്‍ ആണെങ്കില്‍ റൂമിലുള്ള മറ്റുള്ള ചങ്ങാതിമാരുമായി ചാറ്റ് ചെയ്യാം. പുതിയ അപ് ഡേറ്റ് സ്‌ക്രീനില്‍ താഴ കാണൂന്ന ഏറോപ്ലേന്‍ സിംബലില്‍ അമര്‍ത്തിയാല്‍ മതി. റൂമിലും ഈ സിംബല്‍ ലഭ്യമാണ്. ഇതുവഴി ബാക്ക് ചാനലിലേക്ക് പ്രവേശിക്കും. അതില്‍ ചാറ്റ്, റിക്വസ്റ്റ് എന്നീ രണ്ടു ഭാഗങ്ങള്‍ കാണാം. അവിടെ നിങ്ങളുടെ സന്ദേശങ്ങള്‍ കാണാം.  മുകളില്‍ വലത് മൂലയിലെ പെന്‍ പേപ്പര്‍ സിംബലില്‍ അമര്‍ത്തിയാല്‍ ഫോളോവേഴ്‌സില്‍ നിന്ന് ആളെ സെലക്ട് ചെയ്ത് സ്വകാര്യമായി ഒരു വ്യക്തിയോടോ, ഗ്രൂപ്പുകളോടോ ചാറ്റ് ചെയ്യാം.. അതിനടുത്ത മൂന്ന് കുത്തുകളില്‍ അമര്‍ത്തിയാല്‍ ഇങ്ങോട്ടുള്ള റിക്വസ്റ്റുകള്‍ ഡിസാബിള്‍ ചെയ്യാം. 

ആളുകളുടെ പ്രൊഫൈലില്‍ അമര്‍ത്തി അവിടെയുള്ള ഏറോപ്ലേന്‍ സിംബലില്‍ അമര്‍ത്തിയാലും ചാറ്റ് ചെയ്യാം. അവര്‍ പ്രൊഫൈലില്‍ അവരുടെ നോട്ടിഫിക്കേഷന്‍ സെറ്റിംഗില്‍ ബാക്ക് ചാനല്‍ മെസേജ് സെറ്റിംഗ് ഓഫാക്കിയിട്ടില്ലെങ്കില്‍ മാത്രമേ ഈ സിംബല്‍ കാണൂ. അല്ലെങ്കില്‍ അവര്‍ നമ്മളെ ഫോളോ ചെയ്യുന്ന ആള്‍ ആയിരിക്കണം. നമ്മള്‍ ആരെയൊക്കെ ഫോളോ ചെയ്യുന്നോ അവര്‍ക്ക് ഇങ്ങോട്ട് ചാറ്റ് മെസേജ് അയക്കാം. ഫോളോ ചെയ്യാത്ത ആള്‍ അയച്ച മെസേജ് നമ്മുടെ റിക്വസ്റ്റ് ഇന്‍ബോക്‌സില്‍ വന്നു കിടക്കും. ഇവ കാണാന്‍ ബാക്ക് ചാനലില്‍ റിക്വസ്റ്റ് എന്ന ഭാഗത്ത് നോക്കിയാല്‍ മതി. 

നിലവില്‍ ആര്‍ക്കും ഇങ്ങോട്ട് മെസേജ് അയക്കാം എന്നതാണ് ഡിഫോള്‍ട്ട് ആയിട്ടുണ്ടാവുക. ഈ സെറ്റിംഗ് പ്രൊഫൈലിലെ സെറ്റിംഗ് ഭാഗത്ത് നോട്ടിഫിക്കേഷന്‍ സെറ്റിംഗില്‍ പോയി നമുക്ക് ഓഫ് ചെയ്യാം. ബാക്ക് ചാനല്‍ വിന്‍ഡോയിലെ മൂകളിലെ മൂന്നു കുത്തുകളില്‍ അമര്‍ത്തി നമ്മള്‍ ഫോളോ ചെയ്യുന്നവരില്‍ നിന്നുള്ള റിക്വസ്റ്റുകള്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്ന നിര്‍ദ്ദേശവും നല്കാം. ഇപ്പോള്‍ ക്ലബ്ഹൗസ് ചാറ്റ് ത്രെഡുകള്‍ ഡിലറ്റ് ചെയ്യാന്‍ സമ്മതിക്കുന്നില്ല. ഭാവിയില്‍ ഈ ഫീച്ചര്‍ വന്നേക്കാം. 

ഗ്രൂപ്പുമെസേജുകളില്‍ പരസ്പരം ഫോളോ ചെയ്യാതെ തന്നെ ഗ്രൂപ്പംഗങ്ങള്‍ക്ക് ഗ്രൂപ്പില്‍ മെസേജ് അയക്കാം. ഗ്രൂപ്പ് മെസേജുകള്‍ എല്ലാവര്‍ക്കും കാണാം. ഗ്രൂപ്പ് മോഡറേറ്റര്‍ക്കു മാത്രമേ അംഗങ്ങളെ കൂട്ടാനും കുറയ്ക്കാനും പറ്റൂ. പക്ഷെ എല്ലാവര്‍ക്കും ഏതു സമയത്തും ഗ്രൂപ്പില്‍ നിന്ന് പുറത്തു പോകാം. നിലവില്‍ ഗ്രൂപ്പില്‍ പതിനഞ്ചു അംഗങ്ങളേ പാടുള്ളൂ. പക്ഷെ ഭാവിയില്‍ ഇത് കൂടിയേക്കാം. ഇമേജുകളും വീഡിയോകളും അയക്കാന്‍ നിലവില്‍ പറ്റില്ല. പക്ഷെ ലിങ്കുകള്‍ അയക്കാം. ഭാവിയില്‍ ഈ സൗകര്യവും വന്നേക്കാം. ബ്ലോക്ക് ചെയ്തവരെ മോഡറേറ്റേഴ്‌സിന് ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍ സാധിക്കില്ല. ബ്ലോക്ക് ചെയ്യപ്പെട്ട ആരോടെങ്കിലും ഒപ്പം നമ്മള്‍ ഒരു ഗ്രൂപ്പില്‍ പെടുകയാണെങ്കില്‍ ഒരു മുന്നറിയിപ്പ് സന്ദേശം ലഭിക്കും. ഒരാളുടെ ചാറ്റ് മെസേജ് ഇഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ മൂകളിലെ കുത്തുകളില്‍ അമര്‍ത്തി റിപ്പോര്‍ട്ട് ചെയ്യാം. മെസേജില്‍ അമര്‍ത്തിയും ഇത് ചെയ്യാം. #dm  #dmclubhouse #directmessage       clubhouse: the drop-in audio chat

clubhouse id:  gangan07

 #clubhouse #Nottam_Blog  #ക്ലബ്ഹൌസ് #clubhousemalayalam

(അഭിപ്രായങ്ങള്‍ ഈ പോസ്റ്റിന്  താഴെ രേഖപ്പെടുത്തുക)

Comments

Post a Comment