മാലാഖപ്പാറയിലെ മായികരാത്രി

ക്ടോബര്‍ ആദ്യവാരത്തിലെ അവധിദിവസം ഞങ്ങള്‍ ഒമ്പതുപേര്‍ വാഴച്ചാല്‍ ചെക്ക്‌പോസ്റ്റില്‍ എത്തുമ്പോള്‍ വൈകീട്ട് ഏകദേശം മൂന്നര കഴിഞ്ഞിരുന്നു. നേരിയ ചാറ്റല്‍ മഴയില്‍ നനഞ്ഞുകുതിര്‍ന്ന റോഡ്. ചെക്ക് പോസ്റ്റില്‍ വിവരങ്ങള്‍ നല്കുമ്പോള്‍ രണ്ടര മണിക്കൂര്‍ കൊണ്ട് മലക്കപ്പാറ വരെയുള്ള വനപാത പിന്നിട്ടുകഴിഞ്ഞാല്‍ അവിടുന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശനമുണ്ടാവില്ല എന്നും വൈകീട്ട് ആറേകാലിനുശേഷം തിരിച്ചിങ്ങോട്ട് വരാന്‍ കഴിയില്ല എന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് തന്നു. 

വിവരം ഞങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു. യാത്രപോവാതിരുന്ന നീണ്ട കോവിഡ് കാലത്തിനുശേഷം ഓഫീസ് ജോലിയുടെ അന്തമില്ലാത്ത തിരക്കുകള്‍ക്കിടയില്‍ നിന്ന് അല്‍പം സ്വസ്ഥമാവാന്‍ വാല്‍പ്പാറയിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ഇക്കാര്യം ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നു. സപ്തംബര്‍ പകുതിയോടെയാണ് വാല്‍പ്പാറയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവന്നത്. വാല്‍പ്പാറയില്‍ താമസസ്ഥലം ബുക്കുചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് റെസ്ട്രിക്ഷന്‍ ഉണ്ട് എന്നാണവര്‍ പറഞ്ഞത്. ഇ-പാസിന്റെ ലിസ്റ്റില്‍ മലക്കപ്പാറ ഇല്ലാത്തതാണ് പ്രശ്‌നം. എന്നാല്‍ ചിലരൊക്കെ മലക്കപ്പാറ വഴി പോയി എന്ന് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളുമുണ്ടായിരുന്നു. എല്ലാവരും വാല്‍പ്പാറ ടൂറിന്റെ ഹരത്തിലായിരുന്നു. അതിനാല്‍ എതിര്‍ ഭാഗം വഴിയുള്ള റൂട്ടായ പാലക്കാട് പൊള്ളാച്ചി വഴി എങ്ങനെയെങ്കിലും വാല്‍പ്പാറയിലെത്താം എന്നൊരു സാധ്യതയുള്ളതിന്റെ അടിസ്ഥാനത്തിലാണ്  യാത്ര തീരൂമാനിച്ചത്. 

തിരാവിലെ ആറു മണിക്ക് വടകരയില്‍ നിന്ന് പുറപ്പെട്ട് നേരെ പൊള്ളാച്ചിക്ക് പോകാം എന്നായിരുന്നു ധാരണ. പക്ഷെ യാത്ര പുറപ്പെടുമ്പോള്‍ തന്നെ ഒരു മണിക്കൂര്‍ വൈകി. വനപാതകളിലേക്കുള്ള യാത്രകള്‍ എപ്പോഴും അതിരാവിലെ ആരംഭിക്കുന്നതാണ് നല്ലത്. വൈകുന്തോറും പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. 

ട്ടുമണിയോടെ കോഴിക്കോടെത്തുന്നതിനുമുമ്പ് ഹൈവെക്കരികിലെ  ഹോട്ടലില്‍ കയറി പ്രഭാതഭക്ഷണം കഴിച്ചു. വളരെ മോശമായിരുന്നു പ്രാതല്‍. സുഹൃത്തുക്കളില്‍ ഒന്നുരണ്ടുപേര്‍ ഹോട്ടലുകാരുമായി കയര്‍ക്കുകയും ചെയ്തു. വരാനിരിക്കുന്ന പ്രയാസങ്ങളുടെ ഒരു തുടക്കമായിരുന്നു അതെന്ന് അപ്പോള്‍ മനസ്സിലായില്ല. 

യാത്രതുടങ്ങുന്ന സ്ഥലത്തെ നാടന്‍ ഹോട്ടലില്‍ ചൂടുള്ള പൊറോട്ട അട്ടിയിട്ടു ഞെരിക്കുന്നതിന്റെ ശബ്ദം എന്റെ മനസ്സില്‍ തങ്ങിനിന്നിരുന്നതിനാല്‍ അവിടെ നിന്ന് ഭക്ഷണം കഴിച്ചാലോ എന്നൊരു നിര്‍ദ്ദേശം ഞാന്‍ തുടക്കത്തില്‍ വച്ചിരുന്നെങ്കിലും അതിരാവിലെ ആയതിനാല്‍ പലര്‍ക്കും അല്‍പം കഴിഞ്ഞ് മതി എന്ന പറഞ്ഞതിനാലാണ് കോഴിക്കോട് നിന്ന് കഴിച്ചത്. പ്രഭാതഭക്ഷണം ശരിയാകാത്തതിലുള്ള  നിരാശയോടെ ചായ കഴിഞ്ഞ് വീണ്ടുമൊരു ചെറിയ ചര്‍ച്ച. അപ്പോഴാണ് റൂട്ട് മാറ്റി തൃശൂര്‍ ചാലക്കുടി വഴി തന്നെ പോകാം എന്ന അഭിപ്രായം വന്നത്. വരുന്നതുപോലെ വരട്ടെ എന്ന നിലപാടില്‍ എല്ലാവരുമെത്തി. അനിശ്ചിതത്വവും സാഹസികതയുമാണല്ലോ യാത്രയുടെ ത്രില്‍. 



ങ്ങനെ നേരെ ചാലക്കുടിക്ക് വച്ചുപിടിച്ചു. സജിത്തിന്റെ കാറില്‍ ഞാനും സജിത്തും രാജീവനും ബാബുവും. ബാബുവാണ് സാരഥി. സജീഷിന്റെ വണ്ടിയില്‍ സജീഷും അബിനും നസീഫും സുരേഷും സുധീഷും. എല്ലാവരും ഉത്സാഹികളായ യാത്രാപ്രണയികള്‍.  

വഴിയില്‍ വീട്ടിലെ ഊണ് എന്ന ഒരു ബോര്‍ഡ് കണ്ടു. നല്ല കുത്തരിച്ചോറും കുടംപുളിയിട്ട മീന്‍ കറിയും പൊരിച്ച മീനും എരിവുള്ള മോരും. രാവിലത്തെ നൈരാശ്യം മാറി എല്ലാവരും ഉഷാറായി.

ചാലക്കുടിയില്‍ നിന്ന് ആതിരപ്പള്ളിയിലേക്കുള്ള വഴിയില്‍ യാത്രക്കാരുടെ വാഹനങ്ങള്‍ ഒരുപാട് കാണാന്‍ തുടങ്ങി. ഏഴുകൊല്ലം മുമ്പ് ചാലക്കുടിയില്‍ നിന്ന് വാല്‍പാറയിലേക്ക് ബസ്സ് സര്‍വ്വീസ് മാത്രം ആശ്രയിച്ചുകൊണ്ട് ഞാന്‍ ഒരു യാത്ര നടത്തിയിരുന്നു. അന്ന് അധികം ആളുകള്‍ കണ്ടിരുന്നിട്ടില്ലാത്ത വാല്‍പാറയെന്ന ഹില്‍ സ്റ്റേഷന്റെ വശ്യസൗന്ദര്യമാര്‍ന്ന മലമടക്കുകളുടെ ഓര്‍മയില്‍ ഞാന്‍ മുഴുകി. ചാലക്കുടി ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ ആറോളം സര്‍വീസുകള്‍ ഇപ്പോള്‍ മലക്കപ്പാറയിലേക്ക് ഉണ്ടെന്ന് തോന്നുന്നു. മലക്കപ്പാറയിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സിയില്‍ തന്നെ പോയിവരുന്നത് സുരക്ഷിതമായ ഒരു മികച്ച യാത്രാനുഭവമായിരിക്കും. 

തിരപ്പള്ളി വെള്‌ളച്ചാട്ടം മുമ്പ് ഞാന്‍ ഒരു തവണയേ കണ്ടിട്ടുള്ളൂ. തണുതണുപ്പാര്‍ന്ന ജലബിന്ദുക്കള്‍ വാരിയെറിഞ്ഞ് ആ സുന്ദരി നമ്മെ വാരിപ്പുണരും. എത്രയോ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് പശ്ചാത്തലമായ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പ്രലോഭനമുണ്ടായെങ്കിലും സമയം വൈകിയതിനാല്‍ ഞങ്ങള്‍ അവിടെ ഇറങ്ങാതെ നിരനിരയായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെയും ടൂറിസ്റ്റുകളെ കാത്തിരിക്കുന്ന കൗതുകവസ്തുക്കള്‍ വില്‍ക്കുന്ന കടക്കാരുടെ തിരക്കിന്റെയും ഇടയിലൂടെ വാഴച്ചാലിലേക്ക് തിരിച്ചു.

ഒരുപാട് വാഹനങ്ങള്‍ തിരികെ വരുന്നുമുണ്ടായിരുന്നു. മഴക്കാടുകളുടെ വശ്യസൗന്ദരം ആസ്വദിച്ചുകൊണ്ട് അമിതവേഗത്തിലല്ലാതെയായിരുന്നു യാത്ര. പോകുന്നവഴി ആതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളുടെ ഒരു കുഞ്ഞുസഹോദരിയായ ചാര്‍പ്പ വെള്ളച്ചാട്ടം വാഹനത്തില്‍ നിന്ന് തന്നെ കാണാം. മഴക്കാലത്ത് മാത്രമേ ഈ ബാലിക പ്രത്യക്ഷമാവുകയുള്ളൂ.



വാഴച്ചാല്‍ പ്രദേശത്ത് പുഴയ്ക്ക് വീതി കൂടുതലാണ്.  മുന്നോട്ടുപോകുന്തോറും അടുത്തും അകന്നുമായി ചാലക്കുടിപ്പുഴ കളകളശബ്ദം പൊഴിച്ചുകൊണ്ട് നമ്മോടൊപ്പം തന്നെ ഉണ്ടാകും. ആനമുടിമലകളില്‍ നിന്ന് കൊച്ചരുവികളായി തുടങ്ങി നാടുമലൈ പുഴപോലെ ഒട്ടനവധി ജലസ്രോതസ്സുകളില്‍ നിന്ന് പ്രണയപ്രവാഹമായി ഷോളയാറില്‍ പരന്നൊഴുകി നിരവധി വെള്ളച്ചാട്ടങ്ങളില്‍ തുള്ളിത്തുളുമ്പി മലമടക്കുകളും പാറക്കെട്ടുകളും പുല്‍മേടുകളും നിബിഢവനങ്ങളും താണ്ടി, അനവധിതരം കാട്ടുമൃഗങ്ങള്‍ക്ക് ദാഹനീരുനല്‍കി,  പറമ്പിക്കുളം, കുരിയാര്‍കുട്ടി, കാരാപ്പാറ, ആനക്കയം എന്നിവയോട് കൈകോര്‍ത്ത്, ഈറ്റക്കാടുകള്‍ അതിരിടുന്ന ഹിമം പോലെ തണുത്ത അരുവികളെ വാരിപ്പുണര്‍ന്ന്, ഇടയ്ക്കല്‍പം കിഴക്കോട്ട് പോയി  കുറുമ്പുകാണിച്ച്, വൈന്തലയില്‍ ചെറിയ തടാകമുണ്ടാക്കി, സുദീര്‍ഘമായി ഒഴുകിയൊഴുകി പെരിയാറിന്റെ മാറിലൂടെ കൊടുങ്ങല്ലൂരെത്തി കടലിലേക്ക് മടങ്ങുന്ന ഈ പുഴയുടെ വൃഷ്ടിപ്രദേശം അതിബൃഹത്തായതാണ്. പുരാതനകാലത്തെ ' ശാലധ്വജം ' ചാലക്കുടിയായി മാറുന്നതിനിടയ്ക്ക് ഈ നദീതീരങ്ങളില്‍ എത്രയെത്ര യാഗശാലകളില്‍ നിന്ന് ഹോമദ്രവ്യങ്ങളുടെ അഗ്നിജ്വാലകള്‍ ധൂമ്രകേതുക്കളുണ്ടാക്കിയിട്ടുണ്ടാകും? എത്രയെത്ര ബുദ്ധാനുയായികളുടെ ശരണമന്ത്രങ്ങളാല്‍ മുഖരിതമായ സംഘാരാമങ്ങളുണ്ടായിട്ടുണ്ടാകും? എത്രമാത്രം അണക്കെട്ടുകള്‍ കെട്ടിയാണ് നമ്മള്‍ ഈ നവോഢയുടെ തിമിര്‍പ്പിന് തടയിട്ടത്? എത്രമാത്രം വൈവിധ്യമാര്‍ന്ന ശുദ്ധജലമത്സ്യങ്ങളെയാണീ പുഴ ഇന്നും വംശനാശത്തിന് വിട്ടുകൊടുക്കാതെ മാറോട് ചേര്‍ത്ത് സംരക്ഷിക്കുന്നത് ? 



വാഴച്ചാല്‍ പാലം വരെ വലത്തുകൂടിയൊഴുകിയ പുഴ പാലം കടന്നപ്പോള്‍ ഇടത്തേക്ക് മാറി. വളവും തിരിവുമായി കൊടുംകാട്ടിലൂടെയുള്ള യാത്ര. പെട്ടെന്ന് മ്ലാവിനെപ്പോലെയുള്ള ഒരു മൃഗം പാതമുറിച്ചോടി. പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി മുതല്‍ മൂന്നാറിലെ ആനമുടി വരെയുള്ള ആനമല പ്രദേശം ജൈവസമ്പത്താല്‍ അനുഗൃഹീതമാണ്. ആതിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പകുതിയിലധികം പ്രദേശവും വനമേഖലയാണ്. അപൂര്‍വമായ വേഴാമ്പലുകള്‍, ആമകള്‍, വരയാട്, സിംഹവാലന്‍ കുരങ്ങുകള്‍, മൂര്‍ഖന്‍ അടക്കമുള്ള വിവിധ പാമ്പുകള്‍, പുള്ളിപ്പുലി, ആന, മെരു, കാട്ടുപോത്ത്, കരിങ്കുരങ്ങ്, തേവാങ്ക്, പലയിനം ചിത്രശലഭങ്ങള്‍, വാനമ്പാടി, ശരപക്ഷി തുടങ്ങിയ ഒട്ടനവധി മൃഗങ്ങളുടെയും പക്ഷികളുടെയും അപൂര്‍വ വൃക്ഷങ്ങളുടെയും ആവാസവ്യവസ്ഥയുള്ള വനമേഖലയിലൂടെയാണ് മലക്കപ്പാറയിലേക്കുള്ള റോഡ് നീണ്ടുപോകുന്നത്. കാട്ടിലൂടെയുള്ള യാത്ര വല്ലാത്ത ഒരുതരം പോസിറ്റീവ് എനര്‍ജി നിറയ്ക്കും. ചിലപ്പോള്‍ നിശബ്ദമായും ചിലപ്പോള്‍ വന്യശബ്ദങ്ങളാല്‍ നിറഞ്ഞും ചിലപ്പോള്‍ പക്ഷികളുടെ ഒച്ചയില്‍ പ്രതിധ്വനിച്ചും ചിലപ്പോള്‍ ചീവിടുകളടെ ശബ്ദത്തില്‍ വിലയിച്ചും അപൂര്‍വം ചിലപ്പോള്‍ അകാരണമായി ഭീതിനിറച്ചും കാട് നീണ്ടുനീണ്ടുപോകുന്നു. 

കൂടെയുള്ള വണ്ടി വരാന്‍ ഒരിടത്ത് അല്‍പം കാത്തുനിന്നപ്പോള്‍ ചൂടുള്ള ആനപ്പിണ്ടം കണ്ടു. ഈ വനയാത്രയില്‍ വണ്ടി നിറുത്താന്‍ അനുവാദമില്ല. ഹോണുകള്‍ മുഴക്കാതെ പാട്ടുവെക്കാതെ അധികം ശബ്ദമുണ്ടാക്കാതെ കാടുതാണ്ടിപ്പോകണം. ആനയും പുലിയും കാട്ടുപോത്തും..... അപകടസാധ്യത ഏറെയുണ്ട്. ചിലര്‍ക്ക് ആനയോടും പുലിയോടും തോന്നാത്ത പേടി തോന്നുന്ന മറ്റൊരു ഭീകരന്‍ ഇഷ്ടം പോലെ ഉണ്ട്. അട്ട.  ഇവന്‍ തച്ചോളി ഒതേനനെ പോലെയാണ്. വാള്‍ ഉറയില്‍ നിന്നൂരിയാല്‍ ചോര കണ്ടേ മടങ്ങൂ.  ' ഒന്നിന് ' പുറത്തിറങ്ങിയപ്പോള്‍ എതിരേ വരുന്ന വണ്ടിയിലുള്ളവര്‍ അട്ടയുണ്ടെന്ന് വിളിച്ചുപറഞ്ഞു. അട്ടയെപ്പറ്റി ആലോചിക്കുമ്പോഴേക്ക്് ഒരാളെ കടിച്ചു. ഭാഗ്യവാന്‍. ദുഷ്ടരക്തം കുറേ പോയിക്കിട്ടി. ഷൂ ധരിച്ച് ഓരോ കഷണം പുകയില സോക്‌സിനുള്ളില്‍ വച്ചാല്‍ അട്ട അധികം ആക്രമിക്കാന്‍ വരില്ല.



പ്പോള്‍ മുന്നില്‍ വെറും കാടുമാത്രം. വീതി കുറഞ്ഞ റോഡ് നീണ്ടു വളഞ്ഞുപുളഞ്ഞുപോകുന്നു. എതിരെ ഒരു വണ്ടി വന്നാല്‍ രണ്ടുപേരും നിര്‍ത്തി മെല്ലെ പരസ്പരം കടക്കണം. ബസ്സാണ് വരുന്നതെങ്കില്‍ പറയാനുമില്ല. വീടുകളോ ആള്‍പെരുമാറ്റമോ കാണാനില്ല. വിസ്തൃതമായ ആതിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ തനതായ സംസ്‌കാരം കൈമുതലാക്കിയ പുരാതന ഗോത്രവര്‍ഗക്കാരും സര്‍ക്കാരില്‍ നിന്ന് പതിച്ചുകിട്ടിയ ഭൂമിയില്‍ താമസക്കാരായ വിമുക്തഭടന്മാരും തേയിലത്തൊഴിലാളികളും മറ്റും വിവിധ കോളനികളിലായാണ് താമസം. 

പോകുന്ന വഴി റിസര്‍വോയര്‍ പ്രദേശം കാണാം. ഇടയ്ക്കിടെ കൊച്ചരുവികളും. മലയണ്ണാനെയും കുരങ്ങുകളെയും കണ്ടു.  കാലാവസ്ഥ മാറിത്തുടങ്ങി. വീണ്ടും നേരിയ മഴ. ഇടയ്ക്കിടക്ക് ചെറിയ പുകപോലെ കോടമഞ്ഞ് തലകാണിക്കാന്‍ തുടങ്ങി. അഞ്ചുമണിയായതേ ഉള്ളൂ. വനാന്തര്‍ഭാഗത്ത് ഇരുട്ടുപരക്കാന്‍ തുടങ്ങി. ഞങ്ങള്‍ അല്‍പം സ്പീഡ് കൂട്ടി. മറ്റേ വണ്ടി പുറകിലെവിടെയോ ഉണ്ട്. മൊബൈലിന് തീരെ റേഞ്ചില്ല. അവരെവിടെ എത്തി എന്ന് അറിയാന്‍ മാര്‍ഗമില്ല. ഇടയ്ക്ക് ഞങ്ങള്‍ ഒരിടത്ത് നിര്‍ത്തി അല്‍പം കാത്തുനിന്നു. ഇരുളുന്നത് കണ്ടപ്പോള്‍ പന്തിയല്ലെന്ന് കണ്ട് വീണ്ടും മൂന്നോട്ട്. 



ഞ്ചര മണിയായി. ഡ്രൈവിംഗ് ശ്രമകരമായി തുടങ്ങി. ഡ്രൈവനായ ബാബു അല്‍പം അക്ഷമ പ്രകടിപ്പിക്കാനും തുടങ്ങി. നേരിയ മഴ. ചെറിയ കോട. പലയിടത്തും ചെളി. എതിരെ വരുന്നവര്‍ ഇനിയങ്ങോട്ട് പോകണ്ട, തിരികെ പോന്നോളൂ എന്ന് വണ്ടിയില്‍ നിന്ന് വിളിച്ച് പറയുന്നു. ഇത്രയും അപകടകരമായ സ്ഥലമായിട്ടും, ഇടയ്ക്കിടെ ഫാമിലിയായി പോകുന്ന വണ്ടികള്‍ തിരിച്ചു വരുന്നുണ്ട്. അല്‍പം കൂടി കഴിഞ്ഞപ്പോള്‍ വണ്ടികളുടെ വരവ് നിലച്ചു. മുന്നിലും പിന്നിലും ആരുമില്ല. ഞങ്ങളുടെ കൂട്ടാളികള്‍ എവിടെയെന്നറിയില്ല. കോടയ്ക്ക് പരമാവധി ശക്തി കൂടി. ഒരു പത്തുമീറ്ററിനകം ഒന്നും കാണാത്ത അവസ്ഥ. ഞാനിത്തരം സന്ദര്‍ഭങ്ങള്‍ ഒരുപാട് മുഖാമുഖം കണ്ടതിനാല്‍ പ്രത്യേകിച്ച് ഭയം തോന്നിയില്ല. കാട്ടുമൃഗങ്ങള്‍ വന്നാലോ എന്ന് ആരോ പറഞ്ഞു. പക്ഷേ സാധാരണ ഗതിയില്‍ അവ ഉപദ്രവിക്കാറില്ല. സമയം ആറുമണിയോടടുത്തു. കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് അടുക്കുകയാണ്. വളരെ പതുക്കെയാണ് വണ്ടി പോകുന്നത്. ബാബുവിന്റെ മനസാന്നിധ്യം അല്‍പം കൈവിട്ട പോലെ തോന്നി. റോഡ് കാണാന്‍ വളരെ പ്രയാസം. തൊട്ടുമുന്നില്‍ പോലും കാണുന്നില്ല. റോഡില്‍ വലിയ ചെളിയും. ഒരുവിധത്തില്‍ മലക്കപ്പാറയിലെത്തി പോലീസ് പോസ്റ്റിന് മുന്നില്‍ വണ്ടി നിര്‍ത്തി. അതിഭീകരമായ കോടമഞ്ഞില്‍ പുതഞ്ഞുകിടക്കുകയാണ് മലക്കപ്പാറ. സമയം ആറേകാല്‍. ഇരുട്ട്. തണുപ്പ്. മഞ്ഞ്. അനിശ്ചിതത്വം. 

ചെക്ക് പോസ്റ്റിലെ പോലീസ്‌കാരോട് അന്വേഷിച്ചു. ആറേ കാല്‍ കഴിഞ്ഞാല്‍ തിരിച്ച് വന്ന വഴി പോകാന്‍ പറ്റില്ല. തമിഴ്‌നാട് ചെക്ക് പോസ്റ്റ് കഴിഞ്ഞ പോകാനും സമ്മതിക്കില്ല. മുപ്പതിനും നാല്‍പതിനുമിടയ്ക്ക് സ്റ്റേ ഉണ്ട മലക്കപ്പാറയില്‍ . എല്ലാം ബുക്ക്ഡ് ആണ്. എന്തു ചെയ്യും സര്‍? ഞാന്‍ ചോദിച്ചു. അദ്ദേഹം കൈമലര്‍ത്തി. തമിഴ്‌നാട് ഭാഗത്തുള്ള ഒരു ഹോം സ്‌റ്റേയുടെ പേര് പറഞ്ഞു. നമ്പര്‍ ഇല്ല. നെറ്റില്‍ തിരയണം. മഴ... കയറി നില്‍ക്കാന്‍ സ്ഥലമില്ല. മൊബൈലില്‍ നെറ്റ് കട്ടാവുന്നു. റോഡ് നടക്കാന്‍ കഴിയാത്ത വിധം ചെളിയില്‍ കുഴഞ്ഞിരിക്കുന്നു.



ങ്ങള്‍ വണ്ടിയില്‍ കയറി വീണ്ടും കൂറേക്കൂടി മുന്നോട്ടു പോയി. റോഡ് കാണാത്തതിനാല്‍ വണ്ടി ശരിക്കോടിക്കാന്‍ പറ്റുന്നില്ല. അടുത്ത വളവില്‍ കണ്ട ഒരു ചായപ്പീടികയുടെ അടുത്ത് നിര്‍ത്തി കാര്യങ്ങള്‍ അന്വേഷിക്കാമെന്നു വച്ചു.  

ഞാന്‍ എല്ലാവരുടെയും മുഖത്ത് നോക്കി. ഒന്നു രണ്ടുപേരൊഴിച്ച് ബാക്കിയെല്ലാവരും ആശങ്കാകുലരാണെന്ന് വ്യക്തമായിരുന്നു. രാവിലെ ആവേശം കാണിച്ചപ്പോള്‍ ഇത്ര മോശപ്പെട്ട അവസ്ഥയുണ്ടാവുമെന്ന്് ഒരുപക്ഷേ സങ്കല്‍പിച്ചിട്ടുണ്ടാവില്ല. പേടിക്കേണ്ട ഒരു രക്ഷയുമില്ലെങ്കില്‍ നമുക്ക് വണ്ടിയില്‍ കിടക്കാലോ എന്ന് ആരോ പറഞ്ഞു. ചായക്കട അടയ്ക്കാന്‍ പോകുകയാണ്.  ഒരു റൂമും ഒഴിവില്ല എന്ന് ചായക്കടക്കാരന്‍ ചേട്ടന്‍ പറഞ്ഞു. സംസാരിച്ചുകൊണ്ടിരിക്കെ അവിടെയുള്ള മറ്റൊരാള്‍ മടിച്ചുമടിച്ച് പറഞ്ഞു. ഒരു റൂമുണ്ട്. പക്ഷെ ആരും ഈയിടെയായി താമസിക്കാറില്ല. ആനയുടെ ആക്രമണത്തില്‍ തകര്‍ന്നതാണ്. ടോയ്‌ലറ്റൊന്നും അത്ര നന്നല്ല. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍,  തയ്യാറാണെങ്കില്‍ ഞാനത് തരാം. 



ങ്ങള്‍ കൂടിയാലോചിച്ചു പറഞ്ഞു. ചേട്ടാ, ഏത് റൂമായാലും കൊള്ളാം, ഞങ്ങള്‍ക്ക് ഈ രാത്രി ഒന്നു തലചായ്ച്ചാല്‍ മതി. വാല്‍പാറയ്ക്കും തിരിച്ച് ആതിരപ്പള്ളിക്കും  പോകാന്‍ പറ്റാത്ത സാഹചര്യമാണ്. ഇന്ന് രാത്രി എങ്ങനെയെങ്കിലും കഴിച്ചുകൂട്ടിയാല്‍ രാവിലെ വന്ന വഴിക്ക് തന്നെ തിരിച്ചുപോകാലോ. അദ്ദേഹം പറഞ്ഞു. ശരി ഞാന്‍ മുറി കാണിച്ചുതരാം. രണ്ട് ബള്‍ബ് വാങ്ങണം. കരണ്ടുണ്ട്. പക്ഷെ ബള്‍ബില്ല. അദ്ദേഹം ബൈക്കില്‍ മുന്നില്‍ പോയി. ഞങ്ങള്‍ ചുവന്ന ബാക്ക് ലൈറ്റ് നോക്കി ഒരുവിധത്തില്‍ പുറകെയും. കോടയാണ്. ഒരു പരിധി കഴിഞ്ഞാല്‍ ബൈക്ക് കാണില്ല.

ത്രയോ യാത്രകളില്‍ വളരെ മോശം സാഹചര്യത്തില്‍ താമസിക്കേണ്ടിയും കഴിച്ചുകൂട്ടേണ്ടിയും വന്നിട്ടുണ്ട്. ഒരിക്കല്‍ ഭൂട്ടാനില്‍ പോയി തിരികെ വരുന്ന അതിര്‍ത്തി കഴിഞ്ഞിപ്പുറത്തെ ട്രെയിനിലെ ബാത്ത് റൂമിലെ കാഴ്ച അഭ്രപാളിയിലെ തെളിവോടെ  ഇന്നും മനസ്സിലുണ്ട്. മൂത്രമൊഴിക്കാന്‍ ഒരു ടോയ്‌ലറ്റില്‍ കയറിയപ്പോള്‍ മല പോലെ മലം സീമകള്‍ ലംഘിച്ച് വാതില്‍ വരെ എത്തി നില്‍ക്കുന്നു. അടുത്ത ബോഗിയിലെ ടോയ്‌ലറ്റില്‍  കയറിനോക്കി. അതിനടുത്തതിലും. എല്ലായിടത്തുമുള്ള അവസ്ഥ തഥൈവ. സാധനത്തിന്റെ അളവില്‍ ഏറ്റക്കുറച്ചിലും വര്‍ണവ്യത്യാസങ്ങളുമുണ്ടെന്നു മാത്രം! ഇത്രയധികം മഴവില്‍ വര്‍ണങ്ങള്‍ മനുഷ്യമലത്തിനുണ്ടെന്ന് അന്നാണെനിക്ക് മനസ്സിലായത്. പക്ഷെ എന്നെ അതിശയിപ്പിച്ചത് വരയന്‍ ഷര്‍ട്ട്് ഇന്‍സൈഡ് ചെയ്ത മാന്യവ്യക്തികളെ പോലെ തോന്നിപ്പിക്കുന്നവര്‍ ഒരു ഉളുപ്പോ ഭാവവ്യത്യാസമോ മൂക്കുപൊത്തലോ ഇല്ലാതെ അതേ കക്കൂസില്‍ കയറി കാര്യം സാധിച്ച് വിജിഗീഷുവായി അശ്വമേധം ജയിച്ച രാജാവിനെപോലെ ഇറങ്ങിവരുന്നത് കണ്ടപ്പോഴാണ്. 



ന്തായാലും ഈ റൂമിന് അത്രത്തോളം പ്രശ്‌നമൊന്നും കാണില്ല എന്ന് എന്റെ മനസ്സു പറഞ്ഞു. മലമുകളില്‍ രണ്ടു മുറികളുള്ള ഒരു ചെറിയ കെട്ടിടമാണ്. ചുറ്റും കാട്. അടുത്തൊന്നും വെളിച്ചമില്ല. മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഞാന്‍ ആകെയുള്ള തകര്‍ന്ന വാതിലുള്ള ബാത്ത് റൂം പരിശോധിച്ചു. വളരെകാലമായി ആരും ഉപയോഗിക്കാത്തതിനാല്‍ ആകെ പൊടിപിടിച്ചിട്ടുണ്ട് എന്നല്ലാതെ മറ്റു വൃത്തികേടൊന്നും ഇല്ല. ബക്കറ്റില്ല. മഗ്ഗുമില്ല. കൊളുത്തില്ല. ഇടത്തോട്ട് തിരിക്കുമ്പോള്‍ വലത്തോട്ട് പോകുന്ന ഒരു ടാപ്പുള്ള വാഷ്‌ബേസിന്‍ ഉണ്ട്. കൊള്ളാം. ഒരു ബക്കറ്റും മഗ്ഗും വാങ്ങിയാല്‍ മതി, അദ്ദേഹം ചാതുര്യത്തോടെ പറഞ്ഞു. മുറിയില്‍ തുരുമ്പുപിടിച്ച ഇരുമ്പിന്റെ കുറച്ച് കട്ടിലുകള്‍ ചാരി വച്ചിരിക്കുന്നുണ്ട്. കിടക്കയോ? അത് അടുത്ത മുറിയിലുണ്ട്. എടുത്തുകൊണ്ടുവരണം , അയാള്‍ പറഞ്ഞു. ഞങ്ങള്‍ അടുത്ത മുറിയില്‍ പോയി. മൊബൈലിന്റെ വെളിച്ചത്തില്‍ പുരാതനമായ പലതരം പൂപ്പലുകള്‍ ചിത്രം വരച്ച പഴകിമണക്കുന്ന കിടക്കകള്‍ ഓരോന്നോരോന്നായി എടുത്തുകൊണ്ടുവന്നു. കട്ടിലുകള്‍ നേരെയിട്ടു. കുറച്ച് വിരികള്‍ ഞാന്‍ കൊണ്ടുവരാമെന്ന് ആ ചങ്ങായി ഉദാരമതിയായി. താഴെയുള്ള ചായക്കടയില്‍ ഭക്ഷണം ഏല്‍പിക്കാമെന്നും. ഞങ്ങള്‍ പൊറോട്ട, ചപ്പാത്തി, ബീഫ് എന്നിവയ്ക്ക് ഓര്‍ഡര്‍ ചെയ്യാന്‍ പറഞ്ഞു. രാവിലെ ആറുമണിക്ക് സ്ഥലം കാലിയാക്കണമെന്ന് നിര്‍ദ്ദേശവും അയാള്‍ തന്നു. അറുന്നൂറ രൂപയാണ് അയാള്‍ മുറിക്ക് പറഞ്ഞത്. അല്‍പം സംസാരിച്ചപ്പോള്‍ അത് എഴുന്നൂറ്റിയമ്പത് രൂപയായി. വണ്ടികളുമെടുത്ത് ചായക്കടയില്‍ പോയി ഭക്ഷണം കഴിച്ചുമടങ്ങുമ്പോള്‍ ഞങ്ങള്‍ ഒരു മഗ്ഗും ചെറിയ ബക്കറ്റും വാങ്ങി. ഇടയ്ക്ക് പോലീസ് പട്രോളിംഗ് ജീപ്പ് കടന്നുപോയി. അതിനിടെ ഒരു പ്രദേശവാസി എത്തിയപ്പോള്‍ അദ്ദേഹത്തെ പരിചയപ്പെട്ടു.



ല്ല ടോയ്‌ലറ്റ് ഇല്ലെങ്കിലും പ്രശ്‌നമില്ല. നേരെ കാട്ടിലേക്ക് ഇറങ്ങാലോ. ആരോ പറഞ്ഞു. അവന് മലക്കപ്പാറയുടെ ഭൂമിശാസ്ത്രമറിയില്ല. ഞാന്‍ പറഞ്ഞു, മകനേ, ഇത് മലക്കപ്പാറയാണ്. രാത്രി പുലി ആന ഇവയുടെ ആക്രമണം ഏതുനിമിഷവും ഉണ്ടാകാം. എത്രയോ കെട്ടിടങ്ങളും ആളുകളും ആക്രമണം നേരിട്ടിരിക്കുന്നു. പുറത്തേക്കിറങ്ങുമ്പോള്‍ റോഡ് പോലെയുള്ള സ്ഥലത്ത് നിന്നില്ലെങ്കില്‍ അട്ടകള്‍ ആക്രമിക്കുകയും ചെയ്യും. വെളിക്കിരിക്കുമ്പോള്‍ അട്ട വഴിതെറ്റി ഉള്ളില്‍ കയറിയാല്‍ അണ്ഡകടാഹങ്ങളും കണ്ണില്‍ തെളിയും.

ലരും പുലി, ആന എന്നൊക്കെ പറയുമ്പോല്‍ തമാശമട്ടിലാണ് കേട്ടിരുന്നത്. എന്നാല്‍ ബള്‍ബിട്ട് റൂമില്‍ വെളിച്ചം വന്നപ്പോള്‍ എല്ലാവര്‍ക്കും അല്‍പം പേടി വന്നു എന്നുതോന്നി. മറ്റേ മുറിയുടെ പ്രധാനവാതില്‍ ആന ചവിട്ടിപ്പൊളിച്ചിരുന്നു. അതിന്റെ ബാക്കി അവശിഷ്ടമേ ഉള്ളൂ. ജാലകങ്ങളിലെ ചില്ലുകള്‍ ആന തുമ്പിക്കൈകൊണ്ടടിച്ച് തകര്‍ത്തിരുന്നു. ജാലകപ്പടിയില്‍ കൂര്‍ത്ത ചില്ലുകള്‍ ചിതറിക്കിടക്കുന്നു. നേര്‍ത്ത് ചുവന്ന തുണികൊണ്ട് ജാലകങ്ങള്‍ മറച്ചിട്ടുണ്ട്.  മുറിയിലാകെ ബ്ലാക് മാജിക്ക് ചിഹ്നങ്ങള്‍ പോലെയുള്ളവ വരച്ചുചേര്‍ത്തിരിക്കുന്നു. ആഭിചാരകര്‍മങ്ങള്‍ അനുഷ്ഠിക്കുന്ന ആരെങ്കിലും ആ മുറി മുമ്പ് ഉപയോഗിച്ചിരിക്കാം, അല്ലെങ്കില്‍ വെറുതെ വരച്ചുവച്ചതാവാനും മതി.  വാതില്‍ പുറത്ത് നിന്ന് അടയ്ക്കാന്‍ പറ്റില്ല. അകത്ത് ദുര്‍ബലമായ ഒരു വിജാവിരി മാത്രം. നിലം ആകെ അലങ്കോലമായിരിക്കുന്നു. കിടക്കകളിലെ പൂപ്പല്‍ ചിത്രങ്ങള്‍ വിരിയുടെ അടിയില്‍ ഭദ്രമായിരിക്കുന്നു. ഷൂ അല്ലാതെ ചെരിപ്പുമാത്രമിട്ടവര്‍ പുറത്ത് കാലെടുത്തുവയ്ക്കുമ്പോഴേക്കും അട്ടകള്‍ ചാടിച്ചാടി വരുന്നു.  റൂമിന് നേരെ എതിര്‍ വശം റോഡരികില്‍ ഒരു വലിയ കുരിശ് നാട്ടിയിരിക്കുന്നു. അതിനടുത്ത് അടഞ്ഞുകിടക്കുന്നതെന്ന് തോന്നിപ്പിക്കുന്ന ആള്‍പെരുമാറ്റമില്ലാത്ത ഒരു പള്ളി. ചുറ്റിനും ഒരു മനുഷ്യജീവിയുമില്ല.  ഏതുനിമിഷവും വന്നേക്കാവുന്ന പുലിയും അട്ടകളും ചീവിടുകളും തിരിച്ചറിയാനാവാത്ത ചില ശബ്ദങ്ങളും മാത്രം. 

ക്ഷത്രം തിരുവാതിര ആയതിനാലും നിഗൂഢശാസ്ത്രങ്ങളില്‍ തല്‍പരനായിരുന്നതിനാലും വായനക്കാര്‍ക്ക് ഒരുപക്ഷേ അങ്ങേയറ്റം നെഗറ്റീവായി തോന്നുന്ന ആ അന്തരീക്ഷം എനിക്ക് ക്ഷ ബോധിച്ചു. ഇത്തരം സ്ഥലങ്ങളില്‍ കഴിച്ചുകൂട്ടുമ്പോള്‍ ചിലരുടെ മനസ്സിന് അസ്വസ്ഥത ബാധിക്കാനിടയുള്ളതിനാല്‍ മൂഡ് മാറേണ്ടത് ആവശ്യമായിരുന്നു. ഞങ്ങള്‍ മെല്ലെ പാട്ടിലേക്ക് കടന്നു. ഒച്ചപ്പാടുള്ളിടത്ത് മൃഗങ്ങള്‍ അങ്ങനെ അടുക്കില്ല. പഴയ മെലഡികളും കാട്ടാക്കടക്കവിതകളും അഗസ്ത്യഹൃദയവും നാറാണത്ത് ഭ്രാന്തനും നെല്ലിക്കയും ബാഗ്ദാദും രേണുകയും ... അങ്ങനെയങ്ങനെ സമയം പോയതറിഞ്ഞില്ല. പാതിരാവായതോടെ എല്ലാവരും കിടക്കയിലേക്ക് ചാഞ്ഞുതുടങ്ങി. ഞാനും സജിത്തും പുറത്തിറങ്ങി  അനാഥമായി ഇരുട്ടില്‍ നിലകൊള്ളുന്ന പള്ളിയുടെ വരാന്തയിലെ കോണിപ്പടികളില്‍ ഇരുന്നു പിന്നെയും കഥപറയാന്‍ തുടങ്ങി. പുറത്ത് അസ്ഥി തുളച്ചുകയറുന്ന തണുപ്പ്. കാട്ടില്‍ നിന്ന് രാത്രിയില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത പലതരം ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ചീവീടുകള്‍ ചിലപ്പോള്‍ സംഗീതാത്മകമായും ചിലപ്പോള്‍ കര്‍ണകഠോരമായും കരയുന്നതിനനുസരിച്ച് കാടിന്റെയും ഭാവം മാറിവരുന്നതുപോലെ തോന്നി. കോടമഞ്ഞ് പൂര്‍ണമായി പൊതിഞ്ഞിരിക്കുന്നു.

റക്കം വന്നപ്പോള്‍ ഞങ്ങള്‍ അകത്തേക്ക് കയറുമ്പോള്‍ രാജീവന്റെ മൂക്കില്‍ എന്തോ കയറി എന്ന് പറഞ്ഞ ശബ്ദമുണ്ടാക്കുന്നതാണ് കേട്ടത്. മുകളിലെ സിമന്റ് പൊളിഞ്ഞ ഭിത്തിയില്‍ കറുത്ത നിറത്തിലുള്ള എന്തോ പ്രാണികള്‍ നടന്നുകളിക്കുന്നത് നേരത്തെ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഉറക്കത്തില്‍ അത് മൂക്കിലേക്ക് കയറിയതാകാം. ചിലപ്പോള്‍ അട്ടയാകാനും മതി. അട്ട വായിലും മൂക്കിലുമൊന്നും കയറില്ല എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ രാത്രി ഭക്ഷണം കഴിഞ്ഞ് മുഖം കഴുകിയ ശേഷം സജിത്തിന്റെ വായില്‍ നിന്ന് ഒരു അട്ടയെ കിട്ടിയിരുന്നു. എന്തായാലും മൂക്കില്‍ കയറിയ ആ സാധനം പോയിക്കഴിഞ്ഞിട്ടും രാജീവന്റെ അസ്വസ്ഥത മാറിയില്ല. ഉറക്കത്തില്‍ ഇത്തരം ജീവികള്‍ മൂക്കിലും ചെവിയിലും കയറിയാല്‍ ആകെ പരിഭ്രാന്തനാകും, അവനെ പറഞ്ഞിട്ടു കാര്യമില്ല. 

പോലീസ് ജീപ്പ് ഇടയ്ക്കിടക്ക് പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും കുറച്ച് കഴിഞ്ഞ് ലൈറ്റണക്കാതെ കിടന്നു. പാതിമയക്കത്തില്‍ കിടക്കവേ പുലി, പുലി എന്ന് പറഞ്ഞ് ആരൊക്കെയോ ഓടുന്നത് കേട്ട് ഞാന്‍ എഴുന്നേറ്റു. ബാബുവും എഴുന്നേറ്റുവന്നു. അവനും കേട്ടിട്ടുണ്ടായിരുന്നു. വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോള്‍ ആരെയും കാണാനില്ല. ഇടയ്ക്ക് വാതിലില്‍ ആരോ മുട്ടുന്നു എന്ന് ബാബു പറഞ്ഞു. എനിക്കിനി എണീക്കാന്‍ വയ്യ, ബാബുവിനോട് പോയി നോക്കാന്‍ പറഞ്ഞു. അവന്‍ നോക്കുന്നതായി തോന്നിയില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ആരോ നടന്നുപോകുന്നു, സ്ത്രീകളുടെ ശബ്ദം പോലെ തോന്നുന്നു എന്ന് പറഞ്ഞ് ബാബു വീണ്ടും എന്നെ വിളിച്ചു. ഞങ്ങള്‍ രണ്ടുപേരും പുറത്തിറങ്ങിയെങ്കിലും ആരെയും കണ്ടില്ല. ബ്ലാക്ക് മാജിക് രൂപങ്ങള്‍ ബാബുവിനെയും അസ്വസ്ഥനാക്കിയോ എന്നെനിക്ക് സംശയം തോന്നി. പിറ്റേന്ന് പോകേണ്ട സ്ഥലങ്ങളെപ്പറ്റി ആലോചിച്ച് ഞാന്‍ അല്‍പം മയങ്ങി. 

ലക്കപ്പാറയെന്ന മാലാഖപ്പാറയിലെ മലമടക്കുകളില്‍ നിന്ന് കാടുകയറി വരുന്ന അനേകായിരം ഭീകരരൂപികളായ അട്ടകള്‍ അവയുടെ  ഓരോ അറ്റവും നിലത്തുമുട്ടിച്ച് ശബ്ദമുണ്ടാക്കി കൊണ്ട് ചാടിച്ചാടിവരുന്ന ഭീതിതമായ ഒരു ശബ്ദകോലാഹലത്തിന്റ സ്വപ്‌നത്തില്‍ നിന്ന് ഞാനുണര്‍ന്നപ്പോള്‍ രാവിലെ അഞ്ചരയായിരുന്നു. തലേന്നത്തെ പ്രശ്‌നമെല്ലാം മാറി രാജീവന്‍ കറുത്ത ടീഷര്‍ട്ടും തൊപ്പിയും ജീന്‍സുമിട്ട് ഫ്രെഷായി റെഡിയായി നില്‍ക്കുന്നു. എല്ലാവരും എണീറ്റു. ഏറ്റവും ചുരുങ്ങിയത് പല്ലെങ്കിലും തേക്കണമല്ലോ. 

റുമണിയോടെ ഞങ്ങള്‍ ഒരുവിധം റെഡിയായി. തിരികെ മടങ്ങാതെ എങ്ങനെയെങ്കിലും ബോര്‍ഡര്‍ കടന്ന് വാല്‍പ്പാറ പോകണമെന്ന് നിശ്ചയിച്ചു.  തലേന്ന് പരിചയപ്പെട്ട പ്രദേശവാസിയുടെ സഹായത്തോടെ ചെക്ക് പോസ്റ്റ് കടന്നു. അപ്പുറത്ത് തൃശൂര്‍ക്കാരനായ ഇക്കയുടെ ചെറിയ ചായപ്പീടികയില്‍ നിന്ന് ചൂടോടെ ഓരോ ചായകുടിക്കുമ്പോള്‍ തിരക്കു കാരണം തലേന്ന് എവിടെയും മുറി ഒഴിവില്ലായിരുന്നു എന്ന്  അദ്ദേഹം പറഞ്ഞു. 

ല്ല റോഡ്. നേരിയ തണുപ്പ്. സൂര്യപ്രകാശം പരന്നുതുടങ്ങുന്നതേ ഉള്ളൂ. ഞങ്ങള്‍ വളരെ മെല്ലെ ഡ്രൈവ് ചെയ്യാന്‍ തുടങ്ങി. പിശാചുക്കളും യക്്ഷികളും ഘോരമൃഗങ്ങളും മനസ്സില്‍ കൂടുകൂട്ടിയ തലേരാത്രിയില്‍ നിന്ന് വ്യത്യസ്തമായി  മാലാഖപ്പാറ അതിസുന്ദരിയായ ഒരപ്‌സരസ്സിനെപ്പോലെ മദാലസയായി കോടയാകുന്ന ഉടയാടകള്‍ ഞൊറിഞ്ഞിളക്കി  ഞങ്ങളെ മാടിവിളിച്ചു. ആദ്യം ചെന്നത് തമിഴ്‌നാട് ഭാഗത്തുള്ള ഷോളയാര്‍ ഡാം സൈറ്റിലേക്കായിരുന്നു. 

ഡാമിന്റെ മുകളിലൂടെ കുറച്ചുദൂരം നടക്കാനേ അനുവാദമുള്ളൂ. കോടമഞ്ഞ് കാരണം ഡാമിന്റെ മറുപുറം കാണാന്‍ വയ്യ. ഡാമിന്റെ താഴേക്ക് പ്രവേശനമില്ല. കുറച്ചുസമയം ഞങ്ങള്‍ ഫോട്ടോകള്‍ ഒക്കെ എടുത്ത് അവിടെ ചെലവഴിച്ചു. റിസര്‍വോയറിന്റെ ഓരത്തുകൂടെ കോടയുടെ ഇടയിലൂടെ കടക്കുന്ന സൂര്യരശ്മികള്‍ നോക്കിക്കൊണ്ട് ചെറിയ സംഗീതവും കേട്ട് അലസമായി ഡ്രൈവ് ചെയ്യാന്‍ എന്തുരസമാണെന്നോ? ്അതീവ ശാന്തമായ സ്ഥലം. ഡാം റിസര്‍വോയര്‍ നീണ്ടുനിവര്‍ന്ന് പരന്നുകിടക്കുന്നു. ഒരു വശത്ത് വിശാലമായ പുല്‍മേടുകളും, സൂര്യരശ്മികളുടെ ക്ഷണദീപ്തി പ്രതിഫലിപ്പിച്ചുകൊണ്ട് അസംഖ്യം അരുവികളും, പാറക്കെട്ടുകളും, കോടമഞ്ഞ് പുതച്ച ചെറിയ കുന്നുകളും, കാട്ടികളും പശുക്കളും മേയുന്ന ചരിവുകളും, ചെറിയ അലകളിളക്കിക്കൊണ്ട് ജലാശയവും, തിരശ്ശീലകള്‍ മാറിമാറിയണിഞ്ഞുകൊണ്ട് മാടിവിളിക്കുന്ന ആകാശവും, പ്രകാശത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് വര്‍ണഭേദം വരുത്തുന്ന കുന്നുകളുടെ പാര്‍ശ്വങ്ങളും, പച്ചയുടെ പലതരം ഷേഡുകളാല്‍ കണ്ണില്‍ കാഴ്ചയുടെ വശ്യത തീര്‍ക്കുന്ന തേയിലത്തോട്ടങ്ങളും, ഇടയ്ക്ക് പ്രത്യക്ഷമാവുന്ന ചുവന്ന പൂക്കള്‍ നിറഞ്ഞ മരങ്ങളും.... പ്രകൃതിസ്‌നേഹികളായ യാത്രികന് സ്വര്‍ഗം പോലെ തോന്നിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങള്‍. 

കദേശം നാനൂറു സ്‌ക്വയര്‍ കിലോമീറ്ററിലായി നിറഞ്ഞുകിടക്കുകയാണ് ഷോളയാര്‍ നിത്യഹരിതവനങ്ങള്‍. കേരളത്തില്‍ ലോവര്‍ ഷോളയാര്‍ ഡാമും തമിഴ്‌നാട് ഭാഗത്ത് അപ്പര്‍ ഷോളയാര്‍ ഡാമും. രണ്ടിനോടും ചേര്‍ന്ന് വലിയ റിസര്‍വോയറുകളും. മലക്കപ്പാറയില്‍ നിന്ന് വാല്‍പ്പാറയിലേക്ക് ഏകദേശം ഇരുപത്തേഴ് കിലോമീറ്ററാണുള്ളത്. വാല്‍പ്പാറയില്‍ ജനവാസം തുടങ്ങിയിട്ട് ഏകദേശം 170 വര്‍ഷങ്ങളേ ആയുള്ളൂ. നിരവധി ടീ എസ്റ്റേറ്റുകളാണിവിടെയുള്ളത്. മിക്ക എസ്റ്റേറ്റുകള്‍ക്കുള്ളിലും ഗസ്റ്റ ഹൗസുകളുണ്ട്. അതുപോലെ തന്നെ കാടിനുള്ളില്‍ നിരവധി കോട്ടേജുകളുമുണ്ട്.  വാല്‍പ്പാറയില്‍ ധാരാളം കാട്ടുമൃഗങ്ങളുമുണ്ട്. ബംഗാള്‍ കടുവ, കാട്ടുപന്നി, പലതരം മാനുകള്‍, കുരങ്ങുകള്‍, മലയണ്ണാന്‍, ആനകള്‍ എന്നിങ്ങനെ. വാല്‍പ്പാറയാണല്ലോ ഞങ്ങളുടെ ലക്ഷ്യസ്ഥാനം. വാല്‍പ്പാറയെത്തി ഏതെങ്കിലും ഹോട്ടലില്‍ ചെന്ന് എല്ലാവര്‍ക്കുമൊന്നു ഫ്രഷാകണം.

ങ്ങള്‍ അലസമായി മൂന്നോട്ട് ഡ്രൈവ് ചെയ്ത് ഓള്‍ഡ് വാല്‍പ്പാറ കടന്ന് ടൗണിനടുത്തെത്തി. ഒരു ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ ഒന്നു ഫ്രഷാവാന്‍ ആയിരം രൂപയാകും എന്നു പറഞ്ഞു. അത്ര തുക നല്കാന്‍ ആര്‍ക്കും താല്‍പര്യമില്ലാത്തതിനാല്‍ മുന്നോട്ടു നീങ്ങി. നീങ്ങുന്നതും പാര്‍ക്ക് ചെയ്തിരിക്കുന്നതും ആയ വാഹനങ്ങളുടെയും ആളുകളുടെയും ബഹളം. ഒരുദ്യോഗസ്ഥന്‍ വന്ന് കാറിനുള്ളില്‍ ഒരാള്‍ മാസ്‌കിട്ടിട്ടില്ല എന്ന് പറഞ്ഞ് അറുന്നൂറു രൂപയുടെ ഒരു നോട്ടീസാക്കി. ഞങ്ങള്‍ മൈന്‍ഡ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോള്‍ പിന്‍വാങ്ങി. ടൗണില്‍ ഒരുവിധം ആളുകളൊന്നും ശരിയായി മാസ്‌കിടുന്നില്ല. പിന്നെയല്ലേ കാറില്‍ ! 

വാല്‍പ്പാറയില്‍ ടൗണിലെ എല്ലാ ഹോട്ടലുകളും കാഴ്ചയില്‍ ഒരു പോലെയാണ്. വര്‍ഷങ്ങളായി ദോശ ചുട്ട് ചുട്ട് എണ്ണയും കരിയും ചേര്‍ന്ന് കറുകറുത്തുപോയ വലിയ ഒരു ദോശക്കല്ല് ഉണ്ടാവും മുമ്പില്‍. തിരക്കില്ലാത്ത ഒരു ഹോട്ടലില്‍ കയറി ഞങ്ങള്‍ പൊറോട്ടയും മുട്ടക്കറിയും ഓംലറ്റും കഴിച്ചു.  ടൗണ് കഴിഞ്ഞ മുന്നോട്ട് പോയി നല്ലമുടി പൂഞ്ചോലയിലേക്കുള്ള റോഡ് കഴിഞ്ഞ് അല്‍പം മുന്നോട്ടുപോയാല്‍ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ഒരു അരുവിയുണ്ട്. സുഖമായി ഫ്രഷാവാം. നാണവും മാനവും ഒന്നും നോക്കാനില്ല. 



കദേശം മൂന്നു കിലോമീറ്റര്‍ പോയി കൂളങ്കല്‍ പുഴയില്‍ എത്തി. പുഴയ്ക്ക് ഒരു വലിയ തോടിന്റെ വീതിയേ ഉള്ളൂ. പലതരം ബ്രൗണ്‍ നിറങ്ങളുള്ള നിരവധി ഉരുളന്‍ കല്ലുകള്‍ നിറഞ്ഞിരിക്കുന്നു. അധികം ആഴമില്ലാത്ത ഭാഗങ്ങള്‍ ഉള്ളതുകൊണ്ടും നല്ല തണുത്തതും  കണ്ണാടി പോലെ തെളിഞ്ഞ വെളളമായതിനാലും കുട്ടികള്‍ അടക്കമുള്ള ധാരാളം പേര്‍ കുളിക്കുന്നുണ്ടായിരുന്നു. അവിടെ കുറച്ച് കടകളും മീന്‍ പൊരിച്ചു വില്‍ക്കുന്നവരും ചോളക്കതിര്‍ വില്‍ക്കുന്നവരുമൊക്കെയുണ്ട്. ചിന്നക്കല്ലാറില്‍ നിന്നുള്ള ഓവര്‍ഫ്‌ലോ ടണലില്‍ നിന്നുള്ള വെള്ളമാണ് ഒഴുകിയെത്തുന്നത്. ടണലിന്റെ ആരംഭത്തിലെത്താന്‍ രണ്ടുമൂന്നു വഴിയുണ്ട്. ബാലാജി ക്ഷേത്രമുള്ള പെരിയ കരുമലൈ ടീ എസ്റ്റേറ്റ് വഴിയും അവിടെ എത്താം. ഞാന്‍ മുമ്പ് ഏഴുകൊല്ലം മുമ്പ് ബാലാജി ടെമ്പിള്‍ സന്ദര്‍ശിച്ചിരുന്നു. പെരിയ കരുമലൈ ചായ എസ്റ്റേറ്റുകാര്‍ക്ക് ആറോളം എസ്‌റ്റേറ്റുകള്‍ ഉണ്ട്. ടണല്‍ തുടങ്ങുന്ന വെള്ളമലൈ എസ്‌റ്റേറ്റും അവരുടെയാണ്. ടണലില്‍ മഴക്കാലത്ത് അപകടകരമാം വിധം വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടാകും. നാലഞ്ചുപേര്‍ ഇവിടെ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.  ഞങ്ങള്‍ അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. ചിലര്‍ തണുത്ത വെള്ളത്തില്‍ കുളിച്ചു.  പൊരിച്ച മീനും ചോളക്കതിരും വാങ്ങിത്തിന്നു. ഈ വഴി പത്തുകിലോമീറ്ററോളം മുന്നോട്ടുപോയാല്‍ നീരാര്‍ ഡാം സൈറ്റിലെത്താം.

മുമ്പ് പൂനാച്ചിമല എന്നറിയപ്പെട്ടിരുന്ന വാല്‍പ്പാറ സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലുള്ള ആനമല റേഞ്ചില്‍പെട്ട പരിസരമലിനീകരണം തൊട്ടുതീണ്ടാത്ത ശുദ്ധവായുവുള്ള ഒരു സ്വര്‍ഗ്ഗീയ സ്ഥലമാണ്. മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശം. പച്ചപ്പിന്റെ പല വകഭേദങ്ങള്‍ കാണിച്ചുതരുന്ന കാ്‌ഴചയുടെ അത്യപൂര്‍വ്വ ഫ്രെയിമുകള്‍ സഞ്ചാരിയുടെ മനസ്സിനെ മുഗ്ദ്ധമാക്കും. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടില്ലെങ്കില്‍ വലിയ നഷ്ടമായിരിക്കും. മനസ്സില്‍ ശാന്തിയും തണുപ്പും സമാധാനവും നിറയ്ക്കുന്നയിടം. നിരവധി ക്ഷേത്രങ്ങളും പള്ളികളുമുണ്ട്. ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇഷ്ടംപോലെ ഒപ്പിയെടുക്കാം. ട്രെക്കിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക് ഒരുപാട് സ്ഥലങ്ങള്‍. കാടിനുനടുവില്‍ രാപാര്‍ക്കാന്‍ വെമ്പുന്നവര്‍ക്ക് കുടുംബമായി താമസിക്കാന്‍ പറ്റിയ നല്ല റിസോര്‍ട്ടുകള്‍. ഊട്ടി, മൂന്നാര്‍, നെല്ലിയാമ്പതി, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് വാല്‍പ്പാറയിലെ കാഴ്ചകള്‍.  വാല്‍പാറയുടെ  പരിസരത്തെ നീരാര്‍ ഡാം, ബാലാജി ടെമ്പിള്‍, പുല്‍മേട്, ചിന്നക്കല്ലാര്‍ വെള്ളച്ചാട്ടം, ഇന്ദിരാഗാന്ധി നാഷണല്‍ പാര്‍ക്ക്, അക്കാമല, വെള്ളമല, മോന്‍കി വെള്ളച്ചാട്ടം, അളിയാര്‍ ഡാം സൈറ്റിലിറങ്ങല്‍ ഒക്കെ പിന്നീടൊരിക്കല്‍ ആകാമെന്ന്് തീരുമാനമായി. പകരം നല്ലമുടി പൂഞ്ചിറ പോയശേഷം പൊള്ളാച്ചി വരെ മിതവേഗതയില്‍ ഡ്രൈവ് ചെയ്ത് പോകാന്‍ തീരുമാനിച്ചു. 



തിരികെ ടൗണിലേക്ക് വരുന്നതിനുമുമ്പ് ഇടത്തോട്ട് പോയാല്‍ നല്ലമുടിയിലേക്കുള്ള റോഡിലേക്ക് കയറാം. റോഡ് കുറേ പോയിക്കഴിഞ്ഞപ്പോള്‍ അല്‍പം മോശമായി തുടങ്ങി. പക്ഷേ പോകുന്ന വഴിയുള്ള തേയിലത്തോട്ടങ്ങളുടെയും മലമടക്കുകളുടെയും കാഴ്ച ! അതൊരു ഉശിരന്‍ അനുഭവം തന്നെയാണ്. തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെ റോഡ് ഉയരങ്ങള്‍ താണ്ടുന്നു. ഏകദേശം പന്ത്രണ്ട് കിലോമീറ്ററോളം പോയി പാര്‍ക്കിംഗ് സ്ഥലത്തെത്തി. അവിടെ നിന്ന ടൈഗര്‍ റിസര്‍വ്കാരുടെ ടിക്കറ്റെടുക്കണം. 50 രൂപയാണ് നിരക്ക്. പിന്നെയും തേയിലത്തോട്ടങ്ങള്‍ക്കിടയിലെ വഴിയിലൂടെ ഒരു കിലോമീറ്ററോളം മുകളിലേക്ക് നടക്കണം. കുറേ കഴിഞ്ഞാല്‍ പാതയില്‍ കല്ലുപതിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ പുലി, ആന മുതലായവ ഇറങ്ങുന്ന പ്രദേശമാണ്. വ്യൂ പോയന്റിലെത്തിയാല്‍ രാജമല പ്രദേശത്തുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മലയായ 8842 അടി ഉയരമുള്ള ആനമുടി കാണാം. മൂന്നാറിന്റെ ഭാഗങ്ങളും കാണാം. ആയിരം അടി താഴ്ചയിലുള്ള ആദിവാസി കോളനികളും കാണാം. പനോരമിക് കാഴ്ചയാണ് ഇവിടത്തെ പ്രത്യേകത. വെള്ളയും നേര്‍ത്ത നീലയും കടുംനീലയും നിറമുള്ള മേഘങ്ങള്‍ ആനക്കൂട്ടം പോകുന്നതുപോലെ വിദൂരമായ ചക്രവാളത്തില്‍ കാണാം. മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം. എണ്ണമറ്റ വേറെയും വെള്ളച്ചാട്ടങ്ങള്‍ കുത്തനെയുള്ള പാറക്കെട്ടുകളില്‍ നിന്ന് പതിക്കുന്നത്  കാണാം. തമിഴ്‌നാടിനെയും കേരളത്തെയും വേര്‍തിരിക്കുന്നത് ഒരു വെള്ളച്ചാട്ടമാണ്. വ്യൂപോയന്റിലെ പാറപ്പുറത്ത് നല്ല വഴുക്കലും അട്ടകളുമുണ്ട്. താഴെയുള്ള അഗാധ ഗര്‍ത്തത്തിലേക്ക് വീഴാതിരിക്കാന്‍ വലിയ ഇരുമ്പു പൈപ്പുകള്‍ നാട്ടിയിരിക്കുന്നു. സൗകര്യപൂര്‍വം കാണാന്‍ ഒരു വ്യൂപോയിന്റ് കെട്ടിടവുമുണ്ടിവിടെ. യഥാര്‍ത്ഥത്തില്‍ കുറേ സമയം നോക്കിയാലേ കാഴ്ചയുടെ ലവലുകളും ഉയരത്തിന്റെയും ആഴത്തിന്റെയും മാസ്മരികത മനസ്സിലാവൂ. 



ര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ നാലു സൂഹൃത്തുക്കളോടൊപ്പം നല്ലമുടിയിലെത്തിയപ്പോള്‍ ദൈവത്തെ ദര്‍ശിച്ചു എന്നവകാശപ്പെടുന്ന വേലു എന്നയാളെ കണ്ടിരുന്നു. ഇപ്രാവശ്യം കണ്ടില്ല. അദ്ദേഹം പൂജ നടത്തുന്ന ഒരു അമ്പലമുണ്ട് അരികില്‍. നടന്നുതളര്‍ന്നതുകൊണ്ടാവാം അങ്ങോട്ടേക്കാരും പോയില്ല.

ല്ലമുടിയില്‍ നിന്ന് ഞങ്ങള്‍ മടങ്ങി നേരെ പൊള്ളാച്ചി റൂട്ടിലൂടെ വച്ചുപിടിച്ചു. കാഴ്ചയുടെ വസന്തം! കാടിന് നടുവിലൂടെയുള്ള നല്ല റോഡ്. വഴിയിലെങ്ങും പലതരം മൃഗങ്ങള്‍. പക്ഷികളുടെ വ്യത്യസ്തമായ ശബ്ദങ്ങള്‍. പ്രകൃതിയുടെ പലതരം വര്‍ണചിത്രങ്ങള്‍. ഇനി നാല്പത് മുടിപ്പിന്‍ വളവുകളുണ്ട്. ചിലയിടത്ത് നൂല്‍ പോലെയുള്ള മഴ. ചിലയിടത്ത് പിന്‍വാങ്ങുന്ന കോട. മെല്ലെ മെല്ലെ അളിയാര്‍ റിസര്‍വോയറിന്റെ കാഴ്ചകളിലേക്ക് കൂപ്പുകുത്തും.  ഓരോ വളവിലും ഓരോ കാഴ്ചയാണ്. പോകുന്ന വഴിയും നിരവധി വെള്ളച്ചാട്ടങ്ങളും അരുവികളുമുണ്ട്. ഒന്ന് രണ്ട് വ്യൂപോയന്റുകളില്‍ നിന്ന് അളിയാറിന്റെ നല്ല കാഴ്ച ലഭിക്കും. അളിയാര്‍ ഡാം സൈറ്റില്‍ മുമ്പ് ഞാന്‍ പോയിരുന്നു. 

പൊള്ളാച്ചിയെത്തുന്നതിന് മുമ്പ്് ചെക്ക് പോസ്റ്റ് കഴിഞ്ഞയുടനെയുള്ള വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് ഊണുകഴിച്ചു. പൊള്ളാച്ചിയില്‍ നിന്ന് കൊഴിഞ്ഞാമ്പാറ വഴി തിരികെ നാട്ടിലേക്ക്. ഇടയ്ക്ക് സുല്‍ത്താന്‍ റസ്റ്റോറന്റില്‍ നിന്ന് ചെറുതായി ഭക്ഷണം കഴിച്ചു. രാത്രി 11 മണിയോടെ വീട്ടിലെത്തി. മാലാഖപ്പാറയിലെ ഒരു മായികരാത്രിയും മനസ്സിന് റീചാര്‍ജ് തന്ന രണ്ട് പകലുകളും നീണ്ട യാത്ര. 

വീട്ടിലെത്തി കിണററില്‍ നിന്ന് നാലുതൊട്ടി വെള്ളമെടുത്ത് ഒരു നല്ല കുളിയും പാസാക്കി അയല പുളിയും മുളകുമിട്ടതും തേങ്ങാപ്പാലും നെയ്യും ചേര്‍ത്ത പൊടിയരിക്കഞ്ഞിയും  നെല്ലിക്ക ചുട്ടരച്ച ചമ്മന്തിയും കഴിച്ച് സുഖമായി ഉറങ്ങി.....

..... യാത്രികനില്‍ ഒടുങ്ങാത്ത ആകാംക്ഷ നിറയ്ക്കുന്ന അടുത്ത യാത്ര സ്വപ്‌നം കണ്ടുകൊണ്ട്. 

#VALPARA_TOUR #MALAKKAPPARA_TOUR #NALLAMUDI_POONCOLA 



Comments

  1. വായിക്കുന്നവരില്‍ യാത്രാക്കൊതി നിറയ്ക്കുന്ന എഴുത്ത്.. റൂമിലെ ബ്ലാക്ക് മാജിക് ചിഹ്നങ്ങള്‍.. നിഗൂഢത.. അനിശ്ചിതത്വം.. ആശങ്ക.. രസമുള്ള ഭ്രമകല്‍പ്പനകള്‍..
    ഒപ്പം ഓര്‍മ്മയിലെ 'മല'വര്‍ണ്ണങ്ങള്‍..😃 ഗംഭീരം.. ഇത് ബ്ലോഗില്‍ നിന്നാല്‍ പോരാ.. യാത്രാ പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ച് കൊടുക്കൂ..

    ReplyDelete
  2. ഗംഭീരം🔥🔥
    ഒന്നൂടെ പോയത് പോലുണ്ട്.
    ചാലക്കുടി പുഴയുടെ വർണ്ണനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👌🏻

    ReplyDelete
  3. വിവരണം അതിഗംഭീരമായി കോടമഞ്ഞിന്റെ കുളിരും രക്തദാഹി അട്ടയെയും അതിലുപരി മലക്കപ്പാറയേയും വാൽപ്പാറയേയും ഭൂട്ടാനിലെ ട്രയിനിലെ മല വർണ്ണം വരെ നേരിട്ട് അനുഭവിച്ച വികാരം അഭിനന്ദനങ്ങൾ കൂടെ കൂട്ടാത്തതിന്റെ പരിഭവവും

    ReplyDelete
  4. ഓരോ നിമിഷങ്ങളിലെ യും അതിസാഹസികവും രസകരവുമായ അനുഭവങ്ങൾ വാക്കുകളിലൂടെ കോറിയിട്ട ഈ യാത്രാകുറിപ്പ് യാത്രയെ സ്നേഹിക്കുന്നവരെ പ്രലോഭിപ്പിച്ചു കൊണ്ടിരിക്കുന്നു. ഭൂട്ടാൻ യാത്രാ വിവരണം മലമ്പ്രദേശത്തെ സൗന്ദര്യം ആവോളം നുകരാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ട്😂 . യാത്രകളെ പ്രണയിക്കുന്ന അങ്ങേയ്ക്ക് സുന്ദരമായ യാത്രകൾ ഇനിയും ഉണ്ടാകട്ടെ

    ReplyDelete
  5. നല്ല വിവരണം

    ReplyDelete

Post a Comment